വനിതാ സഹകരണ സംഘങ്ങള്‍ക്ക് എന്‍.സി.ഡി.സി. പ്രത്യേക ഫണ്ട് ഉണ്ടാക്കണം- വനിതാ സഹകാരികള്‍  

moonamvazhi

ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) വനിതാ സഹകരണ സംഘങ്ങള്‍ക്കായി പ്രത്യേകഫണ്ട് ഉണ്ടാക്കണമെന്നു വനിതാ സഹകാരികള്‍ ആവശ്യപ്പെട്ടു. വനിതാ സഹകരണ സംഘങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട്  NCUI,  ICA ഏഷ്യ-പെസിഫിക്കുമായി ചേര്‍ന്നു സേവ ( Self Employed Women’s Association – SEWA) ഡല്‍ഹിയില്‍ നടത്തുന്ന ദ്വിദിന ദേശീയ ശില്‍പ്പശാലയിലാണ് ഈ ആവശ്യമുയര്‍ന്നത്.

ഇരുപതു സംസ്ഥാനങ്ങളില്‍നിന്നായി നൂറോളം വനിതാ സഹകാരികള്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നുണ്ട്. ‘   ഉന്നതിയിലേക്കു കുതിക്കാന്‍ വനിതാ സഹകരണ സംഘങ്ങളെയും സംരംഭങ്ങളെയും പ്രാപ്തമാക്കുന്നതിനുള്ള ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുക ‘   എന്നതാണു ശില്‍പ്പശാലയുടെ ചിന്താവിഷയം. സഹകരണ സംഘങ്ങളിലൂടെ ജീവനോപാധി കണ്ടെത്താന്‍ വനിതകളെ സഹായിക്കുന്നതിനുള്ള മാര്‍ഗങ്ങളാണു ശില്‍പ്പശാലയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.

സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ ലഘൂകരിക്കണമെന്നു ശില്‍പ്പശാലയില്‍ ആവശ്യമുയര്‍ന്നു. സമയം കൊല്ലുന്ന കഠിനപ്രയത്‌നമാണു വനിതകളെസംബന്ധിച്ചിടത്തോളം സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷനെന്നു സേവാഭാരത് പ്രസിഡന്റും പത്മശ്രീ ജേതാവുമായ റെനാന ജബ്‌വാല അഭിപ്രായപ്പെട്ടു. അപേക്ഷിച്ചുകഴിഞ്ഞാല്‍ ഒന്നര വര്‍ഷത്തിലധികം എടുത്താണു രജിസ്‌ട്രേഷന്‍ കിട്ടുന്നതെന്നു ജബ്‌വാല ചൂണ്ടിക്കാട്ടി. അതേസമയം, കമ്പനിനിയമപ്രകാരമാണ് അപേക്ഷിക്കുന്നതെങ്കില്‍ കഷ്ടിച്ച് ഒരു മാസമേ എടുക്കുന്നുള്ളു. ഇക്കാര്യം പരിശോധിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പമാക്കണം. വനിതാ സംഘങ്ങള്‍ക്കായി എന്‍.സി.ഡി.സി. പ്രത്യേകഫണ്ട് രൂപവത്കരിക്കണം -ജബ്‌വാല നിര്‍ദേശിച്ചു.

NCUI പ്രസിഡന്റ് ദിലീപ്ഭായ് സംഘാനിയാണു ആദ്യദിവസത്തെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തത്. ICA-AP പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍ സിങ്, റീജ്യണല്‍ ഡയരക്ടര്‍ ബാലു അയ്യര്‍, സേവ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ പ്രസിഡന്റ് മിറായ് ചാറ്റര്‍ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ സഹകരണപ്രസ്ഥാനത്തിലേക്കു വനിതകള്‍ കൂടുതലായി കടന്നുവരണമെന്നു ദിലീപ്ഭായ് സംഘാനിയ അഭിപ്രായപ്പെട്ടു. വിവിധ പരിശീലനപരിപാടികള്‍ സംഘടിപ്പിച്ച് NCUI യുടെ വിദ്യാഭ്യാസവിഭാഗമായ NCCE വനിതാസംഘങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. ജെം പോര്‍ട്ടലില്‍നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വനിതാ സഹകരണ സംഘങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!