വരുന്നത് പുത്തന്‍ സ്‌കില്ലിന്റെ കാലം

Deepthi Vipin lal

കോവിഡിനെത്തുടര്‍ന്ന് ലോകത്തെമ്പാടും തൊഴില്‍ മേഖലയില്‍ വന്‍ പതിസന്ധിയുണ്ടാകുമെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ( ILO ) വിലയിരുത്തുന്നത്. ഇന്ത്യയില്‍ 40 കോടി ആളുകള്‍ അസംഘടിത മേഖലയില്‍ തൊഴിലില്ലായ്മ ഭീഷണി നേരിടേണ്ടി വരുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ തൊഴില്‍ ലഭ്യതാ മികവിന് ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഇതിനായി അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ വിവിധ തലങ്ങളില്‍ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് (സ്‌കില്‍ വികസനം) തയാറാകേണ്ടതുണ്ട്. മികച്ച തൊഴില്‍ ലഭിയ്ക്കാന്‍ സാങ്കേതിക, Domain, കമ്യൂണിക്കേഷന്‍ സ്‌കില്ലുകള്‍ അത്യന്താപേക്ഷിതമാണ്. ഇവ ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍ തലങ്ങളിലുണ്ട്. തൊഴില്‍ റിക്രൂട്ട്‌മെന്റില്‍ അക്കാദമിക് മികവിനപ്പുറം സ്‌കില്ലിന് വന്‍ പ്രാധാന്യമാണ് കൈവരാന്‍ പോകുന്നത്. തൊഴില്‍ മേഖലയില്‍ വന്‍ മാറ്റങ്ങളുണ്ടാകും. ഡിജിറ്റല്‍ രംഗത്തെ വളര്‍ച്ചയാണ് ഏറെ ശ്രദ്ധേയം. ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്്‌സ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, എഡ്യുക്കേഷണല്‍ ടെക്‌നോളജി എന്നിവ വന്‍ വളര്‍ച്ച കൈവരിക്കും.

കൂടുതല്‍ തൊഴിലവസരം

വൊക്കേഷണല്‍ വിദ്യാഭ്യാസം, പരിശീലനം എന്നിവയില്‍ മാറ്റങ്ങളുണ്ടാകും. ഇതര സംസ്ഥാനത്തൊഴിലാളികള്‍ തങ്ങളുടെ നാടുകളില്‍് തിരിച്ചെത്തുന്ന പ്രക്രിയ ( റിവേഴ്‌സ് മൈഗ്രേഷന്‍ ) നിര്‍മാണം, ഭൗതിക സൗകര്യ വികസനം, ലോജിസ്റ്റിക്‌സ് എന്നിവയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തൊഴിലാളികളെ കൂടുതലായാശ്രയിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിവേഴ്‌സ് മൈഗ്രേഷന്‍ കൂടുതല്‍ പ്രകടമാകും. ഡിസൈന്‍, അക്കൗണ്ടിങ് തുടങ്ങിയ മുഖ്യധാരയിലല്ലാത്ത നോണ്‍ കോര്‍ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ആരോഗ്യ മേഖലയില്‍ സാങ്കേതിക വിദ്യയ്ക്കധിഷ്ഠിതമായ ടെക്‌നീഷ്യന്‍, സൂപ്പര്‍ വൈസറി തൊഴിലുകള്‍ കൂടുതലായി രൂപപ്പെടും.

ഓണ്‍ലൈന്‍ രീതിയിലുള്ള മാറ്റം ഐ.ടി., ഐ.ടി. അനുബന്ധ സേവന മേഖലകളില്‍ പ്രകടമാകും. പൂര്‍ണമായോ ഭാഗികമായോ ഓണ്‍ലൈനിലേക്കു മാറാനുള്ള പ്രവണതയ്ക്ക് പ്രസക്തിയേറും. എന്നാല്‍, കുറഞ്ഞ ഡാറ്റ, കണക്ടിവിറ്റി, ബാന്‍ഡ് വിഡ്ത്ത് എന്നിവ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മള്‍ട്ടി പ്ലാറ്റ്‌ഫോം അപ്രോച്ചിന് പ്രസക്തിയേറും. വിദ്യാഭ്യാസ മേഖലയില്‍ ഇ-ലേര്‍ണിങ്, അദ്ധ്യാപനം, ഇ-കണ്ടന്റന്റ് ്, പെഡഗോഗി എന്നിവയില്‍ കാലത്തിനനുസരിച്ചുള്ള പരിശീലനം ആവശ്യമായി വരും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ സഹകരണ സ്വഭാവം പ്രകടിപ്പിക്കേണ്ടിവരും. ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണം കൂടുതല്‍ കരുത്താര്‍ജിക്കും. വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള അക്കാദമിയ- ഇന്‍ഡസ്ട്രി സഹകരണം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുപകരിക്കും. ബിരുദ, ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം മൂല്യവര്‍ദ്ധിത ആഡ് ഓണ്‍ സ്‌കില്‍ കോഴ്‌സുകള്‍ ആവശ്യമായിത്തീരും.

സാമൂഹിക അകലം അനുവര്‍ത്തിച്ചുള്ള ജീവിതരീതിയില്‍ സാമൂഹിക വികസനം, സോഷ്യല്‍ ഇന്നവേഷന്‍ എന്നിവയ്ക്ക് പ്രാധാന്യമേറും. ഇതിനനുസൃതമായ രീതിയില്‍ പുത്തന്‍ പ്രോട്ടോക്കോളുകള്‍ രൂപപ്പെടും. ഇന്റര്‍ പേഴ്‌സണല്‍ കമ്യൂണിക്കേഷന്‍ , ഊര്‍ജം, പാരിസ്ഥിതിക സുസ്ഥിരത, ജിയോ പൊളിറ്റിക്‌സ് എന്നിവയില്‍ വന്‍ അവസരങ്ങളാണ് വരാനിരിക്കുന്നത്.

ഗവേഷണ രംഗം

ഗവേഷണ രംഗത്ത് ഏറെ പ്രത്യാഘാതങ്ങളാണ് കോവിഡ് സൃഷ്ടിക്കുന്നത്. യാത്രാ നിയന്ത്രണങ്ങള്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വൈകാനിടവരുത്തും. വീട്ടില്‍ നിന്നു തൊഴില്‍ ചെയ്യാവുന്ന രീതി ( വര്‍ക്ക് അറ്റ് ഹോം ) ആഗോളതലത്തില്‍ വിപുലപ്പെട്ടുവരുന്നു. ഐ.ടി. രംഗത്ത് ഈ രീതി 90 ശതമാനത്തോളം ജീവനക്കാര്‍ക്കും ബാധകമായിത്തീരും. ഐ.ടി. കമ്പനികളുടെ ശരാശരി വരുമാനത്തില്‍ 60 ശതമാനം അമേരിക്കയില്‍ നിന്നും 20-25 ശതമാനം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ്. വിദേശ മലയാളികള്‍ സംരംഭകത്വം, നൈപുണ്യ വികസനത്തിലൂന്നിയ തൊഴിലുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും.

കാര്‍ഷിക മേഖലയില്‍ അഗ്രി ബിസിനസ്, ഭക്ഷ്യസംസ്‌കരണം, ഭക്ഷ്യ റീട്ടെയില്‍, ഫെസിലിറ്റി മാനേജ്‌മെന്റ്, സംരംഭകത്വം, ഇന്നവേഷന്‍ എന്നിവ ഭാവി തൊഴില്‍ മേഖലകളാകും. അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളാരംഭിച്ച് അഗ്രിബിസിനസ്സില്‍ സംരംഭകരാകാം. നിര്‍മാണ മേഖലയില്‍ ഓട്ടമേഷന്‍, പ്രീഹാബ്, ലാന്‍ഡ് സ്‌കേപ്പ്, ഡിസൈന്‍, അര്‍ബന്‍ പ്ലാനിങ് എന്നിവയില്‍ അവസരങ്ങളുണ്ടാകും. റീട്ടെയില്‍, ഫെസിലിറ്റി മാനേജ്‌മെന്റുകള്‍ കൂടുതല്‍ ശക്തിപ്രാപിക്കും.

 

( കോഴിക്കോട്ടെ യു.എല്‍.സി.സി.എസ്. എഡ്യുക്കേഷന്‍ ഡയരക്ടറും ലോകബാങ്ക് കണ്‍സള്‍ട്ടന്റുമായ ലേഖകന്‍ വെറ്ററിനറി സര്‍വകലാശാല മുന്‍ ഡയരക്ടറാണ് )

Leave a Reply

Your email address will not be published. Required fields are marked *

Latest News