മുറ്റത്തെ മുല്ല: പ്രതിരോധവും പ്രത്യാശയും

moonamvazhi

എം. പുരുഷോത്തമന്‍

2020 ഫെബ്രുവരി ലക്കം

( നബാര്‍ഡ് ലഖ്‌നൗവില്‍ നടത്തിയ ദേശീയ ശില്‍പ്പശാലയില്‍
നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം )

കൊള്ളപ്പലിശക്കാരുടെ പിടിയില്‍ നിന്നു പാലക്കാടന്‍ ഗ്രാമങ്ങളെ രക്ഷിക്കാന്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് നടപ്പാക്കിയ ‘ മുറ്റത്തെ മുല്ല ‘ എന്ന വായ്പാ പദ്ധതി ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രാഥമിക സഹകരണ സംഘങ്ങളും കുടുംബശ്രീയും കൈകോര്‍ത്തു നടപ്പാക്കുന്ന ഈ പദ്ധതി വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആശ്വാസവും പ്രത്യാശയുമായി മാറിക്കഴിഞ്ഞു.

കേരളത്തിലെ സഹകരണ ബാങ്കിങ് ചരിത്രത്തില്‍ ‘ മുറ്റത്തെ മുല്ല ‘ വായ്പാ പദ്ധതി ഒരു നാഴികക്കല്ലാവുകയാണ്. സംസ്ഥാനത്തെ സഹകരണ നിയമങ്ങളില്‍ നിന്നുകൊണ്ടും പതിവ് ധനകാര്യ രീതികള്‍ പൊളിച്ചെഴുതിക്കൊണ്ടും നടപ്പാക്കിയ ഈ ലഘു ഗ്രാമീണ വായ്പാ പദ്ധതിക്ക് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സാധാരണക്കാരന്റെ ചെറുതെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വായ്പാ സഹായം നല്‍കാന്‍ സഹകരണ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ധാരാളം നൂലാമാലകള്‍ ഉണ്ടായിരുന്നു. അത് മറികടന്ന് വായ്പകള്‍ സമ്പാദിക്കാന്‍ പാവപ്പെട്ടവര്‍ പലപ്പോഴും മിനക്കെടാറുമില്ല. യഥാര്‍ഥത്തില്‍ സഹകരണ ധനകാര്യ മേഖലയുടെ പ്രഖ്യാപിത ലക്ഷ്യവും സാമൂഹിക പ്രതിബദ്ധതയും കൈമോശം വന്നുപോകുന്ന സാഹചര്യമാണിത്. സ്വര്‍ണപ്പണയം ഒഴിച്ചാല്‍ സാധാരണക്കാരുടെ ചെറിയ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ വലിയ ബുദ്ധിമുട്ടുകള്‍ സഹകരണ ബാങ്കുകള്‍ നേരിട്ടിരുന്നു.

ബ്ലേഡ് മാഫിയ

നാട്ടില്‍ സേവന സന്നദ്ധതയോടെ ഉയര്‍ന്നു നില്‍ക്കുന്ന സഹകരണ ബാങ്കുകളുടെ ഈ ദൗര്‍ബല്യം കൃത്യമായി മുതലെടുത്ത വിഭാഗമാണ് സ്വകാര്യ പണമിടപാടുകാര്‍. കൊള്ളപ്പലിശക്ക് അവര്‍ ആവശ്യക്കാരുടെ വീട്ടുമുറ്റത്തുചെന്ന് പണം കടം കൊടുക്കുന്നു. കേരളത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടാക്കിയ ‘ ബ്ലേഡ് മാഫിയ ‘ പാവപ്പെട്ടവരെ പലിശക്കൊള്ളയില്‍ കടക്കെണിയിലാക്കുന്നു. തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു.

പാവപ്പെട്ടവന് ആശാകിരണമായി മാറേണ്ട സഹകരണ മേഖലക്ക് ഇത് നോക്കി നില്‍ക്കാനാവില്ല എന്ന ചിന്തയില്‍ നിന്നാണ് മുറ്റത്തെ മുല്ല പദ്ധതി ഉദിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ ‘ മൈക്രോ ഫിനാന്‍സ് ‘ മാതൃകയില്‍ വായ്പാ സഹായം വീടുകളില്‍ എത്തണം. സാധാരണക്കാര്‍ക്ക് ആശ്വാസമാവുന്ന രീതിയില്‍ കടം തിരിച്ചടവ് ആഴ്ചയില്‍ വേണം. ആവശ്യക്കാരെ കണ്ടെത്താനും പദ്ധതി നടത്തിപ്പിനും വിശ്വസ്തവും കാര്യക്ഷമവുമായ ഒരു ഏജന്‍സി ബാങ്കിന് പുറത്തുനിന്നു വേണം. ഇത്തരം പ്രാഥമിക കാര്യങ്ങള്‍ ഉരുത്തിരിഞ്ഞപ്പോള്‍ പദ്ധതി നടത്തിപ്പിന് കുടുംബശ്രീയെ ഏല്‍പിക്കാമെന്ന ആലോചനയുണ്ടായി. നാട്ടില്‍ സാധാരണക്കാരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതും ധനകാര്യ വിഷയങ്ങളില്‍ അച്ചടക്കം പുലര്‍ത്തുന്നതുമായ പ്രസ്ഥാനം എന്ന നിലയില്‍ കുടുംബശ്രീയെ പദ്ധതി നടത്തിപ്പിനായി തീരുമാനിച്ചു. അങ്ങനെ 2018 ല്‍ പാലക്കാട്ടെ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് കേരളത്തില്‍ ആദ്യമായി ‘ മുറ്റത്തെ മുല്ല ‘ പദ്ധതി നടപ്പാക്കി. കേരളത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന രണ്ടു പ്രസ്ഥാനങ്ങള്‍ – പ്രാഥമിക സഹകരണ സംഘങ്ങളും കുടുംബശ്രീയും – പരസ്പരം കൈകോര്‍ത്തു നടപ്പാക്കുന്ന പദ്ധതി എന്ന നിലയില്‍ മുറ്റത്തെ മുല്ല സവിശേഷ സംരംഭമായി.

ദൈര്‍ഘ്യമേറിയ തമിഴതിര്‍ത്തി പങ്കിടുന്ന പാലക്കാട് ജില്ലയില്‍ പണമെറിഞ്ഞു പണം കൊയ്യുന്ന വട്ടിപ്പലിശക്കാരുടെ വലയില്‍ കുരുങ്ങിയ ഗ്രാമീണരുടെ കണ്ണീരുപ്പില്‍ ചാലിച്ച് മണ്ണാര്‍ക്കാട്ട് തടംകൊണ്ട മുറ്റത്തെ മുല്ലക്ക് കേരളത്തിലുടനീളം നിലമൊരുക്കാന്‍ സര്‍ക്കാരും അധികം വൈകിയില്ല. ഒരു വര്‍ഷമായി അത്യധികം ആഹ്ലാദത്തോടെയും ആവേശത്തോടെയും പദ്ധതിയുടെ വ്യാപനം കേരളത്തില്‍ നടന്നു വരികയാണ്.

മണ്ണാര്‍ക്കാട് ബാങ്ക് പദ്ധതി നടപ്പാക്കുംമുമ്പേ ബാങ്കിന്റെ പ്രവര്‍ത്തന മേഖലയായ തെങ്കര പഞ്ചായത്തില്‍ ഒരു സര്‍വേ നടത്തിയിരുന്നു. ഒരു വാര്‍ഡില്‍ മാത്രം 65 ലക്ഷം രൂപ വായ്പ നല്‍കി സ്വകാര്യ പണമിടപാടുകാര്‍ സാധാരണക്കാരെ കടക്കയര്‍ കൊണ്ട് വരിഞ്ഞുകെട്ടിയതായി കണ്ടെത്തിയ സര്‍വേ വിവരം ഏവരെയും ഞെട്ടിച്ചു. ‘ മുറ്റത്തെ മുല്ല ‘ ആദ്യം ചെയ്തത് നിലവിലെ കടക്കെണിയില്‍ നിന്ന് സാധാരണക്കാരെ മുക്തരാക്കാനുള്ള ധനസഹായം നല്‍കുക എന്നതായിരുന്നു.

ബാങ്കിങ് വീട്ടുമുറ്റത്ത്

ഗ്രാമീണ ജനങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും വിശ്വാസവും അടിസ്ഥാനപ്പെടുത്തിയുള്ള ബാങ്കിങ് സംവിധാനത്തിന്റെ ( Relationship Banking ) സൗകര്യം സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ വീട്ടുമുറ്റത്തെത്തിക്കുക എന്ന ലക്ഷ്യമാണ് മുറ്റത്തെ മുല്ല നടത്തിവരുന്നത്. പ്രാഥമിക സംഘങ്ങള്‍ അവരുടെ പ്രവര്‍ത്തന പരിധിയിലെ ഓരോ വാര്‍ഡിലും പരമാവധി മൂന്നു കുടുംബശ്രീ യൂണിറ്റുകളെ, പദ്ധതിയുടെ നടത്തിപ്പിന് സംഘത്തിന്റെ ഏജന്റുമാര്‍ എന്ന നിലയില്‍ ചുമതല ഏല്‍പ്പിക്കും. ബാങ്കുകള്‍ ഒമ്പതു ശതമാനം പലിശ നിരക്കില്‍ ഇരുപതു ലക്ഷം രൂപ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ക്യാഷ് ക്രെഡിറ്റായി നല്‍കും. ഇതില്‍ നിന്ന് ആവശ്യക്കാര്‍ക്ക് 12 ശതമാനം പലിശ നിരക്കില്‍ ആയിരം രൂപ മുതല്‍ 50,000 രൂപ വരെ വായ്പ നല്‍കാം. ആയിരം രൂപയുടെ കടം പത്ത് ആഴ്ച കൊണ്ട് അടച്ചു തീര്‍ക്കുമ്പോള്‍, അധികമായി നല്‍കേണ്ടത് 23 രൂപ 50 പൈസ മാത്രം. പലിശ കണക്കാക്കിയാല്‍ 12 ശതമാനം. അതേസമയം, സ്വകാര്യ പണമിടപാടുകാരുടെ കൈയില്‍ നിന്നു കടം വാങ്ങിയാല്‍ അടച്ചു തീര്‍ക്കേണ്ടത് 1250 രൂപ. പലിശ ശതമാനം 130. ഈ ക്രൂരവ്യത്യാസം ഇപ്പോള്‍ സാധാരണക്കാര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. പദ്ധതി വ്യാപകമായി നടപ്പാക്കിക്കഴിഞ്ഞ തെങ്കര പഞ്ചായത്തില്‍ വട്ടിപ്പലിശക്കാര്‍ ഏതാണ്ട് പിന്‍വാങ്ങലിന്റെ പടിയിലാണ്. ഒമ്പതാം വാര്‍ഡാകട്ടെ, സ്വകാര്യ പണമിടപാടുകാരെ പൂര്‍ണമായും പറഞ്ഞയച്ച് ചരിത്രം കുറിക്കുകയും ചെയ്തു.

മുറ്റത്തെ മുല്ല പദ്ധതി പ്രകാരം നല്‍കിയ വായ്പയുടെ തിരിച്ചടവ് കൃത്യമായി നടക്കുന്നുണ്ട്. അവധി ബാക്കി അധികം ഉണ്ടാകാറില്ല. ഇതിനു പ്രധാന കാരണം, കടം വാങ്ങിയാല്‍ തിരിച്ചു കൊടുക്കണമെന്ന നന്മ മലയാളിയുടെ മനസ്സില്‍ ഉള്ളതുകൊണ്ടാണെന്നു പ്രാഥമികമായി വിലയിരുത്താം. മറ്റൊന്ന്, സ്വകാര്യ പണമിടപാടുകാര്‍ സാധാരണക്കാരെ ക്രൂരമായി പഠിപ്പിച്ച തിരിച്ചടവു ശീലവുമാകാം. ദിവസച്ചന്തകളില്‍ 900 രൂപ രാവിലെ നല്‍കി ആയിരം രൂപ വൈകീട്ട് തിരിച്ചു വാങ്ങുന്ന വട്ടിപ്പലിശക്കാരുണ്ട്. ഇതിന്റെ പലിശ നിരക്ക് കണക്കാക്കിയാല്‍ 3650 ശതമാനം വരും. സ്വന്തം അധ്വാനത്തില്‍ നിന്ന് നല്ലൊരു പങ്ക് പലിശയിലേക്കു പോകുന്നുണ്ടെന്ന് ബോധ്യപ്പെടുന്നിടത്ത് മുറ്റത്തെ മുല്ല കൂടുതല്‍ പടര്‍ന്നു പന്തലിക്കും.

സഹകരണ ബാങ്കുകളെ സംബന്ധിച്ച് ‘ മുറ്റത്തെ മുല്ല ‘ പദ്ധതി കൂടുതല്‍ ലാഭകരമാണ്. മറ്റു വായ്പാ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി ആഴ്ചയില്‍ തിരിച്ചടവു നടക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ബാങ്കിന് പലിശലാഭം ഇരട്ടിയാണ്. പദ്ധതി കൂടുതല്‍ വിപുലവും വന്‍ വിജയവുമാകുമ്പോള്‍ പലിശ നിരക്ക് കാലക്രമേണ കുറയ്ക്കാവുന്നതുമാണ്.

കുടുംബശ്രീക്ക് കരുത്തായി

ചെറിയ സംരംഭങ്ങള്‍ നടത്തി അധികം ലാഭമില്ലാതെ കഴിഞ്ഞിരുന്ന ഭൂരിഭാഗം കുടുബശ്രീ യൂണിറ്റുകള്‍ക്കും മുറ്റത്തെ മുല്ല പ്രദാനം ചെയ്തത് കൂടുതല്‍ സേവന വ്യാപനവും സാമ്പത്തികക്കരുത്തുമാണ്. ആഴ്ചതോറും തിരിച്ചടവിലൂടെ ലഭിക്കുന്ന തുക വീണ്ടും കടം നല്‍കാന്‍ പ്രയോജനപ്പെടുമ്പോള്‍ ലാഭം ഇരട്ടിക്കും. 10 ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയും തിരിച്ചടവായി വന്ന സംഖ്യയുള്‍പ്പടെ പുനര്‍വായ്പയായി നല്‍കുകയും ചെയ്താല്‍ ഒരു കുടുംബശ്രീ യൂണിറ്റിന് 2,18,033 രൂപ പലിശയും 12,500 രൂപ കൈകാര്യച്ചെലവുമായി ആകെ 2,30,533 രൂപ ലഭിക്കും. ബാങ്കിലേക്ക് 90,000 രൂപ മാത്രമാണ് പലിശയായി അടക്കേണ്ടത്. അതായത് 1,40,533 രൂപ ഇതിലൂടെ കുടുംബശ്രീ യൂണിറ്റിന് വരുമാനമായി ലഭിക്കും.

മണ്ണാര്‍ക്കാട് ബാങ്കില്‍ മുറ്റത്തെ മുല്ലയുടെ വായ്പാ വിതരണവും തിരിച്ചടവും പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍കൃത്യമാണ്. ഇത് ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും ലളിതവുമാക്കുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതും കണക്കുകള്‍ തയാറാക്കുന്നതും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ആധുനിക വിനിമയ സാമഗ്രികള്‍ ഉപയോഗിച്ചാണ്. ധനകാര്യ വിഷയങ്ങളിലെ ആധുനികീകരണം സാധാരണക്കാര്‍ സ്വായത്തമാക്കുന്നതിലൂടെ സ്ത്രീ ശാക്തീകരണം പുതിയ അധ്യായത്തിലേക്കും കടക്കുകയാണ്.

മണ്ണാര്‍ക്കാട് ബാങ്ക് ഒരു വര്‍ഷത്തിനിടയില്‍ 11 ലക്ഷം രൂപ മുറ്റത്തെ മുല്ലയിലൂടെ വായ്പയായി നല്‍കി. ഈ തുക ഉപയോഗിച്ച് 81 കുടുംബശ്രീ യൂണിറ്റുകള്‍ 24 ലക്ഷത്തോളം രൂപ 8,288 പേര്‍ക്ക് നല്‍കുകയും ചെയ്തു. ഒരു പഞ്ചായത്തില്‍ മാത്രം സംഭവിച്ച സഹകരണ ധനകാര്യ പ്രക്രിയയാണിത്. കുടുംബശ്രീ യൂണിറ്റുകള്‍ അവരുടെ ലാഭവിഹിതത്തില്‍ നിന്ന് ആറു ലക്ഷം രൂപ പ്രളയനാന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ആദ്യ ഗഡുവായി സംഭാവന നല്‍കുകയും ചെയ്തു. ഒരു നന്മ മറ്റൊരു നന്മയിലേക്കുള്ള പകര്‍ത്തല്‍ കൂടിയായപ്പോള്‍ മുറ്റത്തെ മുല്ലക്ക് ഇരട്ടി സൗരഭ്യമായി.

കേരളത്തില്‍ സാധാരണക്കാരുടെ സങ്കീര്‍ണമായ സാമ്പത്തിക ചുറ്റുപാടുകളില്‍ ഒരു നിര്‍ണായക ഘട്ടത്തിലാണ് മുറ്റത്തെ മുല്ല മൊട്ടിടുന്നത്. പദ്ധതി നടപ്പായതിന്റെ ആവേശവും ആഹ്ലാദവും ഗുണവും നാട്ടില്‍ നടക്കുമ്പോള്‍ ഈ പദ്ധതി ഇല്ലായിരുന്നെങ്കില്‍ അവസ്ഥയെന്താകുമെന്നും ചിന്തിക്കേണ്ടതുണ്ട്. കടക്കയര്‍ കഴുത്തില്‍ കുരുക്കി മരണം തട്ടിയെടുക്കുന്ന ജീവിതങ്ങളുടെ നിലയ്ക്കാത്ത പരമ്പരയുണ്ടാകും. അത് കണ്ടതും ബോധ്യപ്പെട്ടതുമാണ്. എന്നാല്‍, കേരളത്തിലെ സഹകാരികള്‍ ഓര്‍ക്കേണ്ട മറ്റൊരു വിഷയമുണ്ട്. സഹകരണ ബാങ്കുകളുടെ സാമ്പത്തിക സേവന പരിധിയില്‍ നിന്ന് പാവപ്പെട്ടവര്‍ ഒഴിവായിപ്പോകുമായിരുന്നു. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണാണ് അത്. സഹകരണ പ്രസ്ഥാനത്തെ സാധാരണക്കാരുടെ ഹൃദയത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു നിര്‍ത്താന്‍ പര്യാപ്തമായ പദ്ധതി എന്ന നിലയിലും ‘ മുറ്റത്തെ മുല്ല ‘ ചരിത്രത്തില്‍ ഇടം നേടും, തീര്‍ച്ച.

എം. പുരുഷോത്തമന്‍

1989 ല്‍ തുടങ്ങിയ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രൊമോട്ടിങ് കമ്മിറ്റി അംഗമായി സഹകരണ രംഗത്തേക്ക് വന്നു. ആദ്യ ഭരണസമിതിയില്‍ അംഗവുമായി. അടുത്ത വര്‍ഷം ബാങ്കിന്റെ സെക്രട്ടറി. ആ പദവിയില്‍ മൂന്നു പതിറ്റാണ്ട് തികയ്ക്കുന്നു. ചുരുങ്ങിയ കാലയളവില്‍ നൂതനമായ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും ലാഭകരമായ പദ്ധതികളിലൂടെയും ബാങ്കിനെ സഹകരണ രംഗത്ത് മുന്‍ നിരയിലെത്തിച്ചു.

‘ മുറ്റത്തെ മുല്ല ‘ യുടെ ഉപജ്ഞാതാവെന്ന നിലയിലും പദ്ധതിക്കായി മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയതിന്റെയും അടിസ്ഥാനത്തിലാണ് ലഖ്‌നൗവില്‍ നബാര്‍ഡ് നടത്തിയ ദേശീയ ശില്‍പ്പശാലയിലേക്കു പുരുഷോത്തമനെ പാനലിസ്റ്റായി തിരഞ്ഞെടുത്തത്. ‘ ഇന്ത്യയില്‍ മൈക്രോ ഫിനാന്‍സിന്റെ ഭാവി – വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും ‘ എന്നതായിരുന്നു ശില്‍പ്പശാലയുടെ വിഷയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വിഷയാവതാരകരില്‍ ഏക മലയാളിയായിരുന്നു പുരുഷോത്തമന്‍.

Leave a Reply

Your email address will not be published.