സഹകരണവകുപ്പ് അഡീഷ്ണല്‍ സെക്രട്ടറി പി.എസ്.രാജേഷിന് ‘ഗുഡ് സര്‍വീസ് എന്‍ട്രി’

Deepthi Vipin lal

അവധിയോ സമയമോ പരിഗണിക്കാതെ സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ അഡീഷ്ണല്‍ സെക്രട്ടറി പി.എസ്. രാജേഷിന് സര്‍ക്കാര്‍ ‘ഗുഡ് സര്‍വീസ് എന്‍ട്രി’ നല്‍കി. കേരളബാങ്ക് രൂപീകരണം, കെയര്‍കേരള പ്രൊജക്ട്, കെയര്‍ ഹോം പ്രൊജക്ട്, സഹകരണ എഞ്ചിനീയറിങ്ങ് കോളേജുകളുടെ നവീകരണം എന്നീ പദ്ധതികളുടെ നിര്‍ഹവഹണമാണ് ഗുഡ് സര്‍വീസ് എന്‍ട്രിക്ക് പ്രധാനമായും സര്‍ക്കാര്‍ പരിഗണിച്ചത്.

പദ്ധതികളുടെ വിജയത്തിന് വേണ്ടി ഏത് അധികജോലിയും ഏറ്റെടുക്കുന്നതിന് പി.എസ്.രാജേഷ് കാണിച്ച് താല്‍പര്യം സഹകരണ വകുപ്പിനും പൊതുജനങ്ങള്‍ക്കും ഗുണകരമായെന്ന് സര്‍ക്കാര്‍ വിലയിരുത്തി. 2016 ഒക്ടോബര്‍ 28 മുതലാണ് രാജേഷ് സഹകരണ വകുപ്പ് അഡീഷ്ണല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. ഈ അഞ്ചുവര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എല്ലാജീവനക്കാര്‍ക്കും പ്രചോദനവും മാതൃകയുമാണെന്ന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ ഉത്തരവില്‍ പറയുന്നു.

കേരള ബാങ്ക് രൂപീകരണത്തിന് രാജേഷ് വഹിച്ച് പങ്ക് എടുത്തുപറയേണ്ടതാണെന്നാണ് ഉത്തരവിലെ പരാമര്‍ശം. കേരളബാങ്ക് രൂപീകരണത്തിന് വേണ്ടി റിസര്‍വ് ബാങ്കിന് അപേക്ഷനല്‍കാന്‍ എല്ലാരേഖകളും തയ്യാറാക്കിയത് രാജേഷിന്റെ നേതൃത്വത്തിലാണ്. റിസര്‍വ് ബാങ്ക് അനുമതി കിട്ടിയതിന് ശേഷം കരട് ബൈലോ, പുതിയ ബാങ്കിന്റെ നയം, ജീവനക്കാരുടെ പുനര്‍വിന്യാസം, ശമ്പളപരിഷ്‌കരണം എന്നിവയെല്ലാം അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് നടന്നത്. സഹകരണ നിയമവും ചട്ടവും പഠിക്കുന്നതിനും പാലിക്കുന്നതിനും അപഗ്രഥിക്കുന്നതിനും രാജേഷിനുള്ള പാടവവും കണിശതയും മേല്‍ ഉദ്യോഗസ്ഥര്‍ക്കുപോലും സഹായകമായിട്ടുണ്ട്.

പ്രളയാനന്തരവും കോവിഡ് വ്യാപനഘട്ടത്തിലും രാജേഷിന്റെ നേതൃത്വത്തില്‍ ഭാവനാത്മകമായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാനായി. കീഴ് ജീവനക്കാര്‍ക്ക് പ്രചോദനവും മേല്‍ ഉദ്യോഗസ്ഥര്‍ക്കും ഒരു വഴികാട്ടിയുമായാണ് രാജേഷ് സഹകരണ വകുപ്പിലെ ജോലികള്‍ നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ നേതൃപാടവത്തിനും കഠിനാദ്ധ്വാനത്തിനും സര്‍ക്കാര്‍ നല്‍കിയ അംഗീകാരമാണ് ‘ഗുഡ് സര്‍വീസ് എന്‍ട്രി’ എന്നാണ് ഉത്തരവിലെ ഉള്ളടക്കം.

Leave a Reply

Your email address will not be published.