വിപണിയെ ഉണര്‍ത്തലാണ്പ്രധാനം

moonamvazhi

(2020 ഒക്ടോബര്‍ ലക്കം)

ഡോ.എം. രാമനുണ്ണി

( ചീഫ് കമേഴ്‌സ്യല്‍ മാനേജര്‍, ലാഡര്‍.
തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് മൂന്‍ ജനറല്‍ മാനേജര്‍,
കണ്‍സ്യൂമര്‍ഫെഡ് മുന്‍ മാനേജിങ് ഡയരക്ടര്‍ )

കോവിഡ് ഏല്‍പ്പിച്ച തകര്‍ച്ചയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിയെടുക്കുക എളുപ്പമല്ല. നിലവിലുള്ള കേരളം തകരുന്നത് തടയാന്‍ നമുക്കു കഴിയണം. ഉറങ്ങിപ്പോയ വിപണിയെ സഹകരണ മേഖലയുടെ സഹായത്തോടെ ഉണര്‍ത്താനായാല്‍ അത് വലിയ നേട്ടമാകും.

ഇ‌ക്കൊല്ലം ജനുവരി അവസാനത്തിലാണ് കേരളത്തില്‍ കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാനില്‍ എം.ബി.ബി.എസ്സിനു പഠിയ്ക്കാന്‍ പോയ ഒരു വിദ്യാര്‍ഥിനി നാട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വൈറസ് ബാധ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് തൃശ്ശൂരിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചൈനയിലെ കൊറോണ മരണത്തെക്കുറിച്ചും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് ഈ വൈറസ് പടരുന്നതിനെക്കുറിച്ചും കേള്‍ക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും ഇതിത്ര വിനാശകരമാകുമെന്ന് നമ്മള്‍ കരുതിയിരുന്നില്ല. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും നടത്തിയ പരിശ്രമം തൃശ്ശൂരില്‍ അഡ്മിറ്റായ രോഗിയെ വൈറസ്സില്‍ നിന്നു മോചിപ്പിച്ചു. തുടര്‍ന്ന് ഇതേ രോഗം ആലപ്പുഴയിലും പത്തനംതിട്ടയിലൂം തിരുവനന്തപൂരത്തുമെല്ലാം പടര്‍ന്നപ്പോള്‍ ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ഇത്രമേല്‍ ബാധിയ്ക്കുമെന്ന് ഒരിയ്ക്കല്‍പ്പോലും കരുതിയിരുന്നില്ല.

കൊറോണ ബാധമൂലം നമ്മുടെ സംസ്ഥാനത്തേയ്ക്ക് വിദേശത്തുനിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും തിരിച്ചെത്തിയത് ഏകദേശം പത്ത് ലക്ഷത്തോളം പേരാണ്. ഇതില്‍ നാലു ലക്ഷത്തോളം വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങിയവരാണ്. കിട്ടുന്ന കണക്കനുസരിച്ച് ഈ പത്ത് ലക്ഷം പേരില്‍ മൂന്നു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിയ്ക്കുന്നു. ജോലിസ്ഥലത്തേയ്ക്ക് തിരിച്ചുപോകാനാവാതെ വരുമാനനഷ്ടം വന്നവര്‍ ഏതാണ്ട് രണ്ട് ലക്ഷം വരും. ഇവര്‍ ഇന്ന് നമ്മുടെ ഇടയിലുണ്ട്. ഇവരില്‍ പ്രതീക്ഷയര്‍പ്പിച്ച അവരുടെ കുടുംബാംഗങ്ങള്‍ പതുക്കെ ദാരിദ്ര്യത്തിലേയ്ക്കും പട്ടിണിയിലേയ്ക്കും നീങ്ങിക്കൊണ്ടിരിയ്ക്കുന്നു.

കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്

വിദേശ മലയാളികള്‍ അയയ്ക്കുന്ന പണമാണ് നമ്മുടെ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായത്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും ആശുപത്രികളിലും ടെക്സ്റ്റയില്‍ ഷോപ്പുകളിലും മെഡിക്കല്‍ ഷോപ്പുകളിലും , എന്തിനേറെ ബാറില്‍പ്പോലും , എത്തിയത് ഇവര്‍ നല്‍കിയ പണമായിരുന്നു. ഈ സ്രോതസ് നിലച്ചതോടെ, അതല്ലെങ്കില്‍ പുനര്‍ജനിയ്ക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെ, വിപണി ഉറങ്ങിപ്പോയിരിക്കുന്നു. കച്ചവട സ്ഥാപനങ്ങളില്‍ അശേഷം തിരക്ക് അനുഭവപ്പെടുന്നില്ല. സിനിമാ തിയറ്ററുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു. സ്‌കൂളുകളും കോളേജുകളും അടഞ്ഞതോടെ ബസ്് ഗതാഗതം ഏതാണ്ട് പൂര്‍ണമായി നിലച്ചിരിയ്ക്കുന്നു. ചുരുക്കത്തില്‍, കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നമ്മുടെ സംസ്ഥാനവും രാജ്യവും ലോകവും നീങ്ങിക്കൊണ്ടിരിയ്ക്കുന്നു എന്ന ഭീതിജനകമായ അന്തരീക്ഷത്തിലാണ് നമ്മളോരോരുത്തരും ഇന്നു ജീവിയ്ക്കുന്നത്. ഈ സ്ഥിതിവിശേഷം നേരിടാനോ തരണം ചെയ്യാനോ കഴിയാതെ വന്നാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥയും അതിന്റെ ഭാഗമായി നിലനില്‍ക്കുന്ന സ്ഥാപനങ്ങളും ജനങ്ങളുമെല്ലാം അപകടാവസ്ഥയിലാകും. ഈ മേഖലയില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ അഥവാ ചെയ്യേണ്ടതായിട്ടുണ്ടോ എന്ന അന്വേഷണമാണ് ഇവിടെ നടത്തുന്നത്.

ഏതൊരു രാജ്യത്തിന്റെയും സാമ്പത്തികാവസ്ഥയെ സൂചിപ്പിയ്ക്കുന്ന മാനദണ്ഡങ്ങളിലൊന്നാണ് ജി.ഡി.പി. അഥവാ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം. ഒരു പ്രത്യേക പ്രദേശത്ത്, ഒരു പ്രത്യേക കാലയളവില്‍ ഉല്‍പ്പാദിപ്പിയ്ക്കുന്ന ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യം നിലവിലുള്ള നാണയ വൃവസ്ഥയുടെ അടിസ്ഥാനത്തില്‍ തിട്ടപ്പെടുത്തുന്നതിനെയാണ് ജി.ഡി.പി. ( ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട് ) എന്നു വിളിയ്ക്കുന്നത്. യഥാര്‍ഥത്തില്‍ വിദേശ രാജ്യത്ത് നിന്നുമുള്ള പണത്തിന്റെ വരവ് കുറഞ്ഞാല്‍ അത് ജി.ഡി.പി.യെ നേരിട്ട് ബാധി്ക്കില്ല. കാരണം, ഈ പണം ഉല്‍പ്പാദിപ്പിയ്ക്കപ്പെടുന്നത് ആഭ്യന്തരമായുള്ള ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലൂടെയോ സേവനങ്ങളിലൂടെയോ അല്ല. എന്നിട്ടും, ഇന്ത്യയുടെ ജി.ഡി.പി. 23.6 ശതമാനം ഇടിഞ്ഞിരിയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

കോവിഡിന്റെ ഫലമായി ലോകത്തെമ്പാടും സാമ്പത്തികത്തകര്‍ച്ച ഉണ്ടാകുമെന്നും ഇന്ത്യയും ചൈനയും യഥാക്രമം 1.8 ഉം 2.5 ഉം ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നുമാണ് ലോക ബാങ്ക് കണക്കുകള്‍ സൂചിപ്പിച്ചിരുന്നത്. ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സിയായ സ്റ്റാന്‍ഡേഡ് ആന്റ് പുവറും അന്താരാഷ്ട്ര കണ്‍സള്‍ട്ടിങ് കമ്പനിയായ കെ.പി.എം.ജി. യുമെല്ലാം ഈ മേഖലയില്‍ പഠനങ്ങളും വിശകലനങ്ങളും നടത്തിയിരുന്നു. അവര്‍ നല്‍കിയ കണക്കുകള്‍ സൂചിപ്പിച്ചത് സാമ്പത്തികത്തകര്‍ച്ച ഉണ്ടാകുമെങ്കിലും ഇന്ത്യയും ചൈനയുമെല്ലാം അതിനെ അതിജീവിയ്ക്കുമെന്നാണ്. ഇതിന് സഹായകരമായ നിലയിലാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും റിസര്‍വ് ബാങ്കുമെല്ലാം സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചത്. എന്നിട്ടും സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞിരിയ്ക്കുന്നു. നിര്‍മാണ, വ്യാപാര മേഖലകളില്‍ തകര്‍ച്ച 40 ശതമാനത്തിലേറെയാണ്. തൊഴില്‍ മേഖല ഏതാണ്ട് 43 ശതമാനം ചുരുങ്ങിയിരിക്കുന്നു. തൊഴിലവസരങ്ങള്‍ ചുരുങ്ങിയെന്നു മാത്രമല്ല, തൊഴിലെടുക്കുന്നവരുടെ വരുമാനത്തില്‍ 30 മുതല്‍ 50 ശതമാനം വരെ കുറവ് വരുത്താന്‍ വിവിധ സ്ഥാപനങ്ങള്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു. ഇതെല്ലാം സൂചിപ്പിയ്ക്കുന്നത് നിലവിലുള്ള തകര്‍ച്ച വര്‍ധിയ്ക്കാനാണ് സാധൃതയെന്നാണ്.

കാര്‍ഷിക മേഖലയില്‍  വളര്‍ച്ച

സാധാരണ നിലയില്‍ എല്ലാ മഹാമാരികള്‍ക്കും ശേഷം ദാരിദ്ര്യവും പട്ടിണിയും ഉണ്ടായിട്ടുള്ളതായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡിനു ശേഷവും സ്ഥിതി മറ്റൊന്നാകാന്‍ സാധ്യതയില്ല. എന്നാല്‍, ഭാഗ്യവശാല്‍ കാലവര്‍ഷം അനുകൂലമായതിനാല്‍ ഇന്ത്യയില്‍ കാര്‍ഷിക മേഖലയില്‍ 2.36 ശതമാനം വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷ്യധാന്യ കരുതല്‍ ശേഖരത്തില്‍ കാര്യമായ കുറവ് ഉണ്ടാകാനിടയില്ല.

എന്നാല്‍, ഭക്ഷ്യധാന്യ കരുതല്‍ ശേഖരം ഉണ്ടായതുകൊണ്ട് ദാരിദ്ര്യം ഒഴിവാക്കാനാവില്ല. ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് ബാങ്കുകളുടെ പങ്ക് വരുന്നത്. മാര്‍ച്ചിനു ശേഷം പലിശ നിരക്ക് കുറച്ചും എസ്.എല്‍.ആര്‍, സി.എല്‍.ആറില്‍ മാറ്റം വരുത്തിയും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയും കൂടുതല്‍ പണം ജനങ്ങളിലേക്ക് എത്തിക്കാനാണ് റിസര്‍വ് ബാങ്ക് ശ്രമിച്ചത്. അഞ്ചു ലക്ഷം കോടിയിലേറെ തുക ബാങ്കുകളുടെ കൈവശം ഉണ്ടായിരുന്നുവെന്നതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം റിസര്‍വ് ബാങ്ക് എടുത്തത്. ഭവന വായ്പ, വാഹന വായ്പ എന്നിവയുടെയെല്ലാം പലിശ നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. വായ്പ തിരിച്ചടവിന് ആഗസ്റ്റ് 31 വരെ മൊറോട്ടോറിയം പ്രഖ്യാപിച്ചു. ഏതു വിധേനയും ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തിയാല്‍ വിപണിയില്‍ അതിന്റെ ചലനങ്ങള്‍ ഉണ്ടാകുമെന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കിയത്. എന്നാല്‍, പ്രതീക്ഷയ്ക്ക് വിപരീതമായി ജനങ്ങളിലേയ്ക്ക് പണം ഒഴുക്കുന്നതിനു പകരം മൂന്നു മുതല്‍ മൂന്നര ശതമാനം വരെ നിരക്കില്‍ റിസര്‍വ് ബാങ്കില്‍ കൂടുതല്‍ പണം നിക്ഷേപിയ്ക്കാനാണ് ബാങ്കുകള്‍ സന്നദ്ധമായത്. ഇതുവഴി ഇന്ത്യന്‍ ബാങ്കിങ്് മേഖലയില്‍ വിനിമയം ചെയ്യാത്ത പണത്തിന്റെ അളവ് 14 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതോടെ, ബാങ്കിങ് മേഖല പ്രതിസന്ധിയിലേയ്ക്ക് നീങ്ങാനാരംഭിച്ചു. ജനങ്ങളുടെ കൈവശം പണമില്ലായെന്ന് പറയുമ്പോഴും നിക്ഷേപാവസരം കുറഞ്ഞതിനാല്‍ കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും സമ്പന്നരുടെയും കൈയിലുള്ള പണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ബാങ്കുകളില്‍ എത്തിച്ചേര്‍ന്നു. വായ്പകളുടെ അളവിലും തോതിലും കുറവ് വന്നതിനാല്‍ ബാങ്കുകളുടെ കൈയിലുള്ള പണം ജനങ്ങളുടെ ഇടയിലേയ്ക്ക് പ്രവഹി്ക്കുന്നത് കുറഞ്ഞു. മൊറോട്ടോറിയം പ്രഖ്യാപിച്ചതിനാല്‍ സാമ്പത്തിക ശേഷിയുള്ളവരും ഇല്ലാത്തവരും വായ്പകള്‍ തിരിച്ചടയ്ക്കാതായി. ചുരുക്കത്തില്‍, ബാങ്കിങ് മേഖലയില്‍ കടുത്ത പ്രതിസന്ധി രൂപപ്പെട്ടു.

ഓഹരി വിപണിയുടെ ആകര്‍ഷകത്വം കുറഞ്ഞു 

എല്ലാ കാലത്തും ഇന്ത്യന്‍ ഓഹരി വിപണി കൃത്യമായ ഒരു പാറ്റേണില്‍ വളര്‍ന്നിട്ടില്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങളും നേരിട്ടുള്ള വിദേശ നിക്ഷേപവും വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ വിപണി വളര്‍ച്ചനിരക്ക് കാണിയ്ക്കുന്നത്. ലോകത്തെമ്പാടും മാന്ദ്യം പ്രകടമായതോടെ ഓഹരി വിപണി നിക്ഷേപകരെ ആകര്‍ഷിക്കാതായി. നിക്ഷേപമെന്ന നിലയില്‍ ഇന്ത്യക്കാര്‍ക്ക് , പ്രത്യേകിച്ച് മലയാളികള്‍ക്ക് , പ്രിയങ്കരമായ ഒന്നാണ് സ്വര്‍ണം. അതുകൊണ്ട് തന്നെ സ്വര്‍ണ വ്യാപാരം പൊടിപൊടിച്ചു. ഈ മേഖലയിലെ നികുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണം കള്ളക്കടത്തിലൂടെയെങ്കിലും സ്വര്‍ണമെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമായി. ബാങ്കുകള്‍ സ്വര്‍ണ ബോണ്ടും സഹകരണ ബാങ്കുകള്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണപ്പണയ വായ്പയും അനുവദിച്ചിട്ടും സ്വര്‍ണത്തിന്റെ വില കുതിച്ചുകയറി. ഭൂമി കച്ചവടവും റിയല്‍ എസ്റ്റേറ്റ് വ്യാപാരവും നിലച്ചു. ചുരുക്കത്തില്‍ ഇന്ത്യയിലും , പ്രത്യേകിച്ച് കേരളത്തില്‍ , സാമ്പത്തിക രംഗം അതിഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങിത്തുടങ്ങി.

ഈ പ്രശ്‌നങ്ങള്‍ക്കിടയിലും നമ്മുടെ സംസ്ഥാനത്ത് നേരിയ തോതില്‍ വളര്‍ച്ചസാധ്യത പ്രകടമായി എന്നത് ശുഭകരമാണ്. ഇതിനു കാരണമായത് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട സമയോചിതമായ ചില നടപടികളാണ്. വിവിധയിനം സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ സര്‍ക്കാര്‍ ജനങ്ങളില്‍ എത്തിച്ചു. റേഷന്‍ കടകള്‍ വഴി സൗജന്യമായും കുറഞ്ഞ നിരക്കിലും ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് നല്‍കി. സര്‍ക്കാര്‍ ആശുപത്രികളിലെ കോവിഡ് ചികിത്സയും കോവിഡ് പരിശോധനയും സൗജന്യമാക്കി. വാഹന നികുതി, റോഡ് നികുതി , വൈദ്യുതിച്ചാര്‍ജ് എന്നു തുടങ്ങി സര്‍ക്കാരിലേയ്ക്ക് അടയ്‌ക്കേണ്ടുന്ന മിക്കവാറും തുകകള്‍ക്ക് കാലാവധി അനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെറുതും വലുതുമായ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിദ്യാലയങ്ങളില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിച്ചതോടെ ടി.വി.സെറ്റുകളുടെയും മൊബൈലുകളുടെയും ആവശ്യക്കാര്‍ ഏറി വന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഡാറ്റ ആവശ്യമായി വന്നതിനാല്‍ ബി.എസ്.എന്‍.എല്‍ മുതല്‍ ജിയോ വരെയും പ്രാദേശിക കേബിള്‍ ചാനല്‍ മുതല്‍ ഏഷ്യാനെറ്റ് വരെയും ബ്രോഡ്ബാന്‍ഡ് സാകര്യങ്ങള്‍ വര്‍ധിപ്പിച്ചു. സുരക്ഷിതത്വം കണക്കാക്കി മധ്യവര്‍ഗം പൊതുവാഹനങ്ങളില്‍ നിന്നു സ്വന്തം വാഹനങ്ങളിലേയ്ക്ക് യാത്ര മാറ്റിയപ്പോള്‍ ടൂ വീലര്‍, ഫോര്‍ വീലര്‍ മാര്‍ക്കറ്റുകളില്‍ ചെറു ചലനമുണ്ടായി. ഓണം, ഉത്സവം തുടങ്ങിയ സാഹചര്യങ്ങളില്‍ വിപണിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സമ്പദ് വൃവസ്ഥ പതുക്കെ ഉയരാന്‍ തുടങ്ങി. ഇതോടൊപ്പം, അതിഥിത്തൊഴിലാളികള്‍ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങിയപ്പോള്‍ നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ ഈ ജോലി ഏറ്റെടുത്തു. ഇതു മൂലം നാട്ടുകാരുടെ വരുമാനത്തില്‍ ചെറിയ വര്‍ധനവുണ്ടായി. ഇതിന്റെയെല്ലാം പരിണിത ഫലമായാണ് കേരളത്തിന്റെ സമ്പദ് വൃവസ്ഥയിലുണ്ടായ നേരിയ കുതിപ്പ്. എന്നാല്‍, ഇത് സ്ഥായിയായി നില്‍ക്കണമെന്നില്ല. അതുകൊണ്ട് തന്നെ സമ്പദ് വ്യവസ്ഥയെ ഉദ്ദീപിപ്പിയ്ക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്ക് വലിയ പങ്ക് വഹിയ്ക്കാനുണ്ട്.

സഹകരണ ബാങ്കുകള്‍ ചെയ്യേണ്ടത്

നമ്മുടെ സഹകരണ ബാങ്കുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. സാധാരണ ജനങ്ങള്‍ക്ക് 5000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ വരുന്ന ചെറിയ വായ്പകള്‍ അനുവദിയ്ക്കാന്‍ തയാറാകണം. ഭൂമിയുടെയും സ്വര്‍ണപ്പണയത്തിന്റെയും മാത്രം ഈടിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്ന രീതിയ്ക്കു പകരം വ്യക്തികളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ചെറിയ വായ്പകള്‍ ധാരാളമായി നല്‍കാന്‍ സഹകരണ ബാങ്കുകള്‍ മുന്നോട്ട് വരേണ്ടതുണ്ട്. ഓട്ടോറിക്ഷാ തൊഴിലാളി, മത്സ്യക്കച്ചവടക്കാരന്‍, പച്ചക്കറി വില്‍പ്പനക്കാരന്‍, പലചരക്ക് കടക്കാരന്‍, കര്‍ഷകന്‍, പപ്പടമുണ്ടാക്കുന്നവന്‍, പലഹാരങ്ങളുണ്ടാക്കുന്നുവന്‍, ചെരുപ്പുകുത്തി, ചെറുകിട സംരംഭകന്‍ എന്നിവര്‍ക്കെല്ലാം ആവശ്യമായ പ്രവര്‍ത്തന മൂലധനമെന്ന നിലയില്‍ കുറഞ്ഞ പലിശ നിരക്കില്‍ ആകര്‍ഷകമായ വ്യവസ്ഥകളില്‍ വായ്പ അനുവദിക്കണം. ഈ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് നിത്യപ്പിരിവ് , ആഴ്ച്ചപ്പിരിവ് രീതികള്‍ അവലംബിയ്‌ക്കേണ്ടതുണ്ട്. ഓരോ പ്രാഥമിക സഹകരണ സംഘവും 10 മുതല്‍ 15 വരെ ചെറുപ്പക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ , പിരിവിനായി നിയോഗിയ്ക്കണം. അതുവഴി വായ്പ തിരിച്ചടവ് ഉറപ്പാക്കാനും പുതിയ തൊഴിലവസരമുണ്ടാക്കാനും കഴിയും. ഇങ്ങനെ വന്നാല്‍ ഓരോ ഗ്രാമ പ്രദേശത്തും പണം വ്യാപരിയ്ക്കുകയും അത് വിപണിയെ ചലനാത്മകമാക്കുകയും ചെയ്യും.

മിക്കവാറും സഹകരണ സ്ഥാപനങ്ങള്‍ നീതി സ്റ്റോറുകളും ന്യായവില ഷോപ്പുകളുമെല്ലാം നടത്തുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ഓരോ പ്രദേശത്തും ആവശ്യക്കാരുടെ കയ്യില്‍ നിന്നും ആവശ്യം തിട്ടപ്പെടുത്തി വീടുകളിലേയ്ക്ക് അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് കുറഞ്ഞ അളവില്‍ എത്തിയ്ക്കുന്ന സംവിധാനം ശക്തിപ്പെടുത്തണം. ഈ രംഗത്തും 10 മുതല്‍ 15 വരെ സ്ത്രീകളെ നിയോഗിയ്ക്കാവുന്നതാണ്. ഇതു കൂടാതെ കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമായി ഓരോ 50 വീടിനും ഒരു റൂറല്‍ മാര്‍ട്ട് എന്ന നിലയില്‍ ചെറിയ വിതരണ കേന്ദ്രങ്ങള്‍ ഒരുക്കുന്നതും വിപണിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിയ്ക്കുന്നതിന് സഹായകമാകും. ഓരോ ആഴ്ചയിലും ഓരോ വീട്ടുകാരും നല്‍കുന്ന ഇന്‍ഡന്റിന്റെ 50 ശതമാനമെങ്കിലും അഡ്വാന്‍സായി വാങ്ങാം. സാധനങ്ങള്‍ എത്തിയ്ക്കുന്ന വേളയില്‍ ബാക്കി തുക ശേഖരിച്ചാല്‍ മതി. സാധനങ്ങള്‍ മൊത്തമായി സംഭരിയ്ക്കുന്നതിന്റെ ഭാഗമായുള്ള മെച്ചം ഉപഭോക്താവിന് നല്‍കാനും സംഘങ്ങള്‍ക്ക് കഴിയും.

പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മനുഷ്യാധ്വാനം നല്‍കുന്ന ചെറു സംഘങ്ങളുടെ രൂപവത്കരണവും അവര്‍ക്കാവശ്യമായ ധനസഹായ സമാഹരണവും വിപണിയെ ഉണര്‍ത്താന്‍ സഹായിക്കും. കാര്‍ഷിക കര്‍മ സേന, ഹരിത സേന എന്നിവ പോലെ നിര്‍മാണ മേഖലയിലും തൊഴില്‍ സേന രൂപവത്കരിയ്ക്കുന്നതും അവര്‍ക്കാവശ്യമായ യന്ത്ര സാമഗ്രികള്‍, പണിയായുധങ്ങള്‍ എന്നിവ നല്‍കുന്നതും സഹകരണ ബാങ്കുകള്‍ വഴി നടപ്പാക്കാവുന്നതാണ്. വിദേശത്തുനിന്ന് മടങ്ങി വന്നവരെ പുനരധിവസിപ്പിയ്ക്കുന്നതിനാവശ്യമായ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഇതിനുള്ള മാര്‍ക്കറ്റിങ് സംവിധാനങ്ങള്‍ ഒരുക്കുന്നതും ഏറെ സാധ്യതയുള്ള പ്രവര്‍ത്തന മേഖലയാണ്.

കോവിഡ് ഉയര്‍ത്തുന്ന ഭീതി മൂലം 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 10 വയസ്സിനു താഴെയുള്ള കുട്ടികളും മാര്‍ച്ചിനു ശേഷം വീടിന് വെളിയില്‍ ഇറങ്ങാനാകാതെ വിഷമിയ്ക്കുകയാണ്. ഇവര്‍ക്ക് ഒട്ടനവധി ആവശ്യങ്ങളുണ്ട്. ഇവരെ സഹായിക്കാന്‍ കോവിഡ് ചികിത്സയ്ക്ക് സര്‍ക്കാര്‍ രൂപവത്കരിച്ച കോവിഡ് ബ്രിഗേഡ് പോലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ കൂട്ടായ്മയുണ്ടാക്കാം. ചൂരൂക്കത്തില്‍, കാലാകാലമായി സഹകരണ ബാങ്കുകള്‍ നടപ്പാക്കി വരുന്ന വായ്പാ പദ്ധതികളും നിക്ഷേപ സമാഹരണവും കൂടിശ്ശികപ്പിരിവും ഒറ്റത്തവണ തീര്‍പ്പാക്കലും ഓണച്ചന്തയും നീതി സ്റ്റോറും തുടങ്ങിയ ചട്ടപ്പടി പ്രവര്‍ത്തനങ്ങളില്‍ നിന്നു മുന്നോട്ടു പോകാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഒരു പുതിയ കേരളം സൃഷ്ടിക്കാന്‍ , കുറഞ്ഞ പക്ഷം നിലവിലുള്ള കേരളം തകരുന്നത് തടയാനെങ്കിലും, നമുക്കു സാധിക്കുകയുള്ളു. ഇതിനായുള്ള പ്രവര്‍ത്തനം സഹകരണ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനുള്ള പോരാട്ടത്തിന്റെ ഭാഗം കൂടിയാണ്. ഈ തിരിച്ചറിവ് എല്ലാവരിലും എത്തിക്കാനും പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനും നമുക്കു കഴിയണം.

Leave a Reply

Your email address will not be published.