മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്ക് ഐ.എം.എ.യുടെ അഭിനന്ദനം

[mbzauthor]

മലപ്പുറം ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലാ സഹകരണാശുപത്രിയുടെ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രത്തിൻ്റെ പ്രവർത്തനത്തെ ഐ.എം.എ. കേരള ചാപ്ടർ അഭിനന്ദിച്ചു.

സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം രണ്ട് മാസം പിന്നിടുന്ന വേളയിൽ ലഭിച്ച ഈ പ്രശംസ ജില്ലാ സഹകരണ ആശുപത്രി ടീമിനു കൂടുതൽ ഊർജം പകരുമെന്നു ഭാരവാഹികൾ പറഞ്ഞു.

കോവിഡ് മഹാമാരിക്ക് എതിരെയുള്ള തങ്ങളുടെ നിശ്ശബ്ദ വിപ്ലവം രണ്ട് മാസം പിന്നിടുകയാണെന്ന് മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഭാരവാഹികൾ അനുസ്മരിച്ചു.

ചെറിയ പെരുന്നാൾ ദിനത്തിൽ തുടങ്ങിയ ചർച്ചയെത്തുടർന്ന് 2021 മെയ് 22നാണ് സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്.

വലിയ പെരുന്നാൾ ദിനമായ ബുധനാഴ്ചയും കേന്ദ്രത്തിൽ 20 കോവിഡ് രോഗികൾ കിടത്തി ചികിത്സയിലാണ്. രണ്ട് മാസമായി ഇവിടത്തെ ആരോഗ്യ പ്രവർത്തകർ യുദ്ധമുഖത്താണ്.

ബി., സി. കാറ്റഗറിൽപ്പെട്ട ഒരു കോവിഡ് രോഗിക്ക് 20000 രൂപ മുതൽ 50,000 രൂപ വരെ സ്വകാര്യ ആശുപത്രിയിൽ ചെലവ് വരുന്ന ചികിത്സയാണ് സൗജന്യമായി ഇവിടെ നൽകിവരുന്നത്.

പി.എം.എസ്.എ. മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി മലപ്പുറം നഗരസഭ സൗജന്യമായി അനുവദിച്ചു നൽകിയ മലപ്പുറം ടൗൺ ഹാളിൽ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം തുടങ്ങിയത് മെയ് 22നാണ്. കേന്ദ്രത്തിനു ഇ അഹമ്മദ് കോവിഡ് കെയർ സെൻ്റർ എന്നാണ് പേരിട്ടി ട്ടുള്ളത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഈ കേന്ദ്രം നാടിനു സമർപ്പിച്ചത്.

10 ഓക്സിജൻ സപ്പോർട്ടുള്ള ബെഡ് ഉൾപ്പെടെ 34 ബെഡുകളാണ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സഹകരണ ആശുപത്രി പൂർണ്ണമായും സൗജന്യ ചികിത്സാ പദ്ധതിയുമായി മുന്നോട്ട് വന്നിട്ടുള്ളത്.

ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ: വിജയൻ്റെ നേതൃത്വത്തിലുള്ള ആറ് ഡോക്ടർമാരുടെയും ടീമിൻ്റെയും സേവനം കേന്ദ്രത്തിൽ 24 മണിക്കൂറും ലഭ്യമാണ്. മരുന്ന്, ഓക്സിജൻ , ലാബ് ടെസ്റ്റ്, എക്സറെ, ഇ.സി.ജി. മുതലായവ ഉർപ്പെടെ ഏറ്റവും നല്ല ഗുണനിലവാരമുള്ള ചികിത്സയാണ് കേന്ദ്രത്തിൽ നൽകുന്നത്.

രോഗികൾക്ക് ഭക്ഷണം സൗജന്യമായി മലപ്പുറം നഗരസഭയും നൽകുന്നുണ്ട്. കേന്ദ്രത്തിൽ മൂന്ന് ഷിഫ്റ്റുകളിലായി സഹകരണ ആശുപത്രിയിലെ 24 ആരോഗ്യ പ്രവർത്തകർ ജോലി ചെയ്യുന്നു.

കേന്ദ്രത്തിൽ രണ്ട് മാസത്തിനുള്ളിൽ 200 ൽ കൂടുതൽ കോവിഡ് രോഗികൾക്ക് കിടത്തി ചികിത്സ നൽകി. 100ൽ കൂടുതൽ രോഗികൾക്ക് ഓക്സിജൻ സപ്പോർട്ട് സഹിതമുള്ള ബി, സി കാറ്റഗറി ചികിത്സ നൽകി. കോവിഡ് സെക്കൻ്റ് ലൈൻ ട്രീറ്റ്മെൻ്റാണ് കേന്ദ്രത്തിൽ നൽകി വരുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ കോവിഡ് നോഡൽ ഓഫീസർ, മലപ്പുറം നഗരസഭ, കേന്ദ്രത്തിൽ നിന്നും ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ രോഗികൾ ഉൾപ്പെടെ എല്ലാവരുടെയും പ്രശംസ തങ്ങൾക്ക് കൂടുതൽ ഊർജം നൽക്കുന്നു – ഭാരവാഹികൾ പറഞ്ഞു.

കേന്ദ്രത്തിലുള്ള കോവിഡ് രോഗികൾക്ക് കൗൺസിലിംഗ് ആശുപത്രിയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പരിദ് നൽകി വരുന്നുണ്ട്. ലോക്ക് ഡൗൺ കാലയളവിൽ ആശുപത്രിയിലെ എല്ലാ ഡോക്ടർമാരും സൗജന്യ ടെലി കൺസൾട്ടേഷനും നൽകിയിരുന്നു. വലിയ സാമ്പത്തിക ബാധ്യത വരുന്ന സൗജന്യ കോ വിഡ് ചികിത്സാ പദ്ധതി മുന്നോട്ട് കൊണ്ട് പോവുന്നത് സുമനസുകൾ, ജില്ലയിലുള്ള സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും ലഭിക്കുന്ന സഹായം കൊണ്ടാണ്.
ജില്ലാ സഹകരണ ആശുപത്രി പ്രസിഡൻ്റ് കെ.പി.എ. മജീദ് എം.എൽ.എ.യാണ്.

കോവിഡ് മഹാമാരിക്ക് എതിരെയുള്ള യുദ്ധം വിജയിക്കാനുള്ള പോരാട്ടത്തിനു പിന്തുണയും പ്രാർത്ഥനകളും തുടർന്നും തേടുകയാണെന്ന്
മലപ്പുറം ജില്ലാ സഹകരണ ആശുപത്രി സെക്രട്ടറി സഹീർ കാലടി അറിയിച്ചു.

 

[mbzshare]

Leave a Reply

Your email address will not be published.