സംഘം ഭരണസമിതിയില്‍ സെക്രട്ടറി എക്‌സ് ഒഫീഷ്യോ അംഗമാകില്ല; നിര്‍ദ്ദേശം തള്ളി 

moonamvazhi

സഹകരണ സംഘങ്ങളിലെ ഭരണസമിതിയില്‍ സെക്രട്ടറിയെ എക്‌സ് ഒഫീഷ്യോ അംഗമാക്കണമെന്ന നിര്‍ദ്ദേശം സഹകരണ വകുപ്പ് തള്ളി. ഈ നിര്‍ദ്ദേശം നിയമഭേദഗതി ശുപാര്‍ശ ചെയ്യുന്ന ബില്ലില്‍ ഉള്‍പ്പെടുത്തിയില്ല. റിസര്‍വ് ബാങ്ക് നേരത്തെ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശമാണിത്. അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ ഈ നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് നടപ്പാക്കിയിരുന്നു. ചീഫ് എക്‌സിക്യുട്ടീവ് എന്ന നിലയില്‍ സംഘം സെക്രട്ടറിമാര്‍ക്ക് ഭരണപരമായ തീരുമാനങ്ങളില്‍ അഭിപ്രായം പറയാന്‍ അവസരം നല്‍കണമെന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതിയില്‍ ഇത് നിര്‍ദ്ദേശം കൂടി വിദഗ്ധസമിതി ഉള്‍പ്പെടുത്തിയത്.

എന്നാല്‍, സെക്രട്ടറിമാര്‍ക്ക് ഭരണസമിതി തീരുമാനത്തില്‍ പങ്കാളിയാകാന്‍ അവസരം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സഹകരണ വകുപ്പ് എത്തിയത്. അതിനാല്‍, നിയമസഭയില്‍ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ അവതരിപ്പിച്ച ബില്ലില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ല. ബില്ല് എം.എല്‍.എ.മാരുടെ പ്രത്യേക സമിതി(സെലക്ട്) കമ്മിറ്റി പരിശോധിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൊതുജനങ്ങളില്‍നിന്നും സഹകാരികളില്‍നിന്നുമുള്ള നിര്‍ദ്ദേശം സെലക്ട് കമ്മിറ്റിക്ക് പരിഗണിക്കാം. അതില്‍, സെക്രട്ടറിമാര്‍ക്ക് ഭരണസമിതിയില്‍ എക്‌സ് ഒഫീഷ്യോ പദവി നല്‍കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ഉണ്ടായാല്‍ മാത്രമാണ് ഇനിയൊരു മാറ്റത്തിന് സാധ്യതയുള്ളത്.

ഭരണസമിതി എടുക്കുന്ന തീരുമാനം നടപ്പാക്കാനുള്ള ഉത്തരവാദിത്തമാണ് ചീഫ് എക്‌സിക്യുട്ടീവ് എന്ന നിലയില്‍ സെക്രട്ടറിക്കുള്ളത്. ഭരണസമിതി യോഗങ്ങളില്‍ സെക്രട്ടറി പങ്കെടുക്കുമെങ്കിലും, അവരുടെ തീരുമാനങ്ങളില്‍ അഭിപ്രായം പറയാന്‍ അധികാരമില്ല. ഭരണസമിതിയുടെ തെറ്റായ തീരുമാനങ്ങള്‍ നടപ്പാക്കിയതിന്റെ പേരില്‍ പല സെക്രട്ടറിമാര്‍ക്കും നടപടി നേരിടേണ്ടിവന്നിട്ടുണ്ട്. ഭരണസമിതി യഥാസമയം തീരുമാനം എടുത്ത് നല്‍കാത്തതിന്റെ പേരിലും സെക്രട്ടറിമാര്‍ക്ക് ഔദ്യോഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇത് രണ്ടും പരിഹരിക്കാനാണ് ഭരണസമിതിയില്‍ എക്‌സ് ഒഫീഷ്യോ അംഗമായി സെക്രട്ടറിയെ ഉള്‍പ്പെടുത്താനുള്ള തീരുമാനം വിദഗ്ധ സമിതി മുന്നോട്ടുവെച്ചത്.

രാഷ്ട്രീയ-വ്യക്തി താല്‍പര്യങ്ങളോടെ ഭരണസമിതി നിയമവിരുദ്ധമായ തീരുമാനമെടുത്താല്‍, അതിനോടുള്ള വിയോജിപ്പ് സെക്രട്ടറിക്ക് മിനിറ്റ്‌സില്‍ തന്നെ രേഖപ്പെടുത്താനാകുമെന്നതാണ് എക്‌സ് ഒഫിഷ്യോ അംഗമായാലുള്ള പ്രത്യേകത. സമീപകാലത്ത് സര്‍ക്കാര്‍ തീര്‍പ്പാക്കിയ അപ്പീല്‍ വിധികളിലെല്ലാം ഭരണസമിതി അംഗങ്ങളുടെ വീഴ്ചയില്‍ ശിക്ഷ സംഘം സെക്രട്ടറി മാര്‍ക്ക് കൂടി ബാധകമാക്കിയാണ് നല്‍കിയത്. വിദഗ്ധസമിതിയുടെ നിര്‍ദ്ദേശം സംഘം സെക്രട്ടറിമാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നെങ്കിലും, ബില്ലില്‍ അത് വെട്ടിയതോടെ പ്രൊഫഷണല്‍ സമീപനത്തിന് വഴിയൊരുങ്ങുന്നുവെന്ന അവരുടെ പ്രതീക്ഷയാണ് ഇല്ലാതായത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!