മുറ്റത്തെ മുല്ല” കൂടുതൽ ജനകീയമാക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാർ: കുടുംബശ്രീ യൂണിറ്റുകളുടെ വായ്പ പരിധി 20 ലക്ഷമാക്കി. സംസ്ഥാനത്ത് അടുത്ത വർഷം 2000 കോടി രൂപയുടെ വായ്പാ ലക്ഷ്യം.

adminmoonam

“മുറ്റത്തെ മുല്ല” കൂടുതൽ ജനകീയമാക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാർ പറഞ്ഞു.കുടുംബശ്രീ യൂണിറ്റുകളുടെ വായ്പ പരിധി 20 ലക്ഷമാക്കി. കുടുംബശ്രീ ഗുണഭോക്താക്കൾക്ക് നൽകുന്നത് 25,000 ത്തിൽ നിന്ന് അമ്പതിനായിരം ആക്കി. അടുത്ത ഒരു വർഷം സംസ്ഥാനത്ത് പദ്ധതിപ്രകാരം 2000 കോടി രൂപയുടെ വായ്പ നൽകാൻ സാധിക്കുമെന്ന് വിലയിരുത്തുന്നു.വട്ടിപ്പലിശ കാരിൽ നിന്നും സാധാരണ ജനങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി സഹകരണവകുപ്പ് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന “മുറ്റത്തെ മുല്ല” പദ്ധതി കൂടുതൽ ജനകീയമാക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി. കെ.ജയശ്രീ പറഞ്ഞു.

സഹകരണമേഖലയുടെ വ്യാപനവും ശക്തിയും പ്രയോജനപ്പെടുത്തി കുടുംബശ്രീയുടെ സംഘടനാ സംവിധാനം പ്രയോജനപ്പെടുത്തിയാണ് സഹകരണവകുപ്പ് “മുറ്റത്തെ മുല്ല” പദ്ധതി കൂടുതൽ ജനകീയമാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ജോയിന്റ് റജിസ്ട്രാർ മാർക്കും പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ചു നിർദേശം നൽകി കഴിഞ്ഞതായി രജിസ്ട്രാർ പറഞ്ഞു. “മുറ്റത്തെ മുല്ല” ഗ്രാമീണ ബാങ്ക് വായ്പ പദ്ധതി മണ്ണാർക്കാട് റൂറൽ സഹകരണബാങ്ക് ആണ് തുടക്കം കുറിച്ചത്. ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്റെ ആശയ ആവിഷ്കാരത്തിലൂടെ തുടങ്ങിയ പദ്ധതി പിന്നീട് പാലക്കാട് ജില്ലയിൽ വ്യാപിപ്പിക്കുകയും വലിയ സ്വീകാര്യതയും ജനകീയ പിന്തുണ ലഭിക്കുകയും ചെയ്തു. കുടുംബശ്രീക്ക് വൻ ലാഭം ലഭിച്ച പദ്ധതി കൂടുതൽ കരുത്താർജിച്ചു ജനകീയമാക്കാൻ കുടുംബശ്രീയും ശ്രമിക്കുന്നുണ്ട്. പദ്ധതിപ്രകാരം സഹകരണസംഘത്തിൽ നിന്നും ലഭിക്കുന്ന തുകയിൽനിന്ന് ഒരു ഗുണഭോക്താവിന് ആയിരം രൂപ മുതൽ 25000 രൂപ വരെയാണ് കുടുംബശ്രീ വായ്പ നൽകിയിരുന്നത്. ഇത് അമ്പതിനായിരം രൂപയാക്കി വർദ്ധിപ്പിക്കാനും സഹകരണസംഘം രജിസ്ട്രാർ ഉത്തരവിട്ടു. ഓണത്തിന് ശേഷം “മുറ്റത്തെ മുല്ല” പദ്ധതി കൂടുതൽ വ്യാപിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക് സഹകരണ വകുപ്പുദ്യോഗസ്ഥർ നേതൃത്വം നൽകുമെന്നും രജിസ്ട്രാർ പറഞ്ഞു.

ഒരുകുടുംബശ്രീ യൂണിറ്റിന് നേരത്തെ 10 ലക്ഷം രൂപ വരെയാണ് സഹകരണ സംഘങ്ങൾ വായ്പ നൽകിയിരുന്നത്. ഇത് 20 ലക്ഷം ആക്കി ഉയർത്തുകയും ചെയ്തു.

കുടുംബശ്രീ വഴി ലോൺ നൽകുന്നത് മൂലം കൃത്യമായി തിരിച്ചടവ് ഉണ്ടാകുന്നു എന്നതാണ് പദ്ധതി വൻ വിജയമാകാൻ കാരണം. 9 ശതമാനം പലിശയ്ക്ക് സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്ന തുകയാണ് കുടുംബശ്രീ ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഇത് 12 ശതമാനം പലിശ സഹിതം ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കണം. കുടുംബശ്രീയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അതോടൊപ്പം ഗ്രാമീണമേഖലയിൽ സഹകരണസംഘങ്ങൾ കൂടുതൽ ശക്തിപ്പെടുകയും വട്ടി പലിശക്കാരുടെയും ബ്ലേഡ് മാഫിയയുടെയും ചൂഷണത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കാനും സഹകരണ വകുപ്പിന്റെ പദ്ധതിക്ക് സാധിക്കുന്നു.


സംസ്ഥാനത്തെ തൃശൂർ, കോട്ടയം പോലുള്ള ചില ജില്ലകളിൽ മാത്രമാണ് സ്മാൾ ഫിനാൻസ് സ്ഥാപനങ്ങളുടെ സ്വാധീനം കൂടുതലുള്ളത്. ഇവിടങ്ങളിൽ ഒഴിച്ച് മറ്റു ജില്ലകളിൽ വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. പൈലറ്റ് പ്രൊജക്റ്റായ
പാലക്കാട് ജില്ലയിൽ, അടുത്ത ഒരു വർഷം പദ്ധതി വഴി 500 കോടി രൂപ കുടുംബശ്രീക്ക് വായ്പയായി നൽകും. ഒരു വാർഡിൽ 10 ലക്ഷം രൂപ വീതം 1600 വാർഡുകളിലായി ജില്ലയിൽ 160 കോടി രൂപ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരു വർഷം 60 ലക്ഷം രൂപ കുടുംബശ്രീ യൂണിറ്റുകൾക്ക് ഇതുവഴി വായ്പ ലഭിക്കും. ഇത് കുടുംബശ്രീയുടെ ശാക്തീകരണത്തിനും വളർച്ചയ്ക്കും തൊഴിൽ സാധ്യതകൾക്കും ആക്കം കൂട്ടും. ഇതുവരെ പാലക്കാട് ജില്ലയിൽ 80 കോടി രൂപ കുടുംബശ്രീ വായ്പ നൽകിയിട്ടുണ്ട്. പദ്ധതിക്ക് തുടക്കം കുറിച്ച പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് റൂറൽ ബാങ്കിൽ ഇതിനായി പ്രത്യേക മൊബൈൽ അപ്ലിക്കേഷനും തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും “മുറ്റത്തെ മുല്ല”പൂക്കുന്ന തോടെ ഏകദേശം ഒരു വർഷം 2000 കോടി രൂപയുടെ വായ്പ കുടുംബശ്രീ വഴി നൽകാൻ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്ത് സഹകരണമേഖലയുടെ വലിയ കൈയൊപ്പാകും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!