ബിരുദധാരികളേ, തയാറെടുപ്പില്‍ ലക്ഷ്യബോധം വേണം

Deepthi Vipin lal

‘- ഡോ. ടി. പി. സേതുമാധവന്‍

(2021 ഏപ്രില്‍ ലക്കം)

കോവിഡിനു ശേഷം തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായി ഉന്നത വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങള്‍ പ്രകടമാണ്. ബിരുദമെടുത്ത വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി. യും പൂര്‍ത്തിയാക്കുന്ന പ്രവണതയില്‍ മാറ്റം വന്നിട്ടുണ്ട്. ബിരുദശേഷം കൂടുതല്‍ താല്‍പ്പര്യമുള്ള വിഷയങ്ങളിലേക്കു ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സയന്‍സ് ബിരുദധാരികള്‍ ഡാറ്റാ സയന്‍സ്, മാനേജ്‌മെന്റ,് ബയോ മെഡിക്കല്‍ സയന്‍സ്, മോളിക്കുലാര്‍ ബയോളജി തുടങ്ങിയ പുത്തന്‍ കോഴ്‌സുകള്‍ പഠിയ്ക്കാന്‍ താല്‍പ്പര്യം കാട്ടുന്നു.

സ്‌കില്‍ വികസന കോഴ്‌സുകള്‍

ബിരുദധാരികള്‍ക്കു തൊഴില്‍ ഉറപ്പു വരുത്താന്‍ തൊഴില്‍ മേഖലയ്ക്കാവശ്യമായ പുത്തന്‍ രീതികള്‍ സ്വായത്തമാക്കണം. മാനേജീരിയല്‍തലത്തിലുള്ള ടെക്‌നിക്കല്‍ / ഡൊമെയ്ന്‍ സ്‌കില്ലുകള്‍ കൈവരിക്കണം. ഇതിനു ഹ്രസ്വകാലം ( ആറു മാസം മുതല്‍ ഒരു വര്‍ഷംവരെ ) നീളുന്ന സ്‌കില്‍ വികസന കോഴ്‌സുകളുണ്ട്. സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ്, എന്‍ജിനിയറിങ്്, അഗ്രിക്കള്‍ച്ചര്‍, പാരാമെഡിക്കല്‍ ബിരുദധാരികള്‍ക്കിണങ്ങിയ നിരവധി സ്‌കില്‍ വികസന കോഴ്‌സുകളുണ്ട്.

ആശയ വിനിമയം, ഇംഗ്ലീഷ് പ്രാവീണ്യം എന്നിവ മെച്ചപ്പെടുത്താനും സോഫ്റ്റ് സ്‌കില്‍ വികസനത്തിനുമുള്ള കമ്യൂണിക്കേഷന്‍ സ്‌കില്‍ കോഴ്‌സുകള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. കേംബ്രിഡ്ജ് ഇംഗ്ലീഷ്, ബ്രിട്ടീഷ് കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍ കോഴ്‌സുകള്‍ക്കു ആഗോളതലത്തില്‍ അംഗീകാരമുണ്ട്. സാങ്കേതിക വിദ്യയിലൂന്നിയുള്ള നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ Coursera, Edx, Future learn, ടണഅഥഅങ തുടങ്ങിയ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. പ്രശസ്ത സര്‍വ്വകലാശാലകളുടെ രണ്ടാഴ്ച മുതല്‍ ആറു മാസംവരെ നീളുന്ന കോഴ്‌സുകള്‍ക്കു സൗജന്യമായോ കുറഞ്ഞ ഫീസടച്ചോ ബിരുദധാരികള്‍ക്കു ഓണ്‍ലൈനായി പഠിയ്ക്കാം. തൊഴില്‍ ലഭിയ്ക്കാനുതകുന്ന രീതിയിലുള്ള ഡൊമെയ്ന്‍ / ടെക്‌നിക്കല്‍ സ്‌കില്‍ രൂപപ്പെടുത്താന്‍ ഇവ സഹായിക്കും.

തൊഴില്‍ കിട്ടാനുള്ള മികവ് കൂട്ടുക

ബിരുദത്തോടൊപ്പം മൂല്യവര്‍ധിത കോഴ്‌സുകളായി സ്‌കില്‍, ഇംഗ്ലീഷ് കമൂണിക്കേഷന്‍, ടെക്‌നോളജി എനേബിള്‍ഡ് കോഴ്‌സുകള്‍ എന്നിവ പൂര്‍ത്തിയാക്കുന്നതു തൊഴില്‍ കിട്ടുന്നതിനുള്ള മികവ് ഉയര്‍ത്താന്‍ സഹായിക്കും. മത്സരപ്പരീക്ഷകള്‍ക്കുള്ള തയാറെടുപ്പില്‍ കണക്ക്, ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. മലയാളം, ഇംഗ്ലീഷ് പത്രങ്ങള്‍ പതിവായി വായിക്കണം. എല്ലാ മത്സരപ്പരീക്ഷകളും എഴുതുന്നതിനു പകരം നാലഞ്ചു പരീക്ഷകള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കി തയാറെടുക്കണം. ഡിജിറ്റല്‍ യുഗത്തില്‍ കമ്പ്യൂട്ടര്‍ പ്രാവീണ്യം അത്യന്താപേക്ഷിതമാണ്. ബാങ്കിങ്്, ഇന്‍ഷൂറന്‍സ്, സിവില്‍ സര്‍വീസ്, കേരള അഡ്മിനിസ്‌ട്രേറ്റീവ ്‌സര്‍വീസ്, കംബൈന്‍ഡ് ഗ്രാഡുവേറ്റ്തല പരീക്ഷ, ഗേറ്റ്, ജാം എന്നിവയ്ക്കു താല്‍പ്പര്യത്തിനനുസരിച്ചു തയാറെടുക്കണം.

പുത്തന്‍ തൊഴില്‍ മേഖലകളില്‍ ഡാറ്റാ സയന്‍സ്, ഓട്ടമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്്, ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ, ഡാറ്റാ അനലിറ്റിക്‌സ് എന്നിവ കൂടുതല്‍ വിപുലമായി വരികയാണ്. ഫെസിലിറ്റി, റീട്ടെയില്‍, ലോജിസ്റ്റിക്‌സ്, അഗ്രി ബിസിനസ്്, സപ്ലൈ ചെയിന്‍, എന്റര്‍പ്രണര്‍ഷിപ്പ്് മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കു സാധ്യതയേറിവരുന്നു.

കടുത്ത സാമ്പത്തിക മാന്ദ്യത്തിനുശേഷം മാനേജ്‌മെന്റ് ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടിങ് കോഴ്‌സുകള്‍ക്കു സാധ്യതയേറും. സ്‌പെഷ്യലൈസ്ഡ് എന്‍ജിനിയറിങ് ശാഖകളില്‍ ഗെയിം ടെക്‌നോളജി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എ.ഐ.ഡാറ്റാ എന്‍ജിനിയറിങ്്, ഇലക്ട്രിക് വെഹിക്കിള്‍ ടെക്‌നോളജി, എനര്‍ജി, ഫുഡ് പ്രോസസിങ്്, റോബോട്ടിക്‌സ്, നെറ്റ്‌വര്‍ക്കിങ്്, സൈബര്‍ സെക്യൂരിറ്റി, ബയോമെഡിക്കല്‍ എന്‍ജിനിയറിങ്് ബ്രാന്‍ഡുകള്‍ക്കു സാധ്യതയേറും.

വിദേശ പഠനത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കു ഗ്രാഡുവേറ്റ്, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്കു തയാറെടുക്കാം. അമേരിക്കയില്‍ ടോഫല്‍, ജി.ആര്‍.ഇ. ടെസ്റ്റ് സ്‌കോറുകള്‍ ആവശ്യമാണ്. മറ്റു രാജ്യങ്ങളില്‍ ഐ.ഇ.എല്‍.ടി.എസ്. ആവശ്യമാണ്. എം.ബി.എ. പഠനത്തിനു ജിമാറ്റ് വേണം. ഒരു വര്‍ഷത്തെ തയാറെടുപ്പ് വിദേശ പഠനത്തിനാവശ്യമാണ്. താല്‍പര്യമുള്ള രാജ്യം, കോഴ്‌സുകള്‍, സര്‍വ്വകലാശാലകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍ എന്നിവ കണ്ടെത്തുകയാണു ആദ്യപടി. ആവശ്യമായ പ്രാവീണ്യ പരീക്ഷകള്‍ പൂര്‍ത്തിയാക്കണം. അമേരിക്ക, യു.കെ., ന്യൂസിലാന്റ്, കാനഡ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണു ഉപരിപഠനത്തിനു ഏറെ ഉചിതം. അമേരിക്കയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സയന്‍സ്, ടെക്‌നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്‌സ് കോഴ്‌സുകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നതോടൊപ്പം H1B, L1, L4 വിസകള്‍, ഗ്രീന്‍ കാര്‍ഡ് എന്നിവയിലും കൂടുതല്‍ ഉദാര നയം പ്രകടമാണ്.

യു.കെ.യിലും യൂറോപ്യന്‍ രാജ്യങ്ങളിലും പോസ്റ്റ് സ്റ്റഡി വര്‍ക്ക്‌വിസ നിലവിലുണ്ട്. സിംഗപ്പൂരിലും ഉപരിപഠന സാധ്യതകളുണ്ട്.
ഉദ്യോഗാര്‍ഥികള്‍ക്കു UPSC, KPSC പരീക്ഷകള്‍ക്കും തയാറെടുക്കാം. വ്യവസായ, സേവന രംഗങ്ങളില്‍ സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങളേറെയുണ്ട്. ലക്ഷ്യബോധത്തോടെയുള്ള പഠനം മികച്ച തൊഴില്‍ ഉറപ്പുവരുത്തും.

ബിറ്റ്‌സാറ്റിനു അപേക്ഷിക്കാം

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് ( ബിറ്റ്‌സ് – BITS ) പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലേക്കു ബിരുദ, ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രോഗ്രാമുകളിലേക്കു അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപ്പരീക്ഷയായ ബിറ്റ്‌സാറ്റ് വഴിയാണു പ്രവേശനം. ബാച്ചിലര്‍ ഓഫ് എന്‍ജിനിയറിങ്്, ബാച്ചിലര്‍ ഓഫ് ഫാര്‍മസി, മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമുകളിലേക്കു പ്രവേശനപ്പരീക്ഷയിലൂടെയാണു അഡ്മിഷന്‍. പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് / ബയോളജിയില്‍ ഓരോന്നിനും 60 ശതമാനവും മൊത്തം 75 ശതമാനവും മാര്‍ക്ക് നേടിയവര്‍ക്കും 2021 ല്‍ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ബി.ഫാമിനു ബയോളജി പഠിച്ചിരിക്കണം. ബയോളജിക്കല്‍ സയന്‍സ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറല്‍ സ്റ്റഡീസ് എന്നിവയില്‍ ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രോഗ്രാമുകളുണ്ട്. ആദ്യ വര്‍ഷ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയവര്‍ക്കു ജനറല്‍ സ്റ്റഡീസ് ഒഴികെയുള്ള എം.എസ്‌സി. പ്രോഗ്രാമിനു ചേരാം.

ബിറ്റ്‌സാറ്റിനു ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്കു 40 ചോദ്യങ്ങളും ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി, ലോജിക്കല്‍ റീസണിങ്് എന്നിവയ്ക്കു യഥാക്രമം 15, 10 ചോദ്യങ്ങളുമുണ്ടാകും. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കിങ്് രീതി നിലവിലുണ്ട്. എന്‍.സി.ഇ.ആര്‍.ടി. സിലബസ് അനുസരിച്ചാണു ചോദ്യങ്ങള്‍. അപേക്ഷ 2021 മെയ് 29 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ജൂണ്‍ 24-30 വരെയാണു പ്രവേശനപ്പരീക്ഷ. ജൂണ്‍ 4-11 വരെ പരീക്ഷാതീയതി തിരഞ്ഞെടുക്കാം. www.bitsadmission.com

ഐ.ഐ.ടി.യില്‍ ഗവേഷണം

മദ്രാസ് ഐ.ഐ.ടി. യില്‍ പി.എച്ച്.ഡി., എം.എസ്. കോഴ്‌സുകള്‍ക്കു ഇപ്പോള്‍ അപേക്ഷിക്കാം. എന്‍ജിനിയറിങ്, സയന്‍സ്, ഹൂമാനിറ്റീസ് വിഭാഗത്തില്‍ അപേക്ഷിക്കാം. അവസാന തീയതി 2021 ഏപ്രില്‍ 30. www.iitm.ac.in

ജീവശാസ്ത്ര കോഴ്‌സുകള്‍ക്കു സാധ്യതയേറെ

പ്ലസ് ടുവിനു ജീവശാസ്ത്ര കോഴ്‌സുകളെടുത്ത വിദ്യാര്‍ഥികള്‍ക്കു ഉന്നത പഠന തൊഴില്‍ മേഖലകളെക്കുറിച്ച് സംശയങ്ങളുണ്ടാകാറുണ്ട്. കോവിഡിനു ശേഷം ജീവശാസ്ത്ര കോഴ്‌സുകള്‍ക്കു ലോകത്തെമ്പാടും സാധ്യതകളുണ്ട്. വൈറോളജി , ഇമ്യൂണോളജി, മൈക്രോ ബയോളജി, ബയോ മെഡിക്കല്‍ സയന്‍സ്, വാക്സിന്‍ ടെക്‌നോളജി, അനലിറ്റിക്‌സ്, പാത്തോളജി, പബ്ലിക് ഹെല്‍ത്ത് എന്നിവയ്ക്കു സാധ്യതയേറെയാണ്. ഏതു ലൈഫ് സയന്‍സ് കോഴ്‌സ് എടുത്തവര്‍ക്കും ഉപരിപഠന, ഗവേഷണ സാധ്യതയുണ്ട്. ലൈഫ് സയന്‍സ് വിഭാഗത്തില്‍പ്പെടുന്ന കോഴ്‌സുകളില്‍ സുവോളജി, ബോട്ടണി, ബയോ കെമിസ്ട്രി, മോളിക്കുളാര്‍ ജെനറ്റിക്‌സ്, ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, നഴ്‌സിങ്്, ഡെന്റല്‍, മെഡിക്കല്‍, വെറ്ററിനറി, ആയുര്‍വ്വേദ, അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ബയോളജി, വെറ്ററിനറി സയന്‍സ്, ഫുഡ് സയന്‍സ്, മൈക്രോ ബയോളജി, ആന്ത്രപ്പോളജി, ഇക്കോളജി, എന്‍വിറോണ്‍മെന്റല്‍ സയന്‍സ്, സൈക്കോളജി, സോഷ്യോളജി തുടങ്ങി നിരവധി ലൈഫ് സയന്‍സ് കോഴ്‌സുകളുണ്ട്. അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, യു.കെ. തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ലൈഫ് സയന്‍സ് കോഴ്‌സുകള്‍ക്കു സാധ്യതകള്‍ ഏറെയാണ്.

ജീവശാസ്ത്ര ബിരുദം നേടിയവര്‍ക്കു ഗവേഷണ മേഖലകളില്‍ ഏറെ അവസരങ്ങളുണ്ട്. STEM കോഴ്‌സുകളില്‍ ( Science, Technology, Engineering, Mathematics ) 40 ശതമാനം അവസരങ്ങളും ഇവയിലുണ്ട്. പരമ്പരാഗത മേഖലയിലുള്ള ബിരുദാനന്തര കോഴ്‌സുകള്‍ക്കുപരിയായി പുത്തന്‍ തൊഴിലുകളും ന്യൂജനറേഷന്‍ കോഴ്‌സുകളുമുണ്ട്. ലൈഫ് സയന്‍സ് ബിരുദധാരികള്‍ക്കു പഠിച്ച മേഖലയില്‍ത്തന്നെ ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവ ചെയ്യാം. അക്കാദമിക്, ഗവേഷണ മേഖലകളില്‍ തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്കു വിദേശത്തു നിരവധി അവസരങ്ങളാണുള്ളത്.

എംബ്രിയോളജി, അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ എന്നിവയില്‍ ബിരുദ / ഇന്റഗ്രേറ്റഡ് ബിരുദാനന്തര പഠനത്തിനു ചേരാം. ഏറെ തൊഴിലവസരങ്ങളാണു ഈ മേഖലയിലുള്ളത്. പ്രതിമാസം ഒരു ലക്ഷം രൂപയിലധികം വേതനം എബ്രിയോളജിസ്റ്റുകള്‍ക്കു രാജ്യത്തു ലഭിച്ചുവരുന്നു. വിദേശത്തും ഇവര്‍ക്കു നല്ല സാധ്യതകളുണ്ട്. മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, ഇമ്യൂണോളജി, ജനറ്റിക്‌സ്, സൈക്കോളജി തുടങ്ങിയ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കു ക്ലിനിക്കല്‍ മേഖലകളില്‍ മൈക്രോ ബയോളജിസ്റ്റ്, ബയോ കെമിസ്റ്റ്, ഇമ്യൂണോളജിസ്റ്റ്, സൈറ്റോ ജനറ്റിനിസ്റ്റ്, സൈക്കോളജിസ്റ്റുകളാകാം. രോഗ പര്യവേക്ഷണ രംഗത്തു പ്രവര്‍ത്തിക്കാവുന്ന എപ്പിഡമോളജിസ്റ്റാകാന്‍ എപ്പിഡമോളജിയില്‍ ബിരുദാനന്തര പഠനത്തിനു ചേരാം.

ബയോ മെഡിക്കല്‍ സയന്‍സ്, ഫുഡ് സയന്‍സ്, ന്യൂട്രീഷന്‍ ആന്റ് ഡയറ്റെറ്റിക്‌സ് എന്നിവ പൂര്‍ത്തിയാക്കുന്നവര്‍ക്കു ഗവേഷണ-അക്കാദമിക് മേഖലകളിലും സ്വകാര്യ മേഖലകളിലും തൊഴില്‍ ലഭി്ക്കും. ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് രംഗത്തു ഫാര്‍മസി ബിരുദധാരികള്‍ക്കു അവസരങ്ങളുണ്ട്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പബ്ലിക് ഹെല്‍ത്ത്, ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, വെറ്റ്‌ലാന്റ് / റിവര്‍ /ഇക്കോ സിസ്റ്റം/കമ്യൂണിറ്റി ഇക്കോളജി, അഗ്രി ബിസിനസ്, ഫുഡ് പ്രോസസിങ്്, നാനോ ടെക്‌നോളജി മുതലായവ മികച്ച ഉപരിപഠന മേഖലകളാണ്.

അമേരിക്കയില്‍ അണ്ടര്‍ ഗ്രാഡുവേറ്റ് പഠനത്തിനായി SAT/ACT, ജി.ആര്‍.ഇ, ടോഫല്‍ എന്നിവയും മറ്റു വികസിത രാജ്യങ്ങളില്‍ ടഅഠ ഉം, ഐ.ഇ.എല്‍.ടി.എസ്സും ഉയര്‍ന്ന സ്‌കോറോടെ പൂര്‍ത്തിയാക്കണം. ഗാഡുവേറ്റ് പഠനത്തിനായി ജി.ആര്‍.ഇ, ടോഫല്‍ എന്നിവയും മറ്റു വികസിതരാജ്യങ്ങളില്‍ ടഅഠ ഉം ഐ.ഇ.എല്‍.ടി.എസ്സും പൂര്‍ത്തിയാക്കണം. നൂറുകണക്കിനു ഗവേഷണ മേഖലകളില്‍ അവര്‍ക്കു പ്രവര്‍ത്തിക്കാന്‍ അവസരങ്ങള്‍ ലഭിക്കും. അമേരിക്കയിലെ യു.എസ്. ഫിഷ് ആന്റ് വൈല്‍ഡ് ലൈഫില്‍ ( www.fws.gov ) ജീവശാസ്ത്ര ബിരുദധാരികള്‍ക്കു നിരവധി അവസരങ്ങളുണ്ട്. യു.കെ. യിലെ BBSRC ബയോ ടെക്‌നോളജി ആന്റ് ബയോളജിക്കല്‍ സയന്‍സസ് റിസര്‍ച്ച് കൗണ്‍സിലില്‍ ( www.bbsrc.ukri.org, US Federal Assistance (www.studentaid.ed.gov/sa/tata) ഇന്‍ലാക്‌സ് ഷിവദാസനി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്, Aichi Scholarship for Asian students, DST Astar Singapore – India Research grants, Fulbright scholarships, Campus France Charpak Scholarship, ബ്രിട്ടീഷ് കൗണ്‍സില്‍ GREAT സ്‌കോളര്‍ഷിപ്പ്, ഓക്‌സ്‌ഫോര്‍ഡ് ആന്റ് കേംബ്രിഡ്ജ് സൊസൈറ്റി ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പ്‌സ്, രത്തന്‍ ടാറ്റ ഫെല്ലോഷിപ്പ്, സ്റ്റാന്‍ഫോര്‍ഡ് റിലയന്‍സ് ധിരുബായ് ഫെല്ലോഷിപ്പ ്എന്നിവ ബയോളജി വിദ്യാര്‍ഥികള്‍ക്കു ആശ്രയിക്കാവുന്ന സാമ്പത്തിക സ്രോതസ്സുകളാണ്.

പ്ലസ് ടുവിന്റെ വിജയ മന്ത്രം

വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട വഴിത്തിരിവാണു പ്ലസ് ടു. പ്ലസ് ടു വിന്റെ വിജയമാണു ഉന്നതപഠനത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാന്‍ സഹായിക്കുന്നത്.

പരീക്ഷാ ടൈംടേബിള്‍ വിലയിരുത്തി സ്റ്റഡി പ്ലാന്‍ തയാറാക്കണം. ഇടവേളകള്‍ കുറഞ്ഞ വിഷയങ്ങള്‍ ആദ്യം പഠിക്കണം. കഴിഞ്ഞ നാലു വര്‍ഷത്തെ ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. ഓണ്‍ലൈന്‍ ക്ലാസിലെഴുതിയ നോട്ടുബുക്കുകള്‍ സുഹൃത്തുക്കളുടെ പുസ്തകങ്ങളുമായി ഒത്തു നോക്കി തെറ്റുകള്‍ തിരുത്തണം.

ഇനിയുള്ള ദിവസങ്ങളില്‍ ആറു മണിക്കെങ്കിലും ഉണരണം. അര മണിക്കൂര്‍ യോഗ/ശ്വസന വ്യായാമം ആവാം. എഴുന്നേറ്റയുടനെ ശുദ്ധമായ വെള്ളം കുടിക്കണം. പരീക്ഷക്കാലത്തു മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ദിവസേന കുറഞ്ഞതു 12-14 മണിക്കൂറെങ്കിലും പഠിയ്ക്കണം. ആറു മണിക്കൂര്‍ ഉറങ്ങണം. അര മണിക്കൂര്‍ വീതം ടി.വി. കാണുന്നതും കളിക്കുന്നതും നല്ലതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്നുള്ള ഗ്രൂപ്പ് പഠനം നല്ലതാണ്. പക്ഷേ, ഗ്രൂപ്പ് ചര്‍ച്ചകളില്‍ വിഷയം മാറിപ്പോകരുത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കോമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ ചെയ്തു പഠിക്കേണ്ടവയാണ്. മറ്റുള്ളവ വായിച്ചു പഠിക്കാം. പഠി്ക്കുമ്പോള്‍ പ്രധാനപ്പെട്ട, ഓര്‍ത്തിരിക്കേണ്ടവ ഒരു നോട്ട്ബുക്കില്‍ കുറിച്ചിടാം. ഫോര്‍മുലകള്‍ എല്ലാം നന്നായി പഠിക്കണം. മാതൃകാ ചോദ്യങ്ങള്‍ക്കു പരമാവധി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം.

പരീക്ഷാ തയാറെടുപ്പു കാലത്തു ഹോട്ടല്‍ ഭക്ഷണം കഴിയുന്നത്ര ഒഴിവാക്കണം. നോണ്‍ വെജിറ്റേറിയന്‍, കൊഴുപ്പു കൂടിയ ഭക്ഷണം, അമിതമായ മധുര പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുന്നതാണു നല്ലത്. ശുദ്ധമായ വെള്ളം യഥേഷ്ടം കുടിക്കണം. പഴവര്‍ഗ്ഗങ്ങള്‍, നാരുകളുള്ള പച്ചക്കറി, പഴച്ചാറുകള്‍, ജ്യൂസ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. യോഗര്‍ട്ട്, തൈര് തുടങ്ങിയ ക്ഷീരോല്‍പ്പന്നങ്ങള്‍ കഴിക്കുന്നതു നല്ലതാണ്.

പരീക്ഷക്കു ഒരാഴ്ച മുമ്പുതന്നെ എല്ലാ വിഷയങ്ങളും പഠിച്ചു തീര്‍ക്കാവുന്ന ടൈംടേബിളുണ്ടാക്കണം. തുടര്‍ന്ന് റിവിഷനു മുന്‍ഗണന നല്‍കണം. പരീക്ഷ കഴിഞ്ഞയുടനെ ചോദ്യങ്ങള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്ത് തെറ്റായ ഉത്തരങ്ങളെയോര്‍ത്തു വ്യാകുലപ്പെടരുത്. ഒരു പരീക്ഷ കഴിഞ്ഞാല്‍ അടുത്തതിനു തയാറെടുക്കണം. പരീക്ഷക്കു തൊട്ടുമുമ്പ് സഹപാഠികളുമായി പഠിക്കാത്ത ഭാഗങ്ങളെപ്പറ്റി ചര്‍ച്ചക്കു മുതിരരുത്. സംശയമുള്ള ഭാഗങ്ങള്‍ അധ്യാപകരുമായി ചര്‍ച്ച ചെയ്യണം.

ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ കണ്ട് വേവലാതിപ്പെടരുത്. അവക്കു ആലോചിച്ച് ഉത്തരമെഴുതാം. അറിയുന്ന ഉത്തരങ്ങള്‍ ക്രമനമ്പര്‍ തെറ്റാതെ ആദ്യമെഴുതണം. സമയം ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചോദ്യത്തിന്റെ മാര്‍ക്ക് വിലയിരുത്തി ഉത്തരമെഴുതണം. അറിയാത്ത ചോദ്യങ്ങളുടെ ഉത്തരമെഴുതാന്‍ കൂടുതല്‍ സമയം ആലോചിച്ചിരിക്കുന്നതു സമയം നഷ്ടപ്പെടാനിടവരുത്തും. പരീക്ഷക്കു മുമ്പ് വാച്ചില്‍ സമയം 10 മിനിറ്റ് മുന്നോട്ടാക്കിവെക്കുന്ന ശീലം നല്ലതാണ്. രക്ഷിതാക്കള്‍ പരീക്ഷയെക്കുറിച്ച് ഭീതിയുണ്ടാക്കാന്‍ ശ്രമിക്കരുത്. ചിട്ടയോടെയുള്ള ഭക്ഷണം, ആവശ്യത്തിനു ഉറക്കം, 12-14 മണിക്കൂര്‍ പഠനം എന്നിവ പ്ലസ് ടുവിന്റെ വിജയമന്ത്രങ്ങളാണ്.

Leave a Reply

Your email address will not be published.