മലപ്പുറം തീരുമാനിക്കുമോ കേരളബാങ്കിന്റെ ഭാവി

web desk

കേരളബാങ്ക് രൂപവത്കരണത്തില്‍ മലപ്പുറം ജില്ലാബാങ്കിന്റെ തീരുമാനം നിര്‍ണായകമാകും. മലപ്പുറത്തെ മാറ്റി നിര്‍ത്തി സഹകരണ വായ്പാമേഖല രണ്ടു തട്ടിലേക്ക് മാറ്റാനാവില്ലെന്ന നിലപാട് നബാര്‍ഡിന്റേതാണെന്നാണ് സൂചന.

ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് ദ്വിതല ഘടനയിലേക്ക് വായ്പാ സംവിധാനം മാറ്റുന്നത്. ഇങ്ങനെ ലയിപ്പിക്കുന്നതിനുള്ള അനുമതിക്കാണ് റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കിയിട്ടുള്ളത്. ലയനശേഷം സംസ്ഥാന സഹകരണ ബാങ്കാണ് കേരളബാങ്കായി മാറുന്നത്. മലപ്പുറത്തെ മാറ്റിനിര്‍ത്തിയുള്ള ലയനത്തിന് അനുമതി കിട്ടുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ കേരള സര്‍ക്കാരിനെ അലട്ടുന്നത്.

ജൂലായ് 18ന് മലപ്പുറം ജില്ലാബാങ്കില്‍ വീണ്ടും പൊതുയോഗം നടക്കുകയാണ്. ലയന പ്രമേയം അംഗീകരിപ്പിക്കുകയാണ് പൊതുയോഗത്തിന്റെ ലക്ഷ്യം. അത് സാധ്യമാകുമോയെന്നാണ് അറിയേണ്ടത്. നേരത്തെ ഈ പ്രമേയം മലപ്പുറം തള്ളിയതാണ്. ജീവനക്കാരെയും പ്രാഥമിക സഹകരണ ബാങ്കുകളെയുമെല്ലാം കടുത്ത സമ്മര്‍ദ്ദത്തിലാക്കിയാണ് രണ്ടാംതവണയും പൊതുയോഗം നടക്കുന്നത്.

കേരളബാങ്ക് എന്തായാലും രൂപവത്കരിക്കുമെന്നും മലപ്പുറം അതിന്റെ ഭാഗമായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് സീനിയോരിറ്റിയും പദവിയുമെല്ലാം നഷ്ടമാകുമെന്നുമാണ് ജീവനക്കാരുടെ മേലുള്ള സമ്മര്‍ദ്ദം. ഇതില്‍ ജീവനക്കാര്‍ക്കും ആധിയുണ്ട്. അതിനാല്‍, മലപ്പുറത്തെക്കൂടി ഉള്‍പ്പെടുത്തി മാത്രമേ കേരളബാങ്ക് രൂപവത്കരിക്കാവൂ എന്നു കാണിച്ച് ജീവനക്കാര്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ ഈ നിലപാട് സഹകരണ വകുപ്പിന് ആശ്വാസമേകുന്നുണ്ട്.

 

മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളെ കേരളബാങ്കിലെ അംഗങ്ങളാക്കുമെന്നതാണ് മറ്റൊരു സമ്മര്‍ദ്ദം. ഇങ്ങനെ വന്നാല്‍ മലപ്പുറം ജില്ലാബാങ്കിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകും. അതിനാല്‍, ലയനത്തിന് അനുകൂലമായി തീരുമാനമെടുക്കുന്നതാണ് നല്ലതെന്നാണ് പ്രാഥമിക ബാങ്കുകളുടെ മേലുള്ള സമ്മര്‍ദ്ദം. പ്രാഥമിക ബാങ്കുകളിലേറെയും ലീഗ് നിയന്ത്രണത്തിലുള്ളവയാണ്. കേരളബാങ്ക് രൂപവത്കരണത്തെ അനുകൂലിക്കാനാവില്ലെന്നും ലീഗും യു.ഡി.എഫും നേരത്തെ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ മാറ്റമില്ലെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും എത്ര സമ്മര്‍ദ്ദമുണ്ടായാലും പ്രാഥമിക ബാങ്കുകളുടെ വോട്ടു മറിയാനുള്ള രാഷ്ട്രീയസാധ്യത കുറവാണ്.

അതേസമയം, സര്‍ക്കാരും സമ്മര്‍ദ്ദത്തിലാണ്. ലയനപ്രമേയം മലപ്പുറം ജില്ലാബാങ്ക് പൊതുയോഗം വീണ്ടും തള്ളിയാല്‍ റിസര്‍വ് ബാങ്ക് എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ആശങ്ക. മലപ്പുറത്തെ മാറ്റിനിര്‍ത്തി കേരളബാങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയാലും തര്‍ക്കങ്ങളുണ്ടാകും. മലപ്പുറം ജില്ലയിലെ വായ്പാ ഘടനയുടെ മാറ്റത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കാനിടയില്ല. അതായത് മലപ്പുറത്ത് മൂന്നു തട്ടിലായി വായ്പാഘടന നിലനില്‍ക്കും. ജാര്‍ഖണ്ഡില്‍ ഈ രീതിയാണ് റിസര്‍വ് ബാങ്ക് അംഗീകരിച്ചത് എന്നതാണ് സര്‍ക്കാരിനെ അലട്ടുന്നത്.

മലപ്പുറം ജില്ലാബാങ്കിലെ അംഗങ്ങളായ പ്രാഥമിക ബാങ്കുകളാണ് കേരളബാങ്കിനെതിരെ ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുള്ളത്. ഇതില്‍ ലയനം സംബന്ധിച്ച് അന്തിമ ഉത്തരവ് ഇറക്കുന്നതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിലക്കും നിലവിലുണ്ട്. കേരളബാങ്ക് രൂപവത്കരണത്തിന് കോടതിവിലക്കുണ്ടാകാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദ്ദേശിച്ചതാണ്. അതിനാല്‍, മലപ്പുറം ജില്ലാബാങ്ക് പൊതുയോഗത്തിന്റെ നിലപാട് അനുസരിച്ചായിരിക്കും ഹൈക്കോടതിയിലെ കേസിന്റെ ഭാവിയും. ബാങ്കിങ് സ്ഥാപനമായതിനാല്‍ അവിടെയുള്ള നിക്ഷേപകരെയും ഇടപാടുകാരെയും ഒരു നയപരമായ തീരുമാനത്തിലൂടെ സര്‍ക്കാരിന് മാറ്റാനാവില്ലെന്ന നിലപാടാണ് ഹൈക്കോടതി കേസിന്റെ പലഘട്ടത്തിലും സ്വീകരിച്ചിട്ടുള്ളത്. അതിനാല്‍, രാഷ്ട്രീയ സമവായമുണ്ടായില്ലെങ്കില്‍ കേരളബാങ്കിന്റെ പിറവി അത്ര എളുപ്പമാകാനിടയില്ല.

Leave a Reply

Your email address will not be published.