സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എംപ്ലോയിസ് യൂണിയൻ.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ പറഞ്ഞു. കോവിഡ് -19ന്റെ വ്യാപനം സഹകരണ മേഖലയെ ഗുരുതരമായി ബാധിച്ചു. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മൊറട്ടോറിയവും മറ്റ് നിയന്ത്രണങ്ങളും വായ്പ തിരിച്ചടവിൽ ഗണ്യമായ കുറവാണ് വരുത്തിയിരിക്കുന്നത്.

സുരക്ഷ കേരളം പദ്ധതി, മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി തുടങ്ങിയവ നടപ്പാക്കാൻ കേരള ബാങ്ക് മുഖേന കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാർഷികേതര വായ്പാ സംഘങ്ങൾക്ക് ഫണ്ട് നൽകാൻ കേരള ബാങ്ക് തയ്യാറാകുന്നില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. അംഗ സംഘങ്ങൾ അല്ല എന്ന കാരണം പറഞ്ഞാണ് കേരളബാങ്ക് ഇത്തരം സമീപനങ്ങൾ സ്വീകരിക്കുന്നതെന്നും സംഘടനാ പറഞ്ഞു.

സഹകരണമേഖലയിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിരിക്കുകയാണ്. ട്രഷറിയും കെഎസ്എഫ്ഇ യുമെല്ലാം കൂടിയ പലിശനിരക്ക് നൽകുമ്പോഴാണ് സഹകരണ മേഖലയിൽ മാത്രം നിക്ഷേപ പലിശ നിരക്ക് കുറച്ചിരിക്കുന്നത്. മാത്രമല്ല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും കൂടിയ പലിശ നിരക്കിലാണ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. സഹകരണസംഘങ്ങളിൽ പുതിയ നിക്ഷേപങ്ങൾ വരുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ള നിക്ഷേപങ്ങൾ വ്യാപകമായി പിൻവലിക്കുന്നതിനും ഇത് കാരണമായതായി എംപ്ലോയീസ് യൂണിയൻ കുറ്റപ്പെടുത്തി.

വൻ പ്രതിസന്ധിഘട്ടത്തിലും ആദായ നികുതി വകുപ്പ് സഹകരണ മേഖലയോടുള്ള ശത്രുതാപരമായ നടപടികൾ തുടരുകയാണ്. പണമിടപാടുകൾ നിയന്ത്രിക്കാനും ടാക്സ് ഇളവുകൾ നിഷേധിക്കാനും അന്യായമായി വിവിധ നികുതികൾ ചുമത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. ഈ വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി തീരുമാനങ്ങൾ ഉണ്ടാക്കണമെന്ന് സംഘടനാ സംസ്ഥാന പ്രസിഡണ്ട് കെ. മോഹൻദാസും ജനറൽ സെക്രട്ടറി വി.എ.രമേഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News