വയനാടന്‍ സുഗന്ധ നെല്ലിനായി സംഘക്കൂട്ടായ്മ വേണം
വയനാടന്‍ ഗോത്രപാരമ്പര്യത്തിലെ തനതു നെല്ലിനങ്ങളായ
ഗന്ധകശാലയുടെയും ജീരകശാലയുടെയും കൃഷി
അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. ഉല്‍പ്പാദനച്ചെലവിലെ
വര്‍ധനയും വിപണി കണ്ടെത്താനുള്ള ബുദ്ധിമുട്ടുമാണു
പ്രധാന കാരണങ്ങള്‍. സഹകരണസംഘങ്ങളുടെ കൂട്ടായ്മയ്ക്ക്
ഇതിനു പരിഹാരം കാണാനാവും. സുഗന്ധം പരത്തുന്ന
ഈ നെല്ല് സംസ്‌കരിച്ച് അരിയാക്കി നല്ല പാക്കിങ്ങോടെ കോ-ഓപ്
കേരള ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കണം.
വിപണി കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഉല്‍പ്പാദനച്ചെലവിലുണ്ടാകുന്ന വര്‍ധനവും കേരളത്തിന്റെ മൂല്യമേറിയ ഒരു കാര്‍ഷികരീതിയെ ഇല്ലാതാക്കുകയാണ്. ഒരുകാലത്തു വയനാടന്‍ വയലുകളില്‍ സുഗന്ധം വിതറിയ ഗന്ധകശാലയുടെയും ജീരകശാലയുടെയും കൃഷി അസ്തമിച്ചുകൊണ്ടിരിക്കുന്നു. മുന്‍കാലങ്ങളില്‍ കൃഷി ചെയ്തതിന്റെ പത്തിലൊന്നുപോലും ഇപ്പോഴില്ല. വയനാടിന്റെ ഭൗമസൂചികയില്‍ ഇടംനേടിയതാണു വയനാടിന്റെ പരമ്പരാഗത വിത്തിനങ്ങളായ ഗന്ധകശാലയും ജീരകശാലയും. കാര്‍ഷികമേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് സഹകരണവകുപ്പ് കര്‍മപദ്ധതി തയാറാക്കിയ ഘട്ടമാണിത്. സംഘങ്ങള്‍തമ്മില്‍ പരസ്പരസഹകരണം ഉറപ്പാക്കി തരിശുഭൂമി ഇല്ലാതാക്കാന്‍ സംഘക്കൃഷിയിലേക്ക് ഇറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്ന ഘട്ടം. വയനാട്ടിലെ സുഗന്ധ നെല്ലിനങ്ങളെ സംരക്ഷിക്കാന്‍കൂടി ഈ കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ടെന്നാണ് ഇവയുടെ ഉല്‍പ്പാദനശോഷണം നല്‍കുന്ന മുന്നറിയിപ്പ്.
സഹകരണവകുപ്പ് തയാറാക്കിയ ത്രിവത്സര കര്‍മപദ്ധതിയില്‍ സഹകരണസംഘങ്ങള്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ആറു മേഖലകളായാണു ക്രമീകരിച്ചിട്ടുള്ളത്. കൃഷി -പരിസ്ഥിതി സംരക്ഷണം, ശുചിത്വം- മാലിന്യസംസ്‌കരണം, സ്വാശ്രയത്വം -സാമ്പത്തിക-സാമൂഹിക സുരക്ഷ, വനിത- യുവജന -പട്ടികവിഭാഗം -ട്രാന്‍സ്‌ജെന്‍ഡര്‍ -അസംഘടിത തൊഴിലാളി മേഖലകളിലെ സംഘങ്ങളുടെ ശാക്തീകരണം, ആരോഗ്യ പരിരക്ഷയും വയോജന സംരക്ഷണവും, സാംസ്‌കാരിക-സഹകരണ രംഗം എന്നിങ്ങനെയാണ് ആറു മേഖലകള്‍. 32 ഇനങ്ങളാണ് ഏറ്റെടുക്കാന്‍ നിശ്ചയിച്ച പ്രവര്‍ത്തനങ്ങളിലുള്ളത്. ഡല്‍ഹിയിലും മുംബൈയിലും സഹകരണ ഉല്‍പ്പന്നങ്ങള്‍ക്കു സ്ഥിരം വിപണനകേന്ദ്രം തുറക്കുമെന്ന പ്രഖ്യാപനവും ഇതിലുണ്ട്. സഹകരണ സംഘങ്ങള്‍ ആയിരം ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കുമെന്നും സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികവിളകള്‍ക്കായി സ്ഥിരം വിപണനകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിരേഖയില്‍ പറയുന്നു. ഈ ആഹ്വാനം മാത്രംമതി വയനാട്ടിലെ സഹകരണ സംഘങ്ങള്‍ക്ക് ഈ ദൗത്യം ഏറ്റെടുക്കാന്‍.
ഗന്ധകശാലപ്പാടത്തെ
അറിവുകള്‍
പരമ്പരാഗത കാര്‍ഷിക അറിവുകളുടെ അടയാളം മാത്രമല്ല, ഗുണമേന്മയിലും ഔഷധമൂല്യത്തിലും ഏറെ മുമ്പിലുള്ള ഉല്‍പ്പന്നങ്ങള്‍ കൂടിയാണു സുഗന്ധ നെല്ലിനങ്ങള്‍. ബൗദ്ധികസ്വത്തവകാശത്തിന്റെ പരിധിയില്‍ പാരമ്പര്യ വിജ്ഞാനീയത്തിന്റെ ചുവടുപിടിച്ചാണു ദേശസൂചികയില്‍ ഈ നെല്‍വിത്തിനങ്ങള്‍ സ്ഥാനംപിടിച്ചത്. കര്‍ഷകരും ഗോത്രജനതയും വീതിച്ചെടുത്ത പോയകാല വയനാടിന്റെ നാട്ടറിവുകളും പാരമ്പര്യ വിജ്ഞാനവുമെല്ലാം നെല്‍ക്കൃഷിയുമായി കൂടുതല്‍ ഇഴയടുപ്പമുള്ളതായിരുന്നു. വയനാട്ടില്‍ ഒരു കാലത്തു നിലവിലുണ്ടായിരുന്ന നൂറ്റിമുപ്പതില്‍പ്പരം നെല്‍വിത്തിനങ്ങള്‍ക്കിടയില്‍ സുഗന്ധ നെല്ലിനങ്ങളായ ഗന്ധകശാലയ്ക്കും ജീരകശാലയ്ക്കും മാത്രമാണു ഭൗമസൂചികാപദവി ലഭിച്ചത്. നഷ്ടക്കണക്കുകളില്‍ ആദ്യം പടിയിറങ്ങിയതു ജീരകശാലയാണ്. ഇതിനു പിന്നാലെയാണു ഗന്ധകശാലകൃഷിയും മാഞ്ഞുപോകുന്നത്.
കര്‍ഷകരുടെ അറിവും അനുഭവവും ചേര്‍ത്തുണ്ടാക്കിയ കാര്‍ഷിക കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് ഈ വിത്തിനങ്ങള്‍ മണ്ണില്‍ വീണത്. മണ്ണിന്റെയും കാലാവസ്ഥയുടെയും സ്വഭാവം തിരിച്ചറിഞ്ഞാണു കര്‍ഷകര്‍ ആ കലണ്ടറില്‍ കൃഷിയിറക്കേണ്ട വിത്തുകളുടെ പേര് ചേര്‍ത്തുവെച്ചത്. ഇതിനെ പിന്തുടര്‍ന്നു കാലങ്ങളായി കൈമാറിയ അറിവുകളെല്ലാം പാരമ്പര്യ വിജ്ഞാനീയങ്ങളായി മാറുകയും ചെയ്തു. ഇത്തരത്തിലുള്ള അമൂല്യങ്ങളായ വിവരവിനിമയത്തിന്റെ കലവറയാണു വയനാട് എന്ന ദേശം. ജൈവവൈവിധ്യബോര്‍ഡ് ഈ അറിവുകളെ കൈമുതലായി സ്വാംശീകരിച്ചിട്ടുണ്ട്. ഈ അറിവുകളെല്ലാം വിപണിയുടെയും ചെലവിന്റെയും അടിസ്ഥാനത്തില്‍ ഇല്ലാതായിപ്പോകുന്നതു തിരിച്ചുപിടിക്കാനാവാത്ത നഷ്ടമായിത്തീരും.
നിത്യച്ചെലവിനുള്ളത്, വിശേഷദിവസങ്ങള്‍ക്കായുള്ളത്, മരുന്നിനുള്ളത്, ദീര്‍ഘകാലം സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാനുള്ളത് എന്നിങ്ങനെ വേറിട്ട ആവശ്യങ്ങളനുസരിച്ചു ഗുണവും സ്വഭാവങ്ങളുമുള്ളതായിരുന്നു പഴയ നെല്‍വിത്തുകള്‍. ഗന്ധകശാലയാണു സുഗന്ധനെല്ലിനങ്ങളില്‍ പ്രധാനി. മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് ചെറിയ അരിമണികളും സുഗന്ധവുമാണ് ഒറ്റനോട്ടത്തിലെ പ്രത്യേകത. നെന്മണികള്‍ പോലെത്തന്നെ നെല്ലോലകളും സുഗന്ധമുള്ളതാണ്. ഈ പാടങ്ങള്‍ കതിരിടുമ്പോള്‍ വയലൊന്നാകെ കാറ്റില്‍ സുഗന്ധം പരക്കും. നീളമുള്ള നെല്ലോലകളും ഇതിന്റെ പ്രത്യേകതയാണ്. ജീരകശാലയും കയമയും മുള്ളന്‍കയമയുമാണു വയനാട്ടിലുണ്ടായിരുന്ന മറ്റു സുഗന്ധ നെല്ലിനങ്ങള്‍. ജീരകശാല വിളവ് ഗന്ധകശാലയെ അപേക്ഷിച്ച് വളരെ കുറവാണ്. പച്ചരിയായി ഉപയോഗിക്കാന്‍ കഴിയുന്ന ഈ സുഗന്ധനെല്ലിനങ്ങളെല്ലാം ഒരുകാലത്തെ വയനാടിന്റെ വിശേഷദിവസങ്ങളിലെ സദ്യവട്ടങ്ങളില്‍ ഒഴിവാക്കാനാവുമായിരുന്നില്ല. അനുകൂല കാലാവസ്ഥയും സാഹചര്യങ്ങളുമായിരുന്നു ഈ വിത്തിനങ്ങള്‍ക്കു നൂറ്റാണ്ടുകളോളം വേരോട്ടമുണ്ടാക്കിയത്. അതാണു സാമ്പത്തികനഷ്ടത്തിന്റെ പേരില്‍ ഇല്ലാതായിപ്പോകുന്നത്.
പാരമ്പര്യം കൈവിടുന്ന
ചേകാടിപ്പാടം
വയനാട് മാനന്തവാടി ബ്ലോക്കിലെ ചേകാടി ഒരു കാര്‍ഷികഗ്രാമമാണ്. ആദിവാസികള്‍ ഏറെയുള്ള ഗ്രാമം. കലര്‍പ്പില്ലാത്ത വയനാടന്‍ ഗന്ധകശാലയുടെയും വിശാലമായ നെല്‍പ്പാടങ്ങളുടെയും ഖ്യാതിയിലാണു ചേകാടിയും അറിയപ്പെട്ടിരുന്നത്. ഗന്ധകശാലയുടെ തനിമ ഇക്കാലംവരെയും നിലനിര്‍ത്തിയിരുന്ന ചേകാടിയും ഒടുവില്‍ ഗന്ധകശാലക്കൃഷിയില്‍നിന്നു പിന്‍വാങ്ങുകയാണ്. 225 ഏക്കറോളമാണു കാടിനു നടുവിലെ ചേകാടിയില്‍ ആകെ നെല്‍വയലുള്ളത്. പൊതുവിപണിയില്‍ ഒരു കിലോയ്ക്ക് 125 രൂപയോളം ഗന്ധകശാലയ്ക്കു വിലയുണ്ടെങ്കിലും ഉല്‍പ്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൃഷി ലാഭകരമല്ല. നൂറ്റമ്പതില്‍ത്താഴെ വരുന്ന കുടുംബങ്ങള്‍ ഈ വയലില്‍ ഒരേസമയം കര്‍ഷകരും തൊഴിലാളികളുമായി ജീവിതം പൂരിപ്പിക്കുന്നു.
93 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. 20 ഏക്കറിലാണ് ഇത്തവണ ചേകാടിയില്‍ ഗന്ധകശാലക്കൃഷിയുള്ളത്. ഓരോ വര്‍ഷവും കൃഷി കുറഞ്ഞുവരുന്നതിന്റെ സൂചനകളാണു ചേകാടിയും പങ്കുവെക്കുന്നത്. ഒരേക്കര്‍ നെല്‍ക്കൃഷി ചെയ്യാന്‍ അമ്പതിനായിരത്തിലധികം രൂപ ഇക്കാലത്തു ചെലവു വരും. മറ്റു പുതിയ ഇനങ്ങള്‍ ഒരേക്കറില്‍ കൃഷിചെയ്താല്‍ 25 ക്വിന്റലോളം നെല്ല് പ്രതീക്ഷിക്കാം. ഗന്ധകശാലയാകുമ്പോള്‍ ഇതേസ്ഥാനത്ത് ഏഴ് ക്വിന്റല്‍ നെല്ല് മാത്രമാണ് ലഭിക്കുക. വയനാടന്‍ ഗന്ധകശാലയെന്ന പേരില്‍ വ്യാജന്‍ പുറംവിപണികളില്‍ കിട്ടും. വയനാട്ടില്‍ അരിയുല്‍പ്പാദനം കുത്തനെ കുറഞ്ഞപ്പോഴും വയനാടിന്റെ പേരിലുള്ള ബ്രാന്‍ഡിനു ക്ഷാമമില്ല. ഈപേരില്‍ വ്യാജഅരി വ്യാപകമായി വിപണനം ചെയ്യുന്നതായാണു കര്‍ഷകരുടെ പരാതി. ഗന്ധകശാലയുടെ തനതു മണവും രൂചിയുമില്ലാത്ത ഈ അരി വയനാടന്‍ ഗന്ധകശാലയുടെ പ്രീതി നഷ്ടപ്പെടുത്തുകയാണ്. മറ്റു നെല്ലിനങ്ങള്‍ക്കിടയില്‍ ഗന്ധകശാല കൃഷിയിറക്കിയാലും അവയുമായി ഇടകലര്‍ന്നു ഗന്ധകശാലയുടെ ഗുണം നഷ്ടപ്പെടാം. പ്രത്യേകസ്ഥലത്ത് ഒന്നിച്ചുള്ള കൃഷിയാണ് ഇതിനു പരിഹാരം. മുന്‍കാലങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ടായിരുന്നെങ്കിലും നെല്‍വയലുകള്‍ ഭാഗംവെച്ച് ചുരുങ്ങിയതോടെ ഇതെല്ലാം നിലച്ചു. കൂട്ടുകൃഷിസമ്പ്രദായം നിലനില്‍ക്കുന്ന ഗോത്രകുടുംബങ്ങളിലാണ് ഇപ്പോള്‍ നെല്‍വയലുകള്‍ സംരക്ഷിക്കപ്പെടുന്നത്. ഇവരും നഷ്ടക്കണക്കുകളില്‍ ഇപ്പോള്‍ സുഗന്ധനെല്‍ക്കൃഷിയെ കൈവിടുകയാണ്.
സംഘങ്ങള്‍ക്ക്
ചെയ്യാനാവുന്നത്
സഹകരണസംഘങ്ങളെ ഒരു നാടിന്റെ സേവനകേന്ദ്രങ്ങളാക്കാനാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നത്. വായ്പ നല്‍കി മാത്രമല്ല സംഘങ്ങള്‍ കര്‍ഷകര്‍ക്കു താങ്ങായി മാറേണ്ടത് എന്നതാണ് ഇതിന്റെ അടിസ്ഥാനം. ആ നാടിനും ജനങ്ങള്‍ക്കും എന്താണോ ആവശ്യമുള്ളത് അതു സാധ്യമാക്കാനുള്ള ഇടപെടല്‍ സഹകരണ സംഘങ്ങളിലൂടെ ഉണ്ടാകണം. ഇതില്‍ പ്രധാനം കാര്‍ഷികമേഖലയാണ്. സംഘങ്ങള്‍ നേരിട്ടു കൃഷി ഏറ്റെടുക്കണമെന്നു സഹകരണവകുപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 500 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷി ഇറക്കാനായിരുന്നു ആഹ്വാനം. അത് ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. വിളവെടുപ്പിലൂടെ ആ കൃഷി ലാഭകരമായിരുന്നോ എന്നതു രണ്ടാമത്തെ കാര്യമാണ്. അത്രയും ഭൂമി കൃഷിയിടമാക്കി മാറ്റി എന്നതാണു പ്രധാനം. ത്രൈവാര്‍ഷിക പദ്ധതിയില്‍ ആയിരം ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കണമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്.
തരിശുഭൂമി കൃഷിയിടമാക്കി മാറ്റുക എന്നതു മാത്രമല്ല സംഘങ്ങളുടെ ദൗത്യം. കൃഷിഭൂമിയെ സംരക്ഷിക്കുകയെന്നതും പ്രധാനമാണ്. ഇതാണു വയനാട്ടില്‍ വേണ്ടത്. കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നത് ആദായകരമല്ലാത്ത ഒന്നായി അതു മാറുന്നതുകൊണ്ടാണ്. ഇതിനുള്ള പോംവഴിയാണു സംഘങ്ങളിലൂടെ ആവിഷ്‌കരിക്കേണ്ടത്. വയനാട്ടിലെ സുഗന്ധ നെല്ലിനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. അവരെ കണ്ടെത്താന്‍ കഴിയാത്തതു വിപണിയിലെ ഇടപെടലിന്റെ പോരായ്മയാണ്. കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ വയനാടന്‍ സുഗന്ധ നെല്ലിനങ്ങള്‍ എന്ന പേരില്‍ വ്യാജന്മാര്‍ വിപണി അടക്കിവാഴുന്നത് ഇതുകൊണ്ടാണ്. സംഘങ്ങള്‍ കൂട്ടമായി ചേര്‍ന്നു ഗന്ധകശാല-ജീരകശാല നെല്ലിനങ്ങള്‍ പരമാവധി ഉല്‍പ്പാദിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ഒന്നിലേറെ സംഘങ്ങള്‍ ഇതിനു തയാറായാല്‍ ഒരു കണ്‍സോര്‍ഷ്യം അടിസ്ഥാനമാക്കി ഫണ്ട് സ്വരൂപിക്കാനാകും.
നിലവിലുള്ള കര്‍ഷകരെ ഉപയോഗിച്ച് പരമ്പരാഗതരീതി ഉപയോഗപ്പെടുത്തിത്തന്നെ ഈ കൃഷിരീതി മുന്നോട്ടുകൊണ്ടുപോകാനാവും. ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് മുഴുവന്‍ സഹകരണ സംഘങ്ങള്‍ സംഭരിക്കണം. ഇതിനു വിപണി കണ്ടെത്തുകയാണു രണ്ടാം ഘട്ടം. നെല്ല് സംസ്‌കരിച്ച് അരിയാക്കി നല്ല പാക്കിങ്ങില്‍ കോ-ഓപ് കേരള ബ്രാന്‍ഡിങ്ങില്‍ വിപണിയിലെത്തിക്കാനാവണം. കേരളത്തിനകത്തും പുറത്തും, വിദേശത്തുപോലും, സഹകരണ ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കുന്ന ഘട്ടമാണിത്. നല്ല രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്ന ഏതെങ്കിലും സഹകരണ സ്ഥാപനത്തെ വയനാടന്‍ നെല്ലിനങ്ങളും ഏല്‍പ്പിക്കാവുന്നതാണ്. ഇതിനു സഹകരണവകുപ്പിന്റെ പിന്തുണയോടെ നല്ല പ്രചരണം നല്‍കുകയും ചെയ്താല്‍ വയനാടന്‍ സുഗന്ധ നെല്ലിനങ്ങളുടെ അന്ത്യവിള എപ്പോഴാകുമെന്ന ആശങ്ക കര്‍ഷകര്‍ക്കും കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടാകേണ്ടിവരില്ല.