മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിർബന്ധിത സംഭാവന: സഹകരണ ജനാധിപത്യ വേദി കോടതിയെ സമീപിക്കും.

adminmoonam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിർബന്ധിത സംഭാവന വിഷയത്തിൽ സഹകരണ ജനാധിപത്യ വേദി കോടതിയെ സമീപിക്കും.കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർമാരും അസിസ്റ്റന്റ് രജിസ്റ്റർമാരും സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നും നിർബന്ധിത തുക സംഭാവന നൽകണമെന്ന നിർദ്ദേശത്തിൻമേൽ കോടതിയെ സമീപിക്കുമെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു. 25 ലക്ഷം രൂപയും 15 ലക്ഷം രൂപയും നിർബന്ധമായും നൽകണമെന്ന നിർദേശം അംഗീകരിക്കാൻ സാധിക്കില്ല. എന്തിനും ഏതിനും സഹകരണസംഘങ്ങളെ പിഴിയുന്ന നിലപാട് വകുപ്പ് അവസാനിപ്പിക്കണം. സഹകരണസംഘങ്ങളും സഹകരണ ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ തയ്യാറാണ്. എന്നാൽ വലിയ തുക സംഘങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറം ആണെന്നും കരകുളം പറഞ്ഞു. ഈ വിഷയം ആയതിനാൽ അതിനെ രാഷ്ട്രീയമായി കാണുന്നില്ല. എന്നാൽ നിർബന്ധിത പിരിവ് തുടർന്നാൽ അതിനെ രാഷ്ട്രീയമായും നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സഹകരണ സംഘങ്ങളിൽ നിന്ന് വിവിധങ്ങളായ സംഭാവനകൾ വകുപ്പ് വാങ്ങി. 2018 ലെ പ്രളയത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഘങ്ങൾ സംഭാവന നൽകി. തുടർന്ന് കെയർ ഹോം പദ്ധതിയിലേക്ക് സംഘങ്ങൾ സംഭാവന ചെയ്തു. കെഎസ്ആർടിസി പെൻഷൻ, സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നീ പെൻഷനുകൾ സർക്കാർ നിർദ്ദേശം വഴി സഹകരണസംഘങ്ങൾ നൽകുമ്പോൾ194N വിഷയത്തിൽ ആദായ നികുതി വകുപ്പ് ഒരു കോടിക്ക് രണ്ട് ശതമാനം നിരക്കിൽ ടിഡിഎസ് ഈടാക്കുന്നുണ്ട്. തന്നെയുമല്ല ഈ വർഷം മാർച്ച് മാസത്തിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുടിശ്ശിക പിരിവ് നടത്താൻ സഹകരണസംഘങ്ങൾക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 90 ശതമാനത്തിലധികം വരുന്ന സഹകരണസംഘങ്ങളും നഷ്ടത്തിലാകും. ഇതിനുപുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ഇത്തവണ നിർബന്ധിത സംഭാവന നിർദ്ദേശം നൽകുന്നത്. ഇത് അംഗീകരിച്ചു കൊടുക്കാൻ സാധിക്കില്ലെന്നും സഹകരണ ജനാധിപത്യ വേദി പറഞ്ഞു. ഈ വിഷയത്തിൽ യുഡിഎഫിലെ വിവിധങ്ങളായ സംഘടനകളുമായും രാഷ്ട്രീയ നേതൃത്വങ്ങളുമായും ആലോചിച്ചാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ എല്ലാ വിഷയങ്ങൾക്കും ഒപ്പം നിൽക്കുന്ന സഹകരണ മേഖലയെ തകർക്കുന്ന നിലപാടാണ് ഇതെന്ന് വേദി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News