രാഷ്ട്രീയത്തില്‍ നിന്ന് സഹകരണ മേഖലയിലേക്ക് എടുത്തുചാടിയ എന്‍.കെ.

യു.പി. അബ്ദുള്‍ മജീദ്

കനത്ത മഴയില്‍ ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞു കുത്തിയൊഴുകുകയാണ്. പുഴക്കു കുറുകെ മുക്കം – അരീക്കോട് റോഡിലെ പാലം. കലങ്ങിമറിഞ്ഞു പുഴയൊഴുകുന്നതു കാണാന്‍ മുക്കം ഓര്‍ഫനേജ് ഹൈസ്‌കൂളിലെ നാലു കുട്ടികള്‍ പാലത്തിനു മുകളിലെത്തുന്നു. അബ്ദുറഹിമാന്‍, ഹംസ, ഹുസ്സന്‍കുട്ടി, ഉസ്സന്‍ എന്നിവരില്‍ തലയെടുപ്പുള്ളയാള്‍ സ്‌കൂളിലെ സംഘടനാ നേതാവ്കൂടിയായ അബ്ദുറഹിമാനായിരുന്നു. ‘നേതാവേ, വെള്ളത്തിലേക്കു ചാടാന്‍ ധൈര്യമുണ്ടോ?’ – അബ്ദുറഹിമാനെ ഉന്നംവെച്ച് ഉസ്സന്റേതായായിരുന്നു ചോദ്യം. ഷര്‍ട്ടും മുണ്ടും അഴിച്ചുവെച്ച് ട്രൗസറുമിട്ട് പാലത്തിന്റെ കൈവരിയില്‍ നിന്നു പുഴയിലേക്കു ചാടുന്ന അബ്ദുറഹിമാനെയാണ് പിന്നെക്കണ്ടത്.

കുറച്ചുനേരം അബ്ദുറഹിമാനെ കാണാതായതോടെ കൂട്ടുകാര്‍ ബഹളം തുടങ്ങി. നാട്ടുകാര്‍ ഓടിക്കൂടി. ശക്തമായ ഒഴുക്കില്‍ താഴേക്കു നീങ്ങിയ അബ്ദുറഹിമാന്‍ നീന്തി ചോണാട്ട് പറമ്പില്‍ കരപറ്റിയതോടെയാണു നാട്ടുകാര്‍ നെടുവീര്‍പ്പിട്ടത്. കൂളായി നടന്നുവന്നു വസ്ത്രം ധരിച്ച് അബ്ദുറഹിമാന്‍ വീട്ടിലേക്കു പോയെങ്കിലും മുക്കം പാലത്തില്‍ നിന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥി പുഴയില്‍ ചാടിയ വാര്‍ത്ത നാടാകെ പരന്നു. രാഷ്ട്രീയ നേതാവ്, സഹകാരി, ട്രേഡ് യൂണിയന്‍ സംഘാടകന്‍, സന്നദ്ധ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനായ എന്‍.കെ. അബ്ദുറഹിമാനെപ്പറ്റിയുളള ‘എന്‍.കെ. പിന്നിട്ട 57 വര്‍ഷം ‘ എന്ന പുസ്തകത്തില്‍, അന്നു പുഴവെള്ളം കാണാന്‍പോയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഹംസയാണ് 1968 ല്‍ നടന്ന സംഭവം ഓര്‍ക്കുന്നത്.

നഷ്ടപ്പെടാത്ത
ധൈര്യം

കാല്‍ നൂറ്റാണ്ടുകാലം കോഴിക്കോട് കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന അബ്ദുറഹിമാന്‍ സഹകരണരംഗത്തും രാഷ്ട്രീയരംഗത്തുമൊക്കെ നടത്തിയ പ്രവര്‍ത്തനങ്ങളും നടപ്പാക്കിയ പദ്ധതികളും മറ്റും പരിശോധിച്ചാല്‍ കുട്ടിക്കാലത്ത് പുഴയില്‍ ചാടാന്‍ കാണിച്ച ധൈര്യം പില്‍ക്കാലത്തും നഷ്ടപ്പെട്ടില്ല എന്നു കാണാനാവും. 150 കോടി രൂപ ചെലവില്‍ കോഴിക്കോട് നഗരത്തില്‍ അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിര്‍മിക്കാനുളള തീരുമാനം അബ്ദുറഹിമാന്റേതാണ്. ഏഷ്യയിലെ ആദ്യത്തെ സഹകരണ മ്യൂസിയം നിര്‍മാണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ കേരളത്തിലെ സഹകരണ മേഖലയില്‍ മുമ്പേ നടന്ന ബാങ്കെന്ന ബഹുമതി മാത്രമല്ല കാരശ്ശേരി ബാങ്കിന് അബ്ദുറഹിമാന്‍ നേടിക്കൊടുക്കുന്നത്. റിസ്‌ക്കും വെല്ലുവിളികളും ഏറെയുള്ള നൂതന സംരംഭത്തിന്റെ അമരക്കാരനെന്ന അംഗീകാരം കൂടിയാണ്.

രാഷ്ട്രീയ- കലാ- സാംസ്‌കാരിക- സഹകരണ രംഗങ്ങളിലെ അറുപതിലധികം പേരാണു പുസ്തകത്തില്‍ അബ്ദുറഹിമാനെ വിലയിരുത്തുന്നത്. ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, മുന്‍ സ്പീക്കര്‍ പി.പി. തങ്കച്ചന്‍, മുന്‍ മന്ത്രി സി.വി. പത്മരാജന്‍, മുന്‍ മന്ത്രി പരേതനായ ആര്യാടന്‍ മുഹമ്മദ്, എം.എന്‍. കാരശ്ശേരി, പി.വി.ചന്ദ്രന്‍, രമേശന്‍ പാലേരി, അഡ്വ.ടി. ആസഫലി, കാഞ്ചനമാല, ജോസ് കുറ്റിയാനി, എം.വി.ശ്രേയാംസ് കുമാര്‍, കെ.പി. ശ്രീശന്‍, അഡ്വ. പി.എം. സുരേഷ് ബാബു, അഡ്വ.സി. വത്സലന്‍, പി. ദാമോദരന്‍, ഉമ്മര്‍ പാണ്ടികശാല, സി.ഇ. ചാക്കുണ്ണി തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്.

രാഷ്ട്രീയത്തില്‍ ഉയരങ്ങളിലേക്കുള്ള പടവുകള്‍ കയറാനാവാതെപോയ അബ്ദുറഹിമാനെ ഈ രംഗത്തുള്ള മിക്കവരും സഹതാപത്തോടെയാണു കാണുന്നത്. എന്നാല്‍, 1965 ല്‍ കെ.എസ്.യു.വിന്റെ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായി തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം കോഴിക്കോട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, ഡി.സി.സി. സെക്രട്ടറിസ്ഥാനവും പിന്നിട്ട് കെ.പി.സി.സി. സെക്രട്ടറിപദവിയിലെത്തി പിന്തിരിഞ്ഞു നടക്കേണ്ടി വന്നതിനു കാരണക്കാരന്‍ അബ്ദുറഹിമാന്‍ തന്നെയാണെന്നു ചുരുക്കം ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അബ്ദുറഹിമാന്റെ നിലപാടുകളായിരുന്നു അടിസ്ഥാനകാരണം. താന്‍ കെ.പി.പി.സി. പ്രസിഡന്റായിരുന്നപ്പോള്‍ ഏല്‍പ്പിച്ച ചുമതലകള്‍ നിറവേറ്റുന്ന സെക്രട്ടറിമാര്‍ക്കു മാര്‍ക്കിടുന്ന രീതി ഉണ്ടായിരുന്നതും അബ്ദുറഹിമാനു നൂറില്‍ നൂറ് മാര്‍ക്ക് കിട്ടിയിരുന്നതും പി.പി. തങ്കച്ചന്റെ ലേഖനത്തിലുണ്ട്. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന അബ്ദുറഹിമാന്റെ സ്വഭാവം സി.വി. പത്മരാജനും ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍, സ്വന്തം പ്രസ്ഥാനത്തോടു ബന്ധപ്പെട്ട ചിലരുടെ അഴിമതിക്കെതിരെ പട നയിച്ച് വിഷമഘട്ടങ്ങള്‍ ഇരന്നുവാങ്ങുകയായിരുന്നു അബ്ദുറഹിമാനെന്നാണു പി.എസ്. ശ്രീധരന്‍ പിള്ളയുടെ അഭിപ്രായം.

തോട്ടംതൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശസമരങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്ത അബ്ദുറഹിമാന്‍ പ്ലാന്റേഷന്‍ ലേബര്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്സ്ഥാനം വഹിച്ചപ്പോഴും കെട്ടിടനിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്റ്റിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴും നടത്തിയ പ്രവര്‍ത്തനങ്ങളാണു തൊഴിലാളിരംഗത്തു പ്രവര്‍ത്തിച്ച ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ എടുത്തു കാട്ടുന്നത്. പോര്‍ട്ടര്‍മാരുടേയും റേഷന്‍ വിതരണക്കാരുടേയും സര്‍ക്കാര്‍ കരാറുകാരുടേയും സംഘടനകളുടെ തലപ്പത്തിരുന്നു നടത്തിയ പ്രവര്‍ത്തനങ്ങളും പരാമര്‍ശിക്കുന്നുണ്ട്. തൊഴില്‍സമരങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും മറ്റും എന്‍.കെ. പ്രയോഗിച്ച തന്ത്രങ്ങളും സ്വീകരിച്ച നിലപാടുകളും തൊഴിലാളികള്‍ക്കു നിരവധി ആനുകൂല്യങ്ങള്‍ നേടിക്കൊടുത്തതാണു ബി.എം.എസ.് നേതാവ് കെ.എം. ബാലകൃഷ്ണന്‍ ഓര്‍മിപ്പിക്കുന്നത്.

എന്‍.കെ. എന്ന
സഹകാരി

സഹകാരിയെന്ന നിലയില്‍ എന്‍.കെ. അബ്ദുറഹിമാന്റെ പ്രവര്‍ത്തനങ്ങളാണു പുസ്തകത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. കാരശ്ശേരി ബാങ്കിന്റെ വളര്‍ച്ച മാത്രമല്ല കേരളത്തിലെ സഹകരണമേഖലയിലെ പ്രധാന ചലനങ്ങള്‍ വിശദീകരിക്കുന്ന ലേഖനങ്ങളുമുണ്ട്. സഹകരണ ചരിത്രം പഠിക്കുന്നവര്‍ക്കു പ്രയോജനപ്പെടുന്ന ഒട്ടനവധി വിവരങ്ങള്‍ പുസ്തകത്തിലുണ്ട്. ബാങ്കിങ്‌മേഖലയിലെ ആധുനികവത്കരണത്തിന് ഇരുപതു വര്‍ഷം മുമ്പ് തുടക്കമിട്ട കാരശ്ശേരി ബാങ്കിന്റെ സാരഥിയെന്ന നിലയില്‍ അബ്ദുറഹിമാന്റെ ദീര്‍ഘവീക്ഷണവും പ്രതിസന്ധികളില്‍ അകപ്പെടുന്ന സഹോദരസ്ഥാപനങ്ങളോടുളള അദ്ദേഹത്തിന്റെ കരുതലും സഹകരണമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിക്കുന്ന ഒരു സഹകാരി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനു ദൃഷ്ടാന്തമാണെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയുടെ കുറിപ്പിലുണ്ട്.

എല്ലാവരേയും കോര്‍ത്തിണക്കി മുന്നോട്ടു നയിക്കാനുള അബ്ദുറഹിമാന്റെ കഴിവിനെയാണു സാമൂഹികക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ലിഡ ജേക്കബ് പ്രശംസിക്കുന്നത്. മാര്‍ക്കറ്റ്‌ഫെഡ് ഡയറക്ടറായിരിക്കെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കര്‍ഷകര്‍ക്ക് അത്താണിയായി മാറാനും എന്‍.കെ. നടത്തിയ ശ്രമങ്ങളെ മാര്‍ക്കറ്റ്‌ഫെഡ് മുന്‍ ചെയര്‍മാന്‍ ജോസ് കുറ്റിയാനി എടുത്തുപറയുന്നുണ്ട്. അബ്ദുറിമാന്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ടേറ്റീവ് കമ്മിറ്റി ചെയര്‍മാനായിരുന്ന കാലത്തെടുത്ത ചില തീരുമാനങ്ങള്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടുന്ന ബാങ്ക് മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മൂസ പന്തീരാങ്കാവ്, വായ്പ അനുവദിക്കാനുള്ള അധികാരം താഴെത്തട്ടിലേക്കു കൈമാറിയതും വര്‍ഷങ്ങളായി നിസ്സാരവേതനത്തിനു ജോലി ചെയ്യുന്ന കണ്ടിജന്റ് തൊഴിലാളികളെ ചേര്‍ത്തുപിടിച്ചതുമൊക്കെ ഉദാഹണമായി എടുത്തുപറയുന്നു.

സേവനരംഗത്തെ
മികവ്

സഹകരണസ്ഥാപനം വഴി നാട്ടില്‍ കാരുണ്യപ്രവര്‍ത്തനം നടത്താമെന്നു തെളിയിച്ച അബ്ദുറഹിമാന്റെ സേവനരംഗത്തെ മികവിനെയാണ് അദ്ദേഹത്തെ അടുത്തറിയുന്ന നാട്ടുകാരായ സുഹൃത്തുക്കളുടെ ലേഖനങ്ങളില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്. കാരശ്ശേരി ബാങ്കിന്റെ കീഴിലുള്ള സ്‌മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 10 വീടുകള്‍ നിര്‍മിച്ചതുള്‍പ്പെടെയുളള കാര്യങ്ങള്‍ ഉദാഹരണമാണ്. നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന എന്‍.കെ. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും മാതൃകയാണ്. മൂന്നാംവഴി സഹകരണ മാസിക 2022 സെപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘കണ്ടു പഠിക്കാന്‍ ഒരു കാരശ്ശേരി ബാങ്ക്’ എന്ന ഫീച്ചര്‍ പൂര്‍ണമായും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

അബ്ദുറഹിമാന്റെ കര്‍മമണ്ഡലത്തിന്റെ വ്യാപ്തി തെളിയിക്കുന്ന നിരവധി ഫോട്ടോകള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ എന്‍.കെ. സ്വീകരിക്കുന്ന ഫോട്ടോകളാണ് ആദ്യ ഭാഗത്ത്. എ.പി. മുരളിധരന്‍ മാസ്റ്ററാണ് എഡിറ്റര്‍. മുക്കത്തെ കെ.ടി. പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച 216 പേജുള്ള പുസ്തകത്തിന്റെ വില 300 രൂപയാണ്.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!