മള്‍ട്ടി സ്റ്റേറ്റ് സഹകരണ ഭേദഗതിബില്‍ പാര്‍ലമെന്റിന്റെ സംയുക്തസമിതിക്കു വിട്ടു: കൊടിക്കുന്നില്‍ സുരേഷ് സമിതിയില്‍ അംഗം

moonamvazhi

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘം നിയമ ( ഭേദഗതി ) ബില്‍-2022 ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമിതിയുടെ പരിഗണനക്കു വിട്ടു. ബില്‍ ഇരുസഭകളുടെയും സംയുക്തസമിതിക്കു വിടണമെന്ന പ്രമേയം ചൊവ്വാഴ്ച അവതരിപ്പിച്ചതു കേന്ദ്ര സഹകരണമന്ത്രി അമിത് ഷായാണ്. കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗം കൊടിക്കുന്നില്‍ സുരേഷ് സംയുക്തസമിതിയില്‍ അംഗമാണ്.

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ ഘടനയിലും പ്രവര്‍ത്തനത്തിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനുദ്ദേശിച്ചുള്ള ബില്‍ ഈ മാസം ഏഴിനാണു ലോക്‌സഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണ് ഈ ബില്‍ എന്നും ഇതു സഹകരണവിരുദ്ധമാണെന്നും വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷാംഗങ്ങള്‍ ബില്ലവതരണത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. 2002 ലാണ് ഇതിനുമുമ്പ് മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്നിരുന്നത്.

നിര്‍ദിഷ്ട സംയുക്ത സമിതിയില്‍ ലോക്‌സഭയില്‍ നിന്നു 21 അംഗങ്ങളുണ്ട്. രാജ്യസഭയില്‍ നിന്നു പത്തു പേരാണുണ്ടാവുക. സമിതിയിലെ ലോക്‌സഭാഗംഗങ്ങള്‍ ഇവരാണ്: കൊടിക്കന്നില്‍ സുരേഷ്, ചന്ദ്രപ്രകാശ് ജോഷി, ജഗദംബികാ പാല്‍, പര്‍വത് ഭായി സവാഭായി പട്ടേല്‍, പൂനംബന്‍ ഹേമന്ത്ഭായ് മാഡം, രാംദാസ് ചന്ദ്രബാന്‍ജി തഡസ്, അണ്ണാസാഹെബ് ശങ്കര്‍ ജോളി, ഡോ. നിഷികാന്ത് ദുബെ, സുനിതാ ദുഗ്ഗല്‍, ബ്രിജേന്ദ്ര സിങ്, ജസ്‌കൗര്‍ മീണ്‍, രാംകൃപാല്‍ യാദവ്, ഡോ. ധല്‍സിങ് ബിസെന്‍, മനീഷ് തിവാരി, കനിമൊഴി കരുണാനിധി, കല്യാണ്‍ ബാനര്‍ജി, കൃഷ്ണദേവരായലു ലാവു, ഹേമന്ദ് ശ്രീരാം പാട്ടീല്‍, ദുലാല്‍ചന്ദ്ര ഗോസ്വാമി, ചന്ദ്രശേഖര്‍ സാഹു, ഗിരീഷ് ചന്ദ്ര. സമിതിയിലെ അംഗങ്ങളില്‍ നിന്ന് ഒരാളെ ലോക്‌സഭാ സ്പീക്കര്‍ ചെയര്‍പേഴ്‌സനായി നിയോഗിക്കും. സമിതിയിലെ രാജ്യസഭാംഗങ്ങളെ പിന്നീട് നിശ്ചയിക്കും.

2023 ലെ ബജറ്റ് സമ്മേളനത്തിലായിരിക്കും സംയുക്ത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ മാസം അവസാനിക്കുന്ന ശീതകാല സമ്മേളനത്തില്‍ത്തന്നെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമ ഭേദഗതിബില്‍ പാസാക്കാനായിരുന്നു ഭരണപക്ഷം നേരത്തേ ലക്ഷ്യമിട്ടിരുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!