സഹകരണസംഘം പ്രസിഡണ്ടിന് മാന്യമായ വേതനം ഉറപ്പാക്കണമെന്ന് പ്രമുഖ സഹകാരിയും ULCCS ചെയർമാനുമായ രമേശൻ പാലേരി.

[email protected]

സഹകരണ സംഘം പ്രസിഡണ്ടിനും ഡയറക്ടർമാർക്കും മാന്യമായ വേതനം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം വകുപ്പിന് ഉണ്ടെന്നും സൊസൈറ്റിക്കു വേണ്ടി പ്രവർത്തിക്കുന്നതിന്റെ തോതനുസരിച്ചു ആനുകൂല്യത്തിന്റെ ഘടന നിശ്ചയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രമുഖ സഹകാരിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനുമായ രമേശൻ പാലേരി പറഞ്ഞു. എന്നാൽ സഹകരണ സംഘം തിരഞ്ഞെടുപ്പ് ജനാധിപത്യ സമ്പ്രദായത്തിൽ തന്നെ തുടരുകയും വേണം. മൂന്നാംവഴി മാഗസിൻ മെയ് ലക്കം കവർസ്റ്റോറി ആയ “സഹകാരി കൾക്കും വേണം ശമ്പള ഘടന” എന്നതിനെ കുറച്ചുള്ള സഹകാരികളുടെ അഭിപ്രായപ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നാംവഴി ഓൺലൈനിൽ ഇന്നുമുതൽ തുടങ്ങുന്ന ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പല സഹകരണ സംഘം പ്രസിഡണ്ട് മാരും ഡയറക്ടർമാരും നാമ മാത്രമായാണ് സംഘങ്ങളിൽ എത്തുന്നത്. ഇതിൽ മാറ്റം വരുത്തി മുഴുവൻ സമയം സംഘത്തിനും സഹകരണത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്ക് ആനുകൂല്യത്തിന്റെ ഘടന നിശ്ചയിക്കണം.ഈ വിഷയം പൊതുസമൂഹവും ഭരണാധികാരികളും ചർച്ച ചെയ്യേണ്ട സമയമായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയിൽ പ്രവർത്തിപരിചയവും സാങ്കേതിക പരിജ്ഞാനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുമാണ് ഡയറക്ടർമാർ. ഇവർ ജീവനക്കാർ കൂടിയാണ്. ഈ രീതിയിൽ സഹകരണ സംഘത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് മുഴുവൻ സമയം പ്രവർത്തിക്കുന്ന പ്രസിഡണ്ടിനും ഡയറക്ടർമാർക്കും അർഹതയുള്ള മാന്യമായ ആനുകൂല്യം ലഭിക്കണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ എക്സിക്യൂട്ടീവ് പവർ ചെയർമാനാണ്. എന്നാൽ പല സംഘങ്ങളിലും തീരുമാനമെടുക്കുന്നത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആണ്. നടപ്പിൽ വരുത്തുന്നത് സെക്രട്ടറിയും ജീവനക്കാരും. ഇത് ദൈനംദിന പ്രവർത്തനത്തിനും സംഘത്തിന്റെ ഉയർച്ചയ്ക്കും കോട്ടം ഉണ്ടാക്കുന്നുണ്ട്.പല സംഘങ്ങളിലെയും ജീവനക്കാർ അവരുടെ താൽപര്യങ്ങൾ നോക്കിയാണ് കാര്യങ്ങൾ നടപ്പാക്കുന്നത്.

കേരളത്തിലെ സഹകരണ മേഖല ഇന്ന് എത്തിപ്പെടാത്ത രംഗം ഇല്ല. ഇതിനായി അഹോരാത്രം പ്രവർത്തിക്കുന്ന സഹകാരികൾക്കും സംഘം പ്രസിഡണ്ട് മാർക്കും നാമമാത്രമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നത്. സംഘങ്ങൾ അതിന്റെ ഉന്നതിയിലേക്ക് പോകുമ്പോൾ അതിന്റെ പിറവിക്കും ഉയർച്ചയ്ക്കും കാരണമായ അവർ ചികിത്സയ്ക്ക് പോലും വഴിയില്ലാതെ തനിച്ചായി പോകുന്ന കാഴ്ചയും സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു

സഹകരണ ജീവനക്കാരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സംഘടനകളുണ്ട്. ഇവിടെ സഹകരണ സംഘത്തിന്റെ പ്രസിഡണ്ടുമാരും ഡയറക്ടർമാരും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പൊതു പ്രവർത്തനത്തിലൂടെയാണ് സഹകരണ രംഗത്ത് എത്തിപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് സേവനം ആയാണ് പൊതുസമൂഹം കാണുന്നത്. പൊതുപ്രവർത്തകരായ എംഎൽഎമാർക്ക് പോലും ഇന്ന് ശമ്പളം ഉണ്ട്. എന്നാൽ സഹകരണസംഘം പ്രസിഡന്റിനോ ഡയറക്ടർമാർക്കോ നാമമാത്രമായ ഓണറേറിയം മാത്രമേയുള്ളൂ. ജീവനക്കാർക്ക് ശമ്പള വേതന വ്യവസ്ഥകൾ കാലാകാലങ്ങളിൽ സർക്കാർ നൽകാറുണ്ട്. അതിന് സഹകാരികൾ എതിര് നിൽകാറില്ല എന്ന് മാത്രമല്ല പരമാവധി പിന്തുണയും നൽകാറുണ്ട്.

സഹകാരികളോട് ചെറുതായെങ്കിലും ഇന്നുള്ള അവഗണനയാണ് പുതുതലമുറ ഈ രംഗത്തേക്ക് കാര്യമായി വരാത്തത്. സഹകരണ സ്ഥാപനങ്ങളിൽ അഴിമതിക്ക് വഴിയൊരുക്കുന്നതിനും നിലവിലെ ഓണറേറിയ തുകയിലെ കുറവ് കാരണമാകുന്നുണ്ട്. നിലവിലുള്ള ഓണറേറിയം വർധിപ്പിച്ചിട്ടുതന്നെ അഞ്ചു വർഷത്തിലധികമായി. സംഘത്തിലെ സ്വീപ്പർക്ക് ലഭിക്കുന്ന ആനുകൂല്യം പോലും സംഘം പ്രസിഡണ്ടിനു ഓണറേറിയം ആയി ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. ഇത് മൂലം ചെറിയ അഴിമതിയിലേക്കും പൊതുസമൂഹത്തിനു മുന്നിൽ നാണക്കേടിലേക്കും സഹകാരികൾ അറിയാതെ വഴിതെറ്റിപ്പോകുന്നു. ഇതിനെല്ലാം ശാശ്വതമായ പരിഹാരവും അർഹിക്കുന്ന അംഗീകാരവും ആനുകൂല്യം സംബന്ധിച്ച ഘടന വരുന്നതോടെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹകാരികൾക്കും സംഘം പ്രസിഡണ്ട്മാർക്കും ആനുകൂല്യം സംബന്ധിച്ച് ഘടന ഉണ്ടാക്കുന്നത് സഹകരണ മേഖലയിലെ വലിയ മാറ്റങ്ങൾക്കും പൊളിച്ചെഴുത്തിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!