ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമത്തിനെതിരായ ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയിലേക്കു മാറ്റിയത് ഒക്ടോബറില്‍

[mbzauthor]
2020 ലെ ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമത്തിനെതിരായ ഹര്‍ജികളെല്ലാം മദ്രാസ് ഹൈക്കോടതിയിലേക്കു മാറ്റിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതു 2022 ഒക്ടോബറില്‍. കേരള ഹൈക്കോടതിയില്‍ മേപ്പയ്യൂര്‍ സര്‍വീസ് സഹകരണസംഘം നല്‍കിയ ഹര്‍ജി മദ്രാസ്
ഹൈക്കോടതിയിലേക്കു മാറ്റുന്നത് ഈ ഉത്തരവിനെത്തുടര്‍ന്നാണ്.
ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് കേരളത്തിലടക്കം വിവിധ ഹൈക്കോടതികളിൽ ഫയല്‍ ചെയ്തിട്ടുള്ള റിട്ട് ഹര്‍ജികളില്‍ പൊതുവാദം കേള്‍ക്കണമെന്ന റിസര്‍വ് ബാങ്കിന്റെ അപേക്ഷ പരിഗണിച്ചാണു ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിക്കു കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ഇക്കാര്യം 2022 ഒക്ടോബര്‍ 21 നു ‘ മൂന്നാംവഴി ‘ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേരളം, ആന്ധ്രപ്രദേശ്, ഛത്തിസ്ഗഢ്, കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ് ആന്റ് ഹരിയാന, ഉത്തരാഖണ്ഡ്, അലഹാബാദ്, രാജസ്ഥാന്‍, ബോംബെ ഹൈക്കോടതികളില്‍ ഇതുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ തീര്‍പ്പാകാതെ കിടപ്പുണ്ടെന്നു സുപ്രീംകോടതി അന്നു ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമവുമായി ബന്ധപ്പെട്ട് ഇനി വരുന്ന കേസുകളും മദ്രാസ് ഹൈക്കോടതിക്കു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ മേപ്പയ്യൂര്‍ സഹകരണസംഘത്തിന്റെ ഹര്‍ജിയും മദ്രാസ് ഹൈക്കോടതിയിലേക്കു മാറ്റുന്നത്.

ഹൈക്കോടതികള്‍ക്കു മുമ്പാകെയുള്ള ചില ഹര്‍ജികളില്‍ ബാങ്കിങ് ഭേദഗതിനിയമത്തെയാണു ചോദ്യം ചെയ്യുന്നത്. മറ്റു ചിലതില്‍ 2021 ജൂണ്‍ 25 നു റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച സര്‍ക്കുലറിനെയാണു ചോദ്യം ചെയ്യുന്നത്. ഈ പശ്ചാത്തലത്തില്‍ എല്ലാ ഹര്‍ജികളും തീര്‍പ്പിനായി ഒരു ഹൈക്കോടതിയിലേക്കു മാറ്റുന്നതാണ് ഉചിതമെന്നായിരുന്നു സുപ്രീംകോടതിയുടെ വിലയിരുത്തല്‍. വിവിധ ഹൈക്കോടതികളില്‍ നിന്നു പരസ്പരവിരുദ്ധമായ ഉത്തരവുകള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ കേസുകളും ഒരു ഹൈക്കോടതിമുമ്പാകെ പരിഗണിക്കുന്നതാണ് ഉചിതമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ അന്നത്തെ വാദം. നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാനായി സഹകരണബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണപരിധിയില്‍ കൊണ്ടുവരാനാണു 2020 ലെ ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമത്തില്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

പേരിനൊപ്പം ബാങ്ക് എന്നു ചേര്‍ക്കുന്നതിനെതിരായ സര്‍ക്കുലറും നടപടിയും ചോദ്യം ചെയ്താണു മേപ്പയ്യൂര്‍ സര്‍വീസ് സഹകരണസംഘം ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിക്കവെ സഹകരണവകുപ്പു സ്‌പെഷല്‍ ഗവ. പ്ലീഡര്‍ പി.പി. താജുദ്ദീനാണു ഇത്തരം ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിക്കു കൈമാറണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയത്.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!