വിദേശ സര്‍വകലാ ശാലകള്‍ ഇന്ത്യയില്‍ വരുമ്പോള്‍
2022 ലെ ദേശീയ വിദ്യാഭ്യാസനയ ശുപാര്‍ശകളനുസരിച്ച് രാജ്യത്തു വിദേശസര്‍വകലാശാലകള്‍ക്കു കാമ്പസ് തുടങ്ങുന്നതിനുള്ള കരടുരേഖ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്് കമ്മീഷന്‍ ( യു.ജി.സി ) ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്. വിദേശ സര്‍വകലാശാലകളുടെ ഇന്ത്യയിലെ കാമ്പസുകള്‍ക്കു സ്വയംഭരണാധികാരം, സ്വന്തമായി ഫീസ് നിശ്ചയിക്കാനുള്ള അവകാശം എന്നിവ കരടുനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ സ്വതന്ത്രാധികാരമുള്ള / സ്വകാര്യ സര്‍വകലാശാലകള്‍ക്കു സമാനമായി ഭരണനിര്‍വഹണം, നിയന്ത്രണാധികാരം, കോഴ്‌സുകള്‍ കണ്ടെത്തല്‍ എന്നിവ വിദേശസര്‍വകലാശാലകള്‍ക്കും അനുവദിക്കാമെന്നു കരടുനിര്‍ദേശത്തില്‍ വ്യക്തമാക്കിയീട്ടുണ്ട്. ആഗോള സര്‍വകലാശാലാ റാങ്കിങ്ങില്‍ ആദ്യത്തെ അഞ്ഞൂറില്‍ വരുന്ന സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസ് തുടങ്ങാം.
കരട്
നിര്‍ദേശങ്ങള്‍
വരാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത, കോഴ്‌സുകള്‍, സാധ്യത, അക്കാദമിക് നിലവാരം, ഭൗതികസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് യു.ജി.സി. നിയമിച്ച സ്റ്റാന്റിംഗ് കമ്മിറ്റി യു.ജി.സി.ക്കു സമര്‍പ്പിക്കണം. ഇതു വിലയിരുത്തിയശേഷം വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ രണ്ടു വര്‍ഷത്തിനകം കാമ്പസ് തുടങ്ങാന്‍ യു.ജി.സി. തത്വത്തില്‍ അംഗീകാരം നല്‍കും. തുടക്കത്തില്‍ പത്തു വര്‍ഷത്തേക്കാണ് വിദേശസര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നത്. കാലയളവ് പിന്നീട് വര്‍ധിപ്പിച്ചുനല്‍കും. രാജ്യത്തെ വിദ്യാര്‍ഥികളോടൊപ്പം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും ഇവിടെ അഡ്മിഷന്‍ നല്‍കാം. സുതാര്യമായ രീതിയില്‍ ഫീസ് നിര്‍ണയിക്കുന്നതോടൊപ്പം അധ്യാപകരെ രാജ്യത്തിനത്തുനിന്നും വിദേശത്തുനിന്നും തിരഞ്ഞെടുക്കാം. ഓണ്‍ലൈന്‍, വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ തുടങ്ങാന്‍ അനുമതിയില്ല. വിദേശ ഫണ്ടിന്റെ വിനിമയം വിദേശനാണയ മാനേജ്‌മെന്റ് ആക്ട് 1999 (എഋങഅ !999) അനുസരിച്ചായിരിക്കും. സര്‍വകലാശാലകള്‍ കാലാകാലങ്ങളില്‍ യു.ജി.സി. ക്കു ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
2010 ല്‍ രണ്ടാം യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന വിദേശവിദ്യാഭ്യാസ ബില്ലിനെ എതിര്‍ത്ത ബി.ജെ.പി. യാണ് ഇന്നു വിദേശസര്‍വകലാശാലാ കാമ്പസുകള്‍ തുടങ്ങാന്‍ മുന്‍കൈയെടുക്കുന്നത്. വിദേശസ്വാധീനം ഇന്ത്യന്‍ സംസ്‌കാരത്തെ ബാധിക്കുമെന്നാണ് അന്നവര്‍ വാദിച്ചിരുന്നത്.
വിദേശകാമ്പസിന്റെ
ആവശ്യകത
വിദേശവിദ്യാഭ്യാസത്തിനു വേണ്ടി രാജ്യത്തെ വിദ്യാര്‍ഥികള്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുമ്പോള്‍ വിദേശസര്‍വകലാശാലകളുടെ കാമ്പസുകള്‍ ഇന്ത്യയില്‍ തുടങ്ങുന്നതിലൂടെ വിദേശത്തേക്കുള്ള പണമൊഴുക്ക് കുറയ്ക്കാനും വിദേശത്തു ലഭിക്കുന്ന ഉന്നത പഠനസൗകര്യം രാജ്യത്തു രൂപപ്പെടുത്താനുമാണു യു.ജി.സി. ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്ത്യയെ ആഗോളവിദ്യാഭ്യാസ ഹബ്ബായി മാറ്റാമെന്നും യു.ജി. സി. കരുതുന്നു. പ്രതിവര്‍ഷം ഏഴര ലക്ഷം വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്നു ബിരുദ, ബിരുദാനന്തര, ഗവേഷണ പഠനത്തിനായി വിദേശ സര്‍വകലാശാലകളിലെത്തുന്നത്. ഇതിലൂടെ ഒരു ലക്ഷം കോടി രൂപയാണു പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്നു വിദേശത്തേക്കൊഴുകുന്നത്. എന്നാല്‍, വിദേശത്തേക്കു പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഇതിലൂടെ പൂര്‍ണമായി കുറയ്ക്കാന്‍ സാധിക്കില്ല. പഠനത്തിനപ്പുറം വിദ്യാര്‍ഥിക ളാഗ്രഹിക്കുന്നതു വിദേശജീവിതവും അവിടെത്തന്നെ തൊഴില്‍ ലഭിക്കാനുള്ള അവസരങ്ങളുമാണ്. ഇന്ത്യയിലെ വിദേശസര്‍വകലാശാലാ കാമ്പസുകളില്‍ ലഭിക്കാവുന്ന വിദേശ ഫാക്കല്‍റ്റികളുടെ എണ്ണവും പരിമിതമായിരിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള ഭൗതിക സൗകര്യത്തിന്റെ കാര്യത്തിലും പരിമിതികളുണ്ട്.
വിദേശ സര്‍വകലാശാലകളുടെ വരവ് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കാലത്തിനൊത്ത ന്യൂജന്‍ കോഴ്‌സുകള്‍, മികച്ച അക്കാദമിക്- ഗവേഷണ സൗകര്യം, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, സാങ്കേതികവിദ്യ, പഠനത്തോടൊപ്പമുള്ള തൊഴില്‍, പ്ലേസ്‌മെന്റ് സൗകര്യം, നിരവധി ലോകോത്തര സര്‍വകലാശാലകളുമായുള്ള ട്വിന്നിങ്, ജോയിന്റ്/ഡ്യൂവല്‍ ബിരുദ പ്രോഗ്രാമുകള്‍ എന്നിവ വിദേശ സര്‍വകലാശാലകളുടെ സവിശേഷതകളാണ്. 2022 ലെ സര്‍വകലാശാലകളുടെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ലോക റാങ്കിങ്ങില്‍ ആദ്യത്തെ 300 റാങ്കിങ്ങില്‍ ഇന്ത്യയിലെ സര്‍വകലാശാലകളില്ല. 300 നു മുകളിലാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐ.ഐ.ടി. എന്നിവയുള്ളത്.
രാജ്യത്തു വിദേശസര്‍വകലാശാലകളുടെ കാമ്പസ് വരുന്നതിലൂടെ താരതമ്യേന കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് അവിടെ പഠിക്കാം. ഇതിലൂടെ വിദേശത്തേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയ്ക്കാം. വിദേശസര്‍വകലാശാലകളിലെ പ്രവേശനത്തിനു നിശ്ചയിക്കുന്ന പ്രാവീണ്യ പരീക്ഷകളില്‍ കുറവുണ്ടാകാനും സാധ്യതയുണ്ട്. അഡ്മിഷന്‍ പ്രക്രിയയിലും ഇളവ് പ്രതീക്ഷിക്കാം. ഹാര്‍വാര്‍ഡ്, എം.ഐ.ടി, ഓക്്‌സ്‌ഫോര്‍ഡ് തുടങ്ങിയ ലോകോത്തര സര്‍വകലാശാലകളുടെ കാമ്പസ് വരുന്നതോടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും മാറ്റമുണ്ടാകും. ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്കു മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കേണ്ടിവരും. ഇതു മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുന്നതോടൊപ്പം രാജ്യാന്തര നിലവാരത്തിലേക്ക് ഇന്ത്യന്‍ സര്‍വകലാശാലകളെ പിടിച്ചുയര്‍ത്താനും സഹായിക്കും. ഇത് അധ്യാപകരുടെയും ഗവേഷകരുടെയും പ്രവര്‍ത്തനക്ഷമത ഉയര്‍ത്താന്‍ ഉപകരിക്കും.
സംസ്ഥാനങ്ങളുടെ
നിലപാട്
വിദേശസര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് വ്യത്യസ്തമായിരിക്കും. തമിഴ്‌നാട് ഇതിനകം താല്‍പ്പര്യക്കുറവ് കാണിച്ചിട്ടുണ്ട്. അതുപോലെ, എത്ര വിദേശസര്‍വകലാശാലകള്‍ ഇവിടേക്കു വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുമെന്ന കാര്യവും അറിയേണ്ടതുണ്ട്. അമേരിക്കന്‍, യു.കെ. സര്‍വകലാശാലകളാണു നിലവാരത്തില്‍ ഏറെ മുന്നില്‍. യൂറോപ്യന്‍, സിംഗപ്പൂര്‍, ചൈനീസ്, ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ളവയുമുണ്ട്. രാജ്യത്തു വിദേശസര്‍വകലാശാലകള്‍ വരുന്നതോടെ വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ താല്‍പ്പര്യമുള്ള സംരംഭകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കു വിദേശ സര്‍വകലാശാലകളില്‍ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പുകള്‍, അസിസ്റ്റന്റ്ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍ എന്നിവ ലഭ്യമാക്കാന്‍ കേന്ദ്ര ഗവണ്മെന്റ് മുന്‍കൈ എടുക്കേണ്ടിവരും. ഇതിനകംതന്നെ ചില സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയിരുന്നു. ശാസ്ത്രാഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള കെ.വി.പി.വൈ. സ്‌കോളര്‍ഷിപ്പ് ഇതിലുള്‍പ്പെടുന്നു.
മികച്ച നിലവാരമുള്ള വിദേശസര്‍വകലാശാലകളുടെ വരവിനെ നമുക്കു സ്വാഗതം ചെയ്യാം. സാമൂഹികനീതി, രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാക്തീകരണം, താങ്ങാവുന്ന ഫീസ്, സ്‌കില്‍ വികസനം, തൊഴില്‍ലഭ്യതാ മികവ് , ഗവേഷണം, അക്കാദമിക് ഗുണനിലവാരം എന്നിവയ്ക്കു ഈ സര്‍വകലാശാലകള്‍ പ്രാധാന്യം നല്‍കണം. ഭാവി ഇന്നൊവേഷനുകളിലും തൊഴിലുകളിലും കാതലായ മാറ്റം പ്രവചിക്കുമ്പോള്‍ കാലത്തിനിണങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ രൂപപ്പെടുത്താന്‍ വിദേശ സര്‍വകലാശാലകള്‍ തയാറാകണം. ഇതോടൊപ്പം, ഇന്ത്യന്‍ സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള നടപടികളും ഊര്‍ജിതപ്പെടുത്തണം.
2023 ലെ മാറുന്ന തൊഴില്‍ പ്രവണതകള്‍
ആഗോള സാമ്പത്തികമാന്ദ്യം 2023 ല്‍ ലോകത്താകമാനം പ്രകടമാകുമ്പോള്‍ അതു തൊഴില്‍മേഖലയിലും പ്രത്യാഘാതങ്ങളുണ്ടാക്കും. തൊഴില്‍ സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും സുസ്ഥിരത കൈവരിക്കാന്‍ ഏറെ പ്രയത്‌നിക്കേണ്ടി വരും. കൊഴിഞ്ഞുപോക്കും പിരിഞ്ഞുപോക്കും സാധാരണ രീതിയായി മാറുമ്പോള്‍ സുസ്ഥിരതൊഴിലിനും തൊഴില്‍സുരക്ഷയ്ക്കും സാങ്കേതികവിദ്യയോടൊപ്പം തൊഴില്‍നൈപുണ്യത്തിനും പ്രാധാന്യമേറും. 2023 ല്‍ ഒരേ തൊഴിലില്‍ തുടരുന്നവരുടെ എണ്ണം കുറയുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. പഠിച്ച മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം ലോകത്താകമാനം 12 ശതമാനത്തില്‍ താഴെ മാത്രമേയുള്ളു. ബിരുദവിഷയത്തില്‍ ബിരുദാനന്തര പഠനം, ഗവേഷണം എന്നിവയിലും മാറ്റം വരുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും മാറിച്ചിന്തിക്കുന്നു. സുസ്ഥിരതൊഴില്‍ ലോകത്തെവിടെയും ചെയ്യാന്‍ ഉദ്യോഗാര്‍ഥികള്‍ ഇന്നു തയാറാണ്.
തുടരെയുള്ള
തൊഴില്‍മാറ്റം
അതേസമയം, കാമ്പസില്‍ വെച്ച് പ്ലേസ്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികളില്‍ എത്ര ശതമാനം ലഭിച്ച തൊഴിലില്‍ത്തന്നെ തുടരുന്നു? തുടരെത്തുടരെയുള്ള തൊഴില്‍മാറ്റം യുവാക്കളില്‍ കൂടുതലായി കണ്ടുവരുന്നു. ഇതിനു നിരവധി കാരണങ്ങളുണ്ട്. കോവിഡിനുശേഷം ഈ പ്രവണത രാജ്യമെങ്ങും വര്‍ധിച്ചുവരികയാണ്. വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് മോഡ്, ഓഫ്‌ലൈന്‍ മോഡ് എന്നിവയില്‍ ആശയവിനിമയത്തിനുള്ള അപര്യാപ്തത അനിശ്ചിതത്വത്തിനു വഴിയൊരുക്കുന്നു. ലഭിച്ചതു സ്ഥിരം ജോലിയാണോ എന്നതിലുള്ള സംശയം മറ്റു തൊഴിലുകള്‍ അന്വേഷിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഇതു പ്രവര്‍ത്തനക്ഷമത കുറയാനിടവരുത്തുന്നു. ആഗോള തൊഴില്‍മേഖലയിലുള്ള മാന്ദ്യം തൊഴില്‍ സുരക്ഷയെക്കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. താല്‍പ്പര്യമില്ലാത്ത തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയ തൊഴിലുകളിലേക്കു മാറാന്‍ ശ്രമിക്കുന്നു. കുറഞ്ഞ ശമ്പളമുള്ളവര്‍ മെച്ചപ്പെട്ട ശമ്പളം അന്വേഷിച്ചു തൊഴില്‍ മാറാന്‍ ശ്രമിക്കുമ്പോള്‍ മികച്ച ശമ്പളം ലഭിക്കുന്നവര്‍ താല്‍പ്പര്യമുള്ള തൊഴില്‍ ചെയ്യാന്‍ മാറ്റം ആഗ്രഹിക്കുന്നു. 24 വയസ്സിനു താഴെയുള്ള ജന്‍സേഴ്‌സിലാണ് ( ഏലി ദലൃ െ) / യുവാക്കളിലാണു തൊഴില്‍മാറ്റം കൂടുതലായി കാണപ്പെടുന്നത്. മൊത്തം റിക്രൂട്ട്‌മെന്റില്‍ 37 ശതമാനവും ഇവരാണ്. ഭാവി തൊഴില്‍സാധ്യതകളെക്കുറിച്ചുള്ള അജ്ഞത അവരില്‍ കൂടുതലാണ്. ജോലി ലഭിച്ചവര്‍ ഉപരിപഠനത്തിനുവേണ്ടി തൊഴില്‍ ഉപേക്ഷിക്കുന്ന പ്രവണതയും കൂടുതലാണ്. ഇവരില്‍ 60 ശതമാനത്തിലേറെയും വിദേശസര്‍വകലാശാലകളില്‍ ഉപരിപഠനത്തിനു പോകുന്നു. തുടര്‍ന്ന് അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇമിഗ്രേഷനു ശ്രമിക്കുന്നു. എന്നാല്‍, മികച്ച മാനേജ്‌മെന്റും നേതൃത്വപാടവവുമുള്ളതും സാങ്കേതികപരിശീലനം നല്‍കുന്നതുമായ കമ്പനികളില്‍ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് കുറവാണ്. കര്‍ണാടകയിലെ ഒരു സുഹൃത്തിന്റെ കമ്പനിയില്‍ കൊഴിഞ്ഞുപോക്ക് എങ്ങനെ ഒഴിവാക്കുന്നു എന്നു ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം രസകരമായിരുന്നു. അവിടെ ബി.ടെക് തോറ്റവര്‍ക്കും കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍ക്കുമാണു മുന്‍ഗണന. ഇവര്‍ക്കു മികച്ച സ്‌കില്‍ വികസന പരിശീലനം നല്‍കും. ഇവരില്‍ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ മാത്രം.
പുത്തന്‍ സ്‌കില്‍
അത്യാവശ്യം
തൊഴില്‍മേഖലയില്‍ അവശ്യമായ സ്‌കില്ലും ലഭ്യമായതും തമ്മില്‍ വന്‍അന്തരം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്കു റീ സ്്കില്ലിങ്, അപ്പ് സ്‌കില്ലിങ് എന്നിവ ആവശ്യമാണ്. ഇംഗ്ലീഷ് പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, കോഡിങ് / കമ്പ്യൂട്ടര്‍ ലാംഗ്വേജ്, പൊതുവിജ്ഞാനം എന്നിവ അത്യന്താപേക്ഷിതമാണ്. അറിയപ്പെടാത്ത പുത്തന്‍ സ്‌കില്ലുകള്‍ അഥവാ ന്യൂഏജ് സ്‌കില്ലുകള്‍ ഇനി ആവശ്യമായി വരും. പുത്തന്‍ തലമുറയെ അംഗീകരിക്കാനുള്ള വിമുഖത സീനിയര്‍ മാനേജ്‌മെന്റ്തലത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. മാനേജ്‌മെന്റും ഉദ്യോഗാര്‍ഥികളും തമ്മിലുള്ള ആശയവിനിമയത്തിലും അസ്വാരസ്യം വര്‍ധിച്ചുവരുന്നു.
സാങ്കേതികവിദ്യയുടെ സ്വാധീനം തൊഴില്‍മേഖലയില്‍ വര്‍ധിച്ചുവരികയാണ്. എല്ലാ മേഖലകളിലും ഇതു പ്രകടമാണ്. തൊഴിലിനോടൊപ്പം വിദ്യാഭ്യാസയോഗ്യതയ്ക്ക് മികവേകാന്‍ ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം കോഴ്‌സുകള്‍ ചെയ്യാന്‍ പലരും ഇന്ന് തയാറാകുന്നുണ്ട്. അവര്‍ക്കിണങ്ങിയ
മികച്ച ഓണ്‍ലൈന്‍ ടെക്‌നോളജി പ്ലാറ്റുഫോമുകളിന്നുണ്ട്. ലോകറാങ്കിങ് നിലവാരത്തിലുള്ള നിരവധി സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഓഫര്‍ ചെയ്തുവരുന്നു. പ്രൊഫഷണല്‍ ബിരുദധാരികള്‍, പ്രത്യേകിച്ച് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയവര്‍, വിദേശ എം. ബി.എ.യ്‌ക്കോ കാറ്റ് പരീക്ഷയെഴുതി ഐ.ഐ.എമ്മുകളിലോ മികച്ച ബിസിനസ്സ് സ്‌കൂളുകളിലോ മാനേജ്‌മെന്റ് പഠനത്തിനു ശ്രമിക്കുന്നു. യോഗ്യതയ്ക്കനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ക്കു മികച്ച തൊഴില്‍ ലഭിക്കുന്നില്ല എന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തൊഴില്‍ ലക്ഷ്യമിട്ട് ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ അറിവിനോടൊപ്പം മനോഭാവത്തിനും തൊഴില്‍ നൈപുണ്യത്തിനും പ്രാധാന്യം നല്‍കണം. മികച്ച തൊഴില്‍നൈപുണ്യം സിദ്ധിച്ചവരെ ഉയര്‍ന്ന ശമ്പളം നല്‍കി ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളും 2023 ല്‍ ഊര്‍്ജിതപ്പെടും. ജി.സി.സി. രാജ്യങ്ങളില്‍ ഐ.ടി. മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. പക്ഷേ, നിര്‍മാണമേഖലയില്‍ മാന്ദ്യം അനുഭവപ്പെടും.