ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും വായ്പകള്‍ ഇനി പൊതുയോഗത്തില്‍ അറിയിക്കണം

moonamvazhi

സഹകരണ സംഘങ്ങളിലെ വായ്പ ക്രമക്കേട് തടയാന്‍ പുതിയ വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ സഹകരണ വകുപ്പിന്റെ തീരുമാനം. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ ബന്ധുക്കളുടെയും വായ്പകള്‍ പൊതുയോഗം മുമ്പാകെ അവതരിപ്പിക്കണമെന്ന വ്യവസ്ഥയാണ് ഉള്‍പ്പെടുത്തുന്നത്. ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒത്തുകളിച്ച ഈടില്ലാതെ വായ്പ തരപ്പെടുത്തുന്നതും ഇത് കുടിശ്ശികയായി സംഘത്തിന് നഷ്ടമുണ്ടാകുകയും ചെയ്യുന്ന സാഹചര്യം വിലയിരുത്തിയാണ് പുതിയ തീരുമാനം.

സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വായ്പ ക്രമക്കേടുകളിലെല്ലാം ഈ ‘കൂട്ടുകെട്ട്’ പ്രകടമായിരുന്നു. ഈടായി നല്‍കുന്ന വസ്തുവിന് ഉയര്‍ന്ന മൂല്യം നിശ്ചയിച്ച് വായ്പ നല്‍കുന്നതാണ് മറ്റൊരു ഒത്തുകളി. ഇക്കാര്യങ്ങളെല്ലാം അറിയാന്‍ സംഘത്തിന്റെ പൊതുയോഗത്തിന് ബാധ്യതയുണ്ടെന്നാണ് നിയമപരിഷ്‌കരണത്തിന് ചുമതലപ്പെടുത്തി വിദഗ്ധ സമിതിയിലും ഉയര്‍ന്ന അഭിപ്രായം.

വാര്‍ഷിക ജനറല്‍ബോഡില്‍ അവതരിപ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സഹകരണ നിയമത്തില്‍ പറയുന്നുണ്ട്. ഇതിലാണ് പുതിയ വ്യവസ്ഥ കൊണ്ടുവരുന്നത്. ഇതിനായി വകുപ്പ് 29 ഭേദഗതിയായി കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ബന്ധുക്കള്‍’ എന്നതിന് നിയമത്തില്‍തന്നെ നിര്‍വചനം വേണമെന്നതില്‍ നിയമപരിഷ്‌കരണ സമിതിയില്‍ ധാരണയായിട്ടുണ്ട്. ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരാണ് ബന്ധുക്കള്‍ എന്ന നിര്‍വചനത്തില്‍ ഉണ്ടാകുക. അച്ഛനും അമ്മയും ബന്ധുക്കളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് ധാരണ.

സഹകരണ സംഘങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും പ്രധാനമായി വരുന്ന ന്യൂനതകള്‍ ഈടില്ലാതെ നല്‍കിയ വായ്പകളെക്കുറിച്ചുള്ളതാണ്. കരുവന്നൂര്‍ സഹകരണ ബാങ്കിനെ അപകടപ്പെടുത്തിയതും ഇത്തരം കള്ളത്തരങ്ങളാണ്. മലപ്പുറം ജില്ലയിലെ ഒരു സംഘത്തില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വ്യാജ വായ്പകള്‍ ഭരണസമിതി അംഗം തട്ടിയെടുത്തത് സഹകരണ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതെല്ലാം പുതിയ വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രേരണയായിട്ടുണ്ട്.

Leave a Reply

Your email address will not be published.