മള്‍ട്ടി സംഘങ്ങള്‍ക്ക് ഡിജിറ്റല്‍ ഇടപാടിന് ഉപാധികളോടെ അനുമതിയകാമെന്ന് ആര്‍.ബി.ഐ
സഹകരണ സംഘങ്ങളിലും ഡിജിറ്റല്‍ പണമിടപാട് രീതി കൊണ്ടുവരണമെന്ന നിലപാടിലേക്ക് റിസര്‍വ് ബാങ്ക് മനസ് മാറ്റുന്നു. എന്‍.എസ്. വിശ്വനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കി ഇതിനുള്ള ഉപാധികള്‍ റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് മുന്നില്‍വെച്ചു. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരേണ്ട മാറ്റം സംബന്ധിച്ച് സഹകരണ മന്ത്രാലയം റിസര്‍വ് ബാങ്കില്‍നിന്ന് തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആര്‍.ബി.ഐ. കാര്യങ്ങള്‍ വിശദീകരിച്ചത്.
കേന്ദ്രീകൃത നിയന്ത്രണ അതോറിറ്റിക്ക് കീഴില്‍ സഹകരണ വായ്പ സംഘങ്ങളെ കൊണ്ടുവന്നാല്‍ അവയ്ക്ക് നിയന്ത്രിതമായ വിധത്തില്‍ ഓണ്‍ലൈന്‍ പണമിടപാടിന് അനുമതി നല്‍കാമെന്നതാണ് വിശ്വനാഥന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത്. സഹകരണ വായ്പ സംഘങ്ങള്‍ക്ക് ഒരു അമ്പ്രല്ല ഓര്‍ഗനൈസേഷന്‍ ഉണ്ടാക്കുകയും അതുവഴി ഓണ്‍ ലൈന്‍ സംവിധാനം ഒരുക്കുകയും ചെയ്യാമെന്നാണ് ചൂണ്ടിക്കാട്ടിയത്. ഇതാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ആര്‍.ബി.ഐ.യും നിര്‍ദ്ദേശിക്കുന്നത്.
രണ്ടോ അതിലധികമോ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ളതാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍. ഇവയിലെ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ പണമിടപാട് അനുവദിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് റിസര്‍വ് ബാങ്കിനുമുള്ളത്. മാത്രവുമല്ല, സംസ്ഥാന പരിധിക്കുള്ളിലുള്ള വായ്പ സഹകരണ സംഘങ്ങള്‍ക്കും ഡിജിറ്റല്‍ പണമിടപാട് അനുവദിക്കാമെന്ന നിലപാടും ആര്‍.ബി.ഐ.യ്ക്കുണ്ട്. പക്ഷേ, അവയില്‍ നിയന്ത്രണം ഉണ്ടാകണം. ബാങ്കിങ് ലൈസന്‍സിലല്ലാതെ പ്രവര്‍ത്തിക്കുന്ന വായ്പ സഹകരണ സംഘങ്ങള്‍ക്ക് എല്ലാമായി കേന്ദ്രീകൃത നിയന്ത്രണ ഏജന്‍സി എന്നതാണ് ഇതിന് ആര്‍.ബി.ഐ. മുന്നോട്ടുവെക്കുന്നത്.
നിലവില്‍ അര്‍ബന്‍ ബാങ്കുകള്‍ക്കായി രൂപീകരിച്ച അമ്പ്രല്ല ഓര്‍ഗനൈസേഷന്റെ പരിധിയില്‍ മള്‍ട്ടി സ്റ്റേറ്റ് വായ്പ സഹകരണ സംഘങ്ങളും, സംസ്ഥാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വായ്പ സഹകരണ സംഘങ്ങളും കൊണ്ടുവരിക എന്നതാണ് ആലോചിക്കുന്നത്. മള്‍ട്ടി സംഘങ്ങളില്‍ നിയമ-ഭരണ നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമാക്കാന്‍ കേന്ദ്രസഹകരണ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. അതേസമയം, വായ്പ-വായ്‌പേതര മേഖലകളില്‍ കൂടുതല്‍ മള്‍ട്ടി സംഘങ്ങള്‍ തുടങ്ങാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്. അതുകൊണ്ട് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പ്രത്യേക നിയന്ത്രണ ഏജന്‍സിയെ നിയമിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കും.