പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് കേപ്പ് നല്‍കിയത് വിലപ്പെട്ട സംഭാവനകള്‍: വി.എന്‍. വാസവന്‍

Deepthi Vipin lal

പ്രഫഷണൽ വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കേപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് സഹകരണമന്ത്രി വി.എന്‍. വാസവൻ. കേപ്പിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദഹം.

പ്രൊഫഷണല്‍ വിദ്യാഭ്യാസം അഭിജാത ന്യൂനപക്ഷത്തിന്റെ ആര്‍ഭാടമായി മാറിയിരിക്കുന്ന കാലഘട്ടത്തിലായിരുന്നു കേപ്പ് (കോ ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനൻ)ആരംഭിച്ചത്.ഉന്നത വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കപ്പെടുന്ന അക്കാലത്ത് വലിയ രൂപത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം പകര്‍ന്ന സങ്കേതമായി കേപ്പിന്റെ സ്ഥാപനങ്ങള്‍ക്കു മാറാന്‍ കഴിഞ്ഞിരുന്നു. അന്നു മുതല്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞു.

എന്നാല്‍ സ്വന്തമായി ആസ്ഥാന മന്ദിരമില്ലെന്ന പോരായ്മയുണ്ടായിരുന്നു. ഇപ്പോള്‍ അത് പരിഹരിക്കപ്പെട്ടിരിക്കുന്നുവെന്നത് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. ആലപ്പുഴയിലെ സഹകരണ ആശുപത്രിയടക്കം കേപ്പിന് നിരവധി സംരംഭങ്ങളുണ്ട്. എന്നാല്‍ ലാഭകരമായി പോകുന്നത് തലശേരി മാത്രമാണ്.മറ്റിടങ്ങളില്‍ ശമ്പളം നല്‍കണമെങ്കില്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫണ്ട് നല്‍കണമെന്ന സ്ഥിതിയുണ്ട്. ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ ശ്രമമുണ്ടാകണം. കോഴ്‌സുകളുടെ വൈവിദ്ധ്യവല്‍ക്കരണം അടക്കമുള്ള നടപടി സ്വീകരിച്ച് മികച്ച പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

 

മൂന്നു നിലകളിലായി 9000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആസ്ഥാന മന്ദിരം പണി കഴിപ്പിച്ചിരിക്കുന്നത്. ആവശ്യമായ ഓഫീസ് മുറികളും അവശ്യ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ശാരീരിക വൈഷമ്യമുള്ളവര്‍ക്ക് സുഗമമായ ഉപയോഗത്തിനുതകുന്ന വിധമാണ് നിര്‍മ്മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മ്മാണ ചുമതല. 5000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണിയും 24 മണിക്കൂര്‍ ബാക്ക് അപ്പുള്ള യുപിഎസും സജ്ജീകരിച്ചിട്ടുണ്ട്.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും കെ.ബേബി ഐസക് നന്ദിയും പറഞ്ഞു. കേപ്പ് ഡയറക്ടര്‍ ഡോ.ആര്‍. ശശികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രഥമ ഡയറക്ടറെയും ജോയിന്റ് ഡയറക്ടറെയും സഹകരണ രജിസ്ട്രാര്‍ ഡോ. അദീല അബ്ദുള്ള ആദരിച്ചു.നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സ്റ്റാഫ് അസോസിയേഷനുകളുടെ നേതാക്കള്‍ കോളെജ് യൂണിയന്‍ ചെയര്‍മാന്‍ പി.അഭിലാഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!