ഷെഡ്യൂൾഡ് അർബൻ ബാങ്കാകാനൊരുങ്ങി പെരിന്തൽമണ്ണ അർബൻ ബാങ്ക്….

adminmoonam

ഷെഡ്യൂൾഡ് അർബൻ ബാങ്ക് ആകാൻ ഒരുങ്ങുകയാണ് പെരിന്തൽമണ്ണ അർബൻ ബാങ്ക്.1916ൽ ഐക്യനാണയ സംഘം ആയി തുടക്കം കുറിച്ച സംഘമാണ് ഇന്നുകാണുന്ന പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്. ചരിത്രവഴികൾ പ്രതിസന്ധിയുടെയും അതിജീവനത്തിന്റെയും നാൾവഴികളായിരുന്നു. പിന്നീട് നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ ജനകീയ അടിത്തറയിൽ കെട്ടിപ്പടുത്തതാണ് ഇന്നുകാണുന്ന അർബൻ ബാങ്ക്.. 1940 ൽ അർബൻ ബാങ്ക് ആയി ഉയർത്തപ്പെട്ടെങ്കിലും 1994ലാണ് റിസർവ് ബാങ്ക് ലൈസൻസ് കിട്ടുന്നത്. പെരിന്തൽമണ്ണ താലൂക്കിനു പുറമേ മലപ്പുറം മുനിസിപ്പാലിറ്റി കൂടി ഉൾപ്പെടുത്തിയാണ് ബാങ്ക് പ്രവർത്തിക്കുന്നത്. 1500 കോടി രൂപ നിക്ഷേപവും 900 കോടി രൂപ വായ്പയും നൽകിയിട്ടുള്ള ബാങ്ക് കേരളത്തിലെ ആദ്യ ഷെഡ്യൂൾഡ് അർബൻ ബാങ്ക് ആവാനുള്ള ഒരുക്കത്തിലാണ്.2017 18 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സഹകരണ ബാങ്കുകൾക്ക് സഹകരണ വകുപ്പ് നൽകുന്ന പുരസ്കാരത്തിന് പെരിന്തൽമണ്ണ അർബൻ ബാങ്ക് അർഹമായിട്ടുണ്ട്. സംസ്ഥാനതലത്തിൽ അർബൻ ബാങ്ക് വിഭാഗത്തിൽ പെരിന്തൽമണ്ണ അർബൻ ബാങ്ക് രണ്ടാം സ്ഥാനമാണ് നേടിയത്. ആധുനിക സാമ്പത്തിക സേവനങ്ങളുടെ വിപുലമായ ശ്രേണി ഇടപാടുകാർക്ക് ആയി ഒരുക്കിക്കൊണ്ട് സഹകരണ മേഖലയുടെ വിശ്വസ്തതയും സാമൂഹ്യ ഉത്തരവാദിത്തം നിർവ്വഹണവും ഇഴചേർന്ന പ്രവർത്തനങ്ങളാണ് ബാങ്കിന് ഈ നേട്ടത്തിനു അർഹമാക്കിയത് ബാങ്ക് ചെയർമാൻ പറയുന്നു. അന്തർദേശീയ സഹകരണ ദിനത്തിൽ എറണാകുളത്ത് വച്ച് നടന്ന ബാങ്ക് ചെയർമാൻ സി ദിവാകരൻ ജനറൽ മാനേജർ വി മോഹൻ ഡെവലപ്മെന്റ് ഓഫീസർ എസ് ആർ രവി ശങ്കർ എന്നിവർ ചേർന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിന്നും അവാർഡ് ഏറ്റുവാങ്ങി.

ബാങ്കിന്റെ ഈ വളർച്ചയ്ക്ക് മാർഗദർശികൾ ആയവരിൽ ആദ്യ പ്രസിഡണ്ടായ കരുണാകരമേനോന്റെ ദീർഘവീക്ഷണം വലുതായിരുന്നു. ഒപ്പം 34 വർഷം നയിച്ച പി.പി. വാസുദേവന്റെ പ്രവർത്തനവും. 56,968 A ക്ലാസ് മെമ്പർമാർ ഉള്ള ബാങ്കിന്റെ മൂലധനം 60.84 കോടി രൂപയും നിക്ഷേപം 1500 കോടി രൂപയും വായ്പ 900 കോടി രൂപയുമാണ്. നിക്ഷേപ വായ്പ അനുപാതം ഗുണകരമായ രീതിയിൽ നിലനിർത്തുന്നതിന് ഉപയുക്തമായ തരത്തിലുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നതിനും സാധാരണക്കാരന് പ്രാപ്യമായ രീതിയിൽ ലളിതമായ വ്യവസ്ഥകളോടെ വായ്പാ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ഭരണസമിതിയും ജീവനക്കാരും പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് ബാങ്ക് ചെയർമാൻ സി.ദിവാകരനും ജനറൽ മാനേജർ വി.മോഹനനും പറഞ്ഞു. നിക്ഷേപങ്ങൾക്കുള്ള ഇൻഷൂറൻസ് പരിരക്ഷ ബാങ്കിന്റെ പ്രത്യേകതയാണ്.

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇടപാടുകാരെ ബാങ്കുമായി അടുപ്പിച്ചു നിർത്താൻ ബാങ്കിന് സാധിച്ചിട്ടുണ്ട്. ബിസിനസുകാർക്ക് ഉള്ള ക്യാഷ് ക്രെഡിറ്റ്, ഭവന വായ്പാ, വാഹനവായ്പ, 50 ലക്ഷം രൂപ വരെ സ്വർണ പണയവായ്പ ഏഴ് ശതമാനം പലിശനിരക്കിൽ ഇവയെല്ലാം ഇതിൽ ചിലത് മാത്രമാണ്.

എൻ.പി.എ 4.50% വും മൂലധന സ്വയംപര്യാപ്തത 13.39%വും പൂർണ്ണ സി.ബി.എസ് സംവിധാനം എന്നിവ ബാങ്കിന്റെ നേട്ടങ്ങളാണ്.ഒരു ജനപ്രിയ സഹകരണ ബാങ്ക് ആകുന്നതിനു വേണ്ടി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളായ എൻ.ഇ.എഫ്.ടി/ ആർ.ടി.ജി.എസ് , സി.ടി. എസ് ക്ലിയറിങ്, എസ്.എംഎസ് അലർട്ട്, ഡയറക്ട് ഫോറിൻ റെമിറ്റൻസ് ഫെസിലിറ്റി, കോർ ബാങ്കിംഗ്, ഇ – പാസ് ബുക്ക് എന്നിവയ്ക്കുപുറമേ ഇന്ത്യയിലെ ഏതു ബാങ്കിൽ നിന്നും എടിഎം വഴി ഇടപാടുകൾ നടത്താവുന്ന റുപേ കാർഡ് സംവിധാനവും ബാങ്ക് ഒരുക്കിയിട്ടുണ്ട്. 24 ബാങ്ക് ശാഖകളിൽ ആയി 159 ജീവനക്കാരുടെ സേവനം ആണ് പെരിന്തൽമണ്ണ ക്കാരുടെ സാമ്പത്തിക കാര്യങ്ങൾക്കായി ബാങ്ക് ഒരുക്കിയിരിക്കുന്നത്. നിഷ്ക്രിയ ആസ്തികൾ കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ പദ്ധതികൾ മുഖേന പരമാവധി ഇളവുകൾ വായ്പകളിൽ ചെയ്തു നൽകാൻ ബാങ്ക് അധികാരികൾ മടിക്കാറില്ല.

ബാങ്കിങ് മേഖലയിലെ പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹ്യസേവന രംഗത്തും ബാങ്കിന്റെ കയ്യൊപ്പ് സാധാരണക്കാർക്ക് ലഭിക്കുന്നുണ്ട്. പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ നിർധനരായ രോഗികൾക്കുള്ള സൗജന്യ ബെഡ് ആനുകൂല്യം, അപകട മരണം സംഭവിച്ചവരുടെ കുടുംബത്തിനും, മാറാരോഗം ബാധിച്ചവർക്കുള്ള സഹായധനവും ഇതിൽ ചിലത് മാത്രം. പൂർണമായും കോർ ബാങ്കിംഗ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ബാങ്ക് ഇടപാടുകാർക്ക് പരമാവധി സേവനം ഉറപ്പുവരുത്തുന്നതിനായി ഇടവേളകളിൽ ജീവനക്കാർക്ക് കാലാനുസൃതമായ കാര്യങ്ങളെക്കുറിച്ചുള്ള ട്രെയിനിങ്ങും സംഘടിപ്പിക്കാറുണ്ട്.

പെരിന്തൽമണ്ണ യുടെ സാമ്പത്തിക സാമൂഹിക മേഖലകളിൽ ഒഴിച്ചുകൂടാനാകാത്ത വിധം പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്ക് മാറിയിട്ടുണ്ടെങ്കിൽ അത് ജനങ്ങൾ നൽകുന്ന ഉറച്ച പിന്തുണയുടെയും വിശ്വാസതയുടെയും കരുത്തിൽ ആണെന്ന് പറയാൻ അധികം ആലോചിക്കേണ്ടതില്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!