ശ്രീകൃഷ്ണപുരത്തെ സഹകരണത്തിളക്കം
- അനില്‍ വള്ളിക്കാട് ബ്രിട്ടീഷ് ഭരണകാലത്തു ഭക്ഷ്യക്ഷാമം പരിഹരിക്കാനായി രൂപംകൊണ്ടപാലക്കാട് ശ്രീകൃഷ്ണപുരംസഹകരണ ബാങ്ക് പ്രവര്‍ത്തനത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഐക്യനാണയ സംഘമായി തുടങ്ങിയ ഈ സഹകരണ സ്ഥാപനം ഏറെക്കാലം 36 റേഷന്‍കടകളും റേഷന്‍ മൊത്തവ്യാപാരവും നടത്തിയിരുന്നു.
സംസ്ഥാനത്തെ മികച്ച ഗ്രാമപ്പഞ്ചായത്താണു പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം. ജില്ലയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തെന്ന ബഹുമതിയും ശ്രീകൃഷ്ണപുരത്തിനു തന്നെ. തദ്ദേശ ഭരണമികവില്‍ മുന്നിലുള്ള ശ്രീകൃഷ്ണപുരത്തെ സര്‍വീസ് സഹകരണ ബാങ്കാകട്ടെ മാതൃകാ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കും അഭിമാനത്തിളക്കമേകുന്നു.
പഴയ വള്ളുവനാടന്‍ സംസ്കാരം നിറഞ്ഞുനില്ക്കുന്ന മണ്ണ്. സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, കര്‍ഷക മുന്നേറ്റം എന്നിവയുടെയെല്ലാം സമരച്ചിന്തുകള് ഓര്‍മയില്‍ തുടിക്കുന്ന ഇടം. കഥകളിയുള്‍പ്പെടെ ക്ഷേത്രകലകള്‍ പിറന്നാടിയ നാട്. കാളവേല, പൂരങ്ങളുടെ ഉത്സവദേശം. സമരവും സംസ്കാരവും ജീവിതകലയാക്കിയ ഗ്രാമവാസികള്‍ക്കു ധനക്കരുത്തിന്റെ പൊരുളോതിയതു നാടിനു സ്വാതന്ത്ര്യം കിട്ടുംമുമ്പ് തുടങ്ങിയ ഈ സഹകരണ സ്ഥാപനമാണ്.
ബ്രിട്ടീഷ് ഭരണകാലത്തു സാധാരണക്കാരുടെ ഭക്ഷ്യക്ഷാമം പരിഹരിക്കാനായി മലബാറില്‍ തുടങ്ങിയ 108 സംഘങ്ങളില്‍ ഒന്നാണു ശ്രീകൃഷ്ണപുരം സഹകരണ ബാങ്ക്. 1946 ല്‍ ഐക്യനാണയ സംഘമായി തുടങ്ങിയ സ്ഥാപനത്തിന്റെ ആദ്യപ്രവര്‍ത്തനം കര്‍ഷകരില്‍ നിന്നു നെല്ല് സംഭരിച്ച് കുത്തി അരിയാക്കി വില്‍ക്കുക എന്നതായിരുന്നു. പിന്നീട് 36 റേഷന്‍ കടകളും റേഷന്‍ മൊത്ത വ്യാപാരവും നടത്തി. 2016 വരെ തുടര്‍ന്ന റേഷന്‍ വ്യാപാരം പിന്നീട് നിര്‍ത്തി. പ്രവര്‍ത്തനം തുടങ്ങി 75 വര്‍ഷം പിന്നിടുമ്പോള്‍ മുമ്പ് റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കാനായി കൈവശമുണ്ടായിരുന്ന ഗോഡൗണ്‍ 8000 അടി വിസ്തൃതിയില്‍ അടുത്തിടെ പുതുക്കിപ്പണിതു സിവില്‍ സപ്ലൈസ് വകുപ്പിനു വാടകക്കു നല്‍കിയിട്ടുണ്ട്. വകുപ്പിന്റെ റേഷന്‍ സംഭരണ കേന്ദ്രമാണിത്. ബാങ്കിനു പ്രതിമാസം ഒരു ലക്ഷം രൂപ വാടകയിനത്തില്‍ ലഭിക്കും.
ആരോഗ്യ രംഗത്ത് മുന്നേറ്റം
ആരോഗ്യമേഖലയിലെ പടിപടിയായുള്ള മുന്നേറ്റമാണു ശ്രീകൃഷ്ണപുരം ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ശ്രദ്ധേയമാക്കുന്നത്. ശ്രീകൃഷ്ണപുരത്തെ ഹെഡ് ഓഫീസ് കെട്ടിടത്തിലും മംഗലാംകുന്നത്തും രണ്ടു ലാബുകള്‍ ബാങ്ക് നടത്തുന്നുണ്ട്. ശ്രീകൃഷ്ണപുരത്തെ ലാബിന്റെ ഭാഗമായി നീതി മെഡിക്കല്‍ സ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീകൃഷ്ണപുരത്തു ക്ലിനിക്കും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഒരു സ്ഥിരം ഡോക്ടറുടെയും വന്നു പോകുന്ന മറ്റ് ആറു ഡോക്ടര്‍മാരുടെയും സേവനം നല്‍കുന്നുണ്ട്. അത്യാവശ്യം കാഷ്വാലിറ്റി കൈകാര്യം ചെയ്യാനുള്ള സംവിധാനവും മതിയായ ജീവനക്കാരും ക്ലിനിക്കിലുണ്ട്.
‘ശ്രദ്ധ’ എന്ന പേരില്‍ ബാങ്ക് ആരംഭിച്ച ഹോം നഴ്സിംഗ് ഏജന്‍സിക്കു നാട്ടില്‍ വലിയ സ്വീകാര്യതയുണ്ട്. ഏജന്‍സി കമ്മീഷന് ഇല്ലാതെയാണു പ്രവര്‍ത്തിക്കുന്നത്. വീട്ടുകാരില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ തുകയും നഴ്സുമാര്‍ക്കു നല്‍കും. നാമമാത്രമായ രജിസ്ട്രേഷന് ഫീസ് മാത്രമാണു ബാങ്ക് ഈടാക്കുക. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ടെലി മെഡിസിന്, മരുന്നുവണ്ടി, ടെലി കൗണ്‍സിലിംഗ് എന്നിവ ബാങ്ക് നടപ്പാക്കിയതു നിരവധിയാളുകള്‍ പ്രയോജനപ്പെടുത്തുകയുണ്ടായി.
ഇ.കെ. നായനാരുടെ സ്മാരകമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്ക് കിടത്തിച്ചികിത്സാ സൗകര്യമുള്ള ആശുപത്രിയാക്കാനുള്ള ആലോചനയുണ്ടെന്നു ബാങ്ക് പ്രസിഡന്റ് കെ. രാമകൃഷ്ണന് പറഞ്ഞു. ഹെഡ് ഓഫീസിനു പിറകിലായി മൂന്നേക്കറോളം ഭൂമി സ്വന്തമായുണ്ട്. ഇവിടെ ഇപ്പോള്‍ റബ്ബര്‍ത്തോട്ടം വെച്ചുപിടിപ്പിച്ചിരിക്കയാണ്. ഇവിടെയാണ് ആശുപത്രി ഉദ്ദേശിക്കുന്നത്. എളമ്പുലാശ്ശേരിയിലും മംഗലാംകുന്നത്തും രണ്ടു ജനസേവന കേന്ദ്രങ്ങള്‍ ബാങ്ക് നടത്തുന്നുണ്ട്. ഇവിടത്തെ കെട്ടിട സൗകര്യം പ്രയോജനപ്പെടുത്തി ആയുര്‍വേദ, ഹോമിയോ ചികിത്സാലയങ്ങള്‍ ആരംഭിക്കാനും ആലോചിക്കുന്നു.
കാര്‍ഷിക സേവനം
കാര്‍ഷിക രംഗത്തു പുതിയ വ്യവസായ സംരംഭം തുടങ്ങാന്‍ ബാങ്കിനു പരിപാടിയുണ്ട്. വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രം അടുത്ത വര്‍ഷം തന്നെ ആരംഭിക്കും. നബാര്‍ഡിന്റെ സഹായത്തോടെ രണ്ടരക്കോടി രൂപ ചെലവില്‍ തുടങ്ങുന്ന എണ്ണയുല്‍പ്പാദന കേന്ദ്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായെന്നു ബാങ്ക് സെക്രട്ടറി സി. ഉല്ലാസ്കുമാര്‍ പറഞ്ഞു. കര്‍ഷകരില്‍ നിന്നു നാളികേരം സംഭരിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണ പ്രത്യേകം ബ്രാന്‍ഡ് ചെയ്തു ബാങ്ക് വിപണിയിലിറക്കും. ആഘോഷമൊന്നുമില്ലാതെ കഴിഞ്ഞ വര്‍ഷം കടന്നുപോയ പ്ലാറ്റിനം ജൂബിലിയുടെ ഓര്മക്കായാണു നാളികേര സംസ്കരണ കേന്ദ്രം തുടങ്ങുന്നത്. കിടപ്പുരോഗികള്‍ക്കായുള്ള സാന്ത്വന പദ്ധതിയും ഉടന്‍ ആരംഭിക്കും.
നെല്‍ക്കൃഷിക്കു പ്രത്യേക വായ്പ, കോഴി, ആട്, പശു, പന്നി ഫാമുകള്‍ക്കുള്ള വായ്പ, കാര്‍ഷിക, സ്വര്‍ണപ്പണയ വായ്പ എന്നിവ ഉദാരമായി ബാങ്ക് വിതരണം ചെയ്യുന്നുണ്ട്. കാര്‍ഷിക കടാശ്വാസക്കമ്മീഷന്‍ മുമ്പാകെ ബാങ്ക് മുന്‍കൈയെടുത്ത് ആയിരത്തിലധികം പേരുടെ അപേക്ഷകള്‍ സമര്‍പ്പിച്ചു. ഇതില്‍ 460 എണ്ണം കമ്മീഷന് പരിഗണിച്ചു. ഇതിന്റെ ഭാഗമായി 2.80 കോടി രൂപ ബാങ്കിലെ വായ്പക്കാര്‍ക്ക് അനുവദിച്ചുകിട്ടി. ഈ പദ്ധതിയിലൂടെ ജില്ലയില്‍ ഏറ്റവുമധികം ആശ്വാസധനം കര്‍ഷകര്‍ക്കു ലഭ്യമാക്കിയ ബാങ്കായും മാറാന്‍ കഴിഞ്ഞു. ദീര്‍ഘകാലം കുടിശ്ശികയായി നില്ക്കുന്ന വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുമ്പോള്‍ സര്‍ക്കാര്‍ നല്കുന്നതിനു പുറമെ ബാങ്കും പ്രത്യേക ഇളവുകള്‍ നല്‍കും. വിവാഹം, ചികിത്സ, വീടു നിര്‍മാണം, ഉപരിപഠനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കു നാട്ടിലെ ജനങ്ങള്‍ ആശ്രയിക്കുന്നത് ഈ ബാങ്കിനെയാണെന്നു പ്രസിഡന്റ് കെ. രാമകൃഷ്ണന് പറഞ്ഞു. എളുപ്പത്തില്‍ വായ്പ കിട്ടും എന്നതാണു അവരുടെ ആശ്വാസം. പലരും വിവാഹത്തീയതി നിശ്ചയിക്കുന്നതുതന്നെ ബാങ്കിന്റെ വായ്പാ ലഭ്യതക്കനുസരിച്ചാണെന്ന് അധ്യാപകന് കൂടിയായ ബാങ്ക് സാരഥി പറയുന്നു. പ്രാഥമിക സഹകരണ സംഘങ്ങളുടെ സംഘടനയുടെ ജില്ലാ സെക്രട്ടറി കൂടിയായ രാമകൃഷ്ണന് സംസ്ഥാന സഹകരണ നിക്ഷേപ ഫണ്ട് ബോര്‍ഡിലെ അംഗവുമാണ്.
വിദ്യാ വളര്‍ച്ച
വിദ്യാഭ്യാസ രംഗത്തു കാതലായ മാറ്റങ്ങള്‍ വരുത്തുന്ന പദ്ധതികളാണു ബാങ്ക് ഏറ്റെടുത്തു നടത്തുന്നത്. സഹകരണ മേഖലയില്‍ മണ്ണാര്‍ക്കാട്ട് പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സല്‍ കോളേജില്‍ ബിരുദതലത്തില്‍ പഠിക്കുന്ന നിര്‍ധനരായ പത്തു കുട്ടികളുടെ ആറു സെമസ്റ്ററിലെയും ഫീസ് ബാങ്ക് നല്കിവരുന്നു. ഒരു വര്‍ഷം രണ്ടു ലക്ഷത്തോളം രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. എട്ടാം ക്ലാസ് മുതല്‍ പി. എച്ച്ഡി വരെയുള്ള വിദ്യാര്‍ഥികള്‍ക്കു മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനു ഹൈടെക് സ്റ്റഡി റൂം വായ്പ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് പരിധിയിലെ 88 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വിദ്യാതരംഗിണി വായ്പ അനുവദിച്ചു. അംഗങ്ങളുടെ മക്കളില്‍ ഉപരിപഠനം നടത്തുന്നവര്‍ക്കു ലാപ്ടോപ്പ് വാങ്ങാന്‍ രണ്ടു ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള കടയില്‍ നിന്നു വാങ്ങുന്ന ലാപ്ടോപ്പിന്റെ ബില്ല് ഹാജരാക്കിയാല്‍ തുക അനുവദിക്കുന്ന പദ്ധതിയാണിത്. ‘വര്‍ണം’ എന്ന പേരില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലഘു സമ്പാദ്യ പദ്ധതിയുണ്ട്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്ഥികള്ക്കുവേണ്ടിയാണിത്. അഞ്ചാം ക്ലാസിലേക്കു പ്രവേശിക്കുമ്പോള്‍ നല്ലൊരു തുക ലഭ്യമാകുന്ന ഈ പദ്ധതിയില്‍ വിവിധ സ്കൂളുകള്‍ അവരുടെ കുട്ടികളെ ചേര്‍ത്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരും റൂട്രോണിക്സ് എന്ന സഹകരണ സ്ഥാപനവും സംയുക്തമായി തുടങ്ങുന്ന പഠനകേന്ദ്രമായ ‘വിജയവീഥി’ ആരംഭിക്കാന്‍ ബാങ്കിന് അനുമതി ലഭിച്ചുകഴിഞ്ഞു. ഹെഡ് ഓഫീസിനു മുകളില്‍ നേരത്തെ തയാറാക്കിയിട്ടുള്ള എ.സി. കോണ്‍ഫറന്‍സ് ഹാള്‍ ഇതിനായി മാറ്റും. സിവില്‍ സര്‍വീസ് ഉള്‍പ്പടെയുള്ള പരീക്ഷകള്‍ക്കും ജോലിക്കായുള്ള നിരവധി പരീക്ഷകള്‍ക്കുമുള്ള പരിശീലനമാണ് ഈ കേന്ദ്രത്തില്‍ നിന്നു നല്‍കുക.
എല്ലാ ‘എ’ ക്ലാസ് അംഗങ്ങള്‍ക്കും വായ്പ എടുത്തവര്‍ക്കും നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന ‘സുരക്ഷ’ ഇന്‍ഷുറന്‍സ് പദ്ധതി ബാങ്ക് നടപ്പാക്കി. ഇതോടൊപ്പം എല്ലാവിധ ഇന്‍ഷുറന്‍സ് സേവനങ്ങളും ഒരു കുടക്കീഴില് കിട്ടുന്നതിന് ഇന്‍ഷുറന്‍സിന്റെ ഒരു കോര്‍പറേറ്റ് ഏജന്‍സിയും ബാങ്ക് നടത്തുന്നുണ്ട്. ശ്രീകൃഷ്ണപുരം കരിമ്പുഴ, വെള്ളിനേഴി പഞ്ചായത്തുകളിലെ 18 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണു ബാങ്കിന്റെ പ്രവര്‍ത്തനപരിധി. ഇതില്‍ ശ്രീകൃഷ്ണപുരം, കരിമ്പുഴ ഗ്രാമപ്പഞ്ചായത്തുകളിലായി 4700 പേര്‍ക്കു സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്ഷന് ബാങ്ക് വിതരണം ചെയ്തുവരുന്നു.
മികവിന്റെ കേന്ദ്രം
പണമിടപാടിലും സാമൂഹിക സേവനത്തിലും മികവിന്റെ ജനകീയ കേന്ദ്രമാണു ശ്രീകൃഷ്ണപുരം സഹകരണ ബാങ്ക്. ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് ലഭിച്ചിട്ടുള്ള ബാങ്കിനു ഹെഡ് ഓഫീസും സായാഹ്ന, ഒഴിവുദിന ശാഖയുമടക്കം നാല് ധനവിനിമയ കേന്ദ്രങ്ങളുണ്ട്. മംഗലാംകുന്നത്ത് അഞ്ചാമത്തെ ശാഖ ഉടന്‍ തുറക്കും. ബാങ്കിന്റെ എ.ടി.എം സെന്റര്‍ ഈ ശാഖാ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. അതിജീവന സംഘമായി തുടങ്ങി ക്ലാസ് വണ്‍ പദവിയിലെത്തി നില്ക്കുന്ന ബാങ്കിനു പതിനയ്യായിരത്തിലേറെ അംഗങ്ങളുണ്ട്. മൂന്നു കോടിയോളം രൂപയാണ് ഓഹരിമൂലധനം. 120 കോടി രൂപ നിക്ഷേപമായുള്ള ബാങ്കിന് 96 കോടി രൂപയാണു വായ്പാ ബാക്കി. ബാങ്കുള്‍പ്പടെ വിവിധ സ്ഥാപനങ്ങളിലായി അറുപതോളം ജീവനക്കാര്‍ ധനകാര്യ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സജീവമാണ്. കെ.എസ്. മധു വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ ടി. വാസുദേവന്‍, എം. സെയ്താലി, കെ. വേണുഗോപാലന്‍, ഹരിദാസ്, പ്രസാദ്, ഹംസ, വിജയലക്ഷ്മി, സുമതി, തുളസിഭായ് എന്നിവരാണ് അംഗങ്ങള്‍.