സഹകരണമേഖല തകർച്ചയിൽ നിന്നും കരകയറാൻ ബോണ്ട്‌ ഇറക്കാൻ സർക്കാർ തയ്യാറാകണമെന്ന് സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ:കൊറോണകുശേഷം സഹകരണമേഖല രക്ഷപ്പെടണമെങ്കിൽ കഠിനപ്രയത്നം ആവശ്യമാണെന്നും വിജയകൃഷ്ണൻ.

[mbzauthor]

സഹകരണമേഖല തകർച്ചയിൽ നിന്നും കര കയറുന്നതിനുവേണ്ടി ബോണ്ട്‌ ഇറക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രമുഖ സഹകാരിയും കേരള സഹകരണ ഫെഡറേഷൻ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.കൊറോണ കാലത്തിനുശേഷം സഹകരണമേഖല രക്ഷപ്പെടണമെങ്കിൽ കഠിനപ്രയത്നം ആവശ്യമാണ്. ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും കഠിന പ്രയത്നം ആവശ്യമാണ്. സഹകരണമേഖലയുടെ മാത്രം ബോണ്ട് ഇറക്കാൻ സർക്കാർ തയ്യാറാകണം. ഇക്കാര്യം വകുപ്പ് മന്ത്രിയുമായി പങ്കുവെച്ചിരുന്നു. 9 ശതമാനത്തിനിറക്കുന്ന ബോണ്ട്‌ 9.5% നു സർക്കാർ വാങ്ങുകയും വേണം. രണ്ടോ മൂന്നോ വർഷം കാലാവധി നൽകുകയും വേണം. അപ്പോൾ ഓരോ സംഘത്തിനും അര ശതമാനം വീതം ലഭിക്കും. സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങൾക്കും ബോണ്ട് ഇറക്കാൻ സഹകരണ സംഘം രജിസ്ട്രാർ അനുമതി നൽകണം. അങ്ങനെ അനുമതി നൽകുമ്പോൾ ഓരോ സംഘവും എത്ര ബോണ്ട് വിൽക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ബോണ്ടിന് ആവശ്യമായ തുക മുൻകൂട്ടി ട്രഷറിയിൽ അടച്ച് അപേക്ഷ കൈപ്പറ്റുന്ന മുറയ്ക്ക് മാത്രമേ ബോണ്ടുകൾ സഹകരണസംഘത്തിന് നൽകാൻ പാടൂ. മൂന്നോ നാലോ മാസത്തിനകം ബോണ്ടുകൾ വിറ്റഴിക്കുന്നതിലൂടെ കോടികളാണ് സർക്കാരിന് ലഭിക്കുക. 500 സഹകരണ സംഘങ്ങൾക്കെങ്കിലും പത്തു കോടിയുടെ ബോണ്ട് വിൽക്കാൻ സാധിക്കും. 1500 ലധികം സഹകരണസംഘങ്ങൾക്ക് ഒരുകോടി വരെയും വിൽക്കാൻ സാധിക്കും.

നിലവിൽ സംസ്ഥാന സർക്കാർ 9 ശതമാനം പലിശയിലാണ് പൊതു കടമെടുത്തിരിക്കുന്നത്. ഇത്തരത്തിൽ ഉള്ളത് ഒഴിവാക്കാൻ സാധിക്കും. സഹകരണമേഖല കൂട്ടായി പ്രവർത്തിക്കേണ്ട സമയമാണിത്. അഞ്ചോ പത്തോ സഹകരണസംഘങ്ങൾ ചേർന്ന് പ്രാദേശികമായി സംരംഭങ്ങൾ തുടങ്ങാനും സർക്കാരിന്റെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനും തയ്യാറാകണമെന്നും വിജയകൃഷ്ണൻ നിർദേശിച്ചു.

നിലവിൽ സ്വത്ത് ജാമ്യ വായ്പ രീതിയാണ് സഹകരണസംഘങ്ങളിൽ കൂടുതലുള്ളത്. പകരം ഗോൾഡ് ലോണിലേക്ക് സഹകരണസംഘങ്ങൾ മാറണം. പ്രൈവറ്റ് മേഖലയിൽ ഗോൾഡ് ലോൺ മാത്രം ബിസിനസ് നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ഇവരുടെ കയ്യിൽ കോടിക്കണക്കിന് രൂപയുടെ ഗോൾഡ് ഉണ്ട്. ഈ രീതിയിലേക്ക് ബിസിനസ് മാറ്റാൻ സഹകാരികൾ തയ്യാറാകണമെന്നും വിജയകൃഷ്ണൻ പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.