മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്ന് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് 1.21 കോടി രൂപ പിഴയിട്ടു

moonamvazhi

റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന മൂന്നു അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു പിഴശിക്ഷ വിധിച്ചു. ആന്ധപ്രദേശ് മഹേഷ് സഹകരണ അര്‍ബന്‍ ബാങ്ക്, മഹാരാഷ്ട്രയിലെ ഡോംബിവ്ലി നഗരി സഹകാരി ബാങ്ക്, ഒഡിഷയിലെ റൂര്‍ക്കേല അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവയ്ക്കു മൊത്തം 1.21 കോടി രൂപയാണു റിസര്‍വ് ബാങ്ക് പിഴയിട്ടത്.

മഹേഷ് അര്‍ബന്‍ ബാങ്കിനു 65 ലക്ഷം രൂപയാണു പിഴയിട്ടത്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണു പിഴശിക്ഷ. ഇതേ കുറ്റത്തിനാണു ഡോംബിവ്ലി അര്‍ബന്‍ ബാങ്കിനു 50 ലക്ഷം രൂപ പിഴ വിധിച്ചത്. റൂര്‍ക്കേല അര്‍ബന്‍ ബാങ്കിനു ആറു ലക്ഷം രൂപയാണു പിഴ. നിങ്ങളുടെ ഇടപാടുകാരനെ അറിയുക ( കെ.വൈ.സി ) മാനദണ്ഡങ്ങള്‍ പാലിക്കാത്തതും നിക്ഷേപ അക്കൗണ്ടുകള്‍ സൂക്ഷിക്കാത്തതുമാണു കുറ്റങ്ങള്‍.

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു ഈ മാസംതന്നെ മൂന്നു അര്‍ബന്‍ ബാങ്കുകളെ റിസര്‍വ് ബാങ്ക് ശിക്ഷിച്ചിരുന്നു. ബിഹാര്‍ സംസ്ഥാന സഹകരണ ബാങ്ക് ( 60.20 ലക്ഷം രൂപ പിഴ ), മേഘാലയത്തിലെ ജോവൈ അര്‍ബന്‍ ബാങ്ക് ( 6 ലക്ഷം ), ഗുജറാത്തിലെ രാജ്കോട്ട് അര്‍ബന്‍ ബാങ്ക് ( 10 ലക്ഷം ) എന്നിവയെയാണു ശിക്ഷിച്ചത്.

 

Leave a Reply

Your email address will not be published.