ഫിഷറീസ് സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡം മാറ്റി ചട്ടത്തില്‍ ഭേദഗതി

Deepthi Vipin lal

മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ക്ലാസിഫിക്കേഷനുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. കാലോചിതമായ പരിഷ്‌കാരം നടത്താതെ സംഘങ്ങളെ ക്ലാസിഫിക്കേഷന്‍ നടത്തുന്നത് ഉചിതമാവില്ലെന്ന് ഫിഷറീസ് സഹകരണ സംഘത്തിന്റെ ചുമതലയുള്ള ഫങ്ഷണല്‍ രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നത്.

എട്ട് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഫിഷറീസ് സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ നിശ്ചയിച്ചിരുന്നത്. അതില്‍ രണ്ടാമത്തേതില്‍ മാറ്റം വരുത്തിയാണ് ചട്ടം ഭേദഗതി ചെയ്തത്. മത്സ്യലേലത്തില്‍നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു രണ്ടാമത്തെ മാനദണ്ഡം. ഇതിനൊപ്പം, മത്സ്യലേലത്തില്‍ നിന്നും അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനവും എന്നാക്കി മാറ്റി. മത്സ്യത്തൊഴിലാളിക സംഘങ്ങള്‍ മത്സ്യലേലത്തിനപ്പുറമുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

കണ്‍സ്യൂമര്‍ സ്റ്റോറുകളുടെ നടത്തിപ്പ്, മത്സ്യത്തൊഴിലാളികുടെ കൂട്ടായ്മയില്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കല്‍ എന്നിവയെല്ലാം ചെയ്യുന്നുണ്ട്. പല സംഘങ്ങള്‍ക്കും അവരുടെ മുഖ്യവരുമാന മാര്‍ഗം ഇതായി മാറിയിട്ടുണ്ട്. പക്ഷേ, സംഘങ്ങളുടെ ക്ലാസിഫിക്കേഷന് മത്സ്യലേലത്തില്‍നിന്നുള്ള വരുമാനം മാത്രം പരിഗണിക്കുകയും മറ്റൊന്നും പരിഗണിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഈ സംഘങ്ങള്‍ കണക്കില്‍ മെച്ചപ്പെട്ടവയായി മാറുന്നില്ല. ഇത് മത്സ്യത്തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്ന രീതിയല്ലെന്നാണ് ഫങ്ഷണല്‍ രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചത്.

Leave a Reply

Your email address will not be published.

Latest News