വള്ളുവനാടിന്റെ മണ്ണിലെ സഹകരണ ചരിതം – ഒറ്റപ്പാലം അർബൻ ബാങ്കിന് ഒരു പൊൻതൂവൽ കൂടി…
വള്ളുവനാടിന്റെ സിരാകേന്ദ്രമായ ഒറ്റപ്പാലത്തിന് സഹകരണമേഖലയിൽ തലയെടുപ്പ് സമ്മാനിച്ച ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന് ഒരു പൊൻതൂവൽ കൂടി. ഒറ്റപ്പാലത്തെ സാമൂഹിക സാമ്പത്തിക മേഖലകളിലെല്ലാം തന്നെ വ്യക്തമായ കാഴ്ചപ്പാടോടെയും ദിശാബോധത്തോടെയും പ്രവർത്തിക്കാൻ ഒറ്റപ്പാലം അർബൻ ബാങ്കിന് സാധിച്ചിട്ടുണ്ട്. എല്ലാവരുടെയും ബാങ്കിംഗ് ആവശ്യങ്ങളുടെ അത്താണിയാണ് അർബൻ ബാങ്ക്. ഈ രംഗത്തെ മികച്ച പ്രവർത്തനത്തിന് 2017- 18 സാമ്പത്തികവർഷത്തെ സംസ്ഥാന സഹകരണ വകുപ്പിന്റെ അർബൻ ബാങ്കുകളിൽ മൂന്നാംസ്ഥാനം ലഭിക്കുകയുണ്ടായി. മത്സരാധിഷ്ഠിത ബാങ്കിംഗ് രംഗത്ത് പുതുതലമുറ ബാങ്കുകളുടെ ഒപ്പം മത്സരിക്കാൻ ബാങ്കിനായി എന്ന് ജീവനക്കാരും ഭരണസമിതിയും ഒപ്പം ഇടപാടുകാരും ഒരുപോലെ പറയുന്നു. അന്തർദേശീയ സഹകരണ ദിനത്തിൽ സഹകരണ വകുപ്പ് മന്ത്രി യിൽനിന്നും ബാങ്ക് ചെയർമാൻ ഐ.എം. സതീശൻ, വൈസ് ചെയർമാൻ പി.എം. ദേവദാസ്, ഡയറക്ടർ എം.സി.വിശ്വൻ,ജനറൽ മാനേജർ എം.വസന്തകുമാരി എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റു വാങ്ങിയപ്പോൾ ഒറ്റപ്പാലത്തെ എന്നല്ല വള്ളുവനാടിന്റെയാണ് ശിരസ്സു ഉയർന്നത്.
ചിട്ടയായ പ്രവർത്തനവും ജനങ്ങളോടുള്ള പെരുമാറ്റവും ഒപ്പം ഈ രംഗത്തെ നൂതന സാങ്കേതികവിദ്യകളുടെ സംയോജനവും വഴി സ്ഥായിയായ വളർച്ച കൈവരിച്ചതിലൂടെ ഒട്ടനവധി അംഗീകാരങ്ങളാണ് ബാങ്കിനെ തേടിയെത്തിയത്. സ്റ്റാൻഡേർഡ് കൗൺസിലിന്റെ ISO 9001-2000 സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന ആദ്യ അർബൻ ബാങ്ക് ആണ് ഒറ്റപ്പാലം അർബൻ സഹകരണ ബാങ്ക്. 1995ൽ സംസ്ഥാനത്തെ സഹകരണ ബാങ്കിംഗ് രംഗത്ത് ടെലി ബാങ്കിംഗ് സംവിധാനം കൊണ്ടുവരാൻ ബാങ്കിനായി. 1996ൽ കമ്പ്യൂട്ടർവൽക്കരണവും നടപ്പാക്കിയതിലൂടെ സാങ്കേതികമായി ഏറെ മുന്നോട്ടു പോകാൻ ബാങ്കിനായി. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ആദ്യം വെബ്സൈറ്റ് ആരംഭിച്ചത് വള്ളുവനാടിന്റെ മണ്ണിലുള്ള ഈ ബാങ്കിലാണ്. 12 മണിക്കൂർ ബാങ്കിംഗ് എന്ന ആശയം കേരളത്തിലെ സഹകരണ മേഖലയിൽ അവതരിപ്പിച്ചതും ബാങ്കിനെ കൂടുതൽ ജനകീയമാക്കി. മികച്ച കോർ ബാങ്കിംഗ് നടപ്പാക്കുന്നതിനുള്ള പുരസ്കാരം നിരവധിതവണ ബാങ്ക് നേടിയിട്ടുണ്ട്.
ഒറ്റപ്പാലം മുനിസിപ്പാലിറ്റിക്കു പുറമേ ലക്കിടി,അനങ്ങനടി, അമ്പലപ്പാറ, വാണിയംകുളം, മണ്ണൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് അർബൻ ബാങ്കിന്റെ പ്രവർത്തനപരിധി. ഹെഡ് ഓഫീസിന് പുറമേ 9 ബ്രാഞ്ചുകൾ ആണ് ബാങ്കിന് ഉള്ളത്. 57 ജീവനക്കാരിലൂടെ മുഴുവൻ ഇടപാടുകാരുടെ യും ആവശ്യങ്ങൾ നിറവേറ്റുമ്പോൾ ഒറ്റപ്പാലത്തും പത്തിരിപ്പാല യിലും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് ബാങ്ക് ജനങ്ങൾക്കായി പ്രവർത്തിക്കുന്നത്. ഇതിനുപുറമേ 8 സ്ഥലങ്ങളിൽ എ.ടി.എം കൗണ്ടറും ഉണ്ട്. ബാങ്കിന്റെ എ.ടി.എം കാർഡ് വഴി മറ്റേത് ബാങ്കിന്റെയും എ.ടി.എമ്മിൽ പണമിടപാട് നടത്താം എന്നതിനൊപ്പം സുരക്ഷയ്ക്കായി എസ്.എം.എസ് അലർട്ട് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ 82 വർഷംകൊണ്ട് 54000 നിക്ഷേപകരും ഒരുലക്ഷത്തോളം ഇടപാടുകാരെയും സ്വന്തമാക്കിയാണ് സാമ്പത്തിക അടിത്തറ ബാങ്ക് ഭദ്രമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഡെപ്പോസിറ്റിൽ 9.6% ത്തിന്റെയും വായ്പയിൽ11.8% പിന്നെയും വളർച്ചയും ആണ് ഉണ്ടാക്കിയത്. എൻ.പി.എ 3.95% വും.
മൊബൈൽ ബാങ്കിംഗ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ സാധാരണക്കാരിലേക്ക് ലളിതമായി എത്തിക്കാൻ ബാങ്കിന് സാധിച്ചു എന്നത് ബാങ്കിന്റെ വിജയം തന്നെയാണ്. ഈസി ഗോ ആപ്പിലൂടെ ആർ.ടി.ജി.എസ് / എൻ.ഇ.എഫ്.ടി , ഐ.എം. പി.എസ് വഴി പണം കൈമാറാമെന്നത് ഇടപാടുകാർക്ക് ഏറെ സൗകര്യപ്രദമാണ്. ഇ പാസ്ബുക്ക്, വ്യാപാരികൾകായി സ്കാൻ ആൻഡ് പേ സൗകര്യവും ബാങ്കിനുണ്ട്. കോർ ബാങ്കിംഗ് ലൂടെ പ്രവർത്തിക്കുന്ന ബാങ്കിൽ ആർ.ടി.ജി.എസ്/ എൻ.ഇ.എഫ്.ടി, റുപേ കാർഡ്, സി.ടി.എസ് ചെക്ക് ബുക്ക്, സി.ടി.എസ് ക്ലിയറൻസ്, ആധാർ ലിങ്ക് പെയ്മെന്റ്സ് എന്നിവയും സ്കൂൾ കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് സ്റ്റുഡൻസ് സേവിങ് ബാങ്ക് അക്കൗണ്ടും ബാങ്കിൽ ഉണ്ട്.
സർഫാസി, എ.ആർ.സി നടപടികൾ, കുടിശ്ശിക നിവാരണ പദ്ധതി, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി എന്നിവയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 22.73 ലക്ഷം രൂപ വിവിധ വായ്പകളിൽ ഇളവ് ബാങ്കിന് നൽകാനായി. സാമൂഹ്യപ്രതിബദ്ധത യിലൂടെയാണ് ബാങ്ക് പ്രവർത്തിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. പ്രവർത്തന പരിധിയിലെ എയ്ഡഡ് സർക്കാർ വിദ്യാലയങ്ങളിലെ എസ് എസ് എൽ സി ,പ്ലസ് ടു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും ഹൈസ്കൂൾ വിദ്യാർഥികളിൽ പഠനമികവ് പുലർത്തുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക് സ്കോളർഷിപ്പും ബാങ്ക് നൽകുന്നുണ്ട്. കേരള പുനർ നിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75 ലക്ഷം രൂപ കൈമാറിയതും വലിയ നേട്ടമായി ബാങ്ക് കരുതുന്നു.
വള്ളുവനാടിന്റെ സഹകരണ ചരിത്രത്തിൽ എക്കാലത്തും സുവർണ്ണലിപികളിൽ എഴുതി വയ്ക്കാവുന്ന രീതിയിലുള്ള പ്രവർത്തനമാണ് ഒറ്റപ്പാലം അർബൻ ബാങ്കിന്റേതെന്നു നിസ്സംശയം പറയതക്ക രീതിയിലാണ് ബാങ്ക് ഭരണസമിതിയും ജീവനക്കാരും പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നത്.
[mbzshare]