സഹകരണമേഖലയ്ക്ക് കൃത്യമായ ആസൂത്രണത്തോടെ ഗ്രാമപ്രദേശങ്ങളിൽ ഫലപ്രദമായി ആടുവളർത്തൽ നടപ്പാക്കാം .

adminmoonam

സഹകരണമേഖലയ്ക്ക് കൃത്യമായ ആസൂത്രണത്തോടെ ഗ്രാമപ്രദേശങ്ങളിൽ ഫലപ്രദമായി ആടുവളർത്തൽ നടപ്പാക്കാം . സഹകരണ ബാങ്ക് വായ്പ നൽകുക എന്നതിനുപരി വിപണി കണ്ടെത്തുന്നതിനും, പശ്ചാത്തല സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും, സാങ്കേതിക സഹായം ഉറപ്പാക്കുന്നതിനും ശ്രമിക്കണം.കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോക്ക് ഡൗണിനുശേഷം.. ഡോക്ടർ എം.രാമനുണ്ണിയുടെ ലേഖനം-13

നമ്മുടെ സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിൽ ഫലപ്രദമായി നടപ്പാക്കാവുന്ന ഒരു പദ്ധതിയാണ് ആടുവളർത്തൽ . മലയാളിയുടെ ഭക്ഷണശീലത്തിൽ നോൺവെജിറ്റേറിയൻ കഴിക്കുന്നവർ ധാരാളമായി, വിശ്വസിച്ചു കഴിക്കുന്ന ഒന്നാണ് ആട്ടിറച്ചി . എന്നാൽ ആവശ്യമായ തോതിൽ ഇതിൻറെ ലഭ്യത ഉറപ്പാക്കാൻ കഴിയാത്തതിനാൽ ദൈനംദിനം വില വർധിക്കുന്ന സ്ഥിതിവിശേഷം നിലവിലുണ്ട്.

ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെങ്കിൽ സമഗ്രമായ ആസൂത്രണവും, ഇടപെടലും അനിവാര്യമാണ്. ഇതിൽ ഏറ്റവും പ്രധാനം വളർത്താൻ ഉദ്ദേശിക്കുന്ന ആടിൻറെ തെരഞ്ഞെടുപ്പാണ് . ഇറച്ചിയുടെ ആവശ്യമാണെങ്കിൽ എളുപ്പത്തിൽ വളരുകയും തൂക്കം വയ്ക്കുകയും ചെയ്യുന്ന ബോയർ എന്ന ഇനം ലഭ്യമാണ്.
കണ്ണൂർ ജില്ലയിൽവളരെ വ്യാപകമായി ബോയർ ആടുകൾ വളർത്തുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് . നമ്മുടെ നാടൻ ഇനമായ മലബാറി ആടുകൾക്ക് നാട്ടിൽ വലിയ സ്വീകാര്യതയുണ്ട് . എന്നാൽ ഇവയുടെ കുഞ്ഞുങ്ങൾ താരതമ്യേന വലുപ്പം കുറവാണ്. അതുകൊണ്ടുതന്നെ ഇറച്ചിയുടെ ലഭ്യതയും കുറഞ്ഞിരിക്കും .ജമുനാപാരി എന്ന ഒരിനം ആടും നമ്മുടെ നാട്ടിൽ നന്നായി വളർത്തുന്നവർ ഉണ്ട്. ഇത്തരത്തിൽ ഏറ്റവും അനുയോജ്യമായ ഇനം ആടിനെ കണ്ടെത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിൻറെ സഹായവും, കാർഷിക സർവകലാശാലയുടെ സേവനവും, പ്രയോജനപ്പെടുത്താവുന്നതാണ് .

കേരളത്തിലെ ആടുകളിൽ ഇൻ ബ്രീഡിങ് ഡിപ്രഷൻ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് . നമ്മുടെ നാട്ടിൽ Buck അഥവാ മുട്ടനാടിൻറെ ലഭ്യതക്കുറവാണ് ഇതിന് കാരണമായി സൂചിപ്പിക്കുന്നത് . ഒരു മുട്ടനാട് തന്നെ നിരന്തരം പ്രജനന പ്രക്രിയയ്ക്ക് വിധേയമാകുന്നു എന്നതിനാൽ തലമുറകൾ കഴിയുന്തോറും അതിൻറെ ഗുണമേന്മ ശോഷിച്ചു വരുന്നു. ആറുമുതൽഎട്ട് മാസത്തെ വളർച്ച പൂർത്തിയാകുമ്പോൾ ആട്ടിൻ കുട്ടി പ്രജനനത്തിന് പാകമാകുന്നു. ഈ ഘട്ടത്തിൽ പുതിയ മുട്ടനാടിനെ ലഭ്യമല്ലാത്തപക്ഷം നിലവിലുള്ള മുട്ടനാടിനെ തന്നെ ഉപയോഗിക്കേണ്ടിവരുന്നു. ഇതുവഴിയാണ് ഇൻ ബ്രീഡിങ് ഡിപ്രഷന് കാരണമാകുന്നത് . ഇതിന് പരിഹാരമായി നിർദ്ദേശിക്കുന്നത് ഓരോ വാർഡിലും തിരഞ്ഞെടുക്കപ്പെട്ട കർഷകർ നല്ല മുട്ടനാടുകളെ വളർത്തുക എന്നതാണ്. തന്നെയുമല്ല മുട്ടനാടുകളെ ഒരു പഞ്ചായത്തിൽ തന്നെ പല വാർഡുകളിൽ Rotate ചെയ്യുന്ന കാര്യവും , ആലോചിക്കാവുന്നതാണ് . ഇത്തരത്തിൽ വരുമ്പോൾ കൂടുതൽ ഗുണമേന്മയും വളർച്ച ശേഷിയുമുള്ള കുട്ടികൾ ഉണ്ടാകാൻ കഴിയും. ബീജസങ്കലനമാർഗങ്ങൾ ഇനിയും പൂർണ്ണമായും ആടുകളിൽ നടപ്പിലാക്കിതായി അറിയാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മുട്ടനാടുകളെ ആശ്രയിക്കുക എന്നതുമാത്രമാണ് നിലവിലുള്ള പരിഹാരം.

ഓരോ കർഷകനും തൻറെ ഫാമിൽ ജനിക്കുന്ന ആൺ ആടുകളെ ഇറച്ചിക്കായി നൽകുന്നതിനാൽ ആണ് മുട്ടനാടുകളുടെ ക്ഷാമം നേരിടുന്നത് .ഈ പ്രശ്നം പരിഹരിക്കാൻ കൃത്യമായ മുട്ടനാട് സംരക്ഷണ പരിപാടി നടപ്പിലാക്കേണ്ടത് ആവശ്യമാണ്.

ആടുവളർത്തലിന് ആ ആവശ്യമായ വായ്പ ലഭ്യമാക്കുന്നതിന് സഹകരണ ബാങ്കുകൾക്ക് കഴിയുന്നതാണ് . ഇത് കാർഷിക വായ്പയായി കണക്കാക്കാവുന്നതാണ്. അതുകൊണ്ടുതന്നെ കർഷകന് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാകും .പഞ്ചായത്ത് തലത്തിൽ ആട് വളർത്തുന്നവരെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ സൂക്ഷിക്കുന്നതിനും ലഭ്യമാക്കുന്നതിനും സൗകര്യം ഉറപ്പാക്കേണ്ടതാണ് . അങ്ങനെ വരുന്ന പക്ഷം വലിയതോതിൽ ആടുകളെ വാങ്ങാൻ ആവശ്യമായി വരുന്നവർക്ക് ഈ നമ്പറിൽ ബന്ധപ്പെട്ട് ലഭ്യത ഉറപ്പാക്കാൻ കഴിയും. ഇത്തരത്തിൽ കൃത്യമായ ഒരു ഇടപെടൽ സാധ്യമായാൽ ആടുവളർത്തൽ ലാഭകരമായ രീതിയായി പരിണമിക്കും.

മുൻകാലങ്ങളിൽ പ്ലാവില, മറ്റ് ഇലകൾ എന്നിവയാണ് ആടിന് തീറ്റയായി നൽകിയിരുന്നത് . എന്നാൽ ഇന്ന് ഇതിന് ക്ഷാമം നേരിടുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ആടുകളെ കൂട്ടമായി മേയാൻ വിടുന്നതിന് കേരളത്തിൽ ഏറെ സ്ഥലങ്ങളിൽ സാധ്യമല്ല. അതുകൊണ്ടുതന്നെ ആടിന് ആവശ്യമായ നല്ല കൂടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്ന കൂടുകളിൽ ആടിൻറെ പരിചരണം എളുപ്പത്തിൽ സാധിക്കും. ഇതുപോലെതന്നെ ആവശ്യമായ തീറ്റ എത്തിക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തുന്നതാണ്.

ആയുർവേദ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും ഏറെ പ്രിയങ്കരവും, ആവശ്യവുമാണ് ആട്ടിൻപാൽ.എന്നാൽ ഇത് ശേഖരിക്കുന്നതിനും , സംഭരിക്കുന്നതിനും, വിതരണം ചെയ്യുന്നതിനും സംവിധാനമില്ലാത്തതിനാൽ ആ നിലയിലുള്ള വരുമാനം നഷ്ടമാകുന്നു. ആട്ടിൻ കാഷ്ടം ,ആട്ടിൻ മൂത്രം എന്നിവയെല്ലാം നല്ല വളമാണ്. ഇത് സംരക്ഷിക്കാനും, ശേഖരിക്കാനും കഴിഞ്ഞാൽ ആട് വളർത്തൽ ലാഭകരമായി മാറ്റാൻ കഴിയുന്നതാണ്. ആടുകൾക്ക് രോഗബാധ ഇല്ലാതാക്കാനും, ആരോഗ്യം ഉറപ്പാക്കാനും കൃത്യമായ സാങ്കേതിക സഹായം ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി മൃഗസംരക്ഷണ വകുപ്പിൻറെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ് .ഇൻഷുർ ചെയ്യുന്ന പക്ഷം ഏതെങ്കിലും സാഹചര്യത്തിൽ മരണം സംഭവിച്ചാൽ ഉടമസ്ഥന് നഷ്ടം സഹിക്കാതെ ഈ സംരംഭം മുന്നോട്ടു കൊണ്ടു പോകാൻ കഴിയും .

ചുരുക്കത്തിൽ കൃത്യമായ ആസൂത്രണത്തിൻറെ പിൻബലത്തിൽ ഗ്രാമപ്രദേശങ്ങളിൽ ഫലപ്രദമായി നടപ്പിലാക്കാവുന്ന ഒന്നാണ് ആടുവളർത്തൽ. സഹകരണ ബാങ്ക് വായ്പ നൽകുക എന്നതിനുപരി വിപണി കണ്ടെത്തുന്നതിനും, പശ്ചാത്തല സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും, സാങ്കേതിക സഹായം ഉറപ്പാക്കുന്നതിനും ശ്രമിക്കാവുന്നതാണ്. ഇത്തരത്തിൽ കൃത്യമായി നടപ്പിലാക്കാൻ ആയാൽ കേരളത്തിൽ എക്കാലത്തും ഡിമാൻഡുള്ള ആട്ടിറച്ചി, ആട്ടിൻ പാൽ, എന്നിവയും , ആട്ടിൻകാട്ടം , ആടിൻറെ മൂത്രം, തോൽ എന്നിവ ഉപയോഗിച്ചുള്ള സംരംഭങ്ങളും യാഥാർത്ഥ്യമാക്കാൻ ആകും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!