മലപ്പുറം ജില്ലയിലൊഴികെ സഹകരണ വിദ്യാഭ്യാസ സമിതികള്‍ പുനസംഘടിപ്പിച്ചു

moonamvazhi

സഹകരണ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനുമായി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ വിദ്യാഭ്യാസ സമിതി സഹകരണ വകുപ്പ് പുനസംഘടിപ്പിച്ചു. ഓരോ ജില്ലയിലെയും ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റ് ചെയര്‍മാനായാണ് ഈ സമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു. കേരളബാങ്ക് രൂപീകരിച്ചതോടെ വിദ്യാഭ്യാസ സമിതിക്ക് നാഥനില്ലാതായി. കേരളബാങ്കിന് നായകത്വം ഏറ്റെടുക്കാനുള്ള വ്യവസ്ഥയും ഉണ്ടായിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സമിതികള്‍ പുനസംഘടിപ്പിച്ചത്.

1989 ഫിബ്രവരി 30നാണ് ജില്ലാ സഹകരണ വിദ്യാഭ്യാസ ഏകോപന സമിതികളുടെ ചെയര്‍മാന്‍മാരായ ജില്ലാസഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാരെ ചുമതലപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2019 നവംബറിലാണ് മലപ്പുറം ജില്ലാസഹകരണ ബാങ്ക് ഒഴികെയുള്ള മറ്റ് ജില്ലാബാങ്കുകളെല്ലാം സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ചതിനാല്‍ ഈ രീതി മാറ്റേണ്ടിവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്ത് ഒഴികെ മറ്റ് ജില്ലകളില്‍ സഹകരണ വിദ്യാഭ്യാസ ഏകോപന സമിതി പുനസംഘടിപ്പിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മലപ്പുറത്ത് ഒഴികെ സംസ്ഥാന സഹകരണ ബാങ്കിന്റെ ജില്ലാതല പ്രതിനിധിയെ ജില്ലകളില്‍ സമിതി ചെയര്‍മാന്‍മാരാക്കിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുനസംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സഹകരണ യൂണിയന്റെ റവന്യൂ ജില്ലയെ പ്രതിനിധീകരിക്കുന്ന മാനേജിങ് കമ്മിറ്റി അംഗം വൈസ് ചെയര്‍മാനാകും. ജില്ലയിലെ സഹകരണ വകുപ്പ് ജോയിന്റ് ഓഡിറ്റ് ഡയറക്ടര്‍ കണ്‍വീനറും സഹകരണ വിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍ ജോയിന്റ് കണ്‍വീനറുമായിരിക്കും.

സംസ്ഥാന സഹകരണ യൂണിയനില്‍ ജില്ലയില്‍നിന്നുള്ള മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ വിദ്യാഭ്യാസ സമിതിയിലും അംഗങ്ങളായിരിക്കും. ജില്ലയിലെ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാന്‍, ജില്ല മൊത്ത വ്യാപാര ഉപഭോക്തൃ സഹകരണ സംഘം പ്രസിഡന്റ്, ജോയിന്റ് രജിസ്ട്രാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ഡയറി ഡെവലപ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍, ലോക്കല്‍ ഓഫീസര്‍ ഓഫ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്. ലോക്കല്‍ ഓഫീസര്‍ ഓഫ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ്, കയര്‍ പ്രൊജക്ട് ഓഫീസര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍), അസിസ്റ്റന്റ് ഡയറക്ടര്‍(ഓഡിറ്റ്), സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍മാര്‍, സഹകരണ പരിശീലന കോളേജ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Leave a Reply

Your email address will not be published.