റിസ്‌ക് ഫണ്ടില്‍ മാസം നല്‍കുന്നത് എട്ടുകോടി; ഈ സര്‍ക്കാര്‍ നല്‍കിയത് 291 കോടി

Deepthi Vipin lal

സഹകരണ ബാങ്കുകളിലെ ഇടപാടുകാരില്‍ ഗുരുതര രോഗം ബാധിച്ചവര്‍ക്ക് നല്‍കുന്ന റിസ്‌ക് ഫണ്ട് സഹായത്തില്‍ ഒരുമാസം നല്‍കുന്നത് എട്ടുകോടിരൂപയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 37,859 അപേക്ഷകളാണ് ആനുകൂല്യം നല്‍കുന്നതിനായി പരിഗണിച്ചത്. 2020 നവംബര്‍ വരെയുള്ള കണക്കാണിത്. ഈ അപേക്ഷര്‍ക്കായി മൊത്തം 291.68 കോടിരൂപ ധനസഹായമായി നല്‍കിയിട്ടുണ്ട്.

കേരളസഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നശേഷം റിസ്‌ക് ഫണ്ട് നിയമാവലിയില്‍ മാറ്റം വരുത്തിയിരുന്നു. ഇതോടെ അപേക്ഷരുടെ എണ്ണവും കൂടി. പ്രളയത്തിലും മഴക്കെടുത്തിയിലും കോവിഡ് വ്യാപനഘട്ടത്തിലും സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ സഹായത്തിനൊപ്പം തന്നെ ആശ്വാസമാണ് റിസ്‌ക്ഫണ്ട് വഴി നല്‍കിയ ധനസഹായവും. മാരക രോഗം ബാധിക്കുകയും എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ ധനസഹായം ലഭിക്കുന്നത് എന്നതിനാല്‍, അതിനുള്ള മാനുഷിക മൂല്യം ഏറെ വലുതാണ്. മറ്റൊരുധനകാര്യ സ്ഥാപനത്തിലും ഇല്ലാത്ത ആശ്വാസ പദ്ധതിയാണ് റിസ്‌ക് ഫണ്ട്.

സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാസഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, ഇതര വായ്പ സഹകരണ സംഘങ്ങള്‍ എന്നിവയില്‍നിന്ന് നല്‍കിവരുന്ന വായ്പകള്‍ക്കാണ് റിസ്‌ക് ഫണ്ട് ആനുകൂല്യം ലഭിക്കുന്നത്. സ്വര്‍ണ പണയ വായ്പയും നിക്ഷേപത്തിന്‍മേലുള്ള വായ്പയും ആനുകൂല്യത്തിന്റെ പരിധിയില്‍ വരുന്നതല്ല. വായ്പ എടുക്കുന്നവരില്‍നിന്ന് റിസ്‌ക് ഫണ്ട് വിഹിതമായി കുറഞ്ഞത് 100 രൂപയും പരമാവധി 1000 രൂപയും ഈടാക്കുന്നുണ്ട്.

വായ്പ എടുത്തയാള്‍ മരണപ്പെടുകയോ മാരക രോഗം ബാധിക്കുകയോ ചെയ്താല്‍ ഈ പദ്ധതിയില്‍നിന്ന് ആനുകൂല്യം ലഭിക്കും. ആറുമാസത്തില്‍ അധികരിച്ച കാലത്ത് കുടിശ്ശികയുണ്ടായിരിക്കരുതെന്നാണ് ആനുകൂല്യത്തിന് അര്‍ഹത നേടാനുള്ള പ്രധാന വ്യവസ്ഥ. എന്നാല്‍, ഈ രോഗത്തിന്റെയും മറ്റും കാരണത്താല്‍ ഈ വ്യവസ്ഥ പാലിക്കാനാകാത്ത സ്ഥിതി ഇടപാടുകാര്‍ക്കുണ്ടാകാറുണ്ട്. അവരുടെ ജീവിതാവസ്ഥയും സാമ്പത്തിക സ്ഥിതിയും പരിഗണിച്ച് ഈ വ്യവസ്ഥയില്‍ ഇളവുനല്‍കിയും സര്‍ക്കാര്‍ റിസ്‌ക് ഫണ്ട് ആനുകൂല്യം നല്‍കിയിട്ടുണ്ട്. ശരാശരി ഒരുമാസം എട്ടുപേര്‍ക്കെങ്കിലും വ്യവസ്ഥയില്‍ ഇളവുനല്‍കി ആനുകൂല്യം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ അനുമതി നല്‍കുന്നുണ്ട്.

അടയ്ക്കാന്‍ ബാക്കിയുള്ള വായ്പയുടെ മുതലിനത്തിലുള്ള മുഴുവന്‍ തുകയും, അല്ലെങ്കില്‍ രണ്ടുലക്ഷം രൂപ ഇതിലേതാണോ കുറവ് അതാണ് സഹായധനമായി അനുവദിക്കുന്നത്. ഒന്നിലധികം പേര്‍ക്ക് ബാധ്യതയുള്ള വായ്പയാണെങ്കില്‍, മരണപ്പെട്ടയാള്‍ക്ക് അല്ലെങ്കില്‍ രോഗം ബാധിച്ചയാള്‍ക്ക് ബാധകമാകുന്ന വിഹിതം മാത്രമായിരിക്കും ആനുകൂല്യത്തിന് പരിഗണിക്കുക. പി.മമ്മിക്കുട്ടിയായിരുന്നു സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഇദ്ദേഹം രാജിവെച്ചിരുന്നു. ഇപ്പോള്‍ ഭരണസമിതി അംഗമായ ഡി.ആര്‍.അനില്‍കുമാറിനാണ് സര്‍ക്കാര്‍ ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.

Latest News