സര്‍ക്കാരിനുള്ള ലാഭവിഹിതം കുറയുന്നതായി പരാതി; ഓഹരി രജിസ്റ്റര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം : രജിസ്ട്രാര്‍
അസി. രജിസ്ട്രാര്‍ ( ജനറല്‍ ) ഓഫീസുകളില്‍ സൂക്ഷിക്കുന്ന ഓഹരി രജിസ്റ്ററില്‍ താലൂക്കിലെ എല്ലാ സംഘങ്ങള്‍ക്കും ഇതുവരെ അനുവദിച്ച സര്‍ക്കാര്‍ ഓഹരികളുടെയും സംഘങ്ങള്‍ സര്‍ക്കാരിലേക്കു അടച്ചതും അടയ്ക്കേണ്ടതുമായ ലാഭവിഹിതത്തിന്റെയും വിവരങ്ങള്‍ രേഖപ്പെടുത്തി സമയബന്ധിതമായി ഓഹരി രജിസ്റ്റര്‍ പൂര്‍ത്തിയാക്കണമെന്നു സഹകരണ വകുപ്പു രജിസ്ട്രാര്‍ ഉത്തരവിട്ടു. സംഘങ്ങള്‍ അംഗങ്ങള്‍ക്കു ലാഭവിഹിതം പ്രഖ്യാപിക്കുന്ന തീയതിയില്‍ത്തന്നെ സര്‍ക്കാരിനു നല്‍കേണ്ട ലാഭവിഹിതവും ഓഹരി രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നു രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു.
ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ക്കു നല്കുന്നതിനേക്കാള് കുറഞ്ഞ നിരക്കിലാണു സര്‍ക്കാരിനു ലാഭവിഹിതം ( ഡിവിഡന്റ് ) കൊടുക്കുന്നതെന്നും സര്‍ക്കാരിലേക്കു അടയ്ക്കേണ്ട ലാഭവിഹിതത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഓഹരി രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു രജിസ്ട്രാറുടെ ഉത്തരവ്.
2018 മാര്‍ച്ച് 31 ലെ സാമ്പത്തിക മേഖല സംബന്ധിച്ച സി.എ.ജി. യുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണു വീഴ്ചകള്‍ സൂചിപ്പിച്ചിരിക്കുന്നത്. സഹകരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിലേക്കു അടയ്ക്കേണ്ട ലാഭവിഹിതത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഓഹരി രജിസ്റ്റര്‍ അസി. രജിസ്ട്രാര്‍ ഓഫീസുകളില്‍ കാലാനുസൃതമാക്കി സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ സംഘങ്ങള്‍ സര്‍ക്കാരിലേക്കു അടയ്ക്കേണ്ട ഡിവിഡന്റ് തുക കണക്കാക്കാന്‍ കഴിയുന്നില്ലെന്നു അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
സംഘാംഗങ്ങള്‍ക്കു ലാഭവിഹിതം പ്രഖ്യാപിക്കുന്ന തീയതിയില്‍ത്തന്നെ സര്‍ക്കാരിനു നല്‍കേണ്ട ലാഭവിഹിതവും ഓഹരി രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നു രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. ഇതുപ്രകാരം രജിസ്ട്രാറുടെ ഓഫീസില്‍ സമര്‍പ്പിക്കുന്ന ഡി.സി.ബി. ( ഡിമാന്റ് കളക്ഷന്‍ ബാലന്‍സ് ) സ്റ്റേറ്റുമെന്റിലും തുക ഡിമാന്റായി രേഖപ്പെടുത്തണമെന്നു രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. സംഘങ്ങള്‍ ലാഭവിഹിതം സര്‍ക്കാരിലേക്കു അടയ്ക്കുമ്പോള്‍ ആ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ഡി.സി.ബി. സ്റ്റേറ്റുമെന്റില്‍ തുക കളക്ഷനായി രേഖപ്പെടുത്തുകയും ചെയ്യണം.
സംഘങ്ങള്‍ അംഗങ്ങള്‍ക്കു നല്കുന്ന അതേ നിരക്കില്‍ത്തന്നെ സര്‍ക്കാരിനും ലാഭവിഹിതം നല്‍കുന്നുണ്ടെന്നു ഉറപ്പു വരുത്തണമെന്നു രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. അംഗങ്ങള്‍ക്കു നല്കുന്നതിനേക്കാള് കുറഞ്ഞ നിരക്കിലാണു സര്‍ക്കാരിനു ലാഭവിഹിതം നല്കുന്നതെങ്കില് അതിന്റെ കാരണം പരിശോധിച്ചു ഉറപ്പാക്കണം. ലാഭവിഹിതം അടയ്ക്കാത്ത സംഘങ്ങള്‍ക്കു യഥാസമയം ഡിമാന്റ് നോട്ടീസ് കൊടുക്കണം. ആ വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം.
കളക്ഷന്‍ ഡ്രൈവ് ഊര്‍ജിതമാക്കണം
സംഘങ്ങളില്‍ നിന്നുള്ള ഡിവിഡന്റ് കുടിശ്ശിക ഈടാക്കാന്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ കളക്ഷന്‍ ഡ്രൈവ് സംഘടിപ്പിക്കണമെന്നും കര്‍ശന നടപടികള്‍ വഴി തുക പൂര്‍ണമായും ഈടാക്കണമെന്നും രജിസ്ട്രാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പിരിച്ച കുടിശ്ശികയുടെ വിവരമടക്കം 2019 ജനുവരി ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള ലാഭവിഹിതത്തിന്റെ വിവരങ്ങള്‍ ഏപ്രില്‍ പതിനഞ്ചിനകം രജിസ്ട്രാറുടെ ഓഫീസില്‍ എത്തിക്കണം. എല്ലാ സര്‍ക്കിള്‍ / ജോ. രജിസ്ട്രാര്‍ ഓഫീസുകളിലും ഇതുവരെയുള്ള വിവരങ്ങള്‍ ചേര്‍ത്തു രജിസ്റ്റര്‍ കാലാനുസൃതമാക്കണമെന്നും ജോ. രജിസ്ട്രാര്‍ ( ജനറല്‍ ) അതു പരിശോധിച്ചു ഉറപ്പു വരുത്തണമെന്നും രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു.
[mbzshare]