രക്താര്‍ബുദം ബാധിച്ച ബാലന് എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ അതിസങ്കീർണ്ണമായ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി

moonamvazhi

രക്താര്‍ബുദം ബാധിച്ച പതിമൂന്നു വയസ്സുകാരന് കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അതിസങ്കീർണ്ണമായ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. പകുതിമാത്രം ചേര്‍ച്ചയുള്ള ദാതാവില്‍നിന്നുള്ള മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയനായ എറണാകുളം സ്വദേശിയായ ബാലന്‍ സുഖം പ്രാപിച്ചുവരുന്നതായി ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോ. കൃഷ്ണന്‍ വി.പി. അറിയിച്ചു.

ഇക്കഴിഞ്ഞ ജൂണില്‍ രക്താര്‍ബുദം വീണ്ടും സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണു ഈ ബാലനെ എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. കീമോ തെറാപ്പിയും ഇമ്യൂണോ തെറാപ്പിയും ഇന്‍ജക്ഷന്‍ രൂപത്തിലാണു നല്‍കിയത്. ലുക്കീമിയ ( രക്താര്‍ബുദം ) വീണ്ടും സ്ഥിരീകരിക്കുന്നവര്‍ക്കുള്ള അംഗീകൃത മോണോക്ലോണല്‍ ആന്റിബോഡിയാണു ബ്ലിനാറ്റുമൊമാബ് എന്ന ഇമ്യൂണോ തെറാപ്പി. 30-35 ലക്ഷം രൂപ ചെലവുവരുന്ന ഈ ഇന്‍ജെക്ഷനുള്ള മരുന്ന് അംജന്‍ എന്ന അമേരിക്കന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണു സൗജന്യമായി നല്‍കിയത്. ഇന്ത്യയിലെയും പാകിസ്താനിലെയും കുറഞ്ഞ വരുമാനക്കാരായ പീഡിയാട്രിക് കാന്‍സര്‍ രോഗികള്‍ക്കു സൗജന്യമായി മരുന്നു നല്‍കുന്ന പദ്ധതിയനുസരിച്ചാണ് അംജന്‍ ഈ ബാലനു മരുന്നു നല്‍കിയത്.

രോഗബാധിതരായ കുട്ടികള്‍ക്കു അംജന്‍ സൗജന്യമായി ബ്ലിനാറ്റുമൊമാബ് നല്‍കുന്ന ഇന്ത്യയിലെ നാലു ആശുപത്രികളിലൊന്നാണു എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ എന്നു ഡോ. കൃഷ്ണന്‍ അറിയിച്ചു. ദക്ഷിണേന്ത്യയില്‍ ഈ പദ്ധതിയിന്‍കീഴില്‍ ബ്ലിനാറ്റുമൊമാബ് സൗജന്യമായി നല്‍കുന്ന ഏക ആശുപത്രിയും എം.വി.ആര്‍. കാന്‍സര്‍ സെന്ററാണ്.

സഹോദരങ്ങളായ ദാതാവില്‍ നിന്നും കുടുംബബന്ധമില്ലാത്ത ദാതാവില്‍ നിന്നും പകുതിമാത്രം ചേര്‍ച്ചയുള്ള ദാതാവില്‍ നിന്നുമുള്ള മജ്ജ സ്വീകരിച്ച് നടത്തുന്ന മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ വിജയകരമായി ചെയ്തുവരുന്നുണ്ടെന്നു പീഡിയാട്രിക് ഹീമറ്റോളജി-ഓങ്കോളജി ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം മേധാവി ഡോ. യാമിനി കൃഷ്ണന്‍ അറിയിച്ചു. ഡോ. യാമിനി കൃഷ്ണനു പുറമേ ഡോക്ടര്‍മാരായ ഗസേല്‍, സോംദിപ, റിന്‍സി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published.