യു.കെ. വിസ പരിഷ്‌കാരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും

Deepthi Vipin lal


ഡോ. ടി.പി. സേതുമാധവന്‍

 

(2021 ജനുവരി ലക്കം)

യു.കെ.യിലെ വിസ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.കെ. യില്‍ പുതിയ പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സിസ്റ്റത്തിലൂടെ സയന്‍സ്, എന്‍ജിനിയറിങ്, ടെക്‌നോളജി പ്രൊഫഷണലുകള്‍ക്ക് വേഗം വിസ ലഭിക്കാനുതകുന്ന ഫാസ്റ്റ് ട്രാക്ക് സിസ്റ്റം നടപ്പാകും. മാത്‌സ് ഒളിമ്പ്യാഡ് പോലുള്ള അന്താരാഷ്ട്രതല മത്സരങ്ങളിലെ വിജയികള്‍ക്ക് വിസയില്‍ മുന്‍ഗണന കിട്ടും.

ഒറ്റനോട്ടത്തില്‍ Brain drain ( സ്വന്തം രാജ്യത്തുനിന്നു അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം ) എന്നു തോന്നുമെങ്കിലും മികച്ച അവസരങ്ങളാണ് യു.കെ. യില്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. പോയിന്റ് ഇമിഗ്രേഷന്‍ രീതിയിലൂടെ അഞ്ച് കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് Exceptionally Talent വിഭാഗത്തില്‍ വിസയ്ക്ക് മുന്‍ഗണ ലഭിയ്ക്കും. ഇവരുടെ ആശ്രിതര്‍ക്കുള്ള വിസയുടെ നിയന്ത്രണവും ഇനി മുതല്‍ ഒഴിവാകും. Tier-1 കാറ്റഗറിയിലാണ് Exceptionally Talent വിസ അനുവദിക്കുന്നത്. യു.കെ. യിലെത്തുന്നതിനു മുമ്പ് തൊഴില്‍ ലഭിച്ചിരിക്കണമെന്ന നിബന്ധന ഇല്ലാതാകും. ഇതു ലോകത്താകമാനമുള്ള മിടുക്കരെ യു.കെ.യിലേക്ക് ആകര്‍ഷിക്കും. ഉദ്യോഗാര്‍ഥിയുടെ കഴിവ്, അവര്‍ക്ക് യു.കെ. യില്‍ ചെയ്യാവുന്ന കാര്യങ്ങള്‍, ഗവേഷണ, അക്കാദമിക്ക് മികവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സിസ്റ്റം അനുവദിക്കുന്നത്. ആസ്‌ട്രേലിയയില്‍ നിലവിലുള്ള ഇമിഗ്രേഷന്‍ സിസ്റ്റത്തിന്റെ ചുവടുപിടിച്ചാണ് യു.കെ. യിലും മാറ്റം വരുന്നത്. ഇത് സയന്‍സ്, എന്‍ജിനിയറിങ്, ടെക്‌നോളജി രംഗത്തെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാകും.

പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ

കാമ്പസ്സില്‍വെച്ചുതന്നെ വിദ്യാര്‍ഥികള്‍ക്ക് യു.കെ. പഠനത്തിനും ഇമിഗ്രേഷനും ശ്രമിക്കാം. യൂറോപ്യന്‍ രാജ്യങ്ങള്‍ 2-3 വര്‍ഷത്തേക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ നല്‍കാന്‍ തുടങ്ങിയതോടെ യു.കെ. ഒരു വര്‍ഷത്തേക്ക് വിസ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, യു.കെ. നാഷണല്‍ സ്‌കില്‍ പോളിസിയില്‍ തൊഴില്‍ വൈദഗ്ധ്യമുള്ള മേഖലകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷം ചെയ്യാനുതകുന്ന പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ രണ്ട് വര്‍ഷത്തേക്ക് നല്‍കാനുള്ള നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവസാന വര്‍ഷ ബിരുദ / ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് യു.കെ. പഠനത്തിനോ തൊഴിലിനോ തയാറെടുക്കാം. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS ഒമ്പതില്‍ 7 ബാന്‍ഡോടെ പൂര്‍ത്തിയാക്കണം. അപേക്ഷയോടൊപ്പം സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്, രണ്ട് റഫറന്‍സ് കത്തുകള്‍, മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അത്യന്താപേക്ഷിതമാണ്. മത്സരപ്പരീക്ഷകളിലെ വിജയത്തിനു പ്രത്യേക മാര്‍ക്ക് കിട്ടും.

 

കരുതിയിരിക്കു, ചതിക്കുഴികളേറെ

രാജ്യത്ത് അംഗീകാരമില്ലാത്ത ബിരുദകോഴ്‌സുകള്‍ക്കു ചേര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെയും പഠനം പൂര്‍ത്തിയാക്കിയശേഷം തൊഴില്‍ കിട്ടാന്‍ ബുദ്ധിമുട്ടുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചുവരികയാണ്. വിദേശ പഠനത്തിലും ഇത്തരം പ്രവണതകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

യു.ജി.സി. അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് കോടിക്കണക്കിനു രൂപ മുടക്കി പരസ്യം ചെയ്ത് കുട്ടികളെ ആകര്‍ഷിക്കുന്ന സ്വകാര്യ, ഡീംഡ് സര്‍വ്വകലാശാലകളുടെ എണ്ണം രാജ്യത്ത് പെരുകിവരുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈയിടെ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇത്തരം സര്‍വ്വകലാശാലകളില്‍ ചേര്‍ന്നു വഞ്ചിതരാകരുതെന്നു വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഏറെ കൊട്ടിഗ്‌ഘോഷിച്ച് അഡ്മിഷന്‍ നടത്തിയ ബി വോക്ക് അടക്കം കേരളത്തിലാരംഭിച്ച ചില കോഴ്‌സുകള്‍ക്ക് യു.ജി.സി. അംഗീകാരമില്ലത്രെ. എന്നാല്‍, നൂറുകണക്കിനു വിദ്യാര്‍ഥികളാണ് വന്‍ ഫീസടച്ച് ഇത്തരം കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നേടുന്നത്.

അംഗീകാരമില്ലാത്ത കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ഉപരിപഠനം, വിദേശ പഠനം, തൊഴില്‍ എന്നിവയ്ക്കുണ്ടാകുന്ന തടസ്സങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. കേന്ദ്ര / സംസ്ഥാന സര്‍വ്വകലാശാലകളെ അപേക്ഷിച്ച് ഭീമമായ തുകയാണ് വിദ്യാര്‍ഥികള്‍ സ്വകാര്യ / ഡീംഡ് സര്‍വ്വകലാശാലകളില്‍ ഫീസിനത്തില്‍ നല്‍കേണ്ടിവരുന്നത്. അംഗീകാരമില്ലാത്ത ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ബി.വി.എസ്.സി ആന്റ് എ.എച്ച്. കോഴ്‌സുകളും നടത്തുന്നവരുണ്ട്. അംഗീകാരമില്ലാത്ത കോഴ്‌സിനു പുറമേ തൊഴില്‍ സാധ്യതയില്ലാത്ത കോഴ്‌സുകള്‍ക്കു ചേരുന്ന പ്രവണതയും സംസ്ഥാനത്ത് കൂടിവരുന്നുണ്ട്. ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി തുടങ്ങിയ കോഴ്‌സുകളുടെ പേരില്‍ ആകൃഷ്ടരായി പഠിക്കുന്നവരുണ്ട്. കാലാവസ്ഥാ പഠനം, ബയോടെക്‌നോളജി എന്നിവയില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര പഠനം നടത്തി തൊഴില്‍ കിട്ടാത്തവരുടെഎണ്ണം കേരളത്തിലേറെയുണ്ട്. ബയോകെമിസ്ട്രി, ആനിമല്‍ ബയോടെക്‌നോളജി കോഴ്‌സുകളും ഇവയിലുള്‍പ്പെടുന്നു.

എം.ബി.എ.ക്കു തുല്യമാണെന്നു തെറ്റിദ്ധരിപ്പിച്ച് ബിരുദാനന്തര ഡിപ്ലോമയ്ക്ക് അഡമിഷന്‍ നല്‍കുന്ന രീതി മാനേജ്‌മെന്റ് പഠനരംഗത്ത് ഏറിവരുന്നുണ്ട്. എം.ബി.എ. യോഗ്യത ആവശ്യമുള്ള തൊഴിലിനു അയക്കുന്ന അപേക്ഷ നിരസിക്കുമ്പോഴാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും ഇതേക്കുറിച്ച് ചിന്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില കേസുകള്‍ കേരള ഹൈക്കോടതിയില്‍ നിലവിലുണ്ട്.

വിദേശ രാജ്യങ്ങളിലും സമാന സ്വഭാവത്തിലുള്ള ചതിക്കുഴികളുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന് സമാനമായി ലണ്ടന്‍ ബിസിനസ് സ്‌കൂളുണ്ട്. കോഴ്‌സിനു ചേരുന്നതിനു മുമ്പ് സര്‍വ്വകലാശാലയുടെ യു.ജി.സി. അംഗീകാരം, കോഴ്‌സിന്റെ നിലവാരം, സാധ്യതഎന്നിവ വിലയിരുത്താന്‍ രക്ഷിതാക്കളുംവിദ്യാര്‍ഥികളും ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published.