മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ഭേദഗതിബില്‍ ലോക്സഭ പാസാക്കി; ദേശീയ സഹകരണനയം ദീപാവലിക്കു മുമ്പു തയാറാകും
മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമ ഭേദഗതി ബില്‍ – 2022 ലോക്സഭ ചൊവ്വാഴ്ച വൈകിട്ട് ശബ്ദവോട്ടോടെ പാസാക്കി. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ളതാണു പുതിയ ബില്‍. മണിപ്പൂര്‍ പ്രശ്നത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടരുന്നതിനിടെയാണു സഭ ബില്‍ പാസാക്കിയത്. പുതിയ ദേശീയ സഹകരണനയം ദീപാവലിക്കു മുമ്പു തയാറാകുമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ സഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
സഹകരണമന്ത്രി അമിത് ഷാ അവതരിപ്പിച്ച മള്‍ട്ടി സ്റ്റേറ്റ് സഹകരണ ഭേദഗതിബില്‍ പാസായ ഉടനെ സ്പീക്കര്‍ ഓം ബിര്‍ള ലോക്സഭ ബുധനാഴ്ച രാവിലെവരേയ്ക്കു നിര്‍ത്തിവെച്ചു. ദേശീയ സഹകരണ ഡാറ്റാ ബേസും ദേശീയ സഹകരണനയവും ദീപാവലിക്കു മുമ്പു നിലവില്‍ വരുമെന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണനിയമ ഭേദഗതിബില്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ അറിയിച്ചു. ഡാറ്റാ ബേസിന്റെ പ്രവൃത്തി ഏതാണ്ടു പൂര്‍ത്തിയായെന്നും ദീപാവലിക്കു മുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഇതു പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്കുള്ള സഹകരണമേഖലയുടെ വികസനമാണു ദേശീയ സഹകരണനയത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.