ലോക റാങ്കിങ്ങില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് എങ്ങനെ മുന്നേറാം?
ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ 2022 ലെ ലോക യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ മുന്നൂറിനുള്ളില്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്ല. ആദ്യത്തെ പത്തു റാങ്കില്‍ എട്ട് അമേരിക്കന്‍ സര്‍വകലാശാലകളും രണ്ട് യു.കെ. സര്‍വകലാശാലകളുമുണ്ട്. ഓക്സ്ഫോര്‍ഡ് സര്‍വലാശാലയ്ക്കാണ് ഒന്നാം റാങ്ക്. കേംബ്രിഡ്ജ് അഞ്ചാം സ്ഥാനത്താണ്. എന്നാല്‍, ആദ്യത്തെ 100 റാങ്കിങ്ങില്‍ അമേരിക്കന്‍ സര്‍വകലാശാലകളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കുറവാണ്.
കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ചൈന, മധ്യ കിഴക്കന്‍ മേഖലകളില്‍, നിലവാരമുള്ള സര്വകലാശാലകളുണ്ടെന്നാണു ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ വിലയിരുത്തല്‍. ആദ്യത്തെ 100 റാങ്കിങ്ങില്‍ 34 അമേരിക്കന്‍ സര്‍വകലാശാലകളുണ്ട്. ചൈന, ഹോങ്കോങ്, തെക്കന്‍ കൊറിയ, ജപ്പാന്, സിംഗപ്പൂര്‍, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളില്‍ മുന്‍നിര റാങ്കിങ്ങില്‍ സര്‍വകലാശാലകളുണ്ട്. ഇന്ത്യയില്‍ മുന്‍നിരയില്‍ ഈ വര്‍ഷവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് ബംഗുളൂരുവാണുള്ളത്. ഇതിനു പിന്നിലാണ് ഐ.ഐ.ടി. കള്‍.
1026 സര്‍വകലാശാലകളുള്ള ഇന്ത്യ എന്തുകൊണ്ട് ലോക റാങ്കിങ്ങില്‍ പിറകോട്ടു പോകുന്നു? അണ്ടര്‍ ഗ്രാഡുവേറ്റ് പഠനം, നിലവാരമുള്ള പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍, അധ്യാപനം, വ്യവസായ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തഗവേഷണം, സ്കില്‍ വികസനം, പ്ലേസ്മെന്റ് തുടങ്ങിയവയാണു ലോക റാങ്കിങ്ങിനു വിലയിരുത്തപ്പെടുന്നത്.
വിദേശപഠനം: വിദ്യാര്‍ഥികള്‍ കൂടുന്നു
ഇന്ത്യയില്‍ നിന്നു വിദേശ സര്‍വകലാശാലകളിലേക്കുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ട്. പ്രതിവര്‍ഷം അഞ്ചു ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശകാമ്പസുകളിലെത്തുന്നുണ്ട്. ഇതില്‍ 40,000 പേര് മലയാളികളാണ്. ലോക റാങ്കിങ്ങുള്ള എല്ലാ സര്‍വകലാശാലകളിലും യഥേഷ്ടം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്. നോബല്‍ സമ്മാനം നേടുമെന്നു പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ സര്കലാശാലകളുണ്ട്. എന്നാല്‍, ഇവ ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമായിട്ട് പതിറ്റാണ്ടുകളായി. സര്ക്കാര്സര്വകലാശാലകളെ അപേക്ഷിച്ചു ചില ഡീംഡ്, സ്വകാര്യ സര്‍വകലാശാലകള്‍ മുന്നേറുന്നുണ്ട്. വിദ്യാഭ്യാസരംഗത്ത് ആഗോളഗ്രാമം എന്ന സങ്കല്‍പ്പം കരുത്താര്‍ജിക്കുമ്പോള്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ അക്കാഡമിക് മികവിലും ഗവേഷണത്തിലും മുന്നേറുന്നില്ല. കാലഹരണപ്പെട്ട കോഴ്സുകളും വിവാദങ്ങളും രാഷ്ട്രീയ ഇടപെടലുകളും സര്‍വകലാശാലകളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. വിദേശരാജ്യങ്ങളില്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുടെ എണ്ണം ശരാശരി ഇരുപതിനായിരത്തോളമാണ്. നമ്മുടെ നാട്ടിലാകട്ടെ നൂറു വിദ്യാര്‍ഥികള്‍ക്കുപോലും സര്‍വകലാശാലയുണ്ട്. ഡിജിറ്റലിനും ടെക്നോളജിക്കും വെവ്വേറെ സര്‍വകലാശാലകള്‍. മത്സരിച്ചു വൈസ് ചാന്‍സലറാകാന്‍ രാഷ്ട്രീയചങ്ങാത്തമുള്ള അധ്യാപകരും മുന്നിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ രീതി ഏറെ പ്രകടമാണ്. യോഗയ്ക്കും വേദാന്തത്തിനും സര്‍വകലാശാലകള്‍. എന്നാല്‍, സമയത്തു പരീക്ഷ നടത്താനോ റിസള്‍ട്ട് പ്രഖ്യാപിക്കാനോ ഇവര്‍ക്കു കഴിയുന്നില്ല. യു.കെ.യിലും അമേരിക്കയിലും കാമ്പസ് തുടങ്ങാന്‍ കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് ഈയിടെ എടുത്ത തീരുമാനം പലരെയും അദ്ഭുതപ്പെടുത്തി. സര്‍വകലാശാലയിലെ പരീക്ഷകളും റിസള്‍ട്ടും സമയബന്ധിതമാക്കിയിട്ടുപോരേ വിദേശ കാമ്പസ് എന്നാണവരുടെ ചോദ്യം. സര്‍വകലാശാലകളില്‍ അക്കാഡമിക് കലണ്ടറുണ്ടെങ്കിലും പ്രവര്‍ത്തനം കലണ്ടറനുസരിച്ചല്ല.
അക്കാഡമിക് മികവ്, ഗവേഷണ മികവ്, പങ്കാളിത്തഗവേഷണം, പ്രസിദ്ധീകരണങ്ങള്‍, തൊഴില്‍ലഭ്യതാ മികവ് മുതലായവയില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്. അധ്യാപകര്‍ അധ്യാപനത്തിലും ഗവേഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗവേഷണത്തിന്റെ ഗുണമേന്മ പ്രസിദ്ധീകരണങ്ങളില്‍ കാണണം. ദേശീയതലത്തില്‍ മുന്നേറുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐ.ഐ. ടി.കള്‍, എന്‍.ഐ.ടി.കള്‍ എന്നിവയെ മാതൃകയാക്കണം. അവിടുത്തെ മികച്ച രീതികള്‍ അവലംബിക്കണം. വിദേശസര്‍വകലാശാലകളിലെ ് അനുവര്‍ത്തിക്കാവുന്ന കാര്യങ്ങള്‍ നമുക്കു പ്രവര്‍ത്തികമാക്കണം. ഈയിടെ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ നേരില്‍ക്കണ്ട മികച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടപ്പാക്കണം. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള പുത്തന്‍ കോഴ്സുകളും സാങ്കേതികവിദ്യകളും അവലംബിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ മുന്നേറണം. ദേശീയ വിദ്യാഭ്യാസനയത്തിലെ മികച്ച നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും താല്‍പ്പര്യം വിലയിരുത്തി നടപ്പാക്കണം. മള്‍ട്ടി ഡിസിപ്ലിനറി ഗവേഷണം, അക്കാഡമിക്- വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ മെച്ചപ്പെടുത്തണം. സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍ മുതലായവ കൂടുതല്‍ വിപുലപ്പെടുത്താന്‍ ശ്രമിക്കണം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എക്സ്ചേഞ്ച്, സ്കില്‍ വികസന പദ്ധതികള്‍ നടപ്പാക്കണം. കോളേജധ്യാപകര്‍ക്കു തുടര്‍പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണം. കാലഹരണപ്പെട്ട സിലബസ്സുകള്‍ പരിഷ്കരിക്കണം. ടെക്നോളജിയധിഷ്ഠിത കോഴ്സുകള്‍ക്കു പ്രാധാന്യം നല്‍കണം. വിദേശസര്‍വകലാശാലകളുമായി ചേര്‍ന്നു കൂടുതല്‍ ട്വിന്നിങ്, ഡ്യൂവല്‍, ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകള്‍ നടപ്പാക്കണം. സര്‍വകലാശാലകളില്‍ കൂടുതല്‍ എക്സ്റ്റേണല്‍ ഫണ്ടിംഗ് പ്രോജക്ടുകള്‍ നടപ്പാക്കണം.
ലോകം മാറുന്നു
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയ കോഴ്സുകളും തൊഴില്‍മേഖലകളും രൂപപ്പെട്ടുവരും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ( ഐ.എല്‍.ഒ ) പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 2040 ആകുമ്പോഴേക്കും ഇപ്പോഴുള്ള തൊഴിലുകളില്‍ 40 ശതമാനത്തോളം ഇല്ലാതാകും എന്നാണ്. പകരം, അറിയപ്പെടാത്ത പുതിയ തൊഴില്‍മേഖലകള്‍ ഉരുത്തിരിഞ്ഞുവരും. 2030 ആകുന്നതോടെ ഓട്ടോമേഷന്‍ എല്ലാ മേഖലകളിലും കൂടുതലായി പ്രാവര്‍ത്തികമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ കോമേഴ്സ്, അഗ്രി ബിസിനസ്, ഭക്ഷ്യസംസ്്കരണം, ഇ ഭക്ഷ്യ റീട്ടെയ്ല്‍, കൃത്രിമ ഇറച്ചി, വെര്‍ട്ടിക്കല്‍ കൃഷി, ഡെലിവറി ഡ്രോണുകള്‍, ഡിജിറ്റലൈസേഷന്, വിര്‍ച്ച്വല്‍ സ്വാധീനം എന്നിവ വിപുലപ്പെടും.
ഡെലിവറി ഡ്രോണുകള്‍, ഡിജിറ്റലൈസേഷന്, വിര്‍ച്ച്വല്‍ സ്വാധീനം, ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്നോളജി, എനര്‍ജി, സുസ്ഥിര സാങ്കേതികവിദ്യ, ജി കണക്റ്റിവിറ്റി, സോളാര്‍ ജിയോ എഞ്ചിനീയറിംഗ്, ഡയറക്റ്റ് കാര്‍ബണ്‍ ക്യാപ്ച്ചര്‍, സൂപ്പര്‍സോണിക് എയര്‍ക്രാഫ്റ്റുകള്‍, പറക്കുന്ന കാറുകള്‍, ഓപ്പണ്‍ റാന്‍ സാങ്കേതികവിദ്യ, പ്രീഫാബ് കണ്‍സ്ട്രക്ഷന്‍, ഗ്രീന്‍ കണ്‍സ്ട്രക്ഷന്‍, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യവികസനം, 3 ഡി പ്രിന്റഡ് വീടുകള്‍, ഹെല്‍ത്ത് കെയര്‍ ടെക്നോളജി, ബയോമെഡിക്കല്‍ സയന്‍സ്, മോളിക്യൂലാര്‍ ബയോളജി, ഹെല്‍ത്ത് ജനറ്റിക്സ്, വ്യക്തിഗത മരുന്നുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍, വ്യക്തിഗത പോഷണം, സ്ലീപ് ടെക്നോളജി, 3 ഡി പ്രിന്റഡ് ബോണ്‍ ഇമ്പ്ലാന്റുകള്‍, ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗെയിമിംഗ് ടെക്നോളജി, കോമിക്സ്, സൈക്കോളജി, ബിസിനസ്സ് എക്കണോമിക്സ്, എഡ്യൂക്കേഷണല്‍ ടെക്നോളോജി, ടെക്നോളജി എനേബിള്‍ഡ് ഓണ്‍ലൈന്‍ കോഴ്സുകള്‍, വിര്‍ച്വല്‍ യൂണിവേഴ്സിറ്റികള്‍, കാലാവസ്ഥാ വ്യതിയാനം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കല്‍, ആരോഗ്യം, വാക്സിന്‍നിര്‍മാണം, ഇ അക്കൗണ്ടിംഗ്, ബ്ലോക്ക്ചെയിന്‍ ടെക്നോളജി, സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍, സ്പേസ് ടൂറിസം, ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് സ്ട്രീമിംഗ്, മെറ്റാ വേര്‍സ് മുതലായവ ഭാവിയിലെ തൊഴില്‍ സാധ്യതയുള്ള മേഖലകളാകും. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ സര്‍വകലാശാലകളും മാറിയാല്‍മാത്രമേ ലോകറാങ്കിങ്ങില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്കു മുന്നേറാന്‍ സാധിക്കൂ.
നീറ്റ്: ഓപ്ഷന് രജിസ്ട്രേഷനു മുമ്പ് ഗൃഹപാഠം ചെയ്യണം
നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നു. ആദ്യ ഓപ്ഷന് രജിസ്ട്രേഷന് എം.ബി.ബി.എസ്, ബി.ഡി.എസ്. സീറ്റുകളിലേക്കാണ്. അനുബന്ധ ആയുര്‍വേദ, കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ്
കോഴ്സുകളിലേക്കുള്ള ഓപ്ഷന് രജിസ്ട്രേഷന് പിന്നീടാണ്. ഓപ്ഷന് രജിസ്ട്രേഷന് ഓണ്‍ലൈനായി സംസ്ഥാന പ്രവേശനപരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ്. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും വ്യക്തമായി മനസ്സിലാക്കിയിരിക്കണം. താല്പര്യമുള്ള കോഴ്സ്, കോളേജുകള്‍, ഫീസ്ഘടന, കോഴ്സിന്റേയും കോളേജിന്റെയും കോഡ് എന്നിവ മനസ്സിലാക്കണം. മുന്‍വര്‍ഷങ്ങളിലെ അവസാന റാങ്കുകള്‍ വിലയിരുത്തി ഓപ്ഷന് നല്കുന്നതു പ്രായോഗികമായിരിക്കും. ഒരാള്‍ക്കു എത്ര ഓപ്ഷനും നല്‍കാം. മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകള്‍ക്കു രണ്ടു ഓപ്ഷന് അലോട്ടുമെന്റ് പ്രക്രിയ, മോപ്പ്അപ് റൗണ്ട്, സ്ട്രെയ് അലോട്ടുമെന്റ് എന്നിവയുണ്ടാകും. മൊത്തം 4500 എം. ബി.ബി.എസ.് സീറ്റുകളും 2400 ബി.ഡി.എസ്. സീറ്റുകളും കേരളത്തിലുണ്ട്.
മുന്‍ഗണനാക്രമം തീരുമാനിക്കണം
അപേക്ഷ അയയ്ക്കുമ്പോള്‍ത്തന്നെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകും. വെബ്സൈറ്റില്‍ അപേക്ഷ, പാസ്സ്വേര്‍ഡ് എന്നിവ ഉപയോഗിച്ച് ക്യാന്‍ഡിഡേറ്റ് പോര്‍ട്ടലിലെത്താം. കോഴ്സ്, സ്ഥാപന കോഡ് എന്നിവ മനസ്സിലാക്കിയിരിക്കണം. ഓപ്ഷന് നല്‍കുന്നതിനുമുമ്പ് മുന്‍ഗണനാക്രമം തീരുമാനിക്കണം. ഇത് ഏ 4 ഷീറ്റിലോ ഓപ്ഷന് വര്‍ക്ക് ഷീറ്റിന്റെ പ്രിന്റൗട്ട് എടുത്തോ ചെയ്യാം. മുന്‍ഗണനാക്രമം തീരുമാനിച്ചാല്‍ ഓപ്ഷന് നല്‍കാം. ഓരോ തവണ ഓപ്ഷന് എന്റര്‍ ചെയ്താല്‍ സേവ് ബട്ടണ്‍ അമര്‍ത്തണം. മുഴുവന്‍ ഓപ്ഷനും നല്കിക്കഴിഞ്ഞാല് ഓപ്ഷന് എന്‍ട്രി റിപ്പോര്‍ട്ടിന്റെ പ്രിന്റൗട്ട് എടുക്കാം. രജിസ്ട്രേഷന് അവസാനിക്കുന്നതിനുമുമ്പ് ഓപ്ഷന് പുനര്‍ക്രമീകരിക്കാം. ആവശ്യമില്ലാത്തത് ഒഴിവാക്കാം. ഓപ്ഷന് നല്‍കിയത് ഒഴിവാക്കുമ്പോള്‍ ക്രമനമ്പറിനു പകരം പൂജ്യം നല്കിയാല് മതി. തുടര്‍ന്ന് അപ്ഡേറ്റ് ചെയ്യണം. ആദ്യ ഓപ്ഷന് കഴിഞ്ഞ് അലോട്ടുമെന്റ് വന്നാല്‍ കണ്‍ഫേം ബട്ടണ്‍ അമര്‍ത്തിയാലേ തുടര്അലോട്ടുമെന്റിലെ ഹയര്‍ ഓപ്ഷന് പരിഗണിക്കൂ.
ആദ്യ ഓപ്ഷനില്‍ അലോട്ടുമെന്റ് ലഭിച്ചാല്‍ അലോട്ടുമെന്റ് ലെറ്ററില്‍ സൂചിപ്പിച്ച നിശ്ചിത തുക ഓണ്ലൈനായടക്കണം. തുടര്‍ന്ന് ഹയര്‍ ഓപ്ഷനു ശ്രമിക്കാം.ആദ്യ ഓപ്ഷനില്‍ ലഭിച്ച സീറ്റിനനുസരിച്ച് ഫീസടക്കുന്നില്ലെങ്കില്‍ തുടര്ഓപ്ഷന് പ്രക്രിയയില്‍ പങ്കെടുക്കാനാവില്ല. മെഡിക്കല്‍, ഡെന്റല്‍ അലോട്ട്മെന്റ് പ്രക്രിയയില്‍ സമയക്രമം പാലിക്കേണ്ടതിനാല്‍ ആദ്യഅലോട്ട്മെന്റ് പ്രക്രിയയ്ക്കുശേഷം നിശ്ചിത തുക ഫീസടച്ച് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍, കാര്‍ഷികാനുബന്ധ ആരോഗ്യ, കാര്‍ഷിക കോഴ്സുകള്‍ക്ക് അഡ്മിഷന് ലഭിച്ചാല്‍ സ്വാഭാവികമായും രണ്ടാം ഓപ്ഷനുശേഷം കോളേജില്‍ റിപ്പോര്‍ട്ട്ചെയ്താല്‍ മതിയാകും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം.
രക്ഷിതാവും വിദ്യാര്‍ഥിയും കൂടെയിരുന്ന് ഓപ്ഷന് നല്കാന് ശ്രമിക്കണം. അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കുമ്പോള്‍ വിദ്യാര്‍ഥിയും രക്ഷിതാവും കൂടെയുണ്ടാകണം. ചില വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളെക്കുറിച്ച് സംശയങ്ങളുണ്ടാവാം. സര്‍ക്കാര്‍സീറ്റ് ലഭിക്കുന്നില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറ്റവും ഫീസ് കുറവ് കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലാണെന്ന കാര്യം മനസ്സിലാക്കണം. എഞ്ചിനീറിങ്ങിനും മെഡിസിനും അഡ്മിഷന് ലഭിച്ചാല്‍ വിദ്യാര്‍ഥിയുടെ താല്‍പ്പര്യം, അഭിരുചി, ലക്ഷ്യം, മനോഭാവം, പ്രാപ്തി എന്നിവ വിലയിരുത്തി തീരുമാനമെടുക്കാം. നീറ്റില്‍ മാര്‍ക്ക് കുറഞ്ഞവര്‍ റിപ്പീറ്റ് ചെയ്യുന്ന പ്രവണത കേരളത്തിലേറെയാണ്. തീരെ കുറഞ്ഞ മാര്‍ക്കുള്ളവര്‍ ഓപ്ഷന് നല്കുന്നതിനു മുമ്പ് മുന്‍ വര്‍ഷങ്ങളിലെ റാങ്ക് വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണം.
[mbzshare]