മാലിന്യമുക്ത നഗരത്തിനായി കൈകോര്‍ത്ത് കാലിക്കറ്റ് സിറ്റി ബാങ്ക്

Deepthi Vipin lal

‘ പ്ലാസ്റ്റിക് വിമുക്ത കേരളം ‘ എന്ന പ്രഖ്യാപിത ലക്ഷ്യത്തിനു വേണ്ടി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കും കൈകോര്‍ത്തു. ഒറ്റ ദിവസംകൊണ്ട് ബാങ്കിന്റെ പരിസര പ്രദേശങ്ങളില്‍ നിന്ന് രണ്ടു ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരണത്തിനു കൈമാറി. പുന:ചംക്രമണം ചെയ്യാന്‍ പറ്റുന്ന മാലിന്യമാണ് ശേഖരിച്ചത്. ഒരു കിലോ മുതല്‍ അഞ്ചു കിലോ വരെ പ്ലാസ്റ്റിക് മാലിന്യം വീട്ടുകാര്‍ കൊണ്ടുവന്ന് ബാങ്കിനു കൈമാറി.

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാങ്കിന്റെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള ഒരു വലിയ പ്ലാന്റ് കോഴിക്കോട് ഞെളിയന്‍പറമ്പില്‍ വരാന്‍ പോവുകയാണെന്ന് മേയര്‍ പറഞ്ഞു. 250 കോടി മുതല്‍മുടക്കുള്ള പ്ലാന്റ് ജര്‍മന്‍ ടെക്‌നോളജി ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ഒരു ദിവസം 300 ടണ്‍ മാലിന്യം ഇവിടെ സംസ്‌കരിക്കാന്‍ കഴിയും. ഇതിലൂടെ അഞ്ച് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. ഈ മാസം ആറിന് മുഖ്യമന്ത്രി പ്ലാന്റിനു തറക്കല്ലിടും. സാധാരണ ഗതിയില്‍ പ്ലാസ്റ്റിക് മാലിന്യശേഖരണം ഒരു ബാങ്ക് ചെയ്യേണ്ട കാര്യമല്ല . എങ്കില്‍പ്പോലും, സാമൂഹിക പ്രതിബദ്ധതയോടെ സര്‍ക്കാരിന്റെ ഈ പദ്ധതി കാലിക്കറ്റ് സിറ്റി ബാങ്ക് ഏറ്റെടുത്ത് നടപ്പാക്കിയതില്‍ സന്തോഷമുണ്ട്- മേയര്‍ പറഞ്ഞു.

മനുഷ്യ മനസ്സുകളിലെ മാലിന്യങ്ങള്‍ എങ്ങനെയാണ് തുടച്ചുമാറ്റേണ്ടത് എന്നതിനാണ് ഉത്തരം കിട്ടേണ്ടതെന്ന് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു. മനസ്സിലെ ആ മാലിന്യങ്ങള്‍ ഇല്ലാതെയായാല്‍ നമ്മുടെ നാട്ടിലെ മാലിന്യങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. മാലിന്യമില്ലാത്ത മനസ്സുകളുണ്ടെങ്കില്‍ മാത്രമേ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ- അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ബാങ്കിലെത്തിച്ചവര്‍ക്ക് നല്‍കിയ സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് മേയര്‍ നിര്‍വഹിച്ചു. ഒന്നാംസമ്മാനം നേടിയ വിഷ്ണുവിന് 32 ഇഞ്ച് എല്‍.ഇ.ഡി. ടി.വി. സി.എന്‍. വിജയകൃഷ്ണന്‍ നല്‍കി. അജിത, അമിത, എം. മോഹന്‍ എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. ബാങ്ക് സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് സുധീഷ്. കെ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശത്തിന്റെ സ്നേഹദീപം തെളിയിച്ചു.

കാലിക്കറ്റ് സിറ്റി ബാങ്ക് ഡയരക്ടര്‍മാരായ പി.ദാമോദരന്‍, പി.എ. ജയപ്രകാശ്, സി.ഇ. ചാക്കുണ്ണി, എന്‍.പി. അബ്ദുള്‍ ഹമീദ്, ജനറല്‍ മാനേജര്‍ സാജു ജെയിംസ്, കെ.ഹസ്സന്‍കോയ, പി.കെ. കൃഷ്ണനുണ്ണി രാജ , കൃഷ്ണ കുമാര്‍ ( നിറവ്-വേങ്ങേരി ) തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!