മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലെ തര്‍ക്കം തീര്‍ക്കാന്‍ ഉപഭോക്തൃഫോറത്തിന് അധികാരമില്ല – കല്‍ക്കത്ത ഹൈക്കോടതി

moonamvazhi

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘവും അതിലെ അംഗവും തമ്മില്‍ എന്തെങ്കിലും കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറങ്ങള്‍ക്ക് ഇടപെടാനാവുമോ?  ഇല്ല എന്നാണു കല്‍ക്കത്ത ഹൈക്കോടതി ഫെബ്രുവരി ഇരുപതിനു പുറപ്പെടുവിച്ച ഒരു വിധിയില്‍ പറയുന്നത്.

ഒരു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തില്‍നിന്നു വായ്പയെടുത്ത ഒരംഗമാണു പരാതിക്കാരന്‍. സംഘത്തില്‍നിന്നെടുത്ത വായ്പ മുഴുവന്‍ തിരിച്ചടച്ചിട്ടും തനിക്കു നിയമാനുസൃതം തിരിച്ചുകിട്ടേണ്ട തുക തന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പരാതി. സംഘത്തിനെതിരെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തില്‍ പരാതി നല്‍കി. പരാതിക്കാരനുണ്ടായ മാനസികപീഡനത്തിനു നഷ്ടപരിഹാരം കൊടുക്കണം എന്നായിരുന്നു ജില്ലാ ഫോറത്തിന്റെ വിധി. സംസ്ഥാനഫോറവും ഈ വിധി ശരിവെച്ചു. തുടര്‍ന്ന് സഹകരണസംഘം കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു.

2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമപ്രകാരമാണു തങ്ങളുടെ സംഘം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സംഘത്തിന്റെ   ഭരണഘടനയെയോ മാനേജ്‌മെന്റിനെയോ പ്രവര്‍ത്തനത്തെയോ ബാധിക്കുന്ന എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ സ്‌പെഷല്‍ ആക്ടിലെ 84-ാം സെക്ഷന്‍പ്രകാരം ആര്‍ബിട്രേഷനു വിടുകയാണു വേണ്ടതെന്നും സഹകരണസംഘം വാദിച്ചു. കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് ജഡ്ജിയായ ജസ്റ്റിസ് പ്രസേന്‍ജിത്ത് ബിശ്വാസ് ഈ വാദം ശരിവെച്ചു. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലെ തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷനു വിടുകയാണു വേണ്ടതെന്ന കാര്യം രണ്ടു ഉപഭോക്തൃഫോറങ്ങളും പരിഗണിച്ചില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. പരാതി ആദ്യം പരിഗണിച്ച ജല്‍പായ്ഗുഡി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തിനു ഹര്‍ജി പരിഗണിക്കാനുള്ള അധികാരമില്ലെന്നു കോടതി പറഞ്ഞു. അംഗങ്ങളും സംഘവും തമ്മിലുള്ള തര്‍ക്കം ആര്‍ബിട്രേറ്റര്‍ക്കു വിടേണ്ടതാണെന്ന സ്‌പെഷല്‍ ആക്ടിലെ വ്യവസ്ഥ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറവും പരിഗണിച്ചില്ലെന്നും ഉപഭോക്തൃ സംരക്ഷണനിയമത്തിനു ഇവിടെ പ്രസക്തിയില്ലെന്നും കോടതി പറഞ്ഞു.

വടക്കന്‍ ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ ജോലി ചെയ്യവേ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തില്‍നിന്നു വായ്പയെടുത്ത ഒരംഗമാണു പരാതിക്കാരന്‍. 1993 ജനുവരി 14 നു 9960 രൂപയുടെയും 2001 ഡിസംബര്‍ ഏഴിനു 32,400 രൂപയുടെയും രണ്ടു വായ്പകള്‍ താന്‍ എടുത്തിരുന്നതായി പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃഫോറത്തില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 2007 സെപ്റ്റംബര്‍ 30നു സര്‍വീസില്‍നിന്നു വിരമിക്കുന്നതിനു മുമ്പുതന്നെ വായ്പയെല്ലാം അടച്ചുതീര്‍ത്തു. എന്നാല്‍, മള്‍ട്ടി സ്റ്റേറ്റ് സംഘം തനിക്കു തിരിച്ചുതരാനുണ്ടായിരുന്ന 12,608 രൂപ തന്നില്ലെന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. രണ്ടു വായ്പകളിലും പരാതിക്കാരന്‍ പലിശ ബാക്കിയടയ്ക്കാനുണ്ടായിരുന്നു എന്നു പറഞ്ഞാണു സംഘം പണം തിരിച്ചുകൊടുക്കാതിരുന്നത്. മാത്രവുമല്ല, സശോധര്‍ റോയ് എന്നൊരു വായ്പക്കാരന് താന്‍ ജാമ്യം നിന്നിരുന്നുവെന്നും പരാതിക്കാരന്‍ പറഞ്ഞു. വായ്പ മുഴുവന്‍ തിരിച്ചടയ്ക്കുംമുമ്പ് സശോധര്‍ റോയ് മരിച്ചു. ഇതും സംഘത്തില്‍നിന്നു തന്റെ പണം തിരിച്ചുകിട്ടാതിരിക്കാന്‍ കാരണമായി. തുടര്‍ന്നാണു പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തില്‍ ഹര്‍ജി നല്‍കിയത്. എക്‌സ്പാര്‍ട്ടിയായാണ് ഈ പരാതിയില്‍ വിധിയുണ്ടായത്. ഇതിനെതിരെ മള്‍ട്ടി സ്റ്റേറ്റ് സംഘം സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഹര്‍ജി ഫയല്‍ ചെയ്‌തെങ്കിലും 2013 ആഗസ്റ്റ് രണ്ടിന് അതു തള്ളിപ്പോയി. വേണ്ടത്ര തെളിവോ രേഖയോ ഹാജരാക്കാത്തതിനാലാണ് ഈ ഹര്‍ജി തള്ളിയത്. തുടര്‍ന്നാണു സംഘം ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി 2012 ജൂണ്‍ നാലിനു ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറവും 2013 ആഗസ്റ്റ് രണ്ടിനു സംസ്ഥാന ഫോറവും പരാതിക്കാരന് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കി. അതേസമയം, തന്റെ ആവലാതിക്കു പരിഹാരം കാണാന്‍ പരാതിക്കാരനു യുക്തമായ വേദിയെ സമീപിക്കാവുന്നതാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!