ബാങ്കിങ് നിയന്ത്രണ നിയമലംഘനം: അര്‍ബന്‍ ബാങ്കുകള്‍ക്കുമേല്‍ റിസര്‍വ് ബാങ്കിന്റെ പിടി മുറുകുന്നു

moonamvazhi

ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന രാജ്യത്തെ അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കുമേല്‍ റിസര്‍വ് ബാങ്ക് പിടിമുറുക്കുകയാണ്. കര്‍ശന നിരീക്ഷണത്തിലൂടെ റിസര്‍വ് ബാങ്ക് ഈയിടെയായി അര്‍ബന്‍ ബാങ്കുകളെ പിഴശിക്ഷക്കും മറ്റു നടപടികള്‍ക്കും വിധേയമാക്കിവരികയാണ്. പിഴ ചുമത്തലാണു പ്രധാനശിക്ഷ. ഇക്കഴിഞ്ഞ ഒക്ടോബറില്‍ 35 അര്‍ബന്‍ ബാങ്കുകളില്‍നിന്നായി ഒരു കോടി പതിനൊന്നര ലക്ഷം രൂപ പിഴയായി ഈടാക്കാനാണു റിസര്‍വ്ബാങ്ക് ഉത്തരവിട്ടത്. ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ വിവിധ കാലയളവിലേക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയും റിസര്‍വ് ബാങ്ക് അര്‍ബന്‍ ബാങ്കുകളെ നിയന്ത്രിക്കുന്നുണ്ട്.

കഴിഞ്ഞ സെപ്റ്റംബറില്‍ പതിനഞ്ചു അര്‍ബന്‍ സഹകരണബാങ്കുകളെയാണു റിസര്‍വ് ബാങ്ക് പിഴശിക്ഷയ്ക്കു വിധേയമാക്കിയിരുന്നത്. എന്നാല്‍, ഒക്ടോബറില്‍ ഇത് ഇരട്ടിയിലധികമായി. കേരളത്തില്‍നിന്നുള്ള ഒരു അര്‍ബന്‍ ബാങ്കടക്കം 35 ബാങ്കുകളാണു കഴിഞ്ഞ മാസം റിസര്‍വ് ബാങ്കിന്റെ ശിക്ഷണനടപടിക്കു വിധേയമായത്. ഏറ്റവുമധികം അര്‍ബന്‍ സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന ഗുജറാത്തിലും മഹാരാഷ്ട്രയിലുമുള്ള ബാങ്കുകള്‍ക്കെതിരെയാണു റിസര്‍വ് ബാങ്കിന്റെ നടപടികള്‍ കൂടുതലുമുണ്ടാകുന്നത്. ഒക്ടോബറില്‍ ഗുജറാത്തിലെ 19 അര്‍ബന്‍ ബാങ്കുകളെയാണു ശിക്ഷിച്ചത്. മഹാരാഷ്ട്രയിലെ ഒമ്പതു ബാങ്കുകളും ശിക്ഷയ്ക്കു വിധേയമായി. ബംഗാളില്‍നിന്നുള്ള ചില ബാങ്കുകളും ശിക്ഷിക്കപ്പെട്ടവയില്‍പ്പെടും. 35 ബാങ്കുകളില്‍നിന്നായി 1,11,50,000 രൂപയാണു പിഴയായി ഈടാക്കുന്നത്.

ഡയറക്ടര്‍മാരുടെ സ്വന്തക്കാര്‍ക്കും കുടുംബക്കാര്‍ക്കും വഴിവിട്ട് വായ്പ അനുവദിക്കുന്നതും ബാങ്കിലെ ഇടപാടുകാരെ അറിയുക ( കെ.വൈ.സി ) എന്നതുസംബന്ധിച്ച മാനദണ്ഡം ലംഘിക്കുന്നതും അര്‍ബന്‍ ബാങ്കിന്റെ നിക്ഷേപം മറ്റു ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുസംബന്ധിച്ച മാനദണ്ഡം പാലിക്കാത്തതുമാണു പ്രധാന കുറ്റങ്ങളായി റിസര്‍വ് ബാങ്ക് വിലയിരുത്തിയിരിക്കുന്നത്. ഒക്ടോബറില്‍ പതിനൊന്നു ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് പുതുതായി നിയന്ത്രണമേര്‍പ്പെടുത്തുകയോ നിയന്ത്രണ കാലാവധി നീട്ടുകയോ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!