മില്‍മ എറണാകുളം മേഖല സൗരോര്‍ജ്ജ ഡെയറി പദ്ധതിക്ക് തുടക്കം കുറിക്കുന്നു

Deepthi Vipin lal

തൃപ്പൂണിത്തുറയിലുളള മില്‍മ എറണാകുളം ഡെയറി പ്രതിദിനം രണ്ട് മെഗാ വാട്ട് ഉത്പാദന ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പാല്‍ സംസ്‌കരണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍പ്പെടുത്തി ദേശീയ ക്ഷീര വികസന ബോര്‍ഡ് മുഖേന 11.5 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. അനേര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെയുളള പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 28 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. എറണാകുളം ഡെയറിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ 27.47 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച ശേഷം മിച്ചം വരുന്ന യൂണിറ്റ് കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നല്‍കി പ്രതിവര്‍ഷം ആകെ 1.6 കോടി രൂപ ലാഭം ഉണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ.

ജൂലായ് 5 ന് രാവിലെ 10 മണിക്ക് മില്‍മയുടെ ഇടപ്പള്ളി ഓഫീസ് അങ്കണത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന വിശിഷ്ട ചടങ്ങില്‍ കേന്ദ്ര മൃഗ സംരക്ഷണ-ക്ഷീരവികസന വകുപ്പ് സഹ മന്ത്രി. ഡോ. എല്‍. മുരുകന്‍ സോളാര്‍ വൈദ്യുതി ഉത്പാദന പദ്ധതിക്ക് തറക്കല്ലിടും. ഡോ. വര്‍ഗ്ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം മില്‍മ ഇടപ്പള്ളി ഹെഡ് ഓഫീസ് കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള അര്‍ദ്ധകായ പ്രതിമ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി അനാഛാദനം ചെയ്യും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ജീവചരിത്ര പുസ്തകവിതരണം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. എം.പി. ഹൈബി ഈഡന്‍ ഫ്‌ളോറാപ്പ് മെഷീന്‍ അനുമതിപത്രം നല്‍കും. ഡോ.വര്‍ഗ്ഗീസ് കുര്യന്റെ പ്രതിമ നിര്‍മിച്ച ശില്‍പിയെ എം.പി. ബെന്നി ബെഹനാന്‍ ആദരിക്കും.

കന്നുകാലി ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തുക വിതരണോല്‍ഘാടനം എം.എല്‍.എ. മാത്യു കുഴല്‍നാടന്‍, ഗുണനിലവാരം പുലര്‍ത്തുന്ന ബി.എം.സി. സംഘങ്ങള്‍ക്കുള്ള ഇന്‍സെന്റീവ് വിതരണം എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പ്രോമിസിംഗ് യൂണിയന്‍’ ആയി മില്‍മ എറണാകുളം മേഖലയെ തെരഞ്ഞെടുത്തതിന്റെ പ്രൊജക്റ്റ് അനുമതിപത്രം വിതരണം ദേശീയ ക്ഷീര വികസന ബോര്‍ഡ് ചെയര്‍മാന്‍ മീനേഷ് സി.ഷാ ,സംഘങ്ങള്‍ക്കുള്ള ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണോല്‍ഘാടനം കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, ഗീ ഫില്ലിംഗ് പ്ലാന്റ് അനുമതി പത്രം കൈമാറല്‍ ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എ. കൗശികന്‍, കര്‍ഷകര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം വിതരണോല്‍ഘാടനം മില്‍മ സംസ്ഥാന ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി, കന്നുകാലി ഇന്‍ഷുറന്‍സ് പ്രീമിയം സബ്സിഡി വിതരണോല്‍ഘാടനം ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നിര്‍വ്വഹിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!