ഭരണിക്കാവ് ബാങ്കിന്റെ കോവിഡ് പാക്കേജിനു കോ-ഓപ് ഡെ പുരസ്കാരം
– വി.എന്‍. പ്രസന്നന്
കോവിഡ് പിടിമുറുക്കിയ കേരള സമൂഹത്തെ തിരിച്ചു കൊണ്ടുവരാന്‍
സഹകരണ സംഘങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തിനുള്ള 2020-21 ലെ കോ-ഓപ് ഡെ
പുരസ്കാരത്തിനു അര്‍ഹമായ ഭരണിക്കാവ് സര്‍വീസ് സഹകരണ ബാങ്ക് കോവിഡ്
അതിജീവനത്തിനു മാത്രമായി 25 കോടി രൂപയുടെ പാക്കേജാണു നടപ്പാക്കിയത്.
1924 ല്‍ രൂപംകൊണ്ട ബാങ്കില്‍ ഇപ്പോള്‍ ഇരുപതിനായിരത്തിലധികം അംഗങ്ങളുണ്ട്.
കോവിഡ്കാലം ലോകമെങ്ങും സഹകരണ സ്ഥാപനങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളെക്കാള്‍ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ പ്രതിബദ്ധമാണെന്നു തെളിയിച്ചു. അതിനാധാരമായ ഒരു അന്താരാഷ്ട്ര പഠനം ‘മൂന്നാംവഴി’ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളും കോവിഡിനെ അതിജീവിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. അവയില്‍ത്തന്നെ കോവിഡ് അതിജീവനത്തിനു മാത്രമായി 25 കോടി രൂപയുടെ പാക്കേജ് നടപ്പാക്കി ശ്രദ്ധേയ നേട്ടം കൈവരിച്ച സഹകരണ സ്ഥാപനമാണ് ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് സര്‍വീസ് സഹകരണ ബാങ്ക്. ഈ നേട്ടത്തിനു സംസ്ഥാന സര്‍ക്കാരിന്റെ സഹകരണദിന ( കോ-ഓപ് ഡെ ) പുരസ്കാരം ബാങ്കിനു ലഭിച്ചു. സഹകരണദിനാഘോഷച്ചടങ്ങില് സഹകരണ മന്ത്രി വി.എന്‍. വാസവനില്‍നിന്നു ബാങ്ക് പ്രസിഡന്റ് കോശിഅലക്സ് പുരസ്കാരം ഏറ്റുവാങ്ങി.
ഈ ബാങ്കിന്റെ സേവനമികവിനു ലഭിക്കുന്ന ആദ്യപുരസ്കാരമല്ല ഇത്. 2021 മാര്‍ച്ചില്‍ കേരള ബാങ്കിന്റെ പുരസ്കാരം ലഭിച്ചിരുന്നു. കോവിഡ്കാല പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച സഹകരണ ബാങ്കിനുള്ള പുരസ്കാരമായിരുന്നു അത്. തിരുവനന്തപുരം സഹകരണ ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോശി അലക്സും ബാങ്ക് സെക്രട്ടറി കെ.എസ്. ജയപ്രകാശും ബോര്‍ഡംഗം കെ. ശശിധരന്‍നായരും ചേര്‍ന്നു കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലില്നിന്നു പുരസ്കാരം ഏറ്റുവാങ്ങി. ആ പുരസ്കാരത്തിനും അടിസ്ഥാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളായിരുന്നു. കോവിഡ് പ്രതിരോധത്തില്‍ അധിഷ്ഠിതമായി ഒരു വര്‍ഷം നടത്തിയ കാര്‍ഷികവും കാര്ഷികേതരവുമായപ്രവര്ത്തനങ്ങള് വിലയിരുത്തിയാണ് അവാര്‍ഡെന്നു കേരള ബാങ്ക് വ്യക്തമാക്കിയിരുന്നു. ഭരണിക്കാവ് സഹകരണ ബാങ്കിന് ഏതാനും വര്‍ഷത്തിനകം ഇതു നാലാമത്തെ പുരസ്കാരമാണു സഹകരണദിന പുരസ്കാരം. മുഴുവന്‍ ജീവനക്കാരുടെയും ഭരണസമിതിയംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനമാണു നേട്ടത്തിനു നിദാനമെന്നു ബാങ്ക് പ്രസിഡന്റ് കോശി അലക്സ് വ്യക്തമാക്കുന്നു.
98 വര്‍ഷത്തെ
പാരമ്പര്യം
ഭരണിക്കാവ് പഞ്ചായത്തിലാണ് ഈ ബാങ്ക് സ്ഥിതിചെയ്യുന്നത്. കായംകുളം-പുനലൂര്‍ പാതയില്‍ കായംകുളത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ കിഴക്കു കോയിക്കല്ച്ചന്ത എന്ന സ്ഥലത്താണിത്. 1924 ലാണിതു രൂപവത്കരിച്ചത്. ചില ദേശസ്നേഹികള്‍ രൂപം കൊടുത്ത സഹകരണ സ്ഥാപനമാണിത്. ഇന്ന് ഇരുപതിനായിരത്തിലധികം അംഗങ്ങളുണ്ട്. പള്ളിക്കലിലെ ആസ്ഥാന ഓഫീസിനു പുറമെ കറ്റാനം -ചൂനാട് റോഡില്‍ നാമ്പുകുളങ്ങര, കൊപ്രാപ്പുര, കട്ടച്ചിറ പാറയ്ക്കല്‍ ജങ്ഷനുകളിലും ശാഖയുണ്ട്. നാമ്പുകുളങ്ങരയില്‍ 2010 സെപ്റ്റംബര്‍ നാലിനും കൊപ്രാപ്പുരയില്‍ 2016 മാര്‍ച്ച് മൂന്നിനും പാറയ്ക്കലില്‍ 2022 മാര്‍ച്ച് 22 നുമാണു ശാഖകള്‍ തുടങ്ങിയത്. എല്ലായിടത്തുമായി 19 ജീവനക്കാരുണ്ട്. ബാങ്ക് ആസ്ഥാനം സ്വന്തം സ്ഥലത്തും ശാഖകള്‍ വാടകക്കെട്ടിടങ്ങളിലുമാണ്. 126.95 കോടി രൂപ ആസ്തിയും 88.78 കോടി രൂപ നിക്ഷേപവും 92 കോടി രൂപ വായ്പയുമാണു ബാങ്കിനുള്ളത്.
കാര്‍ഷിക-കാര്‍ഷികേതര സംരംഭങ്ങള്‍ മിക്കതും ബാങ്കിന്റെ അങ്കണത്തില്‍ത്തന്നെ. മരുന്നുകള്‍ വിലകുറച്ചു വില്ക്കാന് നീതി മെഡിക്കല്‍ സ്റ്റോര്‍, നിത്യോപയോഗ സാധനങ്ങള്‍ക്കായി നീതി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, വിഷരഹിത പച്ചക്കറികള്‍ ലഭിക്കുന്ന സഹകരണ സമൃദ്ധി എക്കോ ഷോപ്പ്, കോ-ഒാപ്പ് മാര്‍ട്ട് , തെങ്ങിന്‍തൈകളും ഫലവൃക്ഷത്തൈകളും അലങ്കാരച്ചെടികളും കിട്ടുന്ന കാര്‍ഷിക നഴ്സറി, മികച്ച വളങ്ങളും കീടനാശിനികളും ലഭിക്കുന്ന വളം-കീടനാശിനി ഡിപ്പോ, മിത്രാണുക്കളും കമ്പോസ്റ്റും കിട്ടുന്ന ഇന്‍പുട്ട് സെന്റര്‍ തുടങ്ങിയവ ബാങ്കിനുണ്ട്.
25 കോടി രൂപയുടെ കോവിഡ് അതിജീവന പാക്കേജാണു ബാങ്ക് പ്രഖ്യാപിച്ചത്. ഇതില്‍ 90 ശതമാനം തുകയും നീക്കിവച്ചതു കൃഷിയുടെയും അനുബന്ധ മേഖലകളുടെയും പുനരുജ്ജീവനത്തിനാണ്. വനിതാ ഗ്രൂപ്പ് വായ്പ 10 കോടി രൂപ, എം.എസ്.എം.ഇ. വായ്പ ഏഴു കോടി രൂപ, സ്വയംസഹായസംഘം വായ്പ അഞ്ചു കോടി രൂപ, മുറ്റത്തെ മുല്ല വായ്പ ഒന്നരക്കോടി രൂപ, അഡ്കോസ് (ആലപ്പുഴ ആസ്ഥാനമായുള്ള ജൈവ കാര്‍ഷിക സഹകരണ സംഘമായ ആലപ്പുഴ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ഓര്‍ഗാനിക് ആന്റ് അഗ്രികള്‍ച്ചര്‍ സൊസൈറ്റി) കാര്‍ഷിക വായ്പ ഒരു കോടി രൂപ, സഹകരണ കാര്‍ഷിക വായ്പ എട്ടു ലക്ഷം രൂപ, ഇന്‍പുട്ട് സെന്റര്‍ രണ്ടു ലക്ഷം രൂപ, അഗ്രോക്ലിനിക് അര ലക്ഷം രൂപ, സുഭിക്ഷ കേരളം വായ്പ 37.5 ലക്ഷം രൂപ, സുഭിക്ഷ കേരള മാതൃകാകൃഷിത്തോട്ടം രണ്ടു ലക്ഷം രൂപ എന്നിങ്ങനെയാണു കോവിഡ് പാക്കേജിന്റെ തുകവിഭജനം. കൂടുതല്‍ വായ്പകളും നല്‍കപ്പെട്ടിട്ടുള്ളതു സ്ത്രീകളുടെ കൂട്ടായ്മകള്‍ക്കാണ്. കൃഷി-മൃഗസംരക്ഷണ-മത്സ്യക്കൃഷി അനുബന്ധ മേഖലകള്‍ക്കു പ്രത്യേക പ്രാധാന്യം ലഭിച്ചു. പച്ചക്കറിക്കര്ഷകര്ക്കു വിപണന സൗകര്യമൊരുക്കി. ലോക്ഡൗണ്‍ കാലത്ത് ഉല്‍പ്പന്നം വില്‍ക്കാനാവാതെ വലഞ്ഞ പൈനാപ്പിള്‍, മാമ്പഴക്കര്ഷകരെ സഹായിക്കാന്‍ കൃഷികുപ്പ് ആസൂത്രണം ചെയ്ത പൈനാപ്പിള്‍ ചാലഞ്ച്, മാമ്പഴ ചാലഞ്ച് എന്നിവയില്‍ ഭരണിക്കാവ് ബാങ്ക് സജീവമായി പങ്കെടുത്തു. വീടുവീടാന്തരം എത്തിച്ചുകൊടുത്തും വിവിധ വ്യാപാര സ്ഥാപനങ്ങളിലൂടെ വിറ്റഴിച്ചുമാണ് ഇതു നടപ്പാക്കിയത്. മുതലമടയിലെ മാമ്പഴക്കര്ഷകരിലും വാഴക്കുളത്തെ പൈനാപ്പിള്ക്കര്ഷകരിലും നിന്നു ടണ്‍ കണക്കിനു ഉല്‍പ്പന്നം സംഭരിച്ചു വിറ്റു.
ഹരിത
ചികിത്സാലയം
അഗ്രോ ക്ലിനിക്ക് എന്ന ഹരിത ചികിത്സാലയം ഇവിടെയുണ്ട്. 2020 ജൂണ്‍ ഒന്നിനാണ് ഇതാരംഭിച്ചത്. കൃഷിവിളകള്‍ക്കു ചികിത്സ നല്കുന്ന ഇത്തരമൊരു സംരംഭം കേരളത്തില്‍ ഇതാദ്യമാണെന്നു ബാങ്ക് അവകാശപ്പെടുന്നു. കൃഷിക്കാര്‍ തങ്ങളുടെ കൃഷിയിടങ്ങളിലെ കാര്‍ഷിക പ്രശ്നങ്ങള്‍ കൃഷി ഓഫീസറോടു പറയുകയും അദ്ദേഹം അവയ്ക്കുള്ള പരിഹാരങ്ങള്‍ എഴുതിനല്‍കുകയും ചെയ്യുന്നതാണ് ഈ ക്ലിനിക്കിലെ പ്രവര്‍ത്തനരീതി. വളം, കീടനീശിനി തുടങ്ങിയവ നല്കി പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ അവിടെവച്ചുതന്നെ പരിഹരിച്ചും നേരിട്ടു കൃഷിയിടം സന്ദര്‍ശിച്ചു മനസ്സിലാക്കേണ്ട പ്രശ്നമാണെങ്കില്‍ അങ്ങനെചെയ്തുമാണു പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്. വരാന്‍ കഴിയാത്തവര്‍ക്കു ഫോണില്‍ വിളിക്കാം. ഇതിനായി ഒരു കൃഷി ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. കൃഷിവകുപ്പില്‍നിന്നു വിരമിച്ച കൃഷി ഓഫീസറും പുരസ്കാര ജേതാവും കാര്‍ഷിക മാധ്യമപ്രവര്‍ത്തകനുമായ അഭിലാഷ് കരിമുളയ്ക്കലിനെയാണ് ഇങ്ങനെ നിയോഗിച്ചിട്ടുള്ളത്. കൃഷി ഓഫീസര്‍ നിര്‍ദേശിക്കുന്ന മരുന്നുകളും വളങ്ങളും നല്‍കാനാണ് ഇന്‍പുട്ട് സെന്റര്‍. കര്‍ഷകര്‍ക്കു വേണ്ടതൊക്കെ സെന്ററില്‍ കിട്ടും. കാര്‍ഷിക സംശയനിവാരണത്തിനായി കര്‍ഷകരുടെ വാട്സാപ്പ് ഗ്രുപ്പുകളുമുണ്ട്. അഗ്രോ ക്ലിനിക് എന്നാണ് ഇതിന്റെയും പേര്. മികച്ച കര്‍ഷകയ്ക്കുള്ള കൃഷിവകുപ്പിന്റെ പുരസ്കാരം ലഭിച്ച രജനീ ജയദേവ് ഈ ബാങ്കിന്റെ കാര്‍ഷിക സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഓണാട്ടുകരയുടെ തനതു പാരമ്പര്യക്കൃഷിയായ വെറ്റിലയ്ക്ക് ഈ സഹകരണ സംഘം പ്രത്യേക പ്രാധാന്യം നല്കുന്നു. കേടുണ്ടായില്ലെങ്കില് 15-20 വര്‍ഷം വരെ ആദായം ലഭിക്കുന്ന കൃഷിയാണിത്.
ഇന്‍പുട്ട്
സെന്റര്‍
അഗ്രോ ക്ലിനിക്കില്‍ കര്‍ഷകര്‍ക്കു നല്കുന്ന നിര്ദേശങ്ങളനുസരിച്ചു വിത്ത്, തൈകള്‍, വളം, സസ്യസംരക്ഷണ മരുന്നുകള്‍, മിത്രാണു സംയുക്തങ്ങള്‍, പുതുതലമുറ വളങ്ങള്‍, ഗ്രോ ബാഗുകള്‍, ചെടിച്ചട്ടികള്‍, കമ്പോസ്റ്റുകള്‍, ചകിരിച്ചോറ് തുടങ്ങിയവ ഇന്‍പുട്ട് സെന്ററില്‍ കിട്ടും. 2002 നവംബര്‍ ഒന്നിന്, കേരളപ്പിറവിദിനത്തില്‍, ബാങ്ക് എക്കോ ഷോപ്പ് തുടങ്ങി. കൃഷിവകുപ്പിന്റെ ധനസഹായം എക്കോ ഷോപ്പിനുണ്ട്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷരഹിത നാടന്‍പച്ചക്കറികള്‍, നാടന്‍കുലകള്‍, ചേന, ചേമ്പ്, പുളി, മുട്ട, മത്സ്യം എന്നിവ ന്യായവിലയ്ക്കു സംഭരിച്ചു മിതമായ വിലയ്ക്കു വില്‍ക്കുകയാണു ഇവിടെ ചെയ്യുന്നത്.
കാര്‍ഷികോല്‍പ്പന്ന
വില്പ്പനച്ചന്ത
വീട്ടാവശ്യത്തിനുള്ളതു കഴിച്ചുള്ള കാര്‍ഷിക വിഭവങ്ങള്‍ വില്ക്കാന് ഇടമില്ലാതെ നശിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ ആഴ്ചച്ചന്ത മൂലം കഴിയുന്നു. തുണ്ടുഭൂമികളില്‍ കൃഷിചെയ്യുന്ന ചെറുകിട കര്‍ഷകര്‍ക്ക് വീട്ടാവശ്യത്തിനുള്ളതു കഴിച്ചുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ കടകളില്‍ വില്ക്കാന് ശ്രമിച്ചാല്‍ നല്ല വില കിട്ടാറില്ല. ഇതിനു പരിഹാരമായി അത്തരം ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് ബാങ്ക് ആഴ്ചച്ചന്ത ആരംഭിച്ചു. പലേടത്തും നിലച്ചുപോയ പഴയ ആഴ്ചച്ചന്തകളുടെ മടങ്ങിവരവുകൂടിയായി ഇത്. പിന്നെ ബാങ്കങ്കണത്തില് നാടന്‍ പച്ചക്കറിക്കട സ്ഥിരമായി. ഇതു പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന സുരക്ഷിത പച്ചക്കറികള്‍ക്കു വിലയും കര്‍ഷകര്‍ക്കു വിപണിയും ഉറപ്പാക്കി. കൃഷിയില്‍ കൂടുതല്‍ ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ ഗുണമേന്മയുള്ള വിത്തുകളും തൈകളും കിട്ടുന്ന നഴ്സറിയും തുടങ്ങി. സ്വന്തം നിലയ്ക്കും ബാങ്ക് കൃഷി നടത്തുന്നു. വര്‍ഷങ്ങളോളം തരിശായിക്കിടന്നിരുന്ന പൂവത്തൂര്ച്ചിറ പുഞ്ചയില്‍ 110 ഏക്കറില്‍ നെല്‍ക്കൃഷി നടത്തി. പലേടത്തും സ്ഥലം പാട്ടത്തിനെടുത്തു പച്ചക്കറിക്കൃഷിയും നടത്തി. ശാസ്ത്രീയമായിത്തന്നെ ഇത്തരം കൃഷികള്‍ നടത്താനും കര്‍ഷകരെ സഹായിക്കാനുമാണ് അഗ്രോ ക്ലിനിക്കും ഇന്‍പുട്ട് സെന്ററും തുടങ്ങിയത്. കാര്‍ഷികോല്‍പ്പാദനം വര്‍ധിച്ചതോടെ ഹോം ഡെലിവറി പോലുള്ള വിപണന മാര്‍ഗങ്ങളും നടപ്പാക്കി.
സഹകരണ
നഴ്സറി
2020 ഫെബ്രുവരിയിലാണു സഹകരണ കാര്‍ഷിക നഴ്സറി തുടങ്ങിയത്. ഗുണമേന്മയുള്ള വിവിധ ഇനത്തില്‍പ്പെട്ട തെങ്ങിന്‍തൈകള്‍ വിവിധങ്ങളായ മാവുകള്‍, പ്ലാവുകള്‍, ഫലവൃക്ഷങ്ങള്‍, ഒൗഷധസസ്യങ്ങള്‍, പച്ചക്കറിത്തൈകള്‍, അലങ്കാരച്ചെടികള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. സ്വദേശിസസ്യങ്ങള്‍ മാത്രമല്ല ധാരാളം വിദേശയിനം സസ്യങ്ങളും കൂട്ടത്തിലുണ്ട്. ഇവ കാണാനും വാങ്ങാനും ധാരാളമാളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നു. ഇവിടെനിന്നു വാങ്ങുന്ന തൈകള്‍ എങ്ങനെ നട്ടു പരിപാലിക്കണം എന്ന നിര്‍ദേശം അഗ്രോ ക്ലിനിക്കില്‍ ലഭിക്കും. അവ നടുമ്പോള്‍ നല്‍കേണ്ട അടിവളവും കുമ്മായ വസ്തുക്കളും ബാങ്കങ്കണത്തിലെ കീടനാശിനി വളംഡിപ്പോയില്‍ ലഭിക്കും. കോവിഡ് കാലത്തു ജനങ്ങള്‍ക്കു വലിയ സഹായമായിരുന്നു ഈ നഴ്സറി. കൃഷിയില്‍ കൂടുതല്‍ ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുതുടങ്ങിയതോടെയാണു നഴ്സറി തുടങ്ങിയത്.
അദ്ഭുതകരമാണ് ഇവിടെ കിട്ടുന്ന തൈകളുടെ വൈവിധ്യം. സുഗന്ധമുള്ള കെപ്പല്‍ ഫ്രൂട്ട്, അച്ചാറൂ ഫ്രൂട്ട്, അബിയു, ദുരിയന് എന്നിവ പഴങ്ങളുടെ കൂട്ടത്തിലുണ്ട്. ഒരു വര്‍ഷംകൊണ്ടു കായ്ക്കുന്ന വിയറ്റ്നാം പിങ്ക് ഏര്‍ളിയുടെ തീരെ ചെറിയ തൈകള്‍ (അദ്ഭുതപ്ലാവ് എന്നാണ് ഇതറിയപ്പെടുന്നത്) മുതല്‍ ചക്കയുള്ള പ്ലാവുകള്‍ വരെ കിട്ടും. ഇക്കൂട്ടത്തില്‍ ചെമ്പരത്തി വരിക്ക, ഡങ്സൂര്യ, ഗംലെസ്, തേന്‍വരിക്ക, തായ്ലന്റ് ഓള്‍സീസണ്‍, റെഡ്ജാക്ക് എന്നിവ ഉള്‍പ്പെടുന്നു. തെങ്ങുകളുടെ കാര്യത്തില്‍ രണ്ടര വര്‍ഷംകൊണ്ടു കായ്ക്കുന്ന മലേഷ്യന്‍ കുള്ളന്‍, ഗംഗാ ബോണ്ടം, സണ്ണങ്കി എന്നിവയുണ്ട്. കൂടാതെ ടി ഇന്റു ഡി, ഡി. ഇന്റു ടി, പതിനെട്ടാം പട്ട, നാടന്‍, കുറ്റ്യാടി, ആയിരംകാച്ചി, കപ്പത്തെങ്ങ് എന്നിവയും. അല്‍ഫോന്‍സാ, മല്‍ഗോവ, വെള്ളക്കുളമ്പ്, തായ്ലന്റ്, ബംഗാനപള്ളി, സിന്ദൂരം, നാസി പ്രസന്റ്, മൂവാണ്ടന്‍, ചന്ദ്രക്കാരന്‍, കാലപ്പാടി, ബെരാമസി, മല്ലിക തുടങ്ങിയ മാവിനങ്ങള്‍ ഇവിടെയുണ്ട്. പേരയ്ക്കായിനങ്ങളില് വി.എന്‍.ആര്. പേര, വയലറ്റ് പേര, സ്ട്രോബറി പേര, മുന്തിരിപ്പേര, കിലോപ്പേര, നാടന്പേര, റെഡ്പേര തുടങ്ങിയവയുണ്ട്. റോയല്‍ പാം, റെഡ് പാം, ടേബിള്‍ പാം, ഫിംഗര്‍ പാം, ലക്കി പാം, സയാഗ്ര പാം തുടങ്ങിയവയാണു പാം ഇനങ്ങള്‍. ചാമ്പകളില് ചുവപ്പു ചാമ്പയും വെള്ളച്ചാമ്പയും പനിനീര് ചാമ്പയും നാടന്‍ ചാമ്പയും തായ്ലന്റ് ചാമ്പയുമുണ്ട്. ലക്കി ബാംബൂ, ബുദ്ധ ബാംബു, യെല്ലോ ബാംബു, ചെടിമുള തുടങ്ങിയവയാണു മുളയിനങ്ങള്‍.
വനിതകള്‍ക്ക്
ഭദ്രനിധി വായ്പ
വനിതകള്‍ക്കു ഭദ്രനിധി വായ്പ എന്ന പ്രത്യേക വായ്പാ പദ്ധതിയുണ്ട്. സര്‍ക്കാരിന്റെ മുറ്റത്തെ മുല്ല പദ്ധതിയുടെ മാതൃകയില്‍ വനിതകളുടെ കര്‍ഷകഗ്രൂപ്പുകള്‍ രൂപവത്കരിച്ചാണ് ഇതു നല്‍കുന്നത്. ഒട്ടേറെ വനിതകളെ കൊള്ളപ്പലിശക്കാരില്‍നിന്നു രക്ഷിക്കാനും തൊഴില്‍ നല്‍കാനും ഇതിനു കഴിഞ്ഞു. മൂന്നു മുതല്‍ പത്തു വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്കാണു വായ്പ. ഒരംഗത്തിന് ഒരു ലക്ഷം രൂപവരെ എന്ന ക്രമത്തില്‍ 10 ലക്ഷം രൂപവരെ പരസ്പര ജാമ്യത്തില്‍ ഒരു ഈടുമില്ലാതെ വായ്പ നല്‍കും. മൂവായിരത്തിലധികം വനിതകള്‍ ഈ വായ്പ പ്രയോജനപ്പെടുത്തുന്നു. പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനാണു വായ്പ. വായ്പ മുതലും പലിശയും ചേര്‍ന്ന തുക പ്രതിവാരത്തവണകളായി കളക്ഷന്‍ ഏജന്റുമാര്‍ ഗ്രൂപ്പുകേന്ദ്രങ്ങളിലെത്തി ശേഖരിക്കും. ഓരോ ആഴ്ചയിലെയും തവണത്തുകയില്നിന്ന് ഒരു നിശ്ചിതതുക നിധിയിലേക്കു മാറ്റി തവണ അവസാനിക്കുമ്പോള്‍ അംഗങ്ങള്‍ക്കു തിരികെ നല്‍കും. വായ്പയെടുത്ത അമ്പതിലധികം വനിതാ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചത് ഓണാട്ടുകരയൂടെ തനതു പാരമ്പര്യത്തിന്റെ ഭാഗമായ എള്ളുകൃഷിയിലാണ്. അവരുല്‍പ്പാദിപ്പിച്ച എള്ള് മുഴുവന്‍ സംഭരിച്ച് ബാങ്ക് വിപണിയിലെത്തിച്ചു. ഈ വായ്പക്കു പുറമെ ഇതര ധനകാര്യ സേവനങ്ങളുമുണ്ട്. ഹ്രസ്വകാല, ദീര്‍ഘകാല വായ്പകളും നിക്ഷേപ പദ്ധതികളുമുണ്ട്.
കോവിഡ് പാക്കേജിനു പുറത്തും പല കോവിഡ് പ്രതിരോധ പ്രവര്‍ത്തനവും സംഘം നടത്തിയിട്ടുണ്ട്. വിശ്രമമില്ലാതെ ജോലിചെയ്ത പൊലീസുദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ക്ഷീണവും ദാഹവും അകറ്റാന്‍ ബാങ്കിനുമുന്നില്‍ ഫ്രഷ് ജ്യൂസ് സെന്റര്‍ ആരംഭിച്ചു. പരിസരപ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കും ജ്യൂസ് എത്തിച്ചുകൊടുത്തു. നൂറുകണക്കിനു പേര്‍ക്ക് ഇതു പ്രയോജനപ്പെട്ടു.
ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് ബുദ്ധിമുട്ടിയ കര്‍ഷകര്‍ക്കായി കൃഷിവകുപ്പു കൊണ്ടുവന്ന കര്‍ഷകര്‍ക്കൊരു കൈത്താങ്ങ് പദ്ധതി നടപ്പാക്കി. ഇതിന്റെ ഭാഗമായാണു വാഴക്കുളത്തെയും മുതലമടയിലെയും കര്‍ഷകരെ സഹായിച്ചത്. ഭരണിക്കാവ് പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്കു പച്ചക്കറികള്‍ എത്തിച്ചതു ബാങ്കിന്റെ പച്ചക്കറി സ്റ്റാളില്‍നിന്നാണ്. കുറത്തികാട് പൊലീസ് സ്റ്റേഷനില്‍ സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്ക് എന്നിവ വിതരണം ചെയ്തു. തെര്‍മല്‍ സ്കാനര്‍ പരിശോധന നിര്‍ബന്ധമാക്കി. കട്ടച്ചിറ യു.ഐ.ടി. സെന്ററിനു തെര്‍മല്‍ സ്കാനര്‍ നല്കി. ബാങ്കില്‍ ഒരേസമയം അഞ്ചിടപാടുകാര്ക്കു മാത്രമായിരുന്നു അന്നു പ്രവേശനം. സാമൂഹിക അകലം പാലിക്കാന്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു.
പുതിയ
സംരംഭങ്ങള്‍
നബാര്‍ഡിന്റെ കാര്‍ഷിക അടിസ്ഥാന സൗകര്യനിധിയുടെ സഹായത്തോട രണ്ടു കോടി രൂപയിലധികം ചെലവുള്ള ഒരു കാര്‍ഷികാനുബന്ധ പദ്ധതി നടപ്പാക്കാന്‍ ബാങ്കിനു പരിപാടിയുണ്ട്. സംസ്കരണ യൂണിറ്റ്, പഴം-പച്ചക്കറി സോര്‍ട്ടിങ് യൂണിറ്റ്, കാര്‍ഷിക വിവര വിജ്ഞാനകേന്ദ്രം, കാര്‍ഷിക പരിശീലന വിപണനകേന്ദ്രം, കാര്‍ഷികോപകരണങ്ങളുടെ സര്‍വീസിങ് സെന്റര്‍ എന്നിവ ഇതിന്റെ ഭാഗമായിരിക്കും. നബാര്‍ഡിന്റെ രണ്ടു കോടി രൂപ ധനസഹായവും ബാങ്കിന്റെ 80,000 രൂപയും ചെലവിട്ടുകൊണ്ടുള്ള പദ്ധതിയാണിത്. ഇതിന്റെ പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
കൃഷിവകുപ്പിന്റെ ആത്മ (അഗ്രികള്‍ച്ചറല്‍ ടെക്നിക്കല്‍ മാനേജ്മെന്റ്) വഴി സര്‍ക്കാര്‍ സബ്സിഡിയോടെ കട്ടച്ചിറ പാറയ്ക്കല്‍ ജങ്ഷനു സമീപം പഴം-പച്ചക്കറികളുടെ സംഭരണത്തിനും വിപണനത്തിനും മൂല്യവര്ധിതോല്പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിനുമായി ഒരു കേന്ദ്രം സ്ഥാപിക്കും. ഇതിന്റെ യന്ത്രസാമഗ്രികള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. താപനില നിയന്ത്രിതമായ ഒരു വാഹനത്തില്‍ പഴം-പച്ചക്കറി-ജൈവ ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന വിപണനകേന്ദ്രവും തുടങ്ങും. ഇതിനായി വാഹനം ലഭിച്ചിട്ടുണ്ട്. വൈകാതെ ആരംഭിക്കാനാവും. ആയിരങ്ങള്‍ക്കു തൊഴിലും വരുമാനവും കിട്ടുന്ന ബൃഹത്തായ വായ്പാപദ്ധതികളും കാര്‍ഷിക പ്രധാനമായ കര്‍മ പദ്ധതികളും പരിഗണനയിലുണ്ട്.
1983 മുതല്‍ പൊതുരംഗത്തുള്ള പ്രസിഡന്റ് കോശി അലക്സ് സി.പി.എം. ആലപ്പുഴ ജില്ലാക്കമ്മറ്റിയംഗവും പള്ളിക്കല്‍ സുഭാഷ് ഗ്രന്ഥശാലാ പ്രസിഡന്റും പ്രൊഫ. നരേന്ദ്രപ്രസാദ് പഠന ഗവേഷണകേന്ദ്രം വൈസ് പ്രസിഡന്റുമാണ്. ബിനു, എം. വിശ്വകുമാര്‍, ബി. വിശ്വനാഥന്, സദാശിവന്.കെ, സോമന്.കെ.എന്‍, സ്റ്റീഫന്‍.ജെ, വരുണ്‍.കെ.പി, നിര്‍മലാ രാജന്, സുനിതാ ഭാസ്കര്‍, എം. റഹിയാനത്ത്, കെ.ഇ. നാരായണന് എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. കെ.എസ്. ജയപ്രകാശാണു സെക്രട്ടറി. പദ്ധതികളുടെ നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായ മോണിറ്ററിങ്ങിനു ഭരണസമിതി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.