മെഡിസെപ്  കാര്‍ഡിലെ  തെറ്റുകള്‍ 25 നു മുമ്പായി തിരുത്തണം

Deepthi Vipin lal

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായുള്ള മെഡിസെപ് പദ്ധതിയിലുള്ള ചികിത്സകള്‍ക്കായി ആശുപത്രികളെ സമീപിക്കുന്നതിനു മുമ്പായി തങ്ങളുടെ മെഡിസെപ് ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് കാര്‍ഡിലെ വിവരങ്ങള്‍ കൃത്യമാണോ എന്നു പരിശോധിക്കണമെന്നു ധനകാര്യ വകുപ്പ് അറിയിച്ചു. തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ആഗസ്റ്റ് 25 നു മുമ്പായി തിരുത്തണം. അതിനുശേഷം സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ വരുത്തുന്ന തിരുത്തലുകള്‍ മെഡിസെപ് ഐ.ഡി. കാര്‍ഡില്‍ പ്രതിഫലിക്കില്ല. പദ്ധതിയില്‍ നിഷ്‌കര്‍ഷിക്കുന്നതു പ്രകാരമുള്ള ഡാറ്റാ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ ഒഴിവാക്കലുകള്‍ക്കോ ഉള്ള അവസരം മാത്രമേ ആഗസ്റ്റ് 25 നു ശേഷം ഉണ്ടായിരിക്കൂ എന്നു ധനവകുപ്പ് അറിയിച്ചു.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് അംഗത്വവുമായി ബന്ധപ്പെട്ട മെഡിസെപ് ഐ.ഡി. കാര്‍ഡ് www.medisep.kerala.gov.in എന്ന വെബ്‌പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തു ഡൗണ്‍ലോഡ് ചെയ്യാം. പെന്‍ഷന്‍കാര്‍ക്കു തങ്ങളുടെ മെഡിസെപ് ഐ.ഡി. യൂസര്‍ ഐ.ഡി.യായും PPO No. / PEN No. പാസ്‌വേര്‍ഡായും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ജീവനക്കാര്‍ക്കു മെഡിസെപ് ഐ.ഡി. യൂസര്‍ ഐ.ഡി.യായും PEN No. /Employee Id പാസ്‌വേര്‍ഡായും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന മെഡിസെപ് ഗുണഭോക്താക്കള്‍ ആ ആശുപത്രികളിലെ ഇന്‍ഷുറന്‍സ് / ഹെല്‍പ് ഡസ്‌കുമായോ ഇന്‍ഷുറന്‍സ് കമ്പനിയുടെ ടോള്‍ഫ്രീ നമ്പറുമായോ ( 1800-425-0237 ) ബന്ധപ്പെട്ട് മെഡിസെപ് ഗുണഭോക്താവാണെന്ന കാര്യം അധികൃതരെ അറിയിക്കണം. കൂടാതെ, ഡൗണ്‍ലോഡ് ചെയ്‌തെടുത്ത മെഡിസെപ് ഐ.ഡി. കാര്‍ഡും ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡും ( ആധാര്‍, PAN കാര്‍ഡ്, വോട്ടര്‍ ഐ.ഡി. കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എംപ്ലോയീ ഐ.ഡി, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ ) ഹാജരാക്കണം. രോഗികളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്താതെ സമര്‍പ്പിക്കുന്ന മെഡിസെപ് ഐ.ഡി. കാര്‍ഡ് മുഖേന എംപാനല്‍ ആശുപത്രികളില്‍ സേവനം കിട്ടുന്നതല്ല. അതുപോലെ, മെഡിസെപ് പോര്‍ട്ടലില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന സ്റ്റാറ്റസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ നിന്നു ചികിത്സ കിട്ടില്ല.

കാര്‍ഡിലെ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ ആഗസ്റ്റ് 25 നു മുമ്പായി ജീവനക്കാര്‍ ബന്ധപ്പെട്ട ഡി.ഡി.ഒ.മാരെയും പെന്‍ഷന്‍കാര്‍ ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍മാരെയും സമീപിച്ച് വേണ്ട മാറ്റം വരുത്തി വെരിഫൈ ചെയ്തുവെന്ന് ഉറപ്പുവരുത്തണം. ഇങ്ങനെ ആഗസ്റ്റ് 25 നു മുമ്പായി തിരുത്തലിനു വരുന്ന ജീവനക്കാര്‍ക്ക് ഡി.ഡി.ഒ.മാരും പെന്‍ഷന്‍കാര്‍ക്കു ട്രഷറി ഓഫീസര്‍മാരും പരാതി പരിഹരിച്ചു നല്‍കണം- ധനവകുപ്പ് നിര്‍ദേശിച്ചു. മെഡിസെപ് സംബന്ധിച്ചുള്ള പരാതികള്‍ മെഡിസെപ് വെബ്‌സൈറ്റിലെ Grievance ലിങ്ക് മുഖേനയോ ഇന്‍ഷുറന്‍സ് കമ്പനിയുടെ ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടോ സമര്‍പ്പിക്കാം.

നിലവിലുള്ള വ്യവസ്ഥയനുസരിച്ച് പദ്ധതിയാരംഭിച്ച് നിശ്ചിത കാലയളവിനുള്ളില്‍ വെരിഫൈ ചെയ്ത വിവരങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കു കൈമാറേണ്ടതുണ്ടെന്നു ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ അറിയിപ്പില്‍ പറയന്നു. ഈ സാഹചര്യത്തില്‍ 2022 ആഗസ്റ്റ് 25 നു മുമ്പായി ശരിയായ വിവരങ്ങള്‍ വെരിഫൈ ചെയ്ത് അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്കു മെഡിസെപ് ആനുകൂല്യം കിട്ടുന്നതല്ലെന്നു അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.

Latest News