രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാല്‍ ഉത്പ്പാദിപ്പിക്കുന്നത് മലബാര്‍ മേഖല ക്ഷീര കര്‍ഷകര്‍

[mbzauthor]

ദേശീയ മൃഗ സംരക്ഷണ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള ശുദ്ധമായ പാല്‍ ഉത്പ്പാദിപ്പിക്കുന്നത് മലബാര്‍ മേഖല ക്ഷീര കര്‍ഷകര്‍. വകുപ്പിന്റെ കണക്കു പ്രകാരം മലബാര്‍ മേഖല ക്ഷീര കര്‍ഷകരില്‍ നിന്നും മില്‍മ സംഭരിക്കുന്ന പാലിന്റെ ശരാശരി അണു ഗുണനിലവാരം 204 മിനിറ്റായി ഉയര്‍ന്നു. അടുത്ത സാമ്പത്തിക വര്‍ഷം 236 മിനിറ്റായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

190 മിനിറ്റ്, 180 മിനിറ്റ് എന്നീ ക്രമത്തില്‍ അണു ഗുണനിലവാരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത് കര്‍ണ്ണാടകയും പഞ്ചാബുമാണ്. തമിഴ്‌നാട് 80, ആന്ധ്ര പ്രദേശ് 30, ഗുജറാത്ത് 90, ഹിമാചല്‍ പ്രദേശ് 60, മഹാരാഷ്ട്ര 60, മണിപ്പൂര്‍ 60, മേഘാലയ 120, ബീഹാര്‍ 60, ജമ്മു ആന്റ് കാശ്മീര്‍ 90, നാഗലന്‍ഡ് 60, ഒഡീഷ 60, രാജസ്ഥാന്‍ 120, സിക്കിം 60 എന്നിങ്ങനെയാണ് യഥാക്രമം മറ്റു സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പാലിന്റെ അണു ഗുണനിലവാരം.

കാസറഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ഗ്രാമീണ ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെ കേന്ദ്ര സ്ഥാപനമാണ് മലബാര്‍ മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന്‍. ഉത്പ്പാദന, സംഭരണ തലങ്ങളില്‍ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി സഞ്ചരിക്കുന്ന 14 പാല്‍ പരിശോധനാ ലാബുകള്‍, ഗ്രാമതല പ്രവര്‍ത്തകര്‍ വഴി അകിടുവീക്ക നിയന്ത്രണ പദ്ധതി, ബയോഗ്യാസ് പ്ലാന്റിനും, കാലിത്തൊഴുത്തിനും, സ്റ്റീല്‍ പാല്‍ പാത്രങ്ങള്‍ക്കും കര്‍ഷകര്‍ക്ക് ധനസഹായം, അണുഗുണ നിലവാര പരിശോധന സൗകര്യം ഒരുക്കുന്നതിനും, സെന്‍ട്രിഫ്യൂജുകള്‍ക്കും, പാല്‍ക്യാനുകള്‍ക്കും ക്ഷീര സംഘങ്ങള്‍ക്ക് ധനസഹായം, ക്ഷീര സംഘങ്ങളില്‍ പാല്‍ ശീതീകരിക്കുന്നതിനായി ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍, 62 ക്ഷീര സംഘങ്ങള്‍ക്ക് അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷ അംഗീകാരം എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് പാല്‍ ഗുണനിലവാര വര്‍ധനവിനായി മലബാര്‍ മില്‍മ നടപ്പാക്കുന്നത്.

MBRT ടെസ്റ്റ് എന്നറിയപ്പെടുന്ന മെത്തിലീന്‍ ബ്ലൂ ഡൈ റിഡക്ഷന്‍ ടെസ്റ്റ്, പാലിന്റെ മൈക്രോബയോളജിക്കല്‍ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗമാണ്. പാല്‍ കറന്നത് മുതല്‍ എത്ര നേരം നോര്‍മല്‍ ടെമ്പറേച്ചറില്‍ പാല്‍ കേട് കൂടാതെ ഇരിക്കുന്നുവോ അത്രയും ബാക്ടീരിയകളുടെ അളവ് പാലില്‍ കുറവും ഈ പാല്‍ കൂടുതല്‍ ഗുണനിലവാരം പുലര്‍ത്തുന്നതുമായിരിക്കും. ഇത് പരിശോധിക്കുന്നതിനായി നടത്തുന്ന ടെസ്റ്റ് ആണ് MBRT. സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മൂലം പാലില്‍ അടങ്ങിയിരിക്കുന്ന ഓക്സിജന്‍ തീര്‍ന്നുപോകുമ്പോള്‍ പാലില്‍ ചേര്‍ക്കുന്ന ഡൈ ലായനിയുടെ (മെത്തിലീന്‍ ബ്ലൂ) നീല നിറം മാറുമെന്ന വസ്തുതയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിശോധന. ഈ നിറമാറ്റത്തിന് എടുക്കുന്ന സമയമാണ് മെത്തിലീന്‍ ബ്ലൂ ഡൈ റിഡക്ഷന്‍ ടെസ്റ്റ് ടൈം. വളരെ വേഗത്തില്‍ നിറം മാറിയാല്‍ പാലിന്റെ ബാക്ടീരിയോളജിക്കല്‍ ഗുണനിലവാരം കൂടുതല്‍ താഴ്ന്നതായിരിക്കും. നീല നിറം മാറുന്നതിന് എത്ര കൂടുതല്‍ സമയം എടുക്കുന്നുവോ പാലിന്റെ ഗുണനിലവാരം അത്രയും കൂടുതല്‍ ആയിരിക്കും.

[mbzshare]

Leave a Reply

Your email address will not be published.