സഹകരണത്തിലൂടെ ഇനി കാര്‍ഷിക വിപ്ലവം

[mbzauthor]

(2020 മാർച്ച് ലക്കം )

കൂട്ടായ്മയുടെ സഹകരണ സംസ്‌കാരം പുതിയ രൂപത്തില്‍
നടപ്പാക്കാന്‍ ശ്രമിക്കുകയാണ് കേരള സര്‍ക്കാര്‍.
നബാര്‍ഡിനെപ്പോലെ സംഘക്കൃഷി പ്രോത്സാഹിപ്പിക്കുക
എന്നതാണ് സര്‍ക്കാര്‍ നയം. കൃഷിവകുപ്പിന്റെ പദ്ധതികള്‍
സഹകരണ സംഘങ്ങള്‍ക്കും അനുവദിക്കും. ഉല്‍പ്പാദനത്തില്‍
മാത്രമല്ല, വിപണി ഉറപ്പാക്കാനും സംഘങ്ങള്‍ മുന്നിലുണ്ടാവും

 

പലവട്ടം പലരായി പറഞ്ഞതും പലവുരു ചിന്തിച്ചതുമായ കാര്‍ഷിക പദ്ധതി പരിഷ്‌കരണത്തിന്റെ പരീക്ഷണത്തിന് കേരള സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഒറ്റപ്പെട്ടതും ചെറുതുരുത്തായി നിലനില്‍ക്കുന്നതുമായ കാര്‍ഷികരീതി കാര്യമായ വളര്‍ച്ചയ്ക്ക് വഴിവെക്കില്ലെന്നതാണ് മാറിയ കാലത്ത് കേരളം തിരിച്ചറിയുന്നത്. കുടുംബശ്രീ ആ ചിന്തയ്ക്ക് വലിയ ആക്കം പകര്‍ന്ന കൂട്ടായ്മയായിരുന്നു. സംഘക്കൃഷിയിലൂടെ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് ചെറിയ രീതിയിലെങ്കിലും കുടുംബശ്രീ തെളിയിച്ചു. ഒട്ടേറെ തരിശുനിലങ്ങള്‍ കൃഷിയിടങ്ങളായി. വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു. ഇവയ്ക്ക് ഗ്രാമീണ വിപണികളുണ്ടായി.

സംഘക്കൃഷിയാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് എന്നത് നബാര്‍ഡിന്റെയും കാഴ്ചപ്പാടാണ്. അതിനാലാണ് നബാര്‍ഡ് തന്നെ കര്‍ഷക ഉല്‍പ്പാദനക്കൂട്ടായ്മകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. കേരളത്തില്‍ മാത്രം നബാര്‍ഡിന്റെ 25 കര്‍ഷക ഉല്‍പ്പാദന കേന്ദ്രങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉല്‍പ്പാദനത്തിന് മാത്രമല്ല, ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതുവരെ എല്ലാ കാര്യങ്ങള്‍ക്കും സാമ്പത്തിക സഹായവും സാങ്കേതിക സഹായവും നല്‍കുന്നുണ്ട് നബാര്‍ഡ്. കാര്‍ഷിക പദ്ധതികള്‍ ഒറ്റയ്ക്കും സമന്വയിപ്പിച്ചും ഇതിനായി ഉപയോഗപ്പെടുത്തുന്നു. അതിലുപരി, കര്‍ഷക ഉല്‍പ്പാദനക്കൂട്ടായ്മകള്‍ക്ക് മാത്രമായി നബാര്‍ഡ് സാമ്പത്തിക സഹായം അനുവദിക്കുകയും ചെയ്തു. ഈ അനുഭവപാഠങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ പുതിയ കാര്‍ഷിക പരീക്ഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

വേണം പുതിയ കാര്‍ഷികരീതി

സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ വേരോട്ടമുള്ള മണ്ണാണ് കേരളത്തിലേത്. സഹകരണ സംഘങ്ങളുടെ പിറവിതന്നെ കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായാണ്. ഐക്യനാണയ സംഘങ്ങളും ചക്കിലാട്ട് സംഘങ്ങളും കാര്‍ഷിക സംഘങ്ങളുമെല്ലാം കര്‍ഷകന്റെയും സാധാരണക്കാരന്റെയും കൂടെനിന്ന് രൂപപ്പെട്ടതാണ്. ഈ പഴമയുടെ സഹകരണ സംസ്‌കാരം പുതിയ രൂപത്തില്‍ നടപ്പാക്കാനുള്ള ശ്രമമാണ് ബജറ്റില്‍ ധനമന്ത്രി അവതരിപ്പിച്ചത്. ഓരോ പ്രദേശത്തിന്റെയു മണ്ണും അതിന്റെ സ്വഭാവവും കൃഷിവകുപ്പ് വിലയിരുത്തിയിട്ടുണ്ട്. ഇവിടെ എന്തൊക്കെ കൃഷിചെയ്താല്‍ മെച്ചപ്പെട്ട വിളവ് ലഭിക്കുമെന്നും പഠിച്ചിട്ടുണ്ട്. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ കാര്‍ഷികരീതി രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതായത്, കര്‍ഷകര്‍ക്ക് ഒറ്റയ്‌ക്കോ അതിന് കഴിയാത്തവര്‍ക്ക് കൂട്ടമായോ കൃഷി ചെയ്യാം. ഇത് സഹകരണ സംഘങ്ങളുടെ മേല്‍നോട്ടത്തിലാകാം. കൃഷിവകുപ്പിന്റെ പദ്ധതികള്‍ സഹകരണ സംഘങ്ങള്‍ക്കും അനുവദിക്കും. ഇതിനൊപ്പം കേന്ദ്ര പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും സമന്വയിപ്പിക്കുകയും ചെയ്യാം. സഹകരണ സംഘങ്ങള്‍ ഈ പദ്ധതിക്കനുസരിച്ച് കര്‍ഷകര്‍ക്ക് വായ്പ അനുവദിച്ചാല്‍മതി. സംഘങ്ങള്‍ക്ക് സ്വന്തം നിലയില്‍ കാര്‍ഷിക കൂട്ടായ്മകള്‍ രൂപവത്കരിച്ച് കൃഷിയിറക്കാം. ഇതിനും പദ്ധതികളുടെ സഹായം ലഭിക്കും. ഇനി ഇങ്ങനെയെല്ലാം ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രദേശികമായിത്തന്നെ വിപണി ഉറപ്പാക്കാന്‍ സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തിയുള്ള പുതിയ പദ്ധതിയും സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ത്തന്നെ നടപ്പാക്കും. ‘ കേരള ഡിജിറ്റല്‍ ഫുഡ് പ്ലാറ്റ് ഫോം ‘ എന്നതാണ് ഇതിന്റെ പേര്. എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രായോഗിക പരീക്ഷണം നടത്തിയാണ് ബജറ്റില്‍ കേരളത്തിനാകെ ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

ഒരു പ്രാഥമിക കാര്‍ഷിക സഹകരണ സംഘം ( പ്രാഥമിക സഹകരണ ബാങ്ക് ) എന്നാല്‍ അതുള്‍പ്പെടുന്ന പ്രദേശത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന ചെറു ധനകാര്യ സ്ഥാപനമായി മാറുകയെന്ന കാഴ്ചപ്പാടും പുതിയ കാര്‍ഷിക പരീക്ഷണത്തിനൊപ്പം വളരുന്നുണ്ട്. ഒരു പഞ്ചായത്തിന് ഒരു സഹകരണ സംഘമെന്നതാണ് കേരള സഹകരണ നയത്തില്‍ മുന്നോട്ടുവെക്കുന്നത്. ഇത് എണ്ണത്തിന്റെ കാര്യത്തിലല്ല, പ്രയോഗത്തിന്റെ കാര്യത്തില്‍ നടപ്പാവുന്ന പരീക്ഷണമാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. കര്‍ഷകരുടെ ജാമ്യത്തില്‍ത്തന്നെ കര്‍ഷകന് വായ്പ നല്‍കുക, വിളയ്ക്ക് വിപണി ഉറപ്പാക്കി തിരിച്ചടവ് നേടുക, നാടിന് നല്ല ഭക്ഷണവും നല്ല വരുമാനവും ഉറപ്പാക്കാനാവുക എന്നിവയെല്ലാമാണ് സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ലക്ഷ്യമിടുന്നത്. ഇതാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പുതിയ കാര്‍ഷിക പദ്ധതിയുടെ രീതി.

സഹകരണ സംഘങ്ങള്‍ക്കും നേട്ടം

കാര്‍ഷിക വായ്പ കുറയുന്നുവെന്നതാണ് കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ആദായ നികുതി ഇളവുപോലും സംഘങ്ങള്‍ക്ക് നിഷേധിക്കാന്‍ കാരണം ഇതാണ്. പുതിയ കാര്‍ഷിക പദ്ധതി രീതിയനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകും. നെല്ല്, പ്രാദേശിക പ്രാധാന്യമുള്ള വിളകള്‍, പച്ചക്കറി, കിഴങ്ങ്-പയര്‍വര്‍ഗങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചുള്ള പദ്ധതികളാണ് പുതിയ സാമ്പത്തിക വര്‍ഷം കൃഷിവകുപ്പ് നടപ്പാക്കുന്നത്. ഇവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ( എഫ്.പി.ഒ ) , കര്‍ഷക കൂട്ടായ്മകള്‍ എന്നിവ വഴിയാണ് നടപ്പാക്കുക. ഈ പദ്ധതിക്ക് നബാര്‍ഡ് സഹായം കിട്ടാന്‍പാകത്തില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തും. ഈ രീതി സഹകരണ സംഘങ്ങള്‍ക്ക് കാര്‍ഷിക വായ്പയുടെ തോത് കൂട്ടാന്‍ സഹായിക്കും. അതുവഴി ആദായനികുതി ഇളവും കിട്ടും.

വകുപ്പുകളുടെയും പദ്ധതികളുടെയും അതിര്‍വരമ്പുകളില്‍ കുടുങ്ങി കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ ലക്ഷ്യം കാണുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംയോജിത പദ്ധതികളും സ്വാശ്രയ പരീക്ഷണവും ആസൂത്രണ ബോര്‍ഡ് നിര്‍ദേശിച്ചത്. കേരളത്തിലെ ഒട്ടേറെ സഹകരണ സംഘങ്ങള്‍ കാര്‍ഷിക മേഖലയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഘങ്ങള്‍ നേരിട്ട് കൃഷി ചെയ്യുന്നുണ്ടെങ്കിലും അവയ്ക്ക് കൃഷിവകുപ്പിന്റെ സഹായമോ കാര്‍ഷിക പദ്ധതികളുടെ വിഹിതമോ ലഭിക്കാറില്ല. ഈ രീതി മാറും. സഹകരണ സംഘങ്ങള്‍ ചെയ്യുന്ന കൃഷിക്കും കര്‍ഷകര്‍ക്ക് നല്‍കുന്ന എല്ലാ സഹായവും ഉറപ്പാക്കുകയും ഈ സംഘങ്ങള്‍ വഴി കര്‍ഷക കൂട്ടായ്മകള്‍ ഉണ്ടാക്കുകയുമാണ് ലക്ഷ്യം. സഹകരണ സംഘങ്ങള്‍തന്നെ വായ്പ ഉറപ്പാക്കുന്നതിനാല്‍ സര്‍ക്കാരിന് ബാധ്യതയുമില്ല. സബ്‌സിഡി, പദ്ധതി വിഹിതം എന്നിവയെല്ലാം സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കിയാല്‍ കാര്‍ഷിക രംഗത്ത് വലിയ വിപ്ലവമുണ്ടാക്കാനാകുമെന്നാണ് പ്ലാനിങ് ബോര്‍ഡ് നിര്‍ദേശിച്ചത്.

കൂട്ടുകൃഷിക്ക് പ്രാധാന്യം നല്‍കണമെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ ശുപാര്‍ശ. സഹകരണ സംഘങ്ങള്‍ക്ക് സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിച്ച് ഇതിലേക്കിറങ്ങാം. പാടശേഖര സമിതികള്‍ക്ക് സഹായം നല്‍കാം. നബാര്‍ഡ് നേരിട്ട് രൂപവത്കരിച്ച ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനെ പങ്കാളിയാക്കാം. പദ്ധതികളുടെ സ്വഭാവവും സാധ്യതയുമനുസരിച്ച് വിവിധ സ്‌കീമുകളിലുള്‍പ്പെടുത്തി സഹായം ലഭ്യമാക്കുകയാണ് ചെയ്യുക. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നത് കൃഷി വകുപ്പായിരിക്കും. നെല്‍ക്കൃഷിക്ക് വേണ്ടിമാത്രം 118 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഇതിന് പുറമെ, കേന്ദ്രാവിഷ്‌കൃത പദ്ധതികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും സംയോജിപ്പിച്ച് ഉപയോഗപ്പെടുത്തും. പച്ചക്കറിക്കൃഷിയില്‍ ഹരിതകേരള മിഷന്റെ സഹായം ഉറപ്പുവരുത്തും. ഇതിന്റെയെല്ലാം നിര്‍വഹണം സഹകരണ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാം.

സംഘശക്തിയുടെ 2021

ഭക്ഷ്യ വിള ഉല്‍പ്പാദനത്തിന് ഊന്നല്‍ നല്‍കുന്നതാണ് അടുത്ത സാമ്പത്തിക വര്‍ഷത്തിലെ കൃഷിവകുപ്പിന്റെ പദ്ധതികള്‍. പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിടുന്നു. ഒപ്പം, നെല്ല്, ചെറുധാന്യങ്ങള്‍, എള്ള്, നിലക്കടല, കരിമ്പ്, പയറുവര്‍ഗങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം കൂട്ടാനുള്ള സമഗ്ര ഭക്ഷ്യവിള ഉല്‍പ്പാദന പദ്ധതിയും നടപ്പാക്കും. തെങ്ങ്, സുഗന്ധ വ്യഞ്ജനം, പൂക്കൃഷി , പഴക്കൃഷി, ഔഷധ സസ്യങ്ങള്‍ എന്നിവയുടെ വികസനവും മണ്ണ് വിള ആരോഗ്യ പരിപാലനം, ഗുണമേ•യുള്ള നടീല്‍ വസ്തുക്കളുടെ ഉല്‍പാദനവും വിതരണവും, സുരക്ഷിത ഭക്ഷണത്തിനായുള്ള ഉത്തമ കൃഷിരീതികളുടെ പ്രോത്സാഹനം, ഹൈടെക് കൃഷിരീതികള്‍ക്കുള്ള സഹായം എന്നീ പരിപാടികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൃഷി പാഠശാല, പുനര്‍ജനി എന്നീ രണ്ടു പദ്ധതികളാണ് ഈ വര്‍ഷം പ്രഖ്യാപിച്ചിട്ടുള്ളത്. കാര്‍ഷിക ആവാസ മേഖല അടിസ്ഥാനമാക്കിയുള്ള കൃഷിയിലേക്കുള്ള സമീപനമാണ് ആദ്യത്തേത്. പ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണമാണ് രണ്ടാമത്തേത്.

ഈ പദ്ധതികള്‍ പ്രായോഗികമായി നടപ്പാക്കുന്നതിലാണ് സഹകരണ സംഘങ്ങളുടെ പങ്കാളിത്തം സര്‍ക്കാര്‍ തേടുന്നത്. കൃഷിവകുപ്പിന്റെ പദ്ധതികള്‍, സഹകരണ സംഘങ്ങളുടെ സാമ്പത്തികവും നേതൃത്വപരവുമായ പങ്കാളിത്തം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനം – ഇതാണ് പുതിയ കാര്‍ഷിക പദ്ധതി നടപ്പാക്കുന്നതിന്റെ കാഴ്ചപ്പാട്. മുന്‍കൂട്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ഇതില്‍ മികച്ചത് തിരഞ്ഞെടുത്ത് നടപ്പാക്കുകയുമാണ് ചെയ്യുക. വിഭവശേഷിക്കുറവ് അനുഭവപ്പെടുന്ന അവസരങ്ങളില്‍ പ്രാഥമിക മേഖലകളില്‍ പദ്ധതി നടപ്പാക്കി പരിചയമുള്ളതും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ പരമാവധി നിര്‍വഹണ ഏജന്‍സിയായി കൊണ്ടുവരണമെന്നാണ് പ്ലാനിങ് ബോര്‍ഡിന്റെ ശുപാര്‍ശ.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷക കൂട്ടായ്മകള്‍, എഫ്.പി.ഒ., സഹകരണ സംഘങ്ങള്‍ എന്നിവയ്‌ക്കെല്ലാം 2020-21 സാമ്പത്തിക വര്‍ഷം കാര്‍ഷിക പദ്ധതി സമര്‍പ്പിക്കാം. പദ്ധതികള്‍ കൃഷി ഡയരക്ടര്‍ മുഖേന വര്‍ക്കിങ് ഗ്രൂപ്പിലാണ് സമര്‍പ്പിക്കേണ്ടത്. ഇത്തരത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ കൃഷിവകുപ്പും ആസൂത്രണ ബോര്‍ഡും ചേര്‍ന്നു പരിശോധിക്കും. ഇതിനായി കാര്‍ഷിക വ്യാപനം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനത്തിനു മാത്രമായി 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

നബാര്‍ഡിന്റെ റേറ്റിങ് ചാര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വേണം എഫ്.പി.ഒ. കളെ തിരഞ്ഞെടുക്കേണ്ടത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും മികച്ച പ്രകടനം കാഴ്ചവെക്കുന്നതുമായ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ പദ്ധതി നടത്തിപ്പിന് തിരഞ്ഞെടുക്കാവുന്നതാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും എഫ്.പി.ഒ. കള്‍ക്കുമുള്ള സാങ്കേതിക സഹായം കൃഷിവകുപ്പ് കൃഷിഭവന്‍ മുഖേന നല്‍കും. ഇതാണ് ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ.

ഭക്ഷ്യവിള ഉല്‍പ്പാദനത്തില്‍ നാല് പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നെല്‍, പ്രാദേശിക പ്രാധാന്യമുള്ള വിളകള്‍, പച്ചക്കറി , പഴം/കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയുടെ വികസനമാണിത്. സഹകരണ സംഘം, സഹകരണ ബാങ്ക് മുഖേന നടപ്പാക്കുന്ന നബാര്‍ഡിന്റെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുമായുള്ള സംയോജനം ഈ കാര്‍ഷിക പ്രവര്‍ത്തനത്തില്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ സഹകരണക്കൂട്ടായ്മയില്‍ കാര്‍ഷിക പദ്ധതി നടപ്പാക്കുന്നതിന് 109 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിട്ടുള്ളത്.

തരിശിടാത്ത പാടം,
വിഷമില്ലാത്ത പച്ചക്കറി

പുതിയ സാമ്പത്തിക വര്‍ഷം രണ്ടു ലക്ഷ്യമാണ് സര്‍ക്കാര്‍ നേടാന്‍ ശ്രമിക്കുന്നത്. തരിശായി കിടക്കുന്ന പാടശേഖരങ്ങളിലെല്ലാം നെല്‍ക്കൃഷി ചെയ്യുകയെന്നതാണ് ആദ്യത്തേത്. വിഷമില്ലാത്ത പച്ചക്കറി നാടിന് കിട്ടുമാറാക്കുകയെന്നതാണ് രണ്ടാമത്തേത്. ഇതും സഹകരണ സംഘങ്ങളുടെ പങ്കാളിത്തതോടെ നേടാനാകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. തരിശുനിലക്കൃഷിക്കും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി നെല്‍ക്കൃഷി വികസന പരിപാടികള്‍ നടപ്പാക്കണം. ഇതിനുള്ള പദ്ധതി കൃഷിവകുപ്പിലുണ്ട്. അത് സഹകണ സംഘങ്ങളിലൂടെയും മറ്റ് കാര്‍ഷിക കൂട്ടായ്മയിലൂടെയും നടപ്പാക്കാനാകണമെന്നാണ് ബജറ്റില്‍ നിര്‍ദേശിക്കുന്നത്.

നെല്‍ക്കൃഷിയുടെ വിസ്തൃതി കൂട്ടി മൂന്നു ലക്ഷം ഹെക്ടറാക്കുകയാണ് ലക്ഷ്യം. ഇതിലേക്കായി 11,824 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂട്ടുകൃഷി സമ്പ്രദായത്തിലുള്ള നെല്‍ക്കൃഷിക്കായി 64 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സുസ്ഥിര നെല്‍ക്കൃഷി വികസനത്തിന് ഉല്‍പ്പാദനോപാധികള്‍ക്കുള്ള സഹായമായി ഒരു ഹെക്ടറിന് 5500 രൂപ നല്‍കും. ഗുണമേ•യുള്ള വിത്തുകള്‍, ജൈവ ഉല്‍പ്പാദനോപാധികള്‍ എന്നിവക്കുള്ള സഹായമാണിത്.

പാടശേഖര സമിതികള്‍ക്ക്
പ്രോത്സാഹനം

പാടശേഖര സമിതികളുടെ കൂട്ടുകൃഷി പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു കോടി രൂപ മാറ്റിവെച്ചു. ഈ തുക കൂട്ടുകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഇ-പേയ്‌മെന്റ് സമ്പ്രദായം നടപ്പാക്കാന്‍ സഹായിക്കുന്നതിനുമായി ഒരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പാടശേഖര സമിതികള്‍ക്ക് നല്‍കും. പ്രളയാനന്തരം നെല്‍ക്കൃഷി പുനരുദ്ധാരണത്തിനായി പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ബ്ലോക്ക് തല സംയോജനത്തോടെ അരിമില്ലുകള്‍ സ്ഥാപിക്കാന്‍ 70 ലക്ഷം രൂപ നീക്കിവെച്ചു. പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കുന്നതും അനുമതി നല്‍കുന്നതും കൃഷി ഡയരക്ടറായിരിക്കും. അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിന് ആര്‍.കെ.വി.വൈ., ആര്‍.ഐ.ഡി.എഫ്., മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ എന്നിവയുടെ സംയോജനം ആവശ്യമാണ്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമാക്കണമെന്നാണ് നിര്‍ദേശം.

തരിശുനിലങ്ങളെ കൃഷിയിടങ്ങളാക്കുന്നതിനും കൃഷി വിസ്തൃതി വര്‍ധിപ്പിക്കുന്നതിനുമായി 8.40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, എഫ്.പി.ഒ.കള്‍ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ നെല്‍ക്കൃഷിക്ക് അനുയോജ്യമായ തരിശുനിലങ്ങള്‍ ഘട്ടംഘട്ടമായി പ്രൊജക്ട് അടിസ്ഥാനത്തില്‍ സുസ്ഥിര നെല്‍ക്കൃഷിക്കായി ഏറ്റെടുക്കാവുന്നതാണ്. കൃഷി ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള ഒരു സംഘം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സംഘം, എഫ്.പി.ഒ. എന്നിവയുമായി ചര്‍ച്ച ചെയ്ത് പഞ്ചായത്ത് തലത്തില്‍ തയാറാക്കുന്ന ഗുണഭോക്തൃ ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സഹായം അനുവദിക്കുന്നത്.

പച്ചക്കറി ഉല്‍പ്പാദനത്തില്‍ ഒരു മിഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണമെന്നാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. പച്ചക്കറി ഉല്‍പ്പാദനത്തില്‍ സംസ്ഥാനത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സുരക്ഷിത പച്ചക്കറി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പച്ചക്കറി വികസന പദ്ധതി മിഷന്‍ നടപ്പാക്കുന്നത്. ഇതിലും സഹകരണ സംഘങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. കൃഷിവകുപ്പ്, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരള കാര്‍ഷിക സര്‍വകലാശാല എഫ്.പി.ഒ.കള്‍, വി.എഫ്. പി.സി.കെ., ഹോര്‍ട്ട് കോര്‍പ്പ്്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ തുടങ്ങി എല്ലാ ഏജന്‍സികളൈയും ഉള്‍പ്പെടുത്തിയായിരിക്കും ഇത് നടപ്പാക്കുക. സംസ്ഥാനത്തെ എല്ലാ വീടുകളിലും സുരക്ഷിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുകയും ഉപയോഗിച്ചതിനു ശേഷമുള്ളവ പച്ചക്കറി ഗ്രാമീണ വിപണിയിലെത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതി. .

പച്ചക്കറി മിഷന്‍ ശ്രദ്ധിക്കുന്ന
കാര്യങ്ങള്‍

** ഉല്‍പ്പാദനം, സംഭരണം, വിപണനം. വീട്ടുവളപ്പിലും വാണിജ്യാടിസ്ഥാനത്തിലും ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ മിച്ചം വരുന്ന പ്രദേശങ്ങളില്‍നിന്ന് ശേഖരിച്ച് കുറവുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യും. ഇതുവഴി കര്‍ഷകര്‍ക്ക് മികച്ച വില കിട്ടും.

** സംസ്ഥാനത്തുടനീളം സുരക്ഷിത പച്ചക്കറി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓണത്തിന് ഒരുമുറം പച്ചക്കറി, ശീതകാല പച്ചക്കറിക്കൃഷി എന്നിവയ്ക്ക് ഊന്നല്‍.

** കൃഷിവകുപ്പും, വി.എഫ്.പി.സി.കെ.യും നടപ്പാക്കുന്ന പച്ചക്കറി വികസന പരിപാടിയുടെ ഘടകങ്ങളായ ജില്ലാ ക്ലസ്റ്ററുകളുടെ വികസനം, നഴ്‌സറികളുടെ സ്ഥാപനം, വിവിധ സ്ഥാപനങ്ങളില്‍ നടത്തുന്ന പച്ചക്കറിക്കൃഷി, മഴമറകളുടെ പ്രോത്സാഹനം, ശീതീകരണ യൂണിറ്റുകളുടെ പ്രോത്സാഹനം, സാമൂഹിക കണിക ജലസേചനം, നഗരങ്ങളിലെ വാണിജ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നഗരങ്ങളില്‍ പച്ചക്കറി ക്ലസ്റ്ററുകളുടെ സംയോജനം എന്നിവ നടപ്പാക്കല്‍.

** പൊതുമേഖലാസ്ഥാപനങ്ങള്‍, ആത്മ, ജൈവക്കൃഷി, മറ്റ് പച്ചക്കറി വിപണന കേന്ദ്രങ്ങളുടെ ഏകോപനം. സഹകരണ മേഖലയുടെയും കര്‍ഷക ഉല്‍പ്പാദനക്കമ്പനികളുടെയും ഏകോപനത്തോടെ കമ്പ്യൂട്ടര്‍വത്കൃത വിപണനം പ്രോത്സോഹിപ്പിക്കല്‍.

** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, എഫ്.പി.ഒ.കള്‍ എന്നിവയുടെ സഹായത്തോടെ പ്രചരണ
പരിപാടികള്‍ നടത്തല്‍.

[mbzshare]

Leave a Reply

Your email address will not be published.