സഹകരണവകുപ്പിന്റെ ‘നെറ്റ് സീറോ എമിഷന്‍’ പദ്ധതിക്ക് തുടക്കം

moonamvazhi

കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി സഹകരണവകുപ്പ് നടപ്പാക്കുന്ന ‘നെറ്റ് സീറോ എമിഷന്‍ പദ്ധതി സഹകരണമേഖലയില്‍’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. അയ്മനം വില്ലേജ് സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ മന്ത്രി മാങ്കോസ്റ്റിന്‍ മരം നട്ടു.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥൈന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മനുഷ്യപ്രേരിത കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നെറ്റ് സീറോ എമിഷനുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍, സംഘങ്ങളുടെ സഹകരണത്തോടെ ലഭ്യമാകുന്ന പൊതു ഇടങ്ങള്‍ എന്നിവ നെറ്റ് സീറോ എമിഷന്‍ പ്രദേശങ്ങളാക്കി മാറ്റും. പൊതുസ്ഥലങ്ങളിലും സംഘങ്ങളുടെ കൈവശമുള്ള ഭൂമിയിലും മരങ്ങള്‍ നട്ടു പരിപാലിക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ മരങ്ങളാണ് നടുക. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളിലൂടെ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി പ്രോത്സാഹിപ്പിക്കും. കടലാസ് ഉപയോഗം കുറയ്ക്കല്‍, ഡിജിറ്റല്‍ സംവിധാനങ്ങള്‍ വിപുലപ്പെടുത്തല്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കും. രണ്ടു വര്‍ഷം കൊണ്ട് സഹകരണവകുപ്പിന്റെ 20 ശതമാനം ഉല്‍പന്നങ്ങളും കാര്‍ബണ്‍ ന്യൂട്രല്‍ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന് ശ്രമിക്കും. എല്ലാ ഉല്‍പന്നങ്ങള്‍ക്കും കാര്‍ബണ്‍ ന്യൂട്രല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് ദീര്‍ഘകാലപദ്ധതി നടപ്പാക്കും. – മന്ത്രി പറഞ്ഞു.

കോട്ടയം അയ്മനം എന്‍.എന്‍. പിള്ള സ്മാരക സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സൗരജ്യോതി വായ്പാ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ വൃക്ഷത്തൈകളും അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി പഠനോപകരണങ്ങളും അയ്മനം വില്ലേജ് എസ്.സി.ബി. പ്രസിഡന്റ് കെ.കെ. ഭാനു അങ്കണവാടി യൂണിഫോമും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, പാര്‍ലമെന്റംഗം തോമസ് ചാഴികാടന്‍, സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ കെ.എം രാധാകൃഷ്ണന്‍, ജോയിന്റ് രജിസ്ട്രാര്‍ എം. വിജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.