റിസ്‌ക് ഫണ്ട് മൂന്നു ലക്ഷം രൂപയാക്കും – സഹകരണ മന്ത്രി

Deepthi Vipin lal

ഒരാള്‍ വായ്പയെടുത്തശേഷം മരിച്ചാല്‍ ലഭിക്കുന്ന റിസ്‌ക് ഫണ്ട് രണ്ടു ലക്ഷം രൂപയില്‍ നിന്നു മൂന്നു ലക്ഷം രൂപയാക്കാന്‍ തീരുമാനിച്ചതായി സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഗുരുതരമായി രോഗം ബാധിച്ച് വായ്പക്കാരന്‍ വിഷമകരമായ അവസ്ഥയിലായാല്‍ ഒരു ലക്ഷം രൂപയാണു ഇതുവരെ കൊടുത്തുകൊണ്ടിരുന്നത്. ഇത് ഒന്നേകാല്‍ ലക്ഷമാക്കും.

തിരുവനന്തപുരത്തു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അദില അബ്ദുള്ള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നിക്ഷേപ സമാഹരണയജ്ഞത്തില്‍ ഇക്കൊല്ലം അഭിമാനകരമായ നേട്ടമുണ്ടായി. 6000 കോടി രൂപയാണു ലക്ഷ്യമിട്ടിരുന്നത്. 1253 കോടി രൂപ അധികം സമാഹരിക്കാന്‍ കഴിഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ കേരളത്തിലെ സഹകരണ മേഖലയുടെ 340 ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടക്കും. കേരളത്തിലെ 23,000 ത്തോളം സംഘങ്ങള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും- മന്ത്രി പറഞ്ഞു.

റെക്കോഡ് വര്‍ധനവാണ് രജിസ്‌ട്രേഷന്‍ വകുപ്പിലുണ്ടായിട്ടുള്ളത്. മുന്‍വര്‍ഷത്തെയപേക്ഷിച്ച് 1301.75 കോടി രൂപയുടെ വര്‍ധനവുണ്ടായി. ഓരോ ജില്ലയ്ക്കും ആധാരം രജിസ്‌ട്രേഷനില്‍ ലക്ഷ്യം നിര്‍ണയിച്ചിരുന്നു. അതു നേടാന്‍ കഴിഞ്ഞിട്ടുണ്ട്. രജിസ്ട്രേഷൻ വകുപ്പ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറൈസേഷന്‍ അതിന്റെ പൂര്‍ണതയിലെത്തുകയാണ്. പഴയ ആധാരപ്പകര്‍പ്പുകളെല്ലാം ഓണ്‍ലൈനായി കിട്ടാന്‍ ഡിജിറ്റലൈസ് ചെയ്യും. വീട്ടിലിരുന്നു അപേക്ഷിച്ചാല്‍ ആധാരത്തിന്റെ പകര്‍പ്പു കിട്ടാനുള്ള സാഹചര്യമുണ്ടാകും.

കെ റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി കല്ലിട്ടാല്‍ ആ ഭൂമി ഈടായി സ്വീകരിക്കില്ല എന്ന നിലപാട് സഹകരണ ബാങ്കുകള്‍ക്കില്ലെന്നു മന്ത്രി പറഞ്ഞു. ഇങ്ങനെ കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കാത്ത രണ്ടു സംഭവങ്ങളുണ്ടായി. രണ്ടു സംഘങ്ങളെയും നിജസ്ഥിതി ബോധ്യപ്പെടുത്തി പ്രശ്‌നം പരിഹരിച്ചു. സഹകരണ ബാങ്കുകളില്‍ ഇത്തരം ഭൂമി ഈടായി നല്‍കിയാല്‍ നിഷേധിക്കരുതെന്നു നിര്‍ദേശം കൊടുത്തിട്ടുണ്ട്. സാധാരണക്കാരുടെ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി ഒഴിവാക്കണമെന്നു സഹകരണ ബാങ്കുകള്‍ക്കു നേരത്തേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നോ നാലോ സെന്റ് കിടപ്പാടമുള്ളവരെ തെരുവില്‍ ഇറക്കിവിട്ടിട്ട് ജപ്തി ചെയ്യരുത് എന്നതാണ് സര്‍ക്കാരിന്റെ പൊതുനയം. ഇതു സര്‍ക്കാര്‍ ആദ്യംതന്നെ പ്രഖ്യാപിച്ചതാണ്. അതിനൊരു മാറ്റവുമില്ല. മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ജപ്തി നടപടിയെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് – മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.