മായാത്ത വൃക്ഷച്ഛായ

moonamvazhi

ടി. സുരേഷ് ബാബു
ടി. സുരേഷ് ബാബു

ഒരില കൊഴിയുമ്പോലെയായിരുന്നു ആ വിടവാങ്ങല്‍. അത്രമേല്‍ മൃദുലം. അത്രമേല്‍ സൗമ്യം, ആര്‍ദ്രം. ഒരു നോക്കിലോ വാക്കിലോ എഴുത്തിലോ ആരെയും നോവിക്കാതെ പി.എന്‍. ദാസ് നിത്യതയിലേക്ക് നടന്നുപോയി.

കുട്ടികളുടെ പ്രിയങ്കരനായിരുന്ന ദാസന്‍ മാഷ് ഞങ്ങള്‍ക്കും മാഷായിരുന്നു. ഏതു തിരക്കിലും ഫോണില്‍ വിളിച്ചാല്‍ ‘ ഓ ‘ എന്നേ അദ്ദേഹം വിളി കേട്ടിരുന്നുള്ളു. എഴുത്തിലെ ആര്‍ദ്രത ആ പെരുമാറ്റത്തിലുമുണ്ടായിരുന്നു. എല്ലാവരും സ്വന്തമെന്ന നിലപാട്. ആരും ചെറുതല്ലെന്ന മനോഭാവം. ലോകത്തെ കരുണയോടെയാണ് മാഷ് കണ്ടിരുന്നത്. ലോകം നന്മയുടേതാണെന്നും ആ നന്മ പൊലിപ്പിച്ചെടുക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം വിശ്വസിച്ചു. നന്മയിലേക്കുള്ള ഒരു തുള്ളി വെളിച്ചമാണ് അദ്ദേഹം എഴുത്തിലൂടെ പ്രസരിപ്പിച്ചത്. അധ്യാപനത്തിന്റെയും എഴുത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കുമ്പോഴും പ്രകൃതിചികിത്സയുടെ പ്രചാരകനായും പി.എന്‍. ദാസ് നമുക്കിടയില്‍ നിറഞ്ഞുനിന്നു. ആരോഗ്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും സ്വതന്ത്രമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌കാരവും നിലനിര്‍ത്താന്‍ ‘ വൈദ്യശസ്ത്രം ‘ മാസിക തുടങ്ങി. യൂറിന്‍ തെറാപ്പിയിലൂടെ എത്രയോ പേരെ സുഖപ്പെടുത്തി. സൗമ്യമായ എഴുത്തിലൂടെ എത്രയോ വായനക്കാരെ സ്വച്ഛതയുടെ, സാന്ത്വനത്തിന്റെ മായാത്ത വൃക്ഷച്ഛായയിലേക്ക് നയിച്ചു.

ദീപാങ്കുരം

സ്വാര്‍ഥത വെടിഞ്ഞുള്ള മനുഷ്യരുടെ കൂട്ടായ്മയെ പി.എന്‍. ദാസ് സര്‍വാത്മനാ സ്വാഗതം ചെയ്തിരുന്നു, പിന്തുണച്ചിരുന്നു. സഹകരണ മേഖലയില്‍ നിന്നുള്ള പുതിയ മാസികയായ ‘ മൂന്നാംവഴി ‘ യുടെ ആദ്യ ലക്കം തൊട്ട് അദ്ദേഹം സഹകരിക്കാന്‍ തയാറായത് ഇതുകൊണ്ടാണ്. മാസികയുടെ അവസാനപേജ് ഞങ്ങള്‍ അദ്ദേഹത്തിനു നല്‍കി. ‘ ദീപാങ്കുരം ‘ എന്ന പംക്തിയില്‍ ഓരോ ലക്കത്തിലും തെളിഞ്ഞ ഭാഷയില്‍, ചെറിയ വാക്കുകളില്‍ അദ്ദേഹം സ്‌നേഹവും കരുണയും നിറച്ചു. രോഗശയ്യയിലാകുന്നതുവരെ 19 ലക്കങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി എഴുതി. ആയിരക്കണക്കിന് ‘ മൂന്നാംവഴി ‘ വായനക്കാര്‍ അദ്ദേഹത്തിന്റെ എഴുത്തിനെ ആദരപൂര്‍വം ഹൃദയത്തിലേക്ക് ചേര്‍ത്തുവെച്ചു.

2017 നവംബറിന്റെ ആദ്യ ലക്കത്തില്‍ സ്‌നേഹമുള്ള വീടിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പി.എന്‍. ദാസ് എഴുതിയത്. സ്‌നേഹമില്ലാത്ത വെറുമൊരു കെട്ടിടം മാത്രമായി വീട് മാറുമ്പോള്‍ ഉപേക്ഷിച്ചുപോകേണ്ട ഒരിടമായി കുട്ടികള്‍ വീടിനെ കാണുന്നു എന്നാണ് അദ്ദേഹം വ്യസനിച്ചത്. സ്വന്തമായി ഒരു ദേഹം പോലുമില്ലാത്ത മനുഷ്യന്‍ സഹജമായി ഒന്നുമില്ലാത്തവനായി ജീവിക്കാന്‍ തുടങ്ങുമ്പോഴാണ് ജീവിതം സ്വര്‍ഗമായിത്തീരുന്നതെന്ന് തത്വജ്ഞാനിയായ ലീത്്‌സുവിന്റെ സുഭാഷിതങ്ങളിലൂടെ ആര്‍ത്തി പിടിച്ച ലോകത്തോട് ദാസ് വിളിച്ചു പറഞ്ഞു.

ജീവിതം നമ്മോട് പറയുന്നത്

സൂക്ഷ്മവും വിചിത്രവുമായ പ്രകൃതിപാഠങ്ങളും നിരീക്ഷണങ്ങളുംകൊണ്ട് ശിഷ്യരെ പ്രബുദ്ധരാക്കിയിരുന്ന ചൈനീസ് ധ്യാനഗുരു യുവാങ്ത്‌സുവിനെപ്പോലെയായിരുന്നു ദാസ് എന്ന എഴുത്തുകാരന്‍. ഒരു ലക്കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി : മത്സരബുദ്ധിയില്ലാതെയും പരസ്പരം സഹായിച്ചും പരസ്പരം ജീവിക്കണം. സഹജമായി ആരുമായും മത്സരിക്കാതെ താഴ്മയില്‍ പുലരുന്ന ഒരാളെ ആരും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല. മാത്രമല്ല, അത്തരക്കാരെ ഒന്നു സഹായിക്കാനും കൂടെയുള്ളവര്‍ക്ക് താനെ തോന്നും. ഒരാള്‍ എത്രയേറെ മുന്നിലെത്തിയാലും അങ്ങേയറ്റം വിജയിച്ചാലും ഒരു നാള്‍ അയാളും ഇല്ലാതാകും. ജീവിതം അതാണ്. മരിക്കുന്നതിനിടയ്ക്ക് ഒപ്പമുള്ളവരെ ഓര്‍ത്ത്, അവരെ സ്വന്തമെന്നു കരുതി , ജീവിതം തൃപ്തിയും സന്തോഷവുമുള്ളതായി മാറ്റുകയാണ് വേണ്ടത്.

അന്യമതസ്തരോട് കാലുഷ്യത്തോടെ പെരുമാറുന്ന മതമൗലികവാദികളെ പി.എന്‍. ദാസ് കഠിനമായി എതിര്‍ത്തിരുന്നു. തന്നെപ്പോലെ തന്റെ മുന്നിലുള്ളവരോട് സ്‌നേഹം തോന്നുക. നിങ്ങളോട് അയല്‍ക്കാരന്‍ എങ്ങനെ പ്രവര്‍ത്തിക്കരുതെന്നാണോ നിങ്ങളാഗ്രഹിക്കുന്നത് അത് നിങ്ങള്‍ മറ്റൊരാളോടും ചെയ്യാതിരിക്കുക. ഇതാണ് ദാസിന്റെ കാഴ്ച്ചപ്പാടില്‍ യഥാര്‍ഥ മതാത്മകത. ഇതില്ലാത്ത മതങ്ങള്‍ വെളിച്ചമണഞ്ഞുപോയ വിളക്കുകള്‍ പോലെയാണെന്ന് അദ്ദേഹം പരിതപിച്ചു.

സ്വന്തമെന്ന പദത്തിന്റെ നിരര്‍ഥകത നമ്മെ ബോധ്യപ്പെടുത്താന്‍ ദാസ് നിരന്തരം ശ്രമിക്കാറുണ്ട്. ഒരു ലക്കത്തില്‍ അദ്ദേഹം എഴുതിയതിങ്ങനെ : ഒരാള്‍ ഉറങ്ങുമ്പോള്‍, മരിക്കുമ്പോള്‍ സ്വന്തമായി ഒരു ദേഹം പോലും അയാള്‍ക്കില്ലാതാവുന്നു. മസ്തിഷ്‌കം വഴിയുള്ള വിജ്ഞാനത്തെ അപ്രായോഗികം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഹൃദയം വഴിയുള്ള ജ്ഞാനമാണ് പ്രായോഗികം എന്നദ്ദേഹം വിശ്വസിച്ചു. വിജ്ഞാനം സിദ്ധാന്തത്തിലും ജ്ഞാനം അനുഭവത്തിലും ഊന്നിനില്‍ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം.

മരണമില്ലാത്ത സത്യം

സത്യം എന്നും വിജയിക്കുമെന്ന നിലപാടിലൂന്നിയാണ് ദാസ് എഴുതിയിരുന്നത്. ‘ സത്യത്തിന്റെ ഉടുപ്പിട്ട നുണയെ ലോകം മുഴുവന്‍ സ്വീകരിക്കുമ്പോഴും കോടിയിലൊരാള്‍ ഇന്നും സത്യത്തെ പൂജിക്കുന്നുണ്ട്. അതുകൊണ്ടാണ് സത്യത്തിന് ഇന്നും മരണമില്ലാതിരിക്കുന്നത് ‘ – അദ്ദേഹം ഒരിക്കല്‍ എഴുതി. ആരാണ് യഥാര്‍ഥ ഗുരു, ആരാണ് നീതിമാന്‍ എന്നു സമാലോചിക്കുമ്പോള്‍ ലാവോത്‌സു എന്ന ഗുരുവിനെ ഉദാഹരിക്കുന്നു പി.എന്‍. ദാസ്. ഹൃദയത്തില്‍ കരുണയുള്ള ഒരാള്‍ നൈതികതയുടെ പ്രകാശത്തില്‍ വിചാരണ ചെയ്യുമ്പോള്‍ യഥാര്‍ഥ നീതി നടപ്പാവുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

‘ ഓരോരുത്തരും എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഓരോരുത്തര്‍ക്കും വേണ്ടി ‘ എന്ന മഹത്തായ സഹകരണ നൈതികതയെക്കുറിച്ച് ദാസ് ചിന്തിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. സംഘം ചേരലിനെ, കൂട്ടായ്മയെ, അന്യോന്യതയെ മോചനത്തിനുള്ള ഒരാന്തരിക ഉപാധിയായി കൈക്കൊള്ളുക എന്ന സന്ദേശമാണ് ശ്രീബുദ്ധനും യേശുവും നബിയും മാര്‍്ക്‌സും ഗാന്ധിജിയും ലോകത്തിനു നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. ഒന്നില്‍ നാം എല്ലാം കാണുന്നു, എല്ലാറ്റിലും നാം ഒന്നിനെ കാണുന്നു ‘ എന്ന മഹാ തത്വത്തിന്റെ നിഗൂഢതയില്‍ നിന്നാണ് ലോകത്തെ എല്ലാവിധ സംഘപ്രവര്‍ത്തനങ്ങളും ഉണ്ടായത് എന്നദ്ദേഹം നിസ്സന്ദേഹം പറയുന്നു. ‘ മൂന്നാംവഴി ‘ യുടെ വാര്‍ഷികപ്പതിപ്പില്‍ ‘ ഈ കിണ്ണത്തിലുണ്ട് അനവധി കൈകള്‍ ‘ എന്ന ലേഖനത്തില്‍ പി.എന്‍. ദാസ് ഇങ്ങനെ എഴുതി : കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഫണ്ട് സമാഹരണം മുതല്‍ ആതുരരായ മനുഷ്യരെ രോഗയാതനയില്‍ നിന്നു മുക്തരാക്കാനും സഹായിക്കാനുമുള്ള സഹകരണ ചികിത്സാലയങ്ങള്‍ വരെ , പുസ്തകങ്ങള്‍ വഴി സമൂഹത്തെ ബോധപരിവര്‍ത്തനം നടത്താനായി , എഴുത്തുകാര്‍ക്ക് മാന്യമായ വേതനം ലഭ്യമാക്കാനായി ഉടലെടുത്ത പുസ്തക പ്രസാധന സംഘങ്ങള്‍ വരെ സംഘസത്തയില്‍ നിന്നു വിത്തുകളെടുത്ത് വിതച്ചാണ് വളര്‍ന്നു വലുതായത്.

ആദ്യകാലത്ത് തീവ്ര ഇടതുപക്ഷ നിലപാടുകളുള്ള വിപ്ലവ ചിന്താഗതിക്കാരനായിരുന്നു പി.എന്‍. ദാസ്. പിന്നീടദ്ദേഹം സ്‌നേഹദര്‍ശനമായ ബുദ്ധതത്വങ്ങളില്‍ ആകൃഷ്ടനായി. പതിനഞ്ചോളം പുസ്തകങ്ങളുടെ കര്‍ത്താവാണ്. ഒരു തുള്ളി വെളിച്ചം, ജീവിതഗാനം, ബോധിവൃക്ഷത്തിന്റെ ഇലകള്‍, ബുദ്ധന്‍ കത്തിയെരിയുന്നു, വേരുകളും ചിറകുകളും, വൈദ്യമുക്ത സമൂഹം, സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌കാരവും, കരുണം ജീവിതം, കരുണയിലേക്കൊരു തീര്‍ഥാടനം, ഹൃദയനിലാവ് , പക്ഷി മാനസം എന്നിവയാണ് പ്രധാന കൃതികള്‍.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!