മത്സ്യത്തൊഴിലാളികള്‍ക്ക് സഹകരണ സംഘം നല്‍കിയ വായ്പയുടെ പലിശയില്‍ ഇളവു നല്‍കും

[email protected]

മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ 43 കോടി വായ്പയുടെ പലിശയും പിഴപ്പലിശയും ഇളവു ചെയ്യുമെന്ന് മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തിരഞ്ജന്‍ പറഞ്ഞു. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങാന്‍ സഹകരണ സംഘങ്ങള്‍ മുഖേനെ 2013-14 വര്‍ഷം വരെ നല്‍കിയ വായ്പകള്‍ക്കാണ് ഇളവുണ്ടാകുക. കണ്ണൂരില്‍ മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന അവലോകന യോഗത്തിന്റെ ഉദ്ഘാടനവും മൈക്രോഫിനാന്‍സ് വായ്പാ വിതരണവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ സംഘങ്ങള്‍ക്ക് വായ്പാ കുടിശ്ശികയുണ്ടെങ്കിലും അതിന്റെ പരിധിയില്‍പെട്ട, വായ്പ തിരിച്ചടച്ച ഗ്രൂപ്പുകള്‍ക്ക് വീണ്ടും വായ്പ നല്‍കാന്‍ തീരുമാനിച്ചതായും മത്സ്യഫെഡ് ചെയര്‍മാന്‍ പറഞ്ഞു. ഗ്രൂപ്പുകള്‍ക്ക് വേണ്ട മുഴുവന്‍ തുകയും പലിശ ഇല്ലാതെ വായ്പയായി നല്‍കും. മത്സ്യത്തിന്റെ ലേലം സഹകരണ സംഘം മുഖേനെയാകണം എന്ന നിബന്ധനയോടെയാണ് ഈ വായ്പ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടാന്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ സജീവമാകണം. ജില്ലയില്‍ മത്സ്യലേലങ്ങള്‍ കുറവാണ്. ഇതിലൂടെ ഇടനിലക്കാര്‍ക്കാണ് ലാഭമുണ്ടാകുക. ലേലങ്ങള്‍ കൂടുതലായി ഉണ്ടായാല്‍ മാത്രമേ മത്സ്യത്തൊഴിലാളികള്‍ക്ക് ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയൂ.

മത്സ്യമേഖലയിലുള്ള സ്ത്രീകള്‍ അവരുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കണം. സ്വയം സംരംഭങ്ങള്‍ ഉള്ള വനിതകള്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപ വരെ വായ്പയായി നല്‍കും. സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങളെ സര്‍ക്കാര്‍ ശാക്തീകരിക്കും. സംഘങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി മൂന്നു ലക്ഷം രൂപ നല്‍കും. യോഗ്യതയുള്ളവരെ സെക്രട്ടറിമാരായി നിയമിക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ സംഘങ്ങള്‍ മത്സ്യം നേരിട്ട് ഏറ്റെടുത്ത് സ്റ്റാളുകള്‍ വഴി വില്‍പ്പന നടത്തണം. മത്സ്യത്തിനൊപ്പം ചെറുകിട യൂനിറ്റുകളിലൂടെ മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കണം. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഓണ്‍ലൈന്‍ വിപണിയുടെ ഉള്‍പ്പെടെ സാധ്യതകള്‍ തേടണമെന്നും ഇതിന് മത്സ്യഫെഡിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാണെന്ന് ചെയര്‍മാന്‍ വിലയിരുത്തി. പ്രശ്‌നങ്ങള്‍ പരിഹരിച്ച് സഹകരണ സംഘങ്ങളെ ശാക്തീകരിക്കാനായി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഗസ്റ്റില്‍ ജില്ലയില്‍ ക്യാമ്പു ചെയ്ത് സംഘങ്ങളുടെ യോഗങ്ങളില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഗ്രീന്‍പാര്‍ക്ക് റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മത്സ്യഫെഡ് ഡയറക്ടര്‍ പി.എ രഘുനാഥന്‍ അധ്യക്ഷത വഹിച്ചു.

മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കും സ്വയം സഹായ ഗ്രൂപ്പുകള്‍ക്കുമുള്ള മൈക്രോ ഫിനാന്‍സ് വായ്പയും ചടങ്ങില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ വിതരണം ചെയ്തു. ഏഴു സ്വയം സഹായ ഗ്രൂപ്പുകള്‍ക്കും നാലു സഹകരണ സംഘങ്ങള്‍ക്കുമാണ് മൈക്രോ ഫിനാന്‍സ് വായ്പ നല്‍കിയത്.

തുടര്‍ന്ന് സഹകരണ സംഘം പ്രതിനിധികള്‍ തങ്ങളുടെ ആവശ്യങ്ങളും പരാതികളും സംശയങ്ങളും പങ്കുവെച്ചു. മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ഉണ്ടെന്ന പ്രചരത്തെ തുടര്‍ന്ന് നേരിടുന്ന പ്രതിസന്ധി ഉള്‍പ്പെടെ നിരവധി കാര്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. ഇതിന് മത്സ്യഫെഡ് ചെയര്‍മാനും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.പി സുരേന്ദ്രനും മറുപടി നല്‍കി. കണ്ണൂര്‍ മത്സ്യഫെഡ് മാനേജര്‍ എ. ശ്യാം സുന്ദര്‍, അക്കൗണ്ട്‌സ് ഓഫീസര്‍ ഹരിദാസ് പി.കെ, ജില്ലാ അസിസ്റ്റന്റ് മാനേജര്‍ ഗംഗാധരന്‍ കല്യാടന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News