സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം പൂർത്തിയായി: ജീവനക്കാരുടെ സംഘടനകളുമായി നടന്ന ചർച്ച പൂർത്തിയായതായി മന്ത്രി.

adminmoonam

സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം പൂർത്തിയായി. ജീവനക്കാരുടെ സംഘടനകളുമായി നടന്ന ചർച്ച പൂർത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.കേരള ബാങ്കിന്റെ മുന്നോട്ടുള്ള നടപടികളിൽ ഏറ്റവും ശ്രമകരമായ ദൗത്യമായ സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം ഇന്ന് ജീവനക്കാരുടെ സംഘടനകളുമായി നടന്ന ചർച്ചയോടെ പൂർത്തീകരിക്കാനായതായും മന്ത്രി പറഞ്ഞു.

കേരള സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ(BEFI), എംപ്ലോയീസ് ഓർഗനൈസേഷൻ (AIBEA), ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (BEFI), എംപ്ലോയീസ് കോൺഗ്രസ് (AIBEA), എംപ്ലോയീസ് യൂണിയൻ (HMS) എന്നീ സംഘടനകളുടെ ഭാരവാഹികളാണ് കേഡർ സംയോജന ചർച്ചയിൽ പങ്കെടുത്തത്.ഇതിൽ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് അവരുടെ രാഷ്ട്രീയപരമായ നിലപാടുകളാൽ പൊതു സമവായത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി. എങ്കിലും തുടർന്നു നിശ്ചയിച്ചിട്ടുള്ള ശമ്പള പരിഷ്കരണം സംബന്ധിച്ച ചർച്ചകളിലും കേരള ബാങ്കിന്റെ സ്പെഷ്യൽ റൂൾസ് തയ്യാറാക്കുന്ന ചർച്ചകളിലും അവരും പങ്കെടുക്കും.

രണ്ടുതട്ടിൽ നിന്നിരുന്ന സംസ്ഥാന-ജില്ലാ സഹകരണ ബാങ്കിലെ ആറായിരത്തോളം ജീവനക്കാരുടെ അമ്പതോളം കേഡറുകൾ സംയോജിപ്പിക്കുന്നതിൽ സർക്കാർ വളരെ സുചിന്തിതവും പ്രായോഗികവുമായ നിർദ്ദേശങ്ങളാണ് ജീവനക്കാരുടെ മുൻപാകെ വെച്ചിരുന്നത്. ഇതുസംബന്ധിച്ച് 2020 ജനുവരിയിലും ഒക്ടോബറിലും ചർച്ചകൾ നടന്നു. ജീവനക്കാർ ചൂണ്ടിക്കാണിച്ച വളരെ ഗൗരവമുള്ള അനോമലികൾ ഓരോ ചർച്ചയിലും പരിഹരിച്ചാണ് ഇന്ന് അന്തിമഘട്ട ചർച്ച നടന്നതും അത് വിജയ പരിസമാപ്തിയിൽ എത്തിക്കുന്നതിന് സാധിച്ചതും.

സംസ്ഥാന ജില്ല സഹകരണ ബാങ്കുകളിലെ തസ്തികകൾ,നിയമന യോഗ്യത, നിയമന രീതി, ശമ്പളസ്കെയിൽ, പൊതു മാനദണ്ഡങ്ങൾ എന്നിങ്ങനെ അടിസ്ഥാനപ്പെടുത്തിയാണ് കേഡർ സംയോജന നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. ഡെപ്യൂട്ടി ജനറൽ മാനേജർ മുതൽ താഴേക്ക് പാർട് ടൈം സ്വീപ്പർ തസ്തിക വരെയുള്ള എല്ലാ വിഭാഗം ജീവനക്കാർക്കും അർഹമായ പരിഗണനയും സാധ്യതകളും കേഡർ സംയോജന നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ഈ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന സർക്കാർ ഉത്തരവ് ഈ മാസം 28 നകം പുറത്തിറക്കും. ജീവനക്കാരുടെ കേഡർ സംയോജനത്തെ തുടർന്ന് ഉയർന്നു വരുന്ന പരാതികൾ പരിഗണിക്കുന്നതിനും പരിഹാരം കാണുന്നതിനും ഒരു റിട്ടയേഡ് ജഡ്ജി അധ്യക്ഷനായ സമിതി രൂപീകരിക്കും. ഒരു വർഷ കാലാവധി ആയിരിക്കും ഈ സമിതിക്ക് ഉണ്ടാവുക. നിലവിൽ ജീവനക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിർത്തിക്കൊണ്ട് തന്നെയാണ് സംയോജനം പൂർത്തീകരിക്കുക.ഇക്കാര്യത്തിൽ ജീവനക്കാർക്ക് യാതൊരുവിധ ആശങ്കകളും ഉണ്ടാകേണ്ടതില്ല. മാത്രമല്ല ഇനി രൂപീകരിക്കാൻ പോകുന്ന കേരള ബാങ്ക് സ്പെഷ്യൽ റൂൾസിൽ നിലവിലുള്ള ജീവനക്കാർക്ക് കൂടുതൽ അവസരങ്ങളും ലഭ്യമാകും.

മറ്റൊരു പ്രധാനപ്പെട്ട തീരുമാനം സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലെ കരാർ ജീവനക്കാർ, ദിവസവേതനക്കാർ, കമ്മീഷൻ ഏജന്റുമാർ, അപ്രൈസർമാർ എന്നിങ്ങനെ ഇപ്പോൾ നിലവിലുള്ള എല്ലാവരെയും സംരക്ഷിക്കുന്ന നടപടികൾ ഉടൻ ഉണ്ടാകുമെന്നതാണ്.

ഇത്തരത്തിൽ എല്ലാ വിഭാഗങ്ങൾക്കും സംതൃപ്തമായ രീതിയിൽ കേരള ബാങ്ക് കേഡർ സംയോജനം തീരുമാനത്തിലെത്താൻ സഹകരിച്ച ജീവനക്കാരുടെ സംഘടനകൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ,കേരള ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്ക് വകുപ്പ് മന്ത്രി എന്ന നിലയിൽ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നതായി മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.

Leave a Reply

Your email address will not be published.