വിവരം നല്‍കേണ്ടത് അതീവ അടിയന്തരമെന്ന് നാഫെഡ്; നോട്ടീസ് പുറത്ത്

moonamvazhi

കേന്ദ്ര സഹകരണ ഡേറ്റ സെന്ററിലേക്ക് സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ വിവരം കൈമാറേണ്ടത് അതീവ അടിയന്തരമായ കാര്യമാണെന്ന് ഓര്‍മ്മിപ്പിച്ച് നാഫെഡിന്റെ നോട്ടീസ്. മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളുടെ ദേശീയതല അപ്പക്‌സ് ബോഡിയാണ് നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന നാഫെഡ്. ഇതിന് കീഴിലെ സംസ്ഥാന ഫെഡറേഷനുകള്‍ക്കും മാര്‍ക്കറ്റിങ്-കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങള്‍ക്കുമാണ് ഇപ്പോള്‍ സംഘത്തിന്റെ വിവരങ്ങള്‍ കേന്ദ്രസര്‍വറിലേക്ക് നല്‍കാനുള്ള നിര്‍ദ്ദേശവുമായി നോട്ടീസ് നല്‍കിയിട്ടുള്ളത്.

ഈ നോട്ടീസിലെ വിവരങ്ങള്‍ ‘മോസ്റ്റ് അര്‍ജന്റ’ായി പരിഗണിക്കണമെന്ന് നാഫെഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ അംഗ സംഘങ്ങളുടെയും വിവരങ്ങള്‍ കേന്ദ്രത്തിന് കീഴിലെ ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് നല്‍കണണെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന ആമുഖത്തോടെയാണ് നോട്ടീസ് തുടങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘങ്ങളുടെ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട ഫോര്‍മ്മാറ്റില്‍ തയ്യാറാക്കി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഈ ഫോര്‍മ്മാറ്റും നോട്ടീസിനൊപ്പം നല്‍കുന്നു. ഇതാണ് മൂന്നാംവഴി പുറത്തുവിടുന്നത്.

ഏഴ് വിഭാഗത്തിലായാണ് നാഫെഡിന് വിവരങ്ങള്‍ നല്‍കേണ്ടത്. ഇതില്‍ സംഘത്തിന്റെ പ്രവര്‍ത്തനം, പ്രവര്‍ത്തനപരിധി, ഭരണസമിതി അംഗങ്ങളുടെ വിലാസം, ഉദ്യോഗസ്ഥ സംവിധാനം എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. സഹകരണ മേഖലയില്‍ സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ നിര്‍ണായ നീക്കം. ഇതുവരെ അതത് സംസ്ഥാനത്തെ സഹകരണസംഘം രജിസ്ട്രാര്‍മാര്‍ മുഖേനയാണ് വിവരം ശേഖരിച്ചിരുന്നത്.

കേന്ദ്ര സഹകരണ ഡേറ്റ സെന്ററിലേക്ക് വിവരങ്ങള്‍ കൈമാറുന്നതിനുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സഹകരണ മന്ത്രാലയം സഹകരണ വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതില്‍ സംസ്ഥാനം ഒരു തീരുമാനം എടുത്തിട്ടില്ല. കേന്ദ്രത്തിന് മറുപടിയും നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരില്‍നിന്ന് കൃത്യമായ മറുപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികളൂടെ വിവരം ശേഖരിക്കാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം നടപടി തുടങ്ങിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!