മെഡിസെപ് പദ്ധതി ഉടനെ നടപ്പാക്കും ; പ്രതിമാസ പ്രീമിയം 500 രൂപ – മന്ത്രി കെ.എന്‍. ബാലഗോപാല്‍

Deepthi Vipin lal

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് അടിയന്തരമായി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നു ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. പദ്ധതിപ്രകാരം ജീവനക്കാര്‍ പ്രതിമാസം 500 രൂപയാണു പ്രീമിയമായി അടയ്‌ക്കേണ്ടതെന്നും പൂര്‍ണമായും ഗുണഭോക്താക്കളില്‍ നിന്നു പ്രീമിയം ഈടാക്കി നടപ്പാക്കുന്ന രീതിയിലാണു നിലവില്‍ പദ്ധതി വിഭാവന ചെയ്തിരിക്കുന്നതെന്നും പി.കെ. ബഷീറിന്റെ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.

ഇന്‍ഷുറന്‍സ് കമ്പനിയുമായി ഗുണഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറി മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്കേ ഏതു മാസം മുതലാണു പ്രീമിയം ഈടാക്കുന്നത് എന്നു വ്യക്തമാക്കാനാവൂ എന്നു മന്ത്രി പറഞ്ഞു. പദ്ധതിയുടെ കീഴില്‍ വരുന്ന ആശുപത്രിയില്‍ ഗുണഭോക്താവോ കുടുംബാംഗങ്ങളോ തേടുന്ന അംഗീകൃത ചികിത്സക്കു ഓരോ കുടുംബത്തിനും മൂന്നു വര്‍ഷത്തെ പോളിസി കാലയളവിനുള്ളില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഇതില്‍ ഓരോ വര്‍ഷത്തേക്കു നിശ്ചയിച്ചിട്ടുള്ളത് ഒന്നര ലക്ഷം രൂപയാണ്. ആവശ്യം വന്നില്ലെങ്കില്‍ ഇതു ലാപ്‌സാകും. പ്രതിവര്‍ഷ കവറേജില്‍ ഒന്നര ലക്ഷം രൂപ മൂന്നു വര്‍ഷത്തെ ബ്ലോക്ക് പിരീഡിനകത്ത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കപ്പെടുന്ന തരത്തില്‍ ഫ്‌ളോട്ടര്‍ അടിസ്ഥാനത്തിലാണു നിശ്ചയിച്ചിരിക്കുന്നത് – മന്ത്രി അറിയിച്ചു.

അടിസ്ഥാന പരിരക്ഷയില്‍ പ്രൊസീജ്യര്‍ കോസ്റ്റ്, ഇംപ്ലാന്റ് കോസ്റ്റ്, മുറിവാടക എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണുള്ളതെന്നു മന്ത്രി വിശദീകരിച്ചു. മേല്‍പ്പറഞ്ഞ പരിരക്ഷ കൂടാതെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അവയവമാറ്റ ചികിത്സാ പ്രക്രിയക്കു ഇന്‍ഷുറന്‍സ് കമ്പനി രൂപവത്കരിക്കുന്ന 35 കോടിയില്‍ കുറയാത്ത കോര്‍പ്പസ് ഫണ്ടില്‍ നിന്നു ( മൂന്നു വര്‍ഷത്തെ പോളിസി കാലയളവിനകത്ത് ) വിനിയോഗിക്കാവുന്നതാണ്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയാണു മെഡിസെപ് പദ്ധതിയുടെ നടത്തിപ്പിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ആശുപത്രികളുടെ എംപാനല്‍മെന്റ് ലിസ്റ്റ് ഇന്‍ഷുറന്‍സ് കമ്പനി ഉടനെ സര്‍ക്കാരിനു സമര്‍പ്പിക്കും.

സര്‍ക്കാര്‍ ജീവനക്കാരായ ഭാര്യയും ഭര്‍ത്താവും പ്രത്യേകമായി പ്രീമിയം അടക്കണമെന്നാണു വ്യവസ്ഥ. പദ്ധതി കവറേജില്‍ വര്‍ധനയുണ്ടാവില്ല. എന്നാല്‍, രണ്ടു പേര്‍ക്കും മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്താവുന്നതാണ്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് പദ്ധതിയില്‍ നിര്‍ബന്ധിത അംഗത്വമാണു വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നു ധനമന്ത്രി അറിയിച്ചു. ഓരോ ഗുണഭോക്താവിനും പ്രത്യേകം മെഡിസെപ് ഐ.ഡിയുമുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരായ ദമ്പതിമാര്‍ മെഡിസെപ്പില്‍ അംഗമാകുമ്പോള്‍ ഒരാളുടെ ശമ്പളത്തില്‍ നിന്നു മാത്രം പ്രീമിയം അടയ്ക്കുന്ന തരത്തില്‍ പദ്ധതിയില്‍ മാറ്റം വരുത്തിയാല്‍ പോളിസി ഉടമകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും അതു പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനു വീഴ്ചയുണ്ടാക്കുന്നതിനാല്‍ നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്താനുദ്ദേശിക്കുന്നില്ലെന്നും പി.കെ. ബഷീറിന്റെ മറ്റൊരു ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കു നല്‍കുന്ന ഗ്രോസ് എന്റൈറ്റില്‍മെന്റില്‍ നിന്നു പ്രതിമാസ പ്രീമിയം കുറയ്ക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.